UPDATES

വിദേശം

ജെഫ്രി എപ്‌സ്റ്റെയ്ന്‍ എന്ന കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ലോകപ്രശസ്തരായ സുഹൃത്തുക്കളും

ജെഫ്രി എപ്സ്റ്റെയ്നുമായി ബന്ധപ്പെട്ടു പുറത്തു വന്ന കേസുകളിലെ കോടതി രേഖകളില്‍ പല പ്രമുഖരുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്

                       

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റെയ്‌നുമായി ബന്ധപ്പെട്ടു പുറത്തു വന്ന കോടതി രേഖകളില്‍ ആന്‍ഡ്രൂ രാജകുമാരന്‍, ബില്‍ ക്ലിന്റന്‍, മൈക്കിള്‍ ജാക്‌സണ്‍, ഡേവിഡ് കോപ്പര്‍ഫീല്‍ഡ് തുടങ്ങി ലോകത്തിലെ പല ഉന്നതന്മാരുടെയും പേരുകള്‍. മുന്‍ ബ്രിട്ടീഷ് സോഷ്യലിസ്റ്റും എപ്‌സ്റ്റെയ്‌ന്റെ കാമുകിയും ലൈംഗിക കുറ്റകൃത്യങ്ങളില്‍ കൂട്ടു പ്രതിയുമായ ഗിലെയ്ന്‍ മാക്‌സ്‌വെല്ലിനെതിരേ, വെര്‍ജീനിയ ജ്യൂഫ്രെ നല്‍കിയ കേസില്‍ സമര്‍പ്പിക്കപ്പെട്ട കോടതി രേഖകളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. എപ്‌സ്റ്റെയ്ന്‍ ഇരയാക്കിയവരില്‍ ഒരാളാണ് ജ്യൂഫ്രെ. 2021 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചതടക്കമുള്ള കേസുകളില്‍ ഗിലെയ്ന്‍ മാക്‌സ്‌വെല്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എപ്‌സ്റ്റെയെന് എത്തിച്ചുകൊടുത്തിരുന്നതെന്നാണ് കണ്ടെത്തിയത്. ഇപ്പോള്‍ പുറത്തു വന്ന രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന പേരുകാരാണ് അന്‍ഡ്രൂ രാജകുമാരനും ബില്‍ ക്ലിന്റനും ജാക്‌സണുമെല്ലാം. ഈ പേരുകള്‍ പരസ്യപ്പെടുത്തുന്നതിനു മുമ്പ് കോടതി രേഖകളില്‍ ഇവരെ വ്യാജ നാമങ്ങളാലായിരുന്നു പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ ഈ രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ട എല്ലാവരും തന്നെ എപ്‌സ്റ്റെയ്‌നുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാരല്ലെന്നാണ് നിയമ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിരുന്ന എപ്‌സ്റ്റെയ്‌ന്റെ വിര്‍ജിന്‍ ഐലന്‍ഡിലെ മാളികയില്‍ ബ്രിട്ടനിലെ ആന്‍ഡ്രു രാജകുമാരന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഗിലെയ്ന്‍ മാകസ്‌വെല്‍ സമ്മതിച്ചിരുന്നു. നിങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് ആന്‍ഡ്രു രാജകുമാരന്‍ വിര്‍ജിന്‍ ഐലന്‍ഡില്‍ വന്നിട്ടുണ്ടോയെന്ന ചോദ്യത്തിന്, ‘അതേ’ എന്നായിരുന്നു മാക്‌സ്‌വെല്ലിന്റെ മറുപടി. എത്ര തവണ വന്നിരുന്നു എന്ന ചോദ്യത്തിന്, ഒരു തവണ വന്നകാര്യം മാത്രമെ ഓര്‍മയുള്ളൂ എന്നാണവര്‍ പറഞ്ഞത്. വസതിയിലെ ജോലിക്കാരല്ലാതെ, ആ സമയത്ത് ഐലന്‍ഡില്‍ മറ്റ് പെണ്‍കുട്ടികളോ സ്ത്രീകളോ ആരും തന്നെയില്ലായിരുന്നുവെന്നായിരുന്നു മാക്‌സ്‌വെല്ലിന്റെ മൊഴി. എപ്‌സ്റ്റെയ്‌നു വേണ്ടി ലൈംഗിക കുറ്റങ്ങള്‍ ചെയ്‌തെന്ന് മാക്‌സ്‌വെല്ലിനെതിരേ സാക്ഷി പറഞ്ഞ ജോഹാന ഷൂബെര്‍ഗിന്റെ മൊഴിയില്‍ പറയുന്നത്, ക്ലിന്റന് ചെറുപ്പക്കാരായവരെയാണ് ഇഷ്ടം എന്നു പെണ്‍കുട്ടികളെ പരാമര്‍ശിച്ച് ഒരിക്കല്‍ എപ്‌സ്റ്റെയെന്‍ പറഞ്ഞിരുന്നുവെന്നാണ്.

