UPDATES

വിദേശം

ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങിയവരുടെ സെക്‌സ് ടേപ്പുകള്‍ ജെഫ്രി എപ്‌സ്റ്റെയ്ന്‍ സൂക്ഷിച്ചിരുന്നു;  പുറത്തു വന്ന കോടതി രേഖകളിലെ സാക്ഷി മൊഴി

2019 ജൂലൈ ആറിന് അറസ്റ്റിലായ ജെഫ്രി എപ്സ്റ്റെയ്ന്‍ അതേ വര്‍ഷം ഓഗസ്റ്റ് 10 ന് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു.

                       

കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായിരുന്ന ജെഫ്രി എപ്‌സ്റ്റെയ്ന്‍ പ്രമുഖരുടെ ലൈംഗിക വേഴ്ച്ചകള്‍ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നതായി സാക്ഷി മൊഴി. എപ്‌സ്റ്റെയ്ന്‍ കേസില്‍ വീണ്ടും പുറത്തു വന്ന കോടതി രേഖകളിലാണ് എപ്‌സ്റ്റെയ്ന്‍ ‘ സെക്‌സ് ടേപ്പു’കള്‍ സൂക്ഷിച്ചിരുന്നതായി സാറ റാന്‍സം എന്ന യുവതിയുടെ സാക്ഷി മൊഴി. ആന്‍ഡ്രൂ രാജകുമാരന്‍, ബില്‍ ക്ലിന്റന്‍, ശതകോടീശ്വരനായ ബ്രിട്ടീഷ് വ്യവസായി സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്‍ തുടങ്ങിയവരുടെ സെക്‌സ് ടേപ്പുകള്‍ എപ്‌സ്റ്റെയ്‌ന്റെ കൈയില്‍ ഉണ്ടായിരുന്നുവെന്നാണ് സാറയുടെ മൊഴി. അതേസമയം എപ്‌സറ്റെയ്‌ന്റെ അഭിഭാഷകര്‍ സാക്ഷിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് കോടതിയില്‍ ശ്രമിച്ചിരുന്നതെന്നും രേഖകള്‍ പറയുന്നു. ‘ വിശ്വാസ്യതയില്ലാത്ത’ സാക്ഷി എന്നാണ് എപ്‌സ്റ്റെയെന്റെ അഭിഭാഷകനായ അലന്‍ ഡെര്‍ഷോവിറ്റ്‌സ് വാദിച്ചത്.

ഇങ്ങനെയൊരു ആരോപണം ആദ്യം ഉന്നയിച്ചെങ്കിലും സാറ പിന്നീടത് പിന്‍വലിക്കുകയാണുണ്ടായത്. കോടതിക്ക് മുമ്പില്‍ ഇത്തരത്തില്‍ സെക്‌സ് ടേപ്പുകള്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ എത്തിയിരുന്നുമില്ല. എപ്‌സ്റ്റെയ്‌ന്റെ കാമുകിയും ലൈംഗിക കുറ്റകൃത്യങ്ങളില്‍ പങ്കാളിയുമായിരുന്ന ഗിലെയ്ന്‍ മാക്‌സ്‌വെല്ലിന്റെ വിചാരണ സമയത്താണ് ഇരയുടെ മൊഴിയെന്ന നിലയില്‍ സാറയ്ക്കു പറയാനുള്ളത് കോടതി കേട്ടത്. കോടതിക്ക് അയച്ച ഇമെയ്‌ലിലാണ് ക്ലിന്റനെയും ആന്‍ഡ്രൂ രാജകുമാരനെയും സര്‍ റിച്ചാര്‍ഡിനെയും എപ്‌സ്റ്റെയ്ന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നതായി സാറ ആരോപിക്കുന്നത്. ‘ എന്റെ സുഹൃത്ത് ക്ലിന്റനും ആന്‍ഡ്രൂ രാജകുമാരനും ബ്രാന്‍സനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍, ഓരോ അവസരത്തിലും എപ്‌സ്റ്റെയ്ന്‍ അത് വീഡിയോയില്‍ ചിത്രീകരിച്ചു” എന്നാണ് സാറ അയച്ച ഇമെയ്‌ലില്‍ ആരോപിച്ചിരുന്നത്. ‘ നന്ദി ദൈവമേ, താനുമായി ലൈംഗിക വേഴ്ച്ച നടത്തിയ ക്ലിന്റന്‍, ആന്‍ഡ്രൂ രാജകുമാരന്‍, ബ്രാന്‍സന്‍ എന്നിവരുടെ മുഖം വ്യക്തമാകുന്ന രീതിയില്‍ വീഡിയോ പകര്‍ത്താന്‍ അവള്‍ക്ക് സാധിച്ചു. പക്ഷേ, ഒരൊറ്റ വീഡിയോയിലും എപ്‌സ്്‌റ്റെയ്ന്‍ പതിഞ്ഞിരുന്നില്ല, അക്കാര്യത്തില്‍ അയാള്‍ ബുദ്ധിമാനായിരുന്നു’. സാറ പറയുന്നു.

