June 26, 2026 |
Avatar
അമർനാഥ്‌
Share on

ഭൂമിയെന്ന ഗ്രഹം സന്ദര്‍ശിച്ച് മടങ്ങിയ, ജനനവും മരണവുമില്ലാത്ത ഭഗവാന്‍ : ഓഷോ രജനീഷ്

ഓഷോ രജനീഷ് വിട പറഞ്ഞിട്ട് ഇന്ന് 35 വര്‍ഷം

”ലോകത്തിലെ ഏറ്റവും വലിയ ഭയം മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ചാണ്. ആള്‍ക്കൂട്ടത്തെ ഭയപ്പെടാത്ത നിമിഷം മുതല്‍ നിങ്ങള്‍ ഒരു ആടല്ല, സിംഹമായി മാറുന്നു. നിങ്ങളുടെ ഹൃദയത്തില്‍ ഒരു വലിയ ഗര്‍ജ്ജനം ഉയരുന്നു, സ്വാതന്ത്ര്യത്തിന്റെ ഗര്‍ജ്ജനം.”

ഭഗവാന്‍ ഓഷോ രജനീഷ്.

അയാളുടെ വിചിത്രമായ പ്രപഞ്ച ആരാധനയ്ക്ക് ലോകം മുഴുവന്‍ സാക്ഷ്യംവഹിച്ചു. കാരണം, കുറെ റോള്‍സ് റോയ്സ് കാറുകള്‍, അമേരിക്കയിലെ അതിസമ്പന്നരുടെ വലയം, ശിഷ്യന്മാരായ ബോളിവുഡ് താരങ്ങളുടെ സാമീപ്യം, വജ്രങ്ങള്‍ പതിച്ച രോമക്കുപ്പായങ്ങള്‍, പുരാതന ചരിത്ര നായകന്‍ ചെങ്കിസ് ഖാന്‍ ഇഷ്ടപ്പെട്ടിരുന്ന ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്, ലക്ഷക്കണക്കിനനുയായികളെ ആകര്‍ഷിച്ച വാഗ്‌ധോരണി അതായിരുന്നു ഭഗവാന്‍. ഷോമാന്‍ഷിപ്പിനെ ഒരു പരമോന്നത കലാരൂപമാക്കി മാറ്റിയ ഓഷോ രജനീഷ്.

ഭഗവാൻ ഓഷോ രജനീഷ്

ചന്ദ്രമോഹന്‍ ജെയിന്‍ മുതല്‍ ഭഗവാന്‍ ഓഷോ വരെ തന്റെ സംഭവബഹുലമായ ജീവിതത്തില്‍ പൂനെയില്‍ നിന്ന് അമേരിക്കയിലെ ഒറിഗോണിലേക്കും തിരികെ കുളുവിലേക്കും, പൂനെയിലേക്കും അദ്ദേഹം ആഘോഷമായി ആത്മീയ യാത്രകള്‍ ചെയ്തു.

ആചാര്യന്‍ ഉല്‍ബോധിപ്പിച്ചത് ധ്യാനത്തിലൂടെയുള്ള മോക്ഷമായിരുന്നോ, അതോ ലൈംഗികതയിലൂടെയുള്ള നിര്‍വാണമായിരുന്നോ? അത് ആഹ്ലാദത്തിലൂടെയുള്ള സ്വാതന്ത്ര്യമായിരുന്നോ, അതോ ആഹ്ലാദിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നോ? അത് റോള്‍സ് റോയ്സിന്റെ സൗന്ദര്യമായിരുന്നോ, അതോ വാക്കുകളിലൂടെയുള്ള സത്യമായിരുന്നോ? ഇനിയും അത് ശരിയായി ആരും നിര്‍വചിച്ചിട്ടില്ല.

തന്റെ ജീവിതാവസാനം വരെ പൂര്‍ണ്ണമായും ഒരു സന്നാസി സമൂഹത്തെ
ആ ഇടയന്‍ നയിച്ചു. മാറിക്കൊണ്ടിരിക്കുന്ന അവതാരങ്ങളിലും വഴികളിലും, തന്റെ മാസ്മരിക കാന്തിക ശബ്ദം കൊണ്ട് ലോകം കീഴടക്കിയ ആത്മീയാചാര്യന്‍ ഭഗവാന്‍ ഓഷോ രജനീഷ് വിട പറഞ്ഞിട്ട് ഇന്ന് 35 വര്‍ഷം.