എന്നാല്‍, എപ്‌സ്റ്റെയ്ന്‍ കേസില്‍ ക്ലിന്റനെതിരായ ആരോപണം 2019-ല്‍ ക്ലിന്റന്റെ വക്താവ് ഏഞ്ചല്‍ ഉറേന നിഷേധിച്ചിരുന്നു. എപ്‌സ്റ്റെയ്‌നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലിന്റന് ഒന്നും അറിയില്ലെന്നായിരുന്നു ഉറെന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. പ്രസിന്റായിരുന്ന കാലത്ത് വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവന്‍സ്‌കി എന്ന 22 കാരിയുമായി 49 കാരനായ ക്ലിന്റന്‍ 18 മാസത്തോളം ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് തെളിഞ്ഞിരുന്നു.

ഷൂബെര്‍ഗിന്റെ സാക്ഷി മൊഴിയില്‍ പരാമര്‍ശിക്കുന്ന മറ്റൊരു പ്രമുഖന്‍ സാക്ഷാല്‍ മൈക്കിള്‍ ജാക്‌സണ്‍ ആണ്. എപ്‌സ്റ്റെയ്‌ന്റെ പാം ബീച്ച് മാളികയില്‍ ജാക്‌സണ്‍ വന്നിട്ടുണ്ടെന്നാണ് ഷൂബെര്‍ഗ് പറയുന്നത്.

പ്രമുഖരായ ആരെയെങ്കിലും നിങ്ങള്‍ ജെഫ്രി എപ്‌സ്റ്റെയ്‌ന് ഒപ്പം കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഷൂബെര്‍ഗ് പറഞ്ഞത്, പാം ബീച്ചില്‍ വച്ച് മൈക്കിള്‍ ജാക്‌സണെ കണ്ടിട്ടുണ്ടെന്നാണ്.

ജാക്‌സണ് മസാജ് ചെയ്തു കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്ന മറുപടിയാണ് അവള്‍ നല്‍കുന്നത്.

എപ്‌സ്റ്റെയ്‌ന് ഒപ്പം കണ്ടിട്ടുണ്ടെന്ന് ഷൂബെര്‍ഗ് സാക്ഷ്യം പറഞ്ഞ മറ്റൊരു പ്രമുഖനാണ് ലോകപ്രശസ്ത മാന്ത്രികന്‍ ഡേവിഡ് കോപ്പര്‍ഫീല്‍ഡ്. കോപ്പര്‍ഫീല്‍ഡ് ഒരിക്കല്‍ എപ്‌സ്റ്റെയ്‌ന്റെ വീട്ടിലെ അത്താഴ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ടെന്നും അന്നയാള്‍ ചില മാജിക്കുകള്‍ കാണിച്ചുവെന്നും ഷൂബെര്‍ഗ് പറയുന്നു. കോപ്പര്‍ഫീല്‍ഡിനെ എപ്‌സ്റ്റെയ്‌ന്റെ സുഹൃത്തായാണോ തോന്നിയതെന്ന ചോദ്യത്തിന് അനുകൂലമായ മറുപടിയാണ് അവള്‍ നല്‍കിയത്.

ജെഫ്രി എപ്‌സ്റ്റെയ്‌ന് കൊച്ചു പെണ്‍കുട്ടികളുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കോപ്പര്‍ഫീല്‍ഡ് എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഷൂബെര്‍ഗ് പറഞ്ഞത്, മറ്റ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ വേണ്ടി പെണ്‍കുട്ടികള്‍ക്ക് പണം കൊടുക്കാറുണ്ടോയെന്ന് ഒരിക്കല്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്നാണ്. ചെറിയ പെണ്‍കുട്ടികളെക്കുറിച്ച് പ്രത്യേകമായി എന്തെങ്കിലും കോപ്പര്‍ഫീല്‍ഡ് തന്നോട് ചോദിച്ചിട്ടില്ലെന്നും ഷൂബെര്‍ഗിന്റെ സാക്ഷിമൊഴിയിലുണ്ട്.

