UPDATES

കൗമാരക്കാരിലെ ആത്മഹത്യയും ബിപിഡിയും

ജീവനെടുക്കുന്ന ബിപിഡി

                       

അമ്മുവില്ലാത്ത ഏഴുദിവസങ്ങളെ ഞങ്ങൾ അതിജീവിച്ചു.
ഞങ്ങൾ എന്നാൽ ഞാനും കുടുംബവും മാത്രമല്ല.  കൈതക്കൽക്കാരും കന്നൂരുകാരും കുടുംബശ്രീക്കാരും പരിഷത്തുകാരും പല പല ദേശങ്ങളിലുള്ള ഞങ്ങളുടെ പ്രിയപ്പെട്ടവരായ എല്ലാവരുമാണ്. വാർത്ത കേട്ട എല്ലാവർക്കും അത്ഭുതമായിരുന്നു.
പ്രസാദിന്റെയും മഞ്ജുളയുടെയും മകൾ ഇങ്ങനെ ചെയ്തോ? ഇത്രയും പ്രസരിപ്പുള്ള, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും തുറന്നു പ്രകടിപ്പിക്കുന്ന, ആരുമായും എളുപ്പം ചങ്ങാത്തത്തിലാകുന്ന അമ്മു ഇങ്ങനെ ചെയ്തോ ? എന്തായിരിക്കും കാരണം ? borderline personality disorder BPD

അമ്മുവിന് നന്നേ ചെറുപ്പം മുതലേ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (Borderline personality disorder ) എന്നൊരു പ്രയാസമുണ്ടായിരുന്നു….’

ഇത് അമ്മുവിൻറെ അപ്രതീക്ഷിത വിയോഗത്തിൽ അച്ഛൻ ഫേസ്ബുക്കിൽ കുറിച്ച നോവിന്റെ കുറിപ്പാണ്. അമ്മു ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. എവിടെയൊക്കെയോ എത്തേണ്ട അമ്മുവിൻറെ ജീവൻ കവർന്നെടുത്ത വില്ലനായ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡറിനെ കുറിച്ച് പലർക്കും അറിവില്ലെന്നത് ഒരു വാസ്തവമാണ്. മനുഷ്യ മനസ് നിഗൂഢതകളുടെ കൂടാരമാണ്. ഒരു നിമിഷം മതിയാകും ചിലപ്പോൾ മനസ് കൈ വിട്ട് പോകാൻ. മനുഷ്യ മനസിന്റെ സങ്കീർണതകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന അസുഖമാണ് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ. എന്താണ് ബി പി ഡി എന്നും രോഗികളെ കൈകാര്യം ചെയ്യേണ്ട വിധവും പങ്കു വയ്ക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ ആയ ഡോ. അരുൺ ബി നായർ.

എന്താണ് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ( ബിപിഡി )

സ്ഥിരതയില്ലാത്ത പെരുമാറ്റം, അമിതാവേശം, വൈകാരികമായ അസ്ഥിര തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഒരു മാനസികാവസ്ഥയാണ് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ ബിപിഡി.

സമഗ്രമായ ബോധവത്കരണം

ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡറിന്റെ പ്രധാനപ്പെട്ട ലക്ഷണം എടുത്തു ചാട്ടസ്വഭാവമാണ് ( impulsivity) ആധുനിക കലാത്ത ഇത് കൂടി വരുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗമാണ് ഈ അവസ്ഥക്ക് വഴിവയ്ക്കുന്ന ഒരു കാരണം. മുപ്പത് വർഷങ്ങൾക്ക് മുൻപ് ഒരാൾക്ക് സിനിമ കാണണമെങ്കിൽ തീയറ്ററിൽ പോയി ക്യൂ നിന്ന് ടിക്കറ്റ് എടുക്കണ്ട അവസ്ഥ ആയിരുന്നു. ഭക്ഷണം കഴിക്കണമെങ്കിൽ ഹോട്ടലിൽ പോയി കഴിക്കുകയോ വീട്ടിലേക്ക് വാങ്ങി കൊണ്ട് വരികയോ ചെയ്യണമായിരുന്നു. ആരോടങ്കിലും ഇഷ്ട്ടമുണ്ടെന്ന് അവതരിപ്പിക്കണമെങ്കിൽ പോലും നേരിട്ട് പറയുകയോ കത്ത് മുഖേന അറിയിച്ച് മറുപടിക്ക് കാത്ത് നിൽക്കുകയോ വേണമായിരുന്നു. പക്ഷെ ഇപ്പോൾ സ്ഥിതി അതല്ല. അതായത്, ഒരാഗ്രഹം തോന്നി അത് നിറവേറുന്നതിൽ ഒരു ഇടവേളയുണ്ടായിരുന്നു പക്ഷെ ഇപ്പോൾ അത് ലഭിക്കുന്നില്ല. ഈ ഇടവേളയിൽ നമ്മുടെ ആഗഹങ്ങൾ നടക്കാനും നടക്കാതിരിക്കാനുമുളള സാധ്യതകളെ കുറിച്ച് ചിന്തിക്കാനുമുളള സമയം ലഭിച്ചിരുന്നു.

പക്ഷെ ഇന്നത്തെ സ്ഥിതി അതല്ല, എല്ലാം ഇൻസ്റ്റന്റ് ആയി ലഭിക്കും. ഒരാളോട് ഇഷ്ടം പ്രകടിപ്പിക്കണമെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വഴി ഒരു നിമിഷം മാത്രം മതി. മാറി മാറി വരുന്ന സാധ്യതകളുമായി പൊരുത്തപ്പെടാൻ തലച്ചോറിന് സമയം ലഭിക്കുന്നില്ല ഇത്തരം സാഹചര്യം നില നിലനിൽക്കുന്നത് കൊണ്ടാണ് ആളുകളിൽ എടുത്തു ചാട്ട സ്വഭാവവും, അക്ഷമയും കൂടി വരുന്നത്. ഇത് ബിപിഡി കൂടി വരുന്നതിന്റെ സാമൂഹ്യ കാരണം കൂടിയാണ്. രോഗാവസ്ഥയെ കുറിച്ചുള്ള സമഗ്രമായ ബോധവത്ക്കരണം നൽകേണ്ടത് അത്യാവശ്യമാണ്. അതിനായി കുടുംബശ്രീകൾ, റെസിഡൻസ് അസോസിയേഷൻ തുടങ്ങി ഏറ്റവും താഴെ തട്ടിൽ നിന്ന് വിപുലമായ തോതിൽ പ്രയത്നം ആരംഭിക്കേണ്ടത് അത്യാവശ്യമായി തീർന്നിരിക്കുകയാണ്.

ചെറിയൊരു ശതമാനം അധ്യാപകർക്കും മാതാപിതാക്കൾക്കും മാത്രമേ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡറിനെ കുറിച്ച് കൃത്യമായ ധാരണയുള്ളു. അതാകട്ടെ ദൃശ്യ മാധ്യമങ്ങളിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും മറ്റ് ലേഖനങ്ങളിലൂടെയും ആർജ്ജിച്ചത് മാത്രമാണ്. അത് കൂടാതെ വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്ക് നൽകുന്ന പരിശീലന പരിപാടികളുടെ ഭാഗമായി ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള കൃത്യമായ ബോധവത്കരണം നൽകുന്നുണ്ട്. ഹയർ സെക്കണ്ടറി വകുപ്പ് നടത്തുന്ന സൗഹൃദ ക്ലബ്ബ് എന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗിന്റെ ഭാഗമായി ഹയർ സെക്കണ്ടറി അധ്യാപകർക്ക് ക്ലാസുകൾ ഉണ്ട്. ഇതിലൂടെ ഇത്തരം ബുദ്ധിമുട്ടുകൾ ആണ് ഭാവിക്കുന്ന കുട്ടികളെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് അതോടൊപ്പം കൂടുതൽ വിദഗ്ദ്ധ സഹായം ആവശ്യമുള്ള കുട്ടികളെ മനോരോഗ വിദഗ്ധരുടെ സഹായത്തിനായി എത്തിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇത് ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്രം ഒതുങ്ങിയാൽ പോര എല്ലാ ക്ലാസ്സുകളിലുള്ള അധ്യാപകർക്കും കുട്ടികളുടെ മാതാപിതാക്കൻ മറക്കും രോഗത്തെ കുറിച്ചുളള അറിവ് ലഭിക്കണം.

 

പ്രധാനപ്പെട്ട ലക്ഷണങ്ങൾ

കൗമാരത്തിന്റെ ആദ്യ ഘട്ടം മുതൽ ബിപിഡി യുടെ ലക്ഷണങ്ങൾ പ്രകടമാകും. ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം വൈകാരികമായ അസ്ഥിരതയാണ്. രോഗികൾക്ക് അവരിലുണ്ടാകുന്ന ഒരു വികാരങ്ങളും നിയന്ത്രിക്കാൻ സാധിക്കില്ല. സ്ഥലമോ സാഹചര്യമോ ആളോ,തരമോ നോക്കാതെ വളരെ രൂക്ഷമായി ദേഷ്യം പ്രകടിപ്പിക്കുക ഈ സമയത്ത് ചീത്ത വിളിക്കുന്നതും അടിക്കുന്നതും സാധനങ്ങൾ തകർക്കുക എന്ന തരത്തിൽ രോഗികൾ പ്രവർത്തിക്കും. സങ്കടം വന്നാൽ പെട്ടന്ന് കൈഞരമ്പ് മുറിക്കാൻ ഒരുങ്ങുക, മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ ആത്മഹത്യ ചെയ്യാനുള്ള ഉദ്യമങ്ങൾ നടത്താൻ ശ്രമിക്കുകയും ചെയ്യുന്നതും ലക്ഷണമാണ്. രോഗമുള്ളവർ സന്തോഷം വന്നാലും പരിസരം മറന്ന് അമിതമായി പ്രകടിപ്പിക്കുകയും ചെയ്യും. ആരോടെങ്കിലും സ്നേഹം തോന്നിയാൽ പരിസര ബോധമില്ലാതെ അമിതമായി പ്രകടിപ്പിക്കും. എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

രണ്ടാമത്തേത് ജീവിതത്തിൽ ഉടനീളം നീണ്ടു നിൽക്കുന്ന അസംതൃപ്തിയും നിരാശയും, ശൂന്യതയുമാണ്. ഇത്തരക്കാർക്ക് എല്ലാം പെട്ടന്ന് മടുക്കും പുതിയത് തേടിപോകാനുളള പ്രവണതയായിരിക്കും ഇവരിൽ കൂടുതൽ. രോഗാവസ്ഥയിലുള്ളവർ തീവ്രമായ പ്രണയങ്ങളിൽ ഏർപ്പെടും ആ പ്രണയങ്ങളുടെ കാലഘട്ടത്തിൽ പങ്കാളിയെ സന്തോഷിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ ഇക്കൂട്ടർ തയ്യാറാവും , പക്ഷെ നിസാര കാര്യങ്ങൾക്ക് വഴക്കിട്ട് പിരിയുകയും ചെയ്യും. പിരിഞ്ഞ ശേഷം ആ വ്യക്തിയെ കുറിച്ച് മോശമായ കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞ് നടക്കുകയും ചെയ്യും. പിന്നീട് വിഷാദത്തിലേക്കും ആ വിഷാദത്തെ മറികടക്കാൻ അടുത്ത ബന്ധത്തിലേക്ക് എടുത്ത് ചാടി പോവുകയും ചെയ്യും. ഇക്കൂട്ടർ ആവർത്തിച്ചുള്ള പ്രണയ ബന്ധങ്ങൾ പോലുള്ള സമാന സ്വഭാവമുള്ള അബദ്ധങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.

ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവർ ജീവിതത്തിൽ പെട്ടന്ന് ഒരു പ്രതിസന്ധിയോ മടുപ്പോ അനുഭവപ്പെടുമ്പോൾ അതിനെ മറികടക്കാൻ ചെയ്യുന്ന രണ്ട് മാർഗങ്ങളിൽ ഒന്നാണ് സ്വയം മുറിവേൽപ്പിക്കുന്നതും ആത്മഹത്യ ഭീഷണികൾ മുഴക്കുന്നതും. മരിക്കണെമെന്ന ആഗ്രഹം എപ്പോഴും രോഗാവസ്തയിൽ ഉള്ളവർക്ക് ഉണ്ടാകണം എന്നില്ല പക്ഷെ സ്വയം മുറിവേൽപ്പിക്കുന്നത് വഴി ഒരു താത്കാലിക ആശ്വാസം നേടുകയും ചെയ്യും. മദ്യപാനം ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയും താൽകാലികമായി ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമായാണ് രോഗികൾ പലപ്പോഴും അവലംബിക്കാറുള്ളത്. മറ്റു ചിലരിൽ കണ്ടുവരുന്ന പ്രവണതയാണ് അമിതമായി ഭക്ഷണം കഴിക്കുക, അമിത വേഗതയിൽ വാഹനം ഓടിക്കുക, അനാവശ്യമായി ധാരാളം സാധനങ്ങൾ വാങ്ങി കൂട്ടുക, അമിതമായി ലൈംഗിക താല്പര്യങ്ങൾ പ്രകടിപ്പിക്കുന്നതും. ഇതെല്ലാം തന്നെ അടിസ്ഥാനപരമായ എടുത്തു ചട്ട സ്വഭാവത്തിന്റെ വ്യത്യസ്ത രീതിയിലുള്ള പ്രകടനങ്ങളാണ്.

ഡിപ്രഷനിലേക്കുള്ള വഴി

ബിപിഡി ഉള്ളവർക്ക് ഡിപ്രഷൻ വരാനുള്ള സാധ്യത കൂടുതലാണ്. ഒരു വ്യക്തിക്ക് ഡിപ്രഷൻ ഉണ്ടെന്ന് സ്ഥിതീകരിക്കുന്നത് പ്രധാനമായും ഒൻപത് ലക്ഷങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. രാവിലെ മുതൽ വൈകിട്ട് വരെ തുടർച്ചയായ സങ്കടം. മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ തോന്നാതിരിക്കുക. അകാരണമായ ഷീണം, വിശപ്പില്ലായ്മ, ഉറക്ക കുറവ് ഏകാഗ്രത കുറവ്, ചിന്തയുടെയും പ്രവർത്തിയിലെയും വേഗത കുറവ്. നിരാശയും പ്രതീക്ഷ ഇല്ലായ്മയും, അവസാനമായി മരിക്കണം എന്ന ആഗ്രഹവും ആത്മഹത്യ പ്രവണതയും ഈ ഒൻപത് ലക്ഷണങ്ങളിൽ അഞ്ചെണ്ണം എങ്കിലും തുടർച്ചായി രണ്ടാഴ്ച നീണ്ടുനിന്നാൽ ആണ് ഒരാൾക്ക് ഡിപ്രഷൻ ഉണ്ടെന്ന് സ്ഥിതീകരിക്കും.

ഡിപ്രഷൻ കൂടാതെ ഉന്മാദ വിഷാദ രോഗം വരാനുള്ള സാധ്യതയും ( ബൈപോളാർ ഡിസോർഡർ ) താത്കാലികമായി നീണ്ടു നിൽക്കുന്ന ചിത്തഭ്രമം, ( ട്രാൻസിയന്റ് സൈക്കോസിസ്) കൂടാതെ ലഹരി അടിമപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

സ്ത്രീകളിലെ ബി പി ഡി

ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ കൂടുതലും സ്ത്രീകളിലാണ് കണ്ടു വരുന്നത്. പുരുഷൻ മാരിലും ഉണ്ട് പക്ഷെ താരതമ്യേന കൂടുതൽ സ്ത്രീകളിലാണ് കണ്ടു വരുന്നത്. എതിർ ലിംഗത്തിലുള്ള ആൺ കുട്ടികളോട് ഒരു പരിധി വിട്ട അടുപ്പം കാണിക്കുക എന്നതായിരിക്കും ഒരു പക്ഷെ ആദ്യം കാണിക്കുന്ന ലക്ഷണം.

കൂടെ നിൽക്കാം

പരിധിവിട്ട അടുപ്പം ആൺ കുട്ടികളോട് കാണിക്കുമ്പോൾ പല വീട്ടുകാരിലും അസ്വസ്ഥത ഉണ്ടാക്കും ഒപ്പം ഇത്തരം പെരുമാറ്റങ്ങളെ എതിർത്തെന്നും വരാം ഇത് രോഗികളിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കും. വീട്ടുകാരും സുഹൃത്തുക്കളും മനസിലാക്കേണ്ടത് രോഗികൾ ഇതൊന്നും മനഃപൂർവം ചെയ്യുന്നതല്ല മറിച്ച് അവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളിലെ വ്യതിയാനം കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ്. കൃത്യമായ ചികിത്സയാണ് ആവശ്യം എന്നാണ് ആദ്യം മനസിലാക്കേണ്ട വസ്തുത. രോഗികളെ അടിക്കുകയോ ശകാരിക്കുകയോ മുറിക്കുള്ളിൽ പൂട്ടിയിടുകയോ ചെയ്തത് കൊണ്ട് യാതൊരു വിധ മാറ്റങ്ങളും വരാൻ പോകുന്നില്ല. കൃത്യമായ ചികിത്സാരീതിയിലൂടെ രോഗത്തെ വരുതിയിൽ കൊണ്ട് വരികയും പൂർണമായും ചികിത്സിച്ച് മാറ്റാനും പലപ്പോഴും കഴിയാറുണ്ട്. വേണ്ട വിധത്തിലുള്ള ശ്രദ്ധ കിട്ടാത്തത് മൂലം അസുഖമുള്ള പല വ്യക്തികളും വൈകാരിക അസ്ഥിര കൊണ്ട് പല പ്രശ്നങ്ങളിലും ചെന്ന് പെടാറുണ്ട്.

ചികിത്സാ രീതികൾ

രണ്ട് തരം ചികിത്സാ രീതികളാണ് ബിപിഡി രോഗികൾക്ക് നൽകുന്നത്. ഒന്ന് ഡയലക്റ്റിക്കൽ ബിഹേവിയറൽ തെറാപ്പി എന്ന് പറയുന്ന മനശാസ്ത്ര ചികിത്സയാണ് (വൈരുദ്ധ്യാത്മക സ്വഭാവ ചികിത്സ). ജീവിതത്തിൽ മാറ്റാൻ കഴിയാത്ത കുറെ സാഹചര്യങ്ങൾ ഉണ്ട്. പക്ഷേ അതിനോട് നമ്മൾ പ്രതികരിക്കുന്ന രീതിയിൽ മാറ്റം വരുത്തുക വേണം എന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിലുള്ള മനശാസ്ത്ര ചികിത്സയാണിത്. ഇതിൽ പ്രധാനമായും മനോനിറവ് അഥവാ മൈൻഡ്സ് ഫുൾനസ്, അതായത് ജീവിതത്തിലെ ഓരോ നിമിഷത്തെയും ഗുണകരം എന്നോ ദോഷകരം എന്നോ വിവേചിക്കാതെ അതിലേക്ക് പൂർണ്ണമായും മുഴുകുക, അതിനുവേണ്ട നിപുണതകൾ വികസിപ്പിക്കുക. ഡിസ്ട്രസ് ടോളറൻസ് സ്കിൽസ് അല്ലെങ്കിൽ അസ്വസ്ഥതയുമായി പൊരുത്തപ്പെടാനുള്ള കഴിവ് വികസിപ്പിച്ചെടുക്കുക, മൂന്ന് ഇമോഷണൽ റെഗുലേഷൻസ് സ്കിൽസ്, അല്ലെങ്കിൽ വൈകാരിക ക്രമീകരണ നിപുണതകൾ. ദേഷ്യം സങ്കടം അടക്കമുള്ള തീവ്രവൈകാരിക പ്രകടനങ്ങൾ അമിതമാകാത്ത രീതിയിൽ ക്രമീകരിക്കാൻ വേണ്ട പരിശീലനങ്ങൾ.നാലാമത്തേത് ഇൻറർ പേഴ്സണൽ എഫക്ടീവ്നസ് സ്കിൽസ് ആരോഗ്യകരമായ വ്യക്തി ബന്ധങ്ങൾ വികസിപ്പിക്കാനും നിലനിർത്താനുമുള്ള കഴിവ്. ഈ നാല് കാര്യങ്ങളാണ് ഡയറ്റിക്കൽ ബിഹേവിയർ തെറാപ്പിയിലൂടെ പരിശീലിപ്പിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകളിലായി 25 മുതൽ 30 വരെ ദിവസങ്ങൾ വേണ്ടിവന്നേക്കും ഇത്തരം കാര്യങ്ങൾ പരിശീലിപ്പിക്കാൻ.

പലപ്പോഴും മനശാസ്ത്ര ചികിത്സയോടൊപ്പം മരുന്നുകളുടെ സഹായവും വേണ്ടിവരും. കാരണം, തീവ്രമായ വൈകാരിക അസ്ഥിരതയുള്ള ആളുകൾക്ക് മൂഡ് സ്റ്റെബിലൈസര്സ് എന്ന വിഭാഗത്തിൽ പെടുന്ന മരുന്നുകൾ നൽകേണ്ടി വരും. വിഷാദത്തിന്റെ ലക്ഷണങ്ങൾ ഉള്ളവർക്ക് വിഷാദ വിരുദ്ധ ഔഷധങ്ങൾ വേണ്ടിവരും. തീവ്രമായ ഉത്കണ്ഠ ഉള്ളവർക്ക് ഉത്കണ്ഠ വിരുദ്ധ ഔഷധങ്ങളും വേണ്ടിവരും.
ഈ മരുന്നുകൾ എല്ലാം തലച്ചോറിൽ താളം തെറ്റി കിടക്കുന്ന രാസവസ്തുക്കളുടെ അളവിനെ ക്രമീകരിച്ച് വൈകാരിക സ്ഥിരതയിലേക്ക് ആ വ്യക്തിയെ കൊണ്ടുവരികയും വിഷാദവും ഉത്കണ്ഠയും മാറ്റി ഉറക്കവും വിശപ്പും ക്രമീകരിച്ച് കൊണ്ടുവരാനും സഹായിക്കും. മനശാസ്ത്രവും മരുന്നുകളും സംയോജിപ്പിച്ചുള്ള ചികിത്സയാണ് ബോർഡർ ലൈൻ വ്യക്തിത്വ വൈകല്യം ഉള്ളവരിൽ ഫലപ്രദമായി കണ്ടുവരുന്നത്.

 

content summary : border line personality disorder Symptoms of BPD

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