ഓറിഗണിൽ തൻ്റെ റോൾസ് റോയ്സിൽ ഭഗവാൻ

അംഗീകാരത്തിലൂടെയും തമസ്‌കരണത്തിലൂടെയും കടന്നുപോയ, ജീവിതവും മരണവും വിവാദമാക്കിയ ഭഗവാന്‍, തന്റെ ആത്മീയത ഒരു ബ്രാന്‍ഡാക്കി വിപണിയുടെ യുക്തിയുടെ ഉറച്ച അടിത്തറയില്‍ നിര്‍ത്തിയ പരിധിയില്ലാത്ത കഴിവിന്റെ ആചാര്യനായിരുന്നു. അംഗീകരിച്ചാലും ഇല്ലെങ്കിലും, അവഗണിക്കാനാവാത്ത അനിയന്ത്രിതമായ ആഗ്രഹത്തിന്റെ പുരോഹിതന്‍, മോക്ഷത്തിന്റെ സമൃദ്ധി നേടാനുള്ള ഒരു മാര്‍ഗം സൃഷ്ടിച്ച സമ്പന്നതയുടെ ലജ്ജയില്ലാത്ത വക്താവ്. ഇതൊക്കെ വിശേഷിപ്പിക്കാന്‍ ഒരു ആത്മീയ ഗുരുവേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളൂ. അമേരിക്കയിലെ ഓറിഗണിലെ രജനീഷ്പുരമെന്ന നഷ്ടപ്പെട്ട പറുദീസയിലെ മിശിഹ, ഭഗവാന്‍ ഓഷോ രജനീഷ്.

1990 ജനുവരി 19, മധ്യപ്രദേശിലെ കുച്ച്വാഡ എന്ന ചെറുപട്ടണത്തില്‍ നിന്ന് തുടങ്ങിയ പൂനെയിലെ ആഡംബര ആശ്രമത്തിലേക്കുള്ള ചന്ദ്രമോഹന്‍ ജെയിനിന്റെ നീണ്ട യാത്ര ഒടുവില്‍ അവസാനിച്ചു, മൂന്ന് പതിറ്റാണ്ടോളം ലോകമെമ്പാടുമുള്ള കാല്‍ലക്ഷത്തോളം വരുന്ന തന്റെ അനുയായികള്‍ക്ക് ആത്മീയ ആനന്ദത്തിന്റെ ആത്യന്തിക ദാതാവായിരുന്നു ഭഗവാന്‍ രജനീഷ്.

ഭഗവാൻ രജനീഷ് ശിഷ്യരെ ധ്യാന രീതികൾ പഠിപ്പിക്കുന്നു

ബാബു ജെയിന്‍ എന്ന തുണിക്കച്ചവടക്കാരന്റെ മക്കളില്‍ ഒരാളായി 1931 ഡിസംബറില്‍ ജനിച്ച മോഹന്‍ ചന്ദ്രമോഹന്‍ ജെയിന്‍ രജനീഷ് യൂണി വേഴ്സിറ്റി ലക്ചററായി. അനേകം പരിവര്‍ത്തനങ്ങളിലൂടെ ഭഗവാന്‍ രജനീഷായി. പിന്നെയും മാറ്റങ്ങളുണ്ടായി. ആധ്യാത്മിക ലൈംഗികത്വം– Spiritual Sexuality-എന്നൊരു വിചിത്രമായ ആശയം പ്രചരിപ്പിച്ച രജനീഷിന് ലക്ഷകണക്കിന് ആരാധകര്‍ ഉണ്ടായി. പക്ഷേ ഒടുവില്‍ ഓഷോ രജനീഷായി മരിച്ചു. ലയമല്ല, യോഗമല്ല, മോക്ഷമല്ല, സമാധിയല്ല, പരിനിര്‍വാണവും അല്ല. മരണകാരണം വെറും ‘കാര്‍ഡിയക് അറസ്റ്റ്’. ജീവിച്ചിരിക്കെ വിവാദപുരുഷനായി, മരണവും വിവാദമുണ്ടാക്കി.

