രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി (CJP) നയിക്കുന്ന പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാരിന് പുതിയ വെല്ലുവിളിയായി കർഷകരും തെരുവിലേക്ക്. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെ (India-US Trade Deal) എതിർത്ത് പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് ആരംഭിച്ചതോടെ ദേശീയ തലസ്ഥാനത്തിന്റെ അതിർത്തികളിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.
കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ ഹരിയാന സർക്കാർ ശംഭു അതിർത്തിയിൽ (Shambhu Border) ബാരിക്കേഡുകളും സിമന്റ് ബ്ലോക്കുകളും സ്ഥാപിച്ച് വലിയ പൊലീസ് സന്നാഹം വിന്യസിച്ചു. ഡൽഹി പൊലീസും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രത്യേക ട്രാഫിക് അഡൈ്വസറി പുറത്തിറക്കിയിട്ടുണ്ട്.
2020-21 ലെ കർഷക സമരകാലത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് വീണ്ടും ഡൽഹിയുടെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഡൽഹിയുടെ അതിർത്തികൾ അടയ്ക്കുകയും പഞ്ചാബിലെയും ഹരിയാനയിലെയും അതിർത്തി ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങളെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്.
‘ദേശ് ബചാവോ മോർച്ച’ ഉൾപ്പെടെയുള്ള വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ‘കിസാൻ മഹാപഞ്ചായത്ത്’ സംഘടിപ്പിക്കാനാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ചയിലുള്ള വ്യാപാര കരാർ ഇന്ത്യൻ കാർഷിക മേഖലയ്ക്ക് ഗുരുതര ആഘാതമുണ്ടാക്കുമെന്നാണ് സംഘടനകളുടെ ആരോപണം.

പ്രധാനമായും ചെറുകിട കർഷകരും കർഷക തൊഴിലാളികളും വ്യാപാരികളും ഈ കരാറിലൂടെ പ്രതിസന്ധിയിലാകുമെന്ന് കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. സർക്കാർ കർഷകരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കരാർ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അവർ ആരോപിക്കുന്നു.
കരാർ ഒപ്പുവെച്ചിട്ടില്ല; പിന്നെ പ്രതിഷേധം എന്തിന്?
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ല. ചർച്ചകൾ തുടരുകയാണ്. എന്നാൽ കരാർ ഒപ്പുവെച്ച ശേഷം അതിലെ വ്യവസ്ഥകൾ മാറ്റുക പ്രായോഗികമായി ബുദ്ധിമുട്ടാകുമെന്നാണ് കർഷകരുടെ നിലപാട്.
കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയുന്നതിലൂടെ അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം ലഭിക്കുമെന്നതാണ് കർഷകരുടെ ആശങ്കളിൽ പ്രധാനം. അമേരിക്കൻ കർഷകർക്ക് ലഭിക്കുന്ന വൻ സബ്‌സിഡിയും സർക്കാർ പിന്തുണയും കാരണം ഇന്ത്യൻ കർഷകർക്ക് വിലയിൽ മത്സരിക്കാൻ കഴിയില്ലെന്നതും ആശങ്കയാണ്. പാൽ, ധാന്യങ്ങൾ, കോഴി വളർത്തൽ, സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയ മേഖലകൾ വലിയ സമ്മർദം നരിടും. ആഭ്യന്തര വിപണിയിൽ കാർഷിക ഉത്പന്നങ്ങളുടെ വില ഇടിയുകയും കർഷകരുടെ വരുമാനം കുറയുകയും ചെയ്യും. ഇത് ഒരു വ്യാപാര കരാറിനെതിരായ പ്രതിഷേധമല്ലെന്നും ‘ഇന്ത്യൻ കർഷകരുടെ ഉപജീവനം സംരക്ഷിക്കാനുള്ള പോരാട്ടമാണ്’ എന്നും കർഷകർ പറയുന്നു.
CJP പ്രതിഷേധത്തിനിടെ പുതിയ പ്രതിസന്ധി
NEET പരീക്ഷാ വിവാദം, വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം തുടരുകയാണ്. പാർലമെന്റ് മാർച്ച്, പൊലീസ് നടപടികൾ, അറസ്റ്റുകൾ എന്നിവയെ തുടർന്ന് ദേശീയ ശ്രദ്ധ നേടിയ ഈ സമരത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കർഷകരുടെ പുതിയ പ്രതിഷേധം ദേശീയ തലസ്ഥാനത്ത് സമ്മർദം വർധിപ്പിക്കുന്നത്.

ഒരു ഭാഗത്ത് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും വിദ്യാർഥി സംഘടനകളുടെ പ്രക്ഷോഭങ്ങളും തുടരുന്നു. മറുവശത്ത് കാർഷിക മേഖലയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തി കർഷകർ വീണ്ടും ദേശീയ തലസ്ഥാനത്തേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിൽ മോദി സർക്കാരിന് ഒരേസമയം രണ്ട് വലിയ ജനകീയ പ്രതിഷേധങ്ങളെ നേരിടേണ്ട സാഹചര്യമാണുള്ളത്. വിദ്യാഭ്യാസ പരിഷ്‌കരണവും പരീക്ഷാ സംവിധാനവും സംബന്ധിച്ച ചോദ്യങ്ങൾ ഒരുവശത്തും, കാർഷിക മേഖലയെയും അന്താരാഷ്ട്ര വ്യാപാര നയങ്ങളെയും ചൊല്ലിയുള്ള ആശങ്കകൾ മറുവശത്തും ഉയരുന്നത് സർക്കാരിന് രാഷ്ട്രീയമായും നയപരമായും വലിയ പരീക്ഷണമായി മാറുകയാണ്.
രാഷ്ട്രീയ പ്രാധാന്യം
2020-21 ലെ ചരിത്രപ്രസിദ്ധമായ കർഷക സമരത്തിന് ശേഷം വീണ്ടും ഡൽഹിയിലേക്ക് കർഷകർ സംഘടിതമായി എത്തുന്നത് വെറും ഒരു പ്രതിഷേധം മാത്രമല്ല; കാർഷിക നയങ്ങളും അന്താരാഷ്ട്ര വ്യാപാര കരാറുകളും സംബന്ധിച്ചുള്ള ദേശീയ ചർച്ചയ്ക്ക് തുടക്കമിടുന്ന സംഭവവികാസമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനോടകം തന്നെ വിദ്യാഭ്യാസ വിഷയത്തിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തിൽ, കർഷകരുടെ ഈ പുതിയ പ്രക്ഷോഭം പാർലമെന്റിനകത്തും പുറത്തും സർക്കാരിനുമേൽ സമ്മർദം വർധിപ്പിക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Content Summary: While the CJP’s protest over education reforms and the NEET controversy enters its 24th day in Delhi, the Modi government is facing another challenge as thousands of farmers march to the capital against the proposed India-US trade deal.