അമേരിക്കയുടെ മറ്റൊരു മുന്‍ പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപും എപ്‌സ്റ്റെയ്‌നുമായുള്ള ബന്ധം പരസ്യമായ കാര്യമാണ്. പുറത്തു വന്ന കോടതി രേഖകളിലും ട്രംപിന്റെ പേരുണ്ട്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ആരോപണം ട്രംപിനെതിരെയില്ല. കൊടുങ്കാറ്റ് മൂലം ന്യൂയോര്‍ക്ക് സിറ്റിയില്‍ എപ്‌സ്റ്റെയ്‌ന്റെ വിമാനം ഇറക്കുന്നത് പരാജയപ്പെട്ടപ്പോള്‍, തങ്ങള്‍ അറ്റ്‌ലാന്റിക് സിറ്റിയിലുള്ള ട്രംപിന്റെ കാസിനോകളിലൊന്നിലേക്ക് പോയതായി ഷൂബെര്‍ഗിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ജെഫ്രിയാണ് ട്രംപിനെ വിളിക്കാമെന്നും അങ്ങോട്ട് പോകാമെന്നും പറയുന്നതെന്നും ഷൂബെര്‍ഗ് പറയുന്നു, താന്‍ ട്രംപിന് മസ്സാജ് ചെയ്തു കൊടുത്തിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അവള്‍ പറയുന്നുണ്ട്.

ജോഹാന ഷൂബെര്‍ഗിന്റെ വിവാദമായ മറ്റൊരു സാക്ഷ്യവും പരസ്യപ്പെടുത്തിയ കോടതി രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത് ആന്‍ഡ്രൂ രാജകുമാരനെതിരായ സാക്ഷി മൊഴിയാണ്. എപ്‌സെറ്റെയ്‌ന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍ വച്ച് ആന്‍ഡ്രൂ രാജകുമാരന്‍ ലൈംഗിക താത്പര്യത്തോടെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് അവളുടെ മൊഴിയുണ്ട്. വെര്‍ജീനിയ ജ്യൂഫ്രയോട് എന്തെങ്കിലും ചെയ്യാന്‍ മാക്‌സ്‌വെല്‍ ആവശ്യപ്പെടുന്നത് കേട്ടിരുന്നോ എന്ന ചോദ്യത്തിന് ഷൂബെര്‍ഗ് ‘ഇല്ല’ എന്ന മറുപടിയാണ് നല്‍കുന്നത്. അതേസമയം, വെര്‍ജീനിയ ആരോപിച്ചത്, ആന്‍ഡ്രൂ രാജകുമാരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ മാക്‌സ്‌വെല്ലും എപ്‌സെറ്റെയ്‌നും ചേര്‍ന്ന് 17 കാരിയായ തന്നെ നിര്‍ബന്ധിച്ചുവെന്നാണ്. താന്‍ നുണ പറയുകയാണെന്ന് ആന്‍ഡ്രൂ രാജകുമാരന്‍ ആരോപിച്ചതിനെതിരേ ജ്യൂഫ്രെ മനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. മാക്‌സ്വെല്ലിനെതിരേയുള്ള അവളുടെ കേസ് 2017 ല്‍ തീര്‍പ്പാക്കിയിരുന്നു..

ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആന്‍ഡ്രൂ രാജകുമാരനെതിരേ 2021-ല്‍ വെര്‍ജീനിയ ജ്യൂഫ്രെ ഫയല്‍ ചെയ്ത കേസ് 2022 ല്‍ അവസാനിപ്പിച്ചിരുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് രാജകുമാരന്‍ ആവര്‍ത്തിച്ചിരുന്നതെങ്കിലും ജ്യൂഫ്രെയുടെ വിക്ടിം റൈറ്റ്‌സ് ചാരിറ്റിക്ക് സംഭാവന കൊടുക്കാന്‍ ആന്‍ഡ്രൂ രാജകുമാരന്‍ തയ്യാറായി. ആന്‍ഡ്രൂ രാജകുമാരനെതിരേ എന്നപോലെ ബില്‍ ക്ലിന്റനെതിരേ വെര്‍ജീനിയ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല.

2020 ജൂലൈയില്‍ ഇതുപോലെ ചില കോടതി രേഖകള്‍ പുറത്തു വന്നിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കെതിരായ ജെഫ്രി എപ്‌സ്റ്റെയ്‌ന്റെ ലൈംഗികാതിക്രമങ്ങളില്‍ മാക്‌സ്‌വെല്ലിന്റെ പങ്കാളിത്തവുമുണ്ടായിരുന്നുവെന്ന വെര്‍ജീനയുടെ ആരോപണങ്ങള്‍ അന്നത്തെ രേഖയിലുണ്ടായിരുന്നു. മാകസ്‌വെല്ലിന്റെ അറസ്റ്റിന് ആഴ്ചക്കള്‍ക്ക് ശേഷമാണ് കോടതി രേഖകള്‍ പരസ്യമായത്. ഒരു പ്രൊഫഷണല്‍ മാസാജ് കേന്ദ്രത്തിലെ ജോലി എന്ന വ്യാജേനയാണ് മാക്‌സ്‌വെല്‍ തന്നെ ഒപ്പം കൂട്ടിയതെന്നും പിന്നീടവര്‍ തന്നെ ഒരു ലൈംഗിക അടിമയാക്കിയെന്നുമാണ് വെര്‍ജീനിയുടെ മൊഴിയില്‍ പറയുന്നത്.