‘മരിക്കുമ്പോള്‍ ശ്വാസം നിലയ്ക്കും. ഗാഢമായ ധ്യാനത്തിലും ശ്വാസം നിലയ്ക്കും. അതിനാല്‍ ഗാഢമായ ധ്യാനത്തിനും മരണത്തിനും പൊതുവായ ഒരു കാര്യമവിടെയുണ്ട്. രണ്ടിലും ശ്വാസം നിലയ്ക്കും. അതിനാല്‍ ഒരു മനുഷ്യന്‍ ധ്യാനമറിയുന്നുവെങ്കില്‍ അയാള്‍ മരണവുമെന്തെന്നറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ധ്യാനിയ്ക്കുന്നവന്‍ മരണഭയത്തില്‍ നിന്നും മുക്തനായിത്തീരുന്നത്. ശ്വാസം നിലയ്ക്കുന്നുവെങ്കിലും താനവിടെയുണ്ടെന്ന് അയാള്‍ക്കറിയാം.’
ഒട്ടേറെ പ്രഭാഷണങ്ങളില്‍ അസാമാന്യ കാന്തികശക്തിയുള്ള ആ സ്വരത്തില്‍ മുഴങ്ങിയ തന്റെ ഈ മഹദ് വചനങ്ങളിലൂടെ കടന്നുപോയ ഭഗവാന്‍ രജനീഷിന് പ്രായം അപ്പോള്‍ വെറും 58 വയസ് മാത്രമേയുണ്ടായിരുന്നുള്ളൂ.

ബാബു ലാല്‍ ജെയിനിന്റെ പതിനൊന്ന് മക്കളില്‍ മൂത്തവനായിരുന്നു രജനീഷ്. 1931 ഡിസംബര്‍ 11 ന് മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയിലെ കുച്ച്വാഡ എന്ന ചെറിയ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാല നാമം ചന്ദ്രമോഹന്‍ എന്നായിരുന്നു. കുടുംബം ജൈനമതക്കാരായിരുന്നു, അദ്ദേഹത്തിന്റെ മുഴുവന്‍ പേര് ചന്ദ് മോഹന്‍ ജെയിന്‍ എന്നാണ്. സ്വന്തം മാതാപിതാക്കളില്‍ നിന്ന് അകലെ, നാന, നാനി (അമ്മയുടെ മാതാപിതാക്കള്‍) എന്നിവരോടൊപ്പം താമസിച്ചാണ് അദ്ദേഹം ബാല്യകാലം ചെലവഴിച്ചത്. പഠിക്കാന്‍ മിടുക്കനായിരുന്നു, എപ്പോഴും കുസൃതിക്കാരനായിരുന്നു. സ്‌കൂളിലെ അവന്റെ പെരുമാറ്റത്തില്‍ മടുത്ത അധ്യാപകര്‍ അവനെ കുറിച്ച് നിരന്തരം ഹെഡ്മാസ്റ്ററോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവന്‍ വാദപ്രതിവാദക്കാരനും സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നവനുമായിരുന്നു. ആ ബാലന്‍ അഞ്ച് വയസില്‍ ഗ്രാമത്തിലെ എല്ലാവരും ആദരിക്കുന്ന ഒരു ജൈന സന്യാസിയെ ചില ചോദ്യങ്ങള്‍ ചോദിച്ച് വെള്ളം കുടിപ്പിച്ചു.

