February 17, 2025 |
Share on

ആന്‍ഡ്രൂ രാജകുമാരന്‍ എന്ന തലവേദന

ലൈംഗിക വിവാദങ്ങള്‍ മുതല്‍ ചൈനീസ് ചാര ആരോപണങ്ങള്‍ വരെ

ആന്‍ഡ്രൂ രാജകുമാരനെപ്പോലൊരു പ്രശ്നം നിങ്ങള്‍ എങ്ങനെ പരിഹരിക്കും? ബ്രിട്ടീഷ് രാജകുടുംബത്തിനും രാജവാഴ്ച്ചയ്ക്കും വെല്ലുവിളിയായി തുടരുന്ന തന്റെ സഹോദരനുമായി ബന്ധപ്പെട്ട് ചാള്‍സ് മൂന്നാമന്‍ രാജാവിനെ അഭിമുഖീകരിക്കുന്ന പ്രധാന ചോദ്യമാണിത്. ആന്‍ഡ്രൂവിന്റെ കീര്‍ത്തികെട്ട ജീവിതത്തിലെ ഏറ്റവും പുതിയ അധ്യായം, ചാരന്‍ എന്നാരോപിക്കപ്പെടുന്ന യാങ് ടെങ്‌ബോ എന്ന ചൈനീസ് വ്യവസായിയുമായി ബന്ധപ്പെട്ടാണ്. ടെങ്‌ബോയ്ക്ക് രാജകുമാരനുമായി ബന്ധമുണ്ടെന്നാണ് പരാതി. എന്തായാലും യാങ് ടെങ്ബോയെ യുകെയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ബ്രിട്ടീഷ് ഉന്നതരെ സ്വാധീനിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ടെങ്ബോ ആന്‍ഡ്രൂവുമായി ബന്ധം വളര്‍ത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍. ടെങ്‌ബോ എല്ലാം നിഷേധിക്കുകയാണ്. ചാരവൃത്തിയില്‍ ഏര്‍പ്പെട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ രാഷ്ട്രീയക്കാരെയും ഉന്നതരെയും സ്വാധീനിക്കാനുള്ള ചൈനയുടെ ഗൂഢശ്രമങ്ങള്‍ ഉയര്‍ത്തുന്ന വര്‍ദ്ധിച്ചുവരുന്ന ഭീഷണിയിലേക്ക് ഈ സംഭവം വെളിച്ചം വീശുന്നു. എന്നാല്‍ ചാരവൃത്തി മാത്രമല്ല ആന്‍ഡ്രൂവിനെ തലക്കെട്ടുകളില്‍ നിലനിര്‍ത്തുന്നത്. അഴിമതികളും വിവാദങ്ങളും കൊണ്ട് വര്‍ഷങ്ങളായി അയാള്‍ ബ്രിട്ടീഷ് രാജകുടുംബത്തെ കരിവാരിത്തേച്ചു കൊണ്ടിരിക്കുകയാണ്. Prince Andrew’s Headache: From Chinese Spy Allegations to Sex Scandals

ഒരിക്കല്‍ ബ്രിട്ടീഷ് രാജ സിംഹാസനത്തിന്റെ അവകാശിയായി കരുതപ്പെട്ടിരുന്നു ആന്‍ഡ്രൂ. ഇപ്പോള്‍ രാജകീയ ചുമതലകളിലല്ല അദ്ദേഹത്തിന്റെ പേര് പതിയുന്നത്, സംശയാസ്പദമായ കഥാപാത്രങ്ങളോടും സാമ്പത്തിക പ്രശ്‌നങ്ങളോടും ബന്ധപ്പെട്ട് ടാബ്ലോയിഡുകളുടെ ചൂട് വാര്‍ത്തകളായാണ്. ശിശു ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായുള്ള അദ്ദേഹത്തിന്റെ മുന്‍ സൗഹൃദവും ലൈംഗിക ദുരുപയോഗ ആരോപണങ്ങളും രാജകുമാരന്റെ പ്രതിച്ഛായയില്‍ മായാത്ത കളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