‘2008-ല്‍ എന്റെ സുഹൃത്ത് എല്ലാം തുറന്നു പറയുകയും നടന്നതെല്ലാം പറഞ്ഞു പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. എപ്‌സ്റ്റെയ്ന്‍, ക്ലിന്റന്‍, ആന്‍ഡ്രൂ, ബ്രാന്‍സണ്‍ എന്നിവര്‍ ചെയ്ത കാര്യങ്ങള്‍ തുറന്ന പറഞ്ഞ അവള്‍ പൊലീസുകാരാല്‍ അപമാനിക്കപ്പെടുകയാണുണ്ടായത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരേയും ഗുരുതരമായ ആരോപണങ്ങള്‍ സാറ ഉയര്‍ത്തിയിരുന്നു. തന്റെ സുഹൃത്തുമായി ട്രംപ് ന്യൂയോര്‍ക്കിലുള്ള എപ്‌സ്റ്റെയ്‌ന്റെ വസതിയില്‍ വച്ച് ലൈംഗിക വേഴ്ച്ച നടത്തിയിട്ടുണ്ടെന്നായിരുന്നു സാറയുടെ ആരോപണം. ഹിലരി ക്ലിന്റനെ കുറിച്ചും സാറ റാന്‍സം ക്ഷുഭിതയാകുന്നുണ്ട്. ‘ ഒന്നുകില്‍ ആ ദുര്‍മന്ത്രവാദിനി ഹിലരിയോ അല്ലെങ്കില്‍ ആ ശിശുപീഡകന്‍ ട്രംപോ തെരഞ്ഞെടുക്കപ്പെടുമെന്ന് എനിക്കുറപ്പാണ്’ എന്നായിരുന്നു സാറയുടെ പരാമര്‍ശം. എന്നാല്‍, ട്രംപ്, ക്ലിന്‍ണ്‍ അടക്കമുള്ളവര്‍ക്കെതിരായ സാറയുടെ ആരോപണങ്ങള്‍ എല്ലാം തന്നെ വ്യാജമാണെന്നായിരുന്നു എപ്‌സ്റ്റെയ്ന്‍ അഭിഭാഷകരുടെ വാദം.

ജെഫ്രി എപ്സ്റ്റെയ്ന്‍ എന്ന കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ലോകപ്രശസ്തരായ സുഹൃത്തുക്കളും

എന്നാല്‍, തന്റെ ആരോപണങ്ങളെല്ലാം തന്നെ പിന്‍വലിക്കുകയായിരുന്നു സാറ റാന്‍സം ചെയ്തത്. അതിനവള്‍ കോടതിയോട് പറഞ്ഞ കാരങ്ങള്‍ ഇതായിരുന്നു; ” ഞാനിതില്‍ നിന്നെല്ലാം പുറത്തു കടക്കാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ നിങ്ങളെ ബന്ധപ്പെടാന്‍ പാടില്ലായിരുന്നു, നിങ്ങളുടെ സമയം പാഴാക്കിയതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ മുന്നോട്ടുവന്നതുകൊണ്ട് ഒന്നും സംഭവിച്ചില്ല. ഞാന്‍ പരസ്യമായി മുന്നോട്ടു പോകുന്നതുകൊണ്ട് മോശം കാര്യങ്ങളല്ലാതെ മറ്റൊന്നും സംഭവിക്കില്ല’.