ലോകത്തിലെ ഏറ്റവും തപോനിഷ്ഠമായത് ജൈന മതമാണ്. ആ ജൈന സന്യാസിയോട് ഞാന്‍ ചില ലളിതമായ ചോദ്യങ്ങള്‍ ചോദിച്ചു. അതിന് അയാള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

ബോളിവുഡ് താരം വിനോദ് ഖന്ന രജനീഷിൻ്റെ ശിഷ്യനായി പൂനെ ആശ്രമത്തിൽ

എന്താണ് ഞാന്‍ ചോദിച്ചത്? വെറും ലളിതമായ ചോദ്യങ്ങള്‍, ”നിങ്ങള്‍ എന്തുകൊണ്ടാണ് വീണ്ടും ജനിക്കുവാന്‍ ഇഷ്ടപ്പെടാത്തത്?’ അത് ജൈന മതത്തില്‍ വളരെ ലളിതമായ ഒരു ചോദ്യമാണ്. കാരണം ജൈനമതം എന്നാല്‍ വീണ്ടും ജനിക്കാതിരിക്കുവാനുള്ള ഒരു ശ്രമമല്ലാതെ മറ്റൊന്നുമല്ല. പുനര്‍ജന്മത്തെ തടയുന്നതിനുള്ള സമ്പൂര്‍ണ്ണശാസ്ത്രമാണത്. അതിനാല്‍ ഞാന്‍ അയാളോട് ചോദിച്ചത് അടിസ്ഥാനപരമായ ചോദ്യമായിരുന്നു. ”നിങ്ങള്‍ വീണ്ടും ജനിക്കപ്പെടാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലേ?’

അദ്ദേഹം പറഞ്ഞു. ”ഇല്ല, ഒരിക്കലും ഇല്ല.”

അപ്പോള്‍ ഞാന്‍ ചോദിച്ചു, ”നിങ്ങള്‍ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത്? നിങ്ങള്‍ ഇപ്പോഴും ശ്വസിച്ചുകൊണ്ടിരിക്കുന്നത് എന്തിനുവേണ്ടിയാണ്? എന്തിന് ആഹാരം കഴിക്കുന്നു. ജലപാനം ചെയ്യുന്നു? കേവലം അപ്രത്യക്ഷമാവുക, ആത്മഹത്യചെയ്യുക. ലളിതമായ ഒരു കാര്യത്തിനുവേണ്ടി ഇത്രയധികം ഒച്ചപ്പാടുണ്ടാക്കുന്നത് എന്തിന്?”

ആ മനുഷ്യന്‍ പറഞ്ഞു: ”ആത്മഹത്യ ഒരു പാപമാണ്. എനിക്ക് ആത്മഹത്യ ചെയ്യാന്‍ കഴിയില്ല. എന്നാല്‍ എനിക്ക് ഒരിക്കലും പുനര്‍ജനിക്കാതിരിക്കണം. പതുക്കെ പതുക്കെ എനിക്കുള്ളതെല്ലാം പരിത്യജിച്ചുകൊണ്ട് ഞാന്‍ ആ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു.”

ഞാന്‍ പറഞ്ഞു. ”നിങ്ങള്‍ക്കുള്ള എന്തെങ്കിലും എന്നെ കാണിച്ച് തരിക. കാരണം ഞാന്‍ കാണുന്നിടത്തോളം, നിങ്ങള്‍ നഗ്‌നനാണ്. നിങ്ങള്‍ക്കു യാതൊന്നും തന്നെ സ്വന്തമായില്ല. നിങ്ങള്‍ക്ക് എന്ത് സ്വത്താണുള്ളത്?”

അദ്ദേഹം ധ്യാനത്തില്‍ എന്ന പോലെ കണ്ണുകള്‍ അടച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ”നാനാ, നന്നായിരിക്കുന്നു! അങ്ങ് കുപിതനാണ്, തിളച്ചുമറിയുകയാണ്, അങ്ങയുടെ ഉള്ളില്‍ തീയാണ്. എന്നിട്ടും അങ്ങ് ധ്യാനിച്ചുകൊണ്ടിരിക്കുന്നതുപോലെ കണ്ണുകള്‍ അടച്ചിരിക്കുന്നു. അങ്ങയുടെ ഗുരു കുപിതനാണ്. കാരണം എന്റെ ചോദ്യങ്ങള്‍ അങ്ങയെ നീരസപ്പെടുത്തുന്നു. അങ്ങയുടെ ഗുരുവിന് മറുപടി പറയാന്‍ കഴിയാത്തതിനാലാണ് അങ്ങ് കുപിതനായിരിക്കുന്നത്. എന്നാല്‍ ഞാന്‍ പറയുന്നു, ഇവിടെ നിന്ന് മതപ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യന്‍ വെറുമൊരു മന്ദബുദ്ധി ആണ്.”
അന്ന് എനിക്ക് നാലോ അഞ്ചോ വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. അന്നു മുതല്‍ എന്റെ ഭാഷ അത്തരത്തിലുള്ളതായി. ”ഒരു മൂഢന്‍ എവിടെയായിരുന്നാലും അയാള്‍ ആരായിരുന്നാലും പെട്ടെന്നു തന്നെ ഞാന്‍ അത് തിരിച്ചറിയും. ഒരാള്‍ക്കുംതന്നെ എന്റെ എക്സ്-റേ മിഴികളില്‍നിന്നും രക്ഷപ്പെടാനാവില്ല.” രജനീഷ് തന്റെ ആത്മകഥയില്‍ എഴുതി.