രാജകീയ വീഴ്ച്ച


എപ്‌സ്റ്റൈന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആന്‍ഡ്രൂവിനെ രാജകീയ ചുമതലകളില്‍ നിന്നും, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ എലിസബത്ത് രാജ്ഞി നിര്‍ബന്ധിതയായിരുന്നു. എന്നാലും ടാബ്ലോയുടെ പ്രിയപ്പെട്ട വിഭവമായി അയാള്‍ തുടര്‍ന്നു. അനാവശ്യ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചാള്‍സ് മൂന്നാമന്‍ രാജാവ്, ജീവിതച്ചെലവ് വെട്ടിക്കുറയ്ക്കാന്‍ ആന്‍ഡ്രൂവിനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഢംബരമായ രാജ കൊട്ടാരത്തില്‍ നിന്ന് വിന്‍ഡ്‌സര്‍ കാസിലിന്റെ സുരക്ഷാ പരിധിയിലുള്ള ഒരു ചെറിയ കോട്ടേജിലേക്ക് താമസം മാറ്റണമെന്നായിരുന്നു രാജാവിന്റെ നിര്‍ദ്ദേശം. രാജാവിന്റെ ആവശ്യം രാജകുമാരന്‍ ചെവിക്കൊണ്ടില്ല. സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങളെ ധിക്കരിച്ച, ആന്‍ഡ്രൂ 30 മുറികളുള്ള തന്റെ ആഡംബര ഭവനത്തില്‍ തന്നെ തുടര്‍ന്നു.

king charles

ചാള്‍സ് മൂന്നാമന്‍ രാജാവ്‌

‘ആഫ്റ്റര്‍ എലിസബത്ത്: കാന്‍ ദി മോണാര്‍ക്കി സേവ് ഇറ്റ്സെല്‍ഫ്?’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ എഡ് ഓവന്‍സ് പറയുന്നത്, ചാള്‍സ് കൂടുതല്‍ ശക്തമായ നടപടിയെടുക്കണമെന്നാണ്. പൊതുജന ശ്രദ്ധയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ രാജാവ് ആന്‍ഡ്രൂവിനെ പൊതു രാജകീയ പരിപാടികളില്‍ നിന്ന് തടയണമെന്നൊരു നിര്‍ദേശവും ഓവന്‍സിനുണ്ട്. ‘ആന്‍ഡ്രൂ വിഷമാണ്, അയാള്‍ വളരെ കേടുവന്നുപോയൊരു വസ്തുവാണ്’ എന്നാണ് ഓവന്‍സ് കുറ്റപ്പെടുത്തുന്നത്. ‘അദ്ദേഹത്തിന് തന്റെ പെരുമാറ്റത്തിലൂടെ രാജവാഴ്ചയുടെ പ്രശസ്തിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ മാത്രമെ കഴിയൂ’ എന്നും എഡ് ഓവന്‍സ് പരിതപിക്കുന്നു. ആന്‍ഡ്രു രാജകുമാരന്‍ സ്വയം പിന്‍വലിയേണ്ടത് , രാജാവിന്റെയും രാജവാഴ്ച്ചയുടെയും മികച്ച ഭാവിക്ക് ആവശ്യമാണെന്നും ഓവന്‍സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആന്‍ഡ്രൂ ഉള്‍പ്പെടുന്ന നിരന്തരമായ വിവാദങ്ങള്‍ രാജവാഴ്ച വിരുദ്ധ വികാരത്തിന് ആക്കം കൂട്ടുന്നുണ്ട്. രാജകീയ അഴിമതിയെക്കുറിച്ച് പാര്‍ലമെന്ററി അന്വേഷണം വേണമെന്ന ആവശ്യത്തിന് ചാരവൃത്തിയാരോപണം കാരണമാക്കിയിരിക്കുകയാണ് ബ്രിട്ടനിലെ മുന്‍നിര രാജവാഴ്ച വിരുദ്ധ ഗ്രൂപ്പായ റിപ്പബ്ലിക്. ‘ഒരു ചൈനീസ് ചാരന്‍ ഒരു രാജകുടുംബവുമായി ചങ്ങാത്തം കൂടുമ്പോള്‍, അവര്‍ക്ക് ബ്രിട്ടീഷ് ഭരണകൂടത്തിലേക്കുള്ള പ്രവേശനവും എളുപ്പമാകുകയാണ്, രാജകുടുംബം അവരെ സഹായിച്ചിട്ടുണ്ടോയെന്ന കാര്യം ജനം അറിയണം’ ഗ്രൂപ്പിന്റെ നേതാവായ ഗ്രഹാം സ്മിത്ത് പ്രസ്താവനയില്‍ പറയുന്നു.