ജെഫ്രി എപ്‌സ്റ്റെയ്‌നുമായി ഉണ്ടായിരുന്ന ബന്ധം പുറത്തു വന്നത് ആന്‍ഡ്രൂ രാജകുമാരന് പൊതുജീവിതത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. രാജപദവിയില്‍ നിന്നും പുറത്താക്കപ്പെടുകയും ഔദ്യോഗിക സ്ഥാനമാനങ്ങള്‍ പേറുന്നതില്‍ നിന്നും വിലക്കപ്പെടുകയും ചെയ്തു. കേസിലെ മറ്റൊരു ‘ ഇര’യായ വെര്‍ജീനിയ ജ്യൂഫ്രെയുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടികളാണ് രാജകുമാരന്‍ നഷ്ടപരിഹാരം നല്‍കിയത്. ജ്യൂഫ്രെയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നാണ് രാജകുമാരന്‍ ആവര്‍ത്തിച്ചിരുന്നതെങ്കിലും കേസ് പണം മുടക്കി ഒത്തുതീര്‍പ്പാക്കുകയാണുണ്ടായത്. 17 മത്തെ വയസില്‍ എപ്‌സ്റ്റെയ്‌നാല്‍ ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയാണ് ജ്യൂഫ്രെ. ആന്‍ഡ്രൂ രാജകുമാരനെതിരേ ജ്യൂഫ്രെ നല്‍കിയ മൊഴിയടങ്ങുന്ന രേഖകള്‍ നേരത്തെ പുറത്തു വന്നതാണ്.

ഇപ്പോള്‍ പരസ്യമാക്കപ്പെട്ട കോടതി രേഖകള്‍ക്കൊപ്പം ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. അതിലൊന്ന് ബ്രിട്ടന്റെ മുന്‍ തൊഴില്‍ മന്ത്രി പീറ്റര്‍ മാന്‍ഡേല്‍സണ്‍ ജെഫ്രി എപ്‌സ്റ്റെയ്‌ന് ഒപ്പമുള്ളതാണ്. എപ്‌സ്റ്റെയ്‌ന്റെ സ്വകാര്യ ദ്വീപായ ലിറ്റില്‍ സെന്റ്. ജെയിംസില്‍ വച്ചെടുത്ത ചിത്രമാണത്. പ്രശസ്ത ഫ്രഞ്ച് മോഡല്‍ ഴാന്‍ ലുക്-ബ്രൂണല്‍ ഗിലെയ്ന്‍ മാക് സ് വെല്ലിനും മറ്റ് ചില പെണ്‍കുട്ടികള്‍ക്കും ഒപ്പമുള്ളൊരു ചിത്രവും പുറത്തു വന്നിരുന്നു. 2006-ല്‍ എടുത്ത ഫോട്ടോയാണിത്.

ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2019 ജൂലൈ ആറിന് അറസ്റ്റിലായ ജെഫ്രി എപ്സ്റ്റെയ്ന്‍ അതേ വര്‍ഷം ഓഗസ്റ്റ് 10 ന് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. ഗിലെയ്ന്‍ മാക്സ്വെല്ലിനെ 2022-ല്‍ കോടതി 20 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കുകയാണുണ്ടായത്. താന്‍ നിരപരാധിയാണെന്ന് അപേക്ഷിച്ച് മാക്സ്വെല്‍ അപ്പീലുകള്‍ക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