1953-ല്‍ ജബല്‍പൂരിലെ ഡി.എന്‍. ജെയിന്‍ കോളേജില്‍ നിന്ന് രജനീഷ് തത്ത്വശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ബിരുദം നേടി, എല്ലാ മതങ്ങളെയും കുറിച്ചുള്ള വിപുലമായ വായനയും ധ്യാനത്തില്‍ ചെലവഴിച്ച മണിക്കൂറുകളും അദ്ദേഹം മിസ്റ്റിക് അനുഭവത്തിന്റെ പരമമായ ഔന്നത്യം നേടിയെന്ന് സ്വയം ബോധ്യപ്പെടുത്തി; അദ്ദേഹം ജ്ഞാനോദയം നേടി. അപ്പോള്‍ ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം.

രജനീഷ് ടൈംസ് മാസിക, രജനീഷ് ടൈംസ് പത്രം

1958-ല്‍ ജബല്‍പൂര്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്ര പ്രൊഫസറായി നിയമിതനായി. അദേഹം തികച്ചും വ്യത്യസ്തനായ അദ്ധ്യാപകനായിരുന്നു. എല്ലാവരേയും പോലെ ജോലിയില്‍ ഉയര്‍ന്ന സ്ഥാനത്തിന് വേണ്ടി ശ്രമിക്കുകയോ, അതിന്റെ ഗുണഫലങ്ങളുടെ പിന്നാലെ പോകുകയോ ചെയ്തില്ല. തന്റെ ശമ്പളം പോലും രജനീഷ് നേരിട്ടല്ല വാങ്ങിയത്. ഒരു വിദ്യാര്‍ത്ഥിക്ക് അതിനുള്ള അധികാരപത്രം എഴുതി കൊടുത്തു. അയാളോട് പറഞ്ഞു ‘മാസത്തിലെ ആദ്യ ദിവസം എത്തുമ്പോള്‍ നീ പോയി എന്റെ ശമ്പളം വാങ്ങുക. നിനക്ക് അതിന്റെ ഭാഗം ആവശ്യമുണ്ടെങ്കില്‍ എടുക്കുകയും ചെയ്യാം’

”എന്റെ ക്ലാസുകള്‍ ഡിബേറ്റിങ് ക്ലബ്ബുകളായിത്തീര്‍ന്നു. എല്ലാവര്‍ക്കും സംശയിക്കാനും വാദപ്രതിവാദം നടത്തുവാനും അനുവാദമുണ്ടായിരുന്നു. ചിലപ്പോള്‍ ചിലര്‍ക്ക് വേവലാതിയുണ്ടായിരുന്നു. ഈ കോഴ്‌സ് എന്തായിത്തീരുമെന്ന്. കാരണം ഓരോ പോയിന്റിലും അത്രയും വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഞാന്‍ പറഞ്ഞു, ”വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ധിഷണയുടെ മൂര്‍ച്ചയൊന്ന് കൂട്ടുകയേ വേണ്ടൂ. കോഴ്സ് ഒരു ചെറിയ കാര്യം മാത്രമാണ് അതിനുവേണ്ടി നിങ്ങള്‍ ഒരു ദിവസം വായിച്ചാല്‍ മതി. നിങ്ങള്‍ക്ക് മൂര്‍ച്ചയുള്ള ഒരു മനസ്സുണ്ടെങ്കില്‍, അതിനുവേണ്ടി വായിക്കാതെ നിങ്ങള്‍ക്കതിന് ഉത്തരം എഴുതുവാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ക്കൊരു മൂര്‍ച്ചയുള്ള മനസ്സില്ലെങ്കില്‍ നിങ്ങള്‍ക്കു പുസ്തകം തന്നെ വച്ചെഴുതാന്‍ തന്നാലും ആ ഉത്തരം എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.”