സ്ഥാനം കുറയുന്നു


രാജ സിംഹാനത്തിന്റെ അവകാശത്തില്‍, ചാള്‍സിന് പിന്നില്‍ സ്ഥാനം ഉറപ്പിച്ചായിരുന്നു ആന്‍ഡ്രവിന്റെ ജനനം. സിംഹാസനത്തിന്റെ അനന്തരാവകാശിയായ സഹോദരന്‍ ചാള്‍സിന് അധികാരം ഏറ്റെടുക്കാന്‍ പറ്റാത്ത വിധം കാര്യങ്ങള്‍ പ്രതികൂലമായി സംഭവിച്ചാല്‍ പകരക്കാരനായി നിശ്ചയിച്ചിരുന്നതും ആന്‍ഡ്രൂവിനെയായിരുന്നു. എന്നാല്‍ ചാള്‍സിന് മക്കള്‍ പിറന്നതോടെ ആന്‍ഡ്രൂവിന്റെ കിരീട മോഹങ്ങള്‍ പിന്നെയും താഴേക്കു പതിച്ചു. ഇപ്പോള്‍, രാജകുടുംബത്തില്‍ എട്ടാമതാണ് ആന്‍ഡ്രൂവിന്റെ സ്ഥാനം.

ചെറുപ്പത്തില്‍, ആന്‍ഡ്രൂവിന് കൂടുതല്‍ ഉന്നത പാജപദവികള്‍ ലഭിച്ചിരുന്നു. ഫോക്ക്‌ലാന്‍ഡ് യുദ്ധകാലത്ത് ഹെലികോപ്റ്റര്‍ പൈലറ്റായി റോയല്‍ നേവിയില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ചിരുന്നു. 2001-ല്‍ ആന്‍ഡ്രൂ അന്താരാഷ്ട്ര വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള ബ്രിട്ടന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായി. എന്നാല്‍, എപ്‌സ്റ്റൈന്‍ ഉള്‍പ്പെടെയുള്ള വിവാദ വ്യക്തികളുമായുള്ള ബന്ധം ഉള്‍പ്പെടെ സംശയാസ്പദമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിപ്പിച്ചു.

എപ്സ്റ്റൈന്‍ വിവാദം


2011 ല്‍ എപ്സ്റ്റീനുമായുള്ള ബന്ധം പരസ്യമായതോടെയാണ് ആന്‍ഡ്രൂവിനെ ചുറ്റിയുള്ള ഏറ്റവും ഗുരുതരമായ വിവാദങ്ങള്‍ ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ഫിനാന്‍ഷ്യറും ലൈംഗിക കുറ്റവാളിയുമായ എപ്സ്റ്റീനെ 18 മാസത്തെ തടവിന് ശിക്ഷിച്ചു. ഇതിനു പിന്നാലെയും എപ്സ്റ്റീനുമായുള്ള ബന്ധം തുടരുകയാണ് ആന്‍ഡ്രൂ ചെയ്തത്. ഇതോടെ ജനരോഷം അദ്ദേഹത്തിനെതിരായി. വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉദ്ദേശിച്ച് 2019 ല്‍ നടത്തിയ ബിബിസി അഭിമുഖം, പ്രതിച്ഛായ കൂടുതല്‍ വഷളാക്കിയതേയുള്ളൂ. എപ്‌സ്റ്റൈന്റെ കേസിലെ ഇരകളോട് സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള ശ്രമവും, എപ്‌സ്റ്റൈനുമായുള്ള സൗഹൃദം വിശദീകരിക്കുന്നതിലും പരാജയപ്പെട്ടതോടെ അഭിമുഖം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.