വെര്‍ജീനിയ ജ്യൂഫ്രെയുടെ കേസുമായി ബന്ധപ്പെട്ട് നൂറു കണക്കിന് പേജുകളുള്ള കോടതി രേഖകള്‍ 2019 ലും പുറത്തു വന്നിരുന്നു. എപ്‌സെറ്റെയ്‌നുമായി ബന്ധമുള്ള പല പ്രമുഖരുടെ പേരുകളും ആരോപണങ്ങളും നിഷേധങ്ങളുമൊക്കെ അതിലുണ്ടായിരുന്നു.

ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2019 ജൂലൈ ആറിന് അറസ്റ്റിലായ ജെഫ്രി എപ്‌സ്റ്റെയ്ന്‍ അതേ വര്‍ഷം ഓഗസ്റ്റ് 10 ന് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. ഗിലെയ്ന്‍ മാക്‌സ്‌വെല്ലിനെ 2022-ല്‍ കോടതി 20 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കുകയാണുണ്ടായത്. താന്‍ നിരപരാധിയാണെന്ന് അപേക്ഷിച്ച് മാക്‌സ്‌വെല്‍ അപ്പീലുകള്‍ക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കോടീശ്വരനായ ജെഫ്രി എപ്‌സ്റ്റെയ്ന്‍ ലോകത്ത് അറിയപ്പെട്ടിരുന്നത് അയാളുടെ പ്രശസ്തരായ സുഹൃത്തുക്കളുടെ പേരിലായിരുന്നു. സിനിമ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍, ശതകോടീശ്വരന്മാരായ ബിസിനസുകാര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരൊക്കെയായിരുന്നു എപ്‌സെറ്റെയ്ന്റ് സൗഹൃദവലയത്തില്‍ ഉണ്ടായിരുന്നവര്‍. 14 കാരിയെ പണം കൊടുത്ത് ലൈംഗികവേഴ്ച്ച നടത്തിയെന്ന കേസില്‍ 2005-ല്‍ ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ വച്ചാണ് എപ്‌സ്റ്റെയ്ന്‍ ആദ്യമായി അറസ്റ്റിലാകുന്നത്. ഡസണ്‍ കണക്കിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് സമാന ലൈംഗിക കുറ്റം ചെയ്തിരുന്നുവെങ്കിലും പ്രോസിക്യൂട്ടര്‍മാര്‍ എപ്‌സ്റ്റെയ്‌നെതിരേ ഒരേയൊരു ഇരയെ മാത്രമാണ് കോടതിയില്‍ കൊണ്ടുവന്നത്. ആ കേസില്‍ വെറും 13 മാസത്തെ ശിക്ഷയനുഭവിച്ച് എപ്‌സ്റ്റെയ്ന്‍ പുറത്തിറങ്ങുകയും ചെയ്തു. അറസ്റ്റും ജയില്‍വാസവും നേരിടേണ്ടി വന്നതോടെ പ്രശസ്ത സുഹൃത്തുക്കളില്‍ ചിലരൊക്കെ ബന്ധം അവസാനിപ്പിച്ചെങ്കിലും എല്ലാവര്‍ക്കും എപ്‌സ്റ്റെയ്‌നുമായി ബന്ധം അവസാനിപ്പിക്കാന്‍ പറ്റുമായിരുന്നില്ല. പ്രശസ്തരും സ്വാധീനമുള്ളവരും ധനികരുമായ നിരവധി സുഹൃത്തുക്കളുമായി എപ്‌സ്റ്റെയ്ന്‍ പിന്നെയും ബന്ധം തുടര്‍ന്നു. ഇതിനൊപ്പം പല ജീവകാരുണ്യ പ്രവര്‍ത്തികളും നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ മിയാമി ഹെറാള്‍ഡ് എപ്‌സ്റ്റെയ്‌ന്റെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ തുടങ്ങിയതോടെയാണ് 2019 ല്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റിലാകുന്നതും പിന്നീട് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്യുന്നതും.

Share on

മറ്റുവാര്‍ത്തകള്‍