രജനീഷിന്റെ കോളേജ് അദ്ധ്യാപനം ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ വാചാലതയും വിഷയത്തിനെ സമീപിച്ച രീതിയും എപ്പോഴും ആളൊഴിഞ്ഞ തത്വശാസ്ത്ര ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് തിങ്ങി നിറഞ്ഞു.

ഒരു ദിവസം രജനീഷ് ഒരു ലുങ്കി ധരിച്ച് ക്ലാസ്സില്‍ വന്നു. ആ യൂണിവേഴ്‌സിറ്റി സ്തംഭിച്ചു പോയി. കോട്ട് സൂട്ട് ധരിച്ച് വിരസമായി ക്ലാസ്സെടുക്കുന്ന അവിടുത്തെ എല്ലാ അധ്യാപകരും കോറിഡോറില്‍ ഇറങ്ങി വന്ന് ഈ കാഴ്ച കണ്ട് അന്തം വിട്ടു. അദ്ദേഹം എല്ലാവരെയും കൈ ഉയര്‍ത്തി അഭിവാദനം ചെയ്തു. വൈസ് ചാന്‍സലര്‍ പുറത്ത് വന്നു ഈ കാഴ്ച കണ്ടു. പിന്നീട് ഓഫീസില്‍ രജനീഷിനെ വിളിച്ച് വരുത്തി വൈസ് ചാന്‍സലര്‍ കാര്യം തിരക്കി.

ഭഗവാൻ രജനീഷും മുൻ പേഴ്സണൽ സെക്രട്ടറിയായ മാ ആനന്ദ് ഷീലയും

ഞാന്‍ പറഞ്ഞു. ‘നിങ്ങള്‍ കയറിവരുമ്പോള്‍ പോലും ആരും ക്ലാസുകളില്‍ നിന്ന് പുറത്ത് ഇറങ്ങുന്നില്ല. എന്നാല്‍ ഒരു പാവം ലുങ്കി-നാട്ടിലെ ഏറ്റവും ദരിദ്രരാണ് അത് ഉപയോഗിക്കുന്നത്. അത് എല്ലാവരെയും പുറത്തിറക്കിയിരിക്കുന്നു. ഞാന്‍ എല്ലാ ദിവസവും ഈ ലുങ്കി ഉടുത്തുകൊണ്ടാണ് വരാന്‍ പോകുന്നത്.’ പിന്നീട് അദ്ദേഹം നീളന്‍ കുപ്പായവും ലുങ്കിയും ധരിച്ച് വരാന്‍ തുടങ്ങി.

അദ്ധ്യാപകനായി വന്ന ആദ്യ ദിവസം തന്നെ രജനീഷ് ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ ആണും പെണ്ണും ഒരുമിച്ച് ഇടകലര്‍ന്ന് ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഒരദ്ധ്യാപകനും ഇത് അവരോട് ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ല അതിനാല്‍ അവര്‍ മടിച്ചു. ഇടകലര്‍ന്നിരിക്കുക ഇല്ലെങ്കില്‍ ഞാന്‍ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും, ഇവിടെ നടക്കുന്നത് തീര്‍ത്തും അസ്വാഭാവികവും മനഃശാസ്ത്ര വിരുദ്ധവുമാണെന്ന് ഞാന്‍ അംഗീകരിക്കും. നിങ്ങള്‍ അവിടെ തണുത്തുറഞ്ഞ് കൂനിക്കൂടി ഇരിക്കുന്നത് എനിക്കിഷ്ടമല്ല, എന്റെ ക്ലാസില്‍ ഇത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല, ഒന്നിച്ചാകുന്നതില്‍ ആഹ്ലാദം കൊള്ളുക” അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