ജെഫ്രി എപ്‌സ്റ്റെയ്ന്‍ എന്ന കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ലോകപ്രശസ്തരായ സുഹൃത്തുക്കളും

വിവാദങ്ങള്‍ ശക്തി പ്രാപിച്ചതിനു പിന്നാലെ സമ്മര്‍ദം വര്‍ധിച്ചതോടെ, എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ ആന്‍ഡ്രൂ രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറി. അതുകൊണ്ടും വിവാദം ശമിച്ചില്ല. 2021 ഓഗസ്റ്റില്‍, എപ്‌സ്റ്റൈന്റെ ഇരകളില്‍ ഒരാളായ വിര്‍ജീനിയ ജിയുഫ്രെ, പ്രായപൂര്‍ത്തിയാകാത്ത തന്നോട് രാജകുമാരന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അവകാശപ്പെട്ട് ആന്‍ഡ്രൂവിനെതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്തു. ആരോപണങ്ങള്‍ ആന്‍ഡ്രൂ നിഷേധിച്ചെങ്കിലും, കേസ് വന്നതോടെ സൈനിക സ്ഥാനങ്ങളിലും നിന്നും രാജകീയ ചാരിറ്റി പ്രവര്‍ത്തികളില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു.

Epstein

ജെഫ്രി എപ്‌സ്റ്റെയ്ന്‍

2022 ഫെബ്രുവരിയില്‍, കോടതിക്ക് പുറത്ത് ലൈംഗികാതിക്രമ കേസ് തീര്‍പ്പാക്കി. നഷ്ടപരിഹാരമായി വിര്‍ജീനിയയ്ക്ക് 6 മില്യണും 16 മില്യണും ഇടയില്‍ ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ആന്‍ഡ്രൂ ഇരകളുടെ ‘അവകാശ ചാരിറ്റി’യിലേക്കും വലിയ തുക സംഭാവന നല്‍കിയിരുന്നതായും പറയുന്നു. ഇക്കാര്യങ്ങളിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ലോകത്തിന് മുന്നിലെ കളങ്കം


ഒത്തുതീര്‍പ്പും ആന്‍ഡ്രൂവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ ശമിപ്പിച്ചില്ല. അടുത്തകാലത്തായി പുറത്തു വന്ന ‘സ്‌കൂപ്പ്’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ 2019 ലെ ബിബിസി അഭിമുഖം ഉള്‍പ്പെട്ടിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ലോകത്തെ വീണ്ടും ഓര്‍മിപ്പിച്ചു സ്‌കൂപ്പ്. ആന്‍ഡ്രൂവിന്റെ പ്രവര്‍ത്തികള്‍ ആധുനിക കാലത്തെ രാജവാഴ്ച്ചയ്ക്ക് ഒരു മുന്നറിയിപ്പ് കഥയായി മാറിയിരിക്കുകയാണ്. പദവിയും അധികാരവും എങ്ങനെ ദുരുപയോഗം ചെയ്യാമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ‘അദ്ദേഹം തന്റെ പ്രിവിലേജും അധികാരവും ദുര്യുപയോഗം ചെയ്തു. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളികളുമായും ചൈനീസ് ചാരന്മാരുമായി സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി ബന്ധം സ്ഥാപിച്ചു. അത് സ്വന്തം സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനോ അല്ലെങ്കില്‍ സ്വന്തം ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ വിപുലീകരിക്കുന്നതിനോ ആകാം. ഈ അവസരങ്ങള്‍ക്കായി ജന്മം കൊണ്ടു കിട്ടിയ സ്ഥാനം ഉപയോഗിച്ചു, എന്നതാണ് ഇവിടുത്തെ പ്രശ്‌നം’, ഓവന്‍സ് പറയുന്നു.

ഇത്തരം വിവാദങ്ങള്‍ കൊണ്ട് ആന്‍ഡ്രൂ രാജകുമാരന്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത് തുടരുന്നിടത്തോളം, തുടക്കത്തില്‍ പറഞ്ഞ ചോദ്യം നിലനില്‍ക്കും; ചാള്‍സ് മൂന്നാമന്‍ രാജാവ് തന്റെ സഹോദരന്‍ മൂലമുണ്ടാകുന്ന പ്രശ്നം എങ്ങനെ പരിഹരിക്കും? രാജകുമാരന്റെ പ്രവര്‍ത്തികള്‍ അദ്ദേഹത്തിന്റെ ഭാവിയെ മാത്രമല്ല, രാജവാഴ്ചയുടെ ഭാവിയെ തന്നെയാണ് വേട്ടയാടുന്നത്.  Prince Andrew’s Headache: From Chinese Spy Allegations to Sex Scandals

Content Summary; Prince Andrew’s Headache: From Chinese Spy Allegations to Sex Scandals

×