ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ തെറ്റായ കാര്യങ്ങളൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് ബില്‍ ക്ലിന്റണ്‍. യുഎസ് കോണ്‍ഗ്രസ് സമിതിക്ക് മുന്നില്‍ മൊഴി നല്‍കിയപ്പോഴാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് തന്റെ ഭാഗം ന്യായീകരിച്ചത്. എപ്സ്റ്റീന്‍ നടത്തിയിരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും തന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ക്ലിന്റണ്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുമ്പാകെ വാദിച്ചത്. ക്ലിന്റന്റെ ഭാര്യയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്റണ്‍ ഇതേ സമിതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ബില്‍ ക്ലിന്റണെയും ചോദ്യം ചെയ്തത്.
ആറ് മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നുവെന്നും, ക്ലിന്റണ്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് കോമര്‍ മാധ്യമങ്ങളോട് പറഞ്ഞു. എപ്സ്റ്റീന്‍ ആദ്യമായി അറസ്റ്റിലായ സമയത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, താനൊരു ദുരുപയോഗം നടന്ന കുടുംബസാഹചര്യത്തില്‍ വളര്‍ന്ന വ്യക്തിയാണെന്നും എപ്സ്റ്റീന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചെറിയ സൂചനയെങ്കിലും ലഭിച്ചിരുന്നെങ്കില്‍ താന്‍ തന്നെ അയാളെ നിയമത്തിന് മുന്നില്‍ എത്തിക്കുമായിരുന്നുവെന്നും ക്ലിന്റണ്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു. എപ്സ്റ്റീന്‍ തന്റെ കുറ്റകൃത്യങ്ങള്‍ എല്ലാവരില്‍ നിന്നും വളരെ സമര്‍ത്ഥമായി മറച്ചുവെച്ചതുകൊണ്ടാണ് സത്യം പുറത്തറിയാന്‍ വൈകിയതെന്നും അദ്ദേഹം വാദിച്ചു.
എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തില്‍ പലതവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അയാളുടെ വിവാദ ദ്വീപ് താന്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ക്ലിന്റണ്‍ ആവര്‍ത്തിച്ചു. എന്നാല്‍, ബില്‍ ക്ലിന്റന്റെ ഭരണകാലത്ത് എപ്സ്റ്റീന്‍ 17 തവണ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതായും ‘ലോലിത എക്‌സ്പ്രസ്’ എന്ന് വിളിക്കപ്പെടുന്ന എപ്സ്റ്റീന്റെ വിമാനത്തില്‍ ക്ലിന്റണ്‍ 27 തവണ യാത്ര ചെയ്തതായും ഹിലരി ക്ലിന്റണ്‍ മൊഴി നല്‍കിയതായി ചെയര്‍മാന്‍ കോമര്‍ വെളിപ്പെടുത്തി. എപ്സ്റ്റീനൊപ്പമുള്ള ക്ലിന്റന്റെ ചില പഴയ ചിത്രങ്ങളെക്കുറിച്ചും സമിതി ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ചിത്രങ്ങളിലുള്ള സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമില്ലായിരുന്നുവെന്ന് അദ്ദേഹം മറുപടി നല്‍കി.
ചോദ്യം ചെയ്യലിനിടെ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും പരാമര്‍ശങ്ങള്‍ ഉണ്ടായി. 2000-ന്റെ തുടക്കത്തില്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപുമായി സംസാരിച്ചിരുന്നെന്നും അന്ന് ട്രംപും എപ്സ്റ്റീനും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്നുമാണ് ക്ലിന്റണ്‍ പറഞ്ഞത്. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളില്‍ ട്രംപിന് പങ്കുള്ളതായി താന്‍ കരുതുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഈ പ്രസ്താവനയെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
മുന്‍ പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന് ശേഷം കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കുന്ന ആദ്യ മുന്‍ പ്രസിഡന്റായി ബില്‍ ക്ലിന്റണ്‍ മാറി. ക്ലിന്റണ്‍ ദമ്പതികളെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഇനി ഡൊണാള്‍ഡ് ട്രംപിനെയും സമിതിക്ക് മുന്നില്‍ വിളിച്ചുവരുത്തണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. ‘ക്ലിന്റണ്‍ റൂള്‍’ അനുസരിച്ച് മുന്‍ പ്രസിഡന്റുമാരും അവരുടെ കുടുംബവും സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ ബാധ്യസ്ഥരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഹാജരാകാന്‍ വിസമ്മതിച്ചിരുന്ന ക്ലിന്റണ്‍ ദമ്പതികള്‍, കോടതി അലക്ഷ്യ നടപടികള്‍ ഭയന്നാണ് ഒടുവില്‍ മൊഴി നല്‍കാന്‍ തയ്യാറായത്.
Content Summary: No idea about Epstein’s crimes; Former American President Bill Clinton told a congressional committee
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.