വൈസ് ചാന്‍സലറുടെ ഓഫീസിലേക്ക് വീണ്ടും പരാതികള്‍ പ്രവഹിച്ചു. മറ്റ് അദ്ധ്യാപകരുടെ ക്ലാസ്സുകളില്‍ പഠിക്കാന്‍ കുട്ടികള്‍ വരുന്നില്ല എല്ലാവര്‍ക്കും രജനീഷിന്റെ ക്ലാസ്സ് മതി. വൈസ്-ചാന്‍സലര്‍ അവരോടു പറഞ്ഞു, ”ആ മനുഷ്യനെക്കുറിച്ച് പരാതിയും കൊണ്ട് ഇങ്ങോട്ട് വരരുത്. ആളുകള്‍ നിങ്ങളുടെ ക്ലാസില്‍ വരുന്നില്ലെങ്കില്‍ അത് നിങ്ങളുടെ പ്രശ്നമാണ് അവര്‍ക്ക് അയാള്‍ മതി എന്ന് അവര്‍ തീരുമാനിച്ചാല്‍ എന്തുചെയ്യാന്‍ കഴിയും, അവരൊന്നും തത്ത്വശാസ്ത്ര വിദ്യാര്‍ത്ഥികളല്ല, എന്നാല്‍ അവര്‍ക്ക് നിങ്ങളുടെ ഹിസ്റ്ററിയും എക്കണോമിക്‌സും, പൊളിറ്റിക്‌സും ഒന്നും ആവശ്യമില്ല. എനിക്ക് എന്തുചെയ്യാന്‍ കഴിയും. അയാളാണെങ്കില്‍ എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്, എന്നാല്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും അത്രയധികം പരാതി വന്നതിനാല്‍ ഒരു ദിവസം വൈസ് ചാന്‍സലര്‍ രജനീഷിന്റെ ക്ലാസ്സിലേക്ക് കയറി വന്നു.
”അദ്ദേഹത്തിന് വിശ്വസിക്കാനായില്ല, ഫിലോസഫിയില്‍ വളരെക്കുറച്ച് വിദ്യാര്‍ത്ഥികളേ ഉണ്ടാകാറുള്ളൂ, എന്നാല്‍ ആ ക്ലാസ് തിങ്ങിനിറഞ്ഞിരുന്നു. അദ്ദേഹത്തിന് അകത്തേക്ക് വരാന്‍ പോലും ഇടം ഉണ്ടായില്ല. അദ്ദേഹം കതകിനടുത്ത് വിദ്യാര്‍ത്ഥികളുടെ പിന്നിലായി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു, ”വൈസ്-ചാന്‍സലറെ അകത്തേക്ക് വരാന്‍ അനുവദിക്കുക, ഇവിടെ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും അദ്ദേഹവും ആസ്വദിക്കട്ടെ.”

‘എന്റെ വിദ്യാര്‍ത്ഥികള്‍ തീര്‍ച്ചയായും എന്നെ സ്‌നേഹിച്ചു, കാരണം മറ്റാരും അവര്‍ക്ക് അത്രയധികം സ്വാതന്ത്ര്യം നല്‍കിയിരുന്നില്ല. മറ്റാരും അവരെ അത്രമാത്രം ആദരിച്ചിരുന്നില്ല, മറ്റാരും അവരെ അത്രയധികം സ്‌നേഹിച്ചിരുന്നില്ല, അവരുടെ ധിഷണയ്ക്കു മൂര്‍ച്ച കൂട്ടുവാന്‍ മറ്റാരും അവരെ സഹായിച്ചിരുന്നില്ല’. രജനീഷ് തന്റെ അദ്ധ്യാപക ജീവിതം ഓര്‍മ്മിച്ചു.

ഇന്ത്യയിലെ വിവിധ പട്ടണങ്ങളില്‍ അദ്ദേഹം പ്രഭാഷണങ്ങള്‍ ആരംഭിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മുമ്പ് ആളുകള്‍ കേട്ടിട്ടില്ലാത്തതിനാല്‍ രജനീഷ് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് ഒരു കാന്തിക ശബ്ദമുണ്ടായിരുന്നു. നൂറ്റാണ്ടുകളായി പവിത്രമായി കരുതിയിരുന്ന നിഷേധിക്കാനാവാത്ത യുക്തി വിശ്വാസങ്ങളെ അദ്ദേഹം തന്റെ വാദങ്ങളും കഥകളും ധാരാളം ഫലിതവും ഉപയോഗിച്ച് ചിത്രീകരിച്ചു. ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും, പ്രത്യേകിച്ച് വിദ്യാസമ്പന്നര്‍, അദ്ദേഹത്തിന്റെ ചിന്താരീതിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

1974-ല്‍, അദ്ദേഹം പൂനെയില്‍ തന്റെ ആദ്യത്തെ ആശ്രമം (കമ്യൂണ്‍) സ്ഥാപിച്ചു, അപ്പോഴേക്കും ഒരു അധ്യാപകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി എല്ലായിടത്തും വ്യാപിച്ചു. വിദേശികള്‍ അദ്ദേഹത്തെ കേള്‍ക്കാനും, അദ്ദേഹം വികസിപ്പിച്ചെടുത്ത ധ്യാന സമ്പ്രദായങ്ങള്‍ പരീക്ഷിക്കാനും, അദ്ദേഹത്തിന്റെ ശിഷ്യന്മാരാകാനും പൂനെയിലേക്ക് ഒഴുകിയെത്തി. അവര്‍ക്ക് പുതിയ പേരുകള്‍ നല്‍കി, കാവി വസ്ത്രങ്ങള്‍ ധരിച്ചു. കാവി വസ്ത്രങ്ങളും കഴുത്തില്‍ അദ്ദേഹത്തിന്റെ ചിത്രം പതിച്ച ഒരു പതക്കവും ധരിച്ചു.

ഓറിഗണിലെ രജീഷ് പുരത്ത് ഭഗവാൻ രജനീഷ് പ്രഭാഷണത്തിൽ

ചന്ദ്രമോഹന്‍ ജെയിനില്‍ നിന്ന് ഭഗവാന്‍ രജനീഷിലേക്കുള്ള പരിവര്‍ത്തനം വളരെ വേഗത്തിലായിരുന്നു. (ഓഷോ എന്നാല്‍ ‘അനുഗ്രഹീതന്‍’) പിന്നീട് ”എന്തുകൊണ്ടാണ് എന്റെ ആളുകള്‍ എന്നെ ഭഗവാന്‍ എന്നു വിളിച്ചത്?”

ഈ ചോദ്യം അല്പം സങ്കീര്‍ണ്ണമാണ്. ഹിന്ദുമതഗ്രന്ഥങ്ങളില്‍, ഭഗവാന്‍ എന്നത് ഏതാണ്ട് ദൈവത്തിന്റെ പര്യായപദമാണ്. ഞാന്‍ പറയുന്നത് ഏതാണ്ട് എന്നാണ്. കാരണം ഇംഗ്ലീഷില്‍, ദൈവം എന്ന ഒറ്റപദമേയുള്ളൂ. എന്നാല്‍ സംസ്‌കൃതത്തില്‍, ഹിന്ദുമതത്തില്‍ മൂന്നു പദങ്ങളുണ്ട്: ഭഗവാന്‍, ഈശ്വര്‍, പരമാത്മാ. ഹിന്ദുക്കള്‍ ഈ മൂന്നു പദങ്ങളും ഉപയോഗിക്കുന്നു.

ഹിമാലയത്തിന്റെ ഉള്‍പ്രദേശത്ത്, കുളു മണാലിയില്‍ ഞാനൊരു ധ്യാനക്യാമ്പ് നടത്തുകയായിരുന്നു. അത് ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ്. ദേവന്മാരുടെ താഴ്വര എന്നാണതിനെ വിളിക്കുന്നത്. അത്രയും മനോഹരമാണത്. ക്യാമ്പിന്റെ അവസാന ദിവസം ഞാന്‍ പ്രഖ്യാപിച്ചു. ”സന്ന്യാസദീക്ഷ സ്വീകരിക്കണമെന്ന് തോന്നുന്നവര്‍ക്ക് വരