UPDATES

ഉത്തരകാലം

‘ഭഗവാന്‍ ജഗന്നാഥാനും മോദി ഭക്തന്‍’

നാക്ക് പിഴയ്ക്ക് ഉപവാസമിരിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി

                       

ഭഗവാന്‍ ജഗന്നാഥനും മോദിയുടെ ഭക്തനാണെന്ന ബിജെപി നേതാവ് സംപിത് പത്രയുടെ വാക്കുകള്‍ വലിയ വിവാദമായിരിക്കുകയാണ്. ഒഡിഷയിലെ പുരി ലോക്‌സഭ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് സംപിത് പത്ര. സ്ഥാനാര്‍ത്ഥിയുടെ പ്രയോഗത്തിനെതിരേ ബിജു ജനതാദള്‍ അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. sambit patra remarks lord jagannath

‘ലക്ഷക്കണക്കിന് ആളുകളാണ് മോദിയെ കാണാന്‍ തടിച്ചുകൂടിയത്. ജഗന്നാഥ ഭഗവാന്‍ മോദിയുടെ ഒരു ഭക്തനാണ്, ഞങ്ങളെല്ലാവരും മോദിയുടെ കുടുംബമാണ്. ഇതൊരു അസാധാരണമായ കാഴ്ചയാണ്, എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എല്ലാ ഒഡിയക്കാര്‍ക്കും ഇതൊരു ചരിത്ര ദിനമാണെന്ന് ഞാന്‍ കരുതുന്നു’ ഇതായിരുന്നു സംപിത് പത്രയുടെ വിവാദമായ പ്രസ്താവന.

വിവാദം കനത്തതോടെ, തനിക്ക് നാക്ക് പിഴ സംഭവിച്ചതാണെന്നും, പ്രായശ്ചിത്തമായി മൂന്നു ദിവസത്തെ ഉപവാസം ഇരിക്കുമെന്ന് പ്രസ്താവിച്ച് തലയൂരാന്‍ ശ്രമിക്കുകയാണ് പത്ര.

‘ ഞായറാഴ്ച്ച മണ്ഡലത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത കൂറ്റന്‍ റോഡ് ഷോ നടന്നിരുന്നു. വന്‍വിജയമായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി. റോഡ് ഷോയ്ക്ക് ശേഷം പല ചാനലുകളും എന്റെ അഭിമുഖം എടുക്കാനായി എത്തിയിരുന്നു. നരേന്ദ്ര മോദി ഭഗവാന്‍ ജഗന്നാഥാന്റെ തീവ്രഭക്തനാണെന്നും, മഹാപ്രഭു ജഗന്നാഥനെ അദ്ദേഹം വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ഞാന്‍ എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ എപ്പോഴോ പറഞ്ഞു തിരിഞ്ഞു പോവുകയായിരുന്നു. ഭഗവാന്‍ ജഗന്നാഥനും മോദിയുടെ ഭക്തനാണെന്ന് നാക്ക് പിഴയായി സംഭവിച്ചു പോയതാണ്. അത് വലിയ തെറ്റ് തന്നെയാണ്, മനസില്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടുപോലുമില്ല. ഞാന്‍ ക്ഷമ യാചിക്കുകയാണ്, മഹാപ്രഭുവിനെ അറിയാതെപോലും വേദനിപ്പിക്കരുത്, ഞാനൊരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഞാനദ്ദേഹത്തിന്റെ കാലില്‍ വീണ് മാപ്പ് ചോദിക്കുന്നു, മൂന്നു ദിവസത്തെ ഉപവാസം ഇരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്’ വിശദീകരണമായി സംപിത് പത്ര സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്ന കാര്യങ്ങളാണ്.

ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് ഇപ്പോഴത്തെ രാഷ്ട്രീയ വിവാദത്തിലെ ‘ ഭഗവാന്‍ ജഗന്നാഥന്‍’. ഇന്ത്യക്ക് പുറത്തും പ്രശസ്തമായ പുരാതന ഹിന്ദു ആരാധനാലയാണ് പുരി ജഗന്നാഥ ക്ഷേത്രം. 90 ശതമാനം ഹിന്ദുജനസംഖ്യ വരുന്ന ഓഡിഷയുടെ വികാരമാണ് പുരി ക്ഷേത്രവും ഭഗവാന്‍ ജഗന്നാഥനും. മേയ് 25 നാണ് പുരി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു തന്നെയാണ് പത്രയുടെ മാപ്പ് പറച്ചിലും ഉപവാസവുമെല്ലാം. ഒഡീഷ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും പൊതുതെരഞ്ഞെടുപ്പിന് ഒപ്പം നടക്കുന്നുണ്ട്. ബിജെഡിയുമായുള്ള സഖ്യസാധ്യത പരാജയപ്പെട്ടതോടെ നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടി ബിജെപിയുടെ ശത്രുപക്ഷത്താണ്. ബിജു ജനതാദള്‍ ഭരണത്തിന് ഇക്കുറി അവസാനം കുറിക്കുമെന്നാണ് ബിജെപിയുടെ വെല്ലുവിളി. അതുകൊണ്ട് തന്നെ വീണു കിട്ടിയ അവസരം ബിജെഡി നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഹൈന്ദവ വികാരം വൃണപ്പെടുത്തിയെന്ന ആക്ഷേപം ഫലം കണ്ടാല്‍ തന്റെ വിജയസാധ്യതയെ സാരമായി ബാധിക്കുമെന്ന് സംപിത് പത്രയ്ക്ക് നന്നായി അറിയാവുന്നതാണ്.

ഫേസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലും മുസ്ലിം വിരുദ്ധ പരസ്യങ്ങള്‍ കാണാറുണ്ടോ ?

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് വലിയ പ്രതിഷേധവുമായി രംഗത്തുണ്ട്. ഭഗവാന്‍ ജഗന്നാഥന്‍ ഒരു മനുഷ്യന്റെ ഭക്തനാണെന്ന് പറയുന്നതിലൂടെ ഭഗവാനെ അപമാനിച്ചിരിക്കുകയാണെന്നായിരുന്നു തിങ്കളാഴ്ച്ച പട്‌നായിക്ക് കുറ്റപ്പെടുത്തിയത്. ഒഡീ മുഖ്യമന്ത്രിക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പത്രയ്‌ക്കെതിരേ വിമര്‍ശനവുമായി എത്തി. അധികാരത്തിന്റെ ലഹരയില്‍ ഇന്ത്യയിലെ ജനങ്ങളെ മാത്‌രമല്ല, ദൈവങ്ങളെപ്പോലും ബിജെപി വെറുതെ വിടുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തിയത്. സംപിത് പത്ര തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചത്. ഭുവനേശ്വറില്‍ യൂത്ത് കോണ്‍ഗ്രസ് പത്രയ്‌ക്കെതിരേ പ്രകടനവും സംഘടിപ്പിച്ചു.

Content Summary; Sambit patra’s controversial remarks about lord jagannath, the bjp leader apologised and decided to keep fast for three days

Share on

മറ്റുവാര്‍ത്തകള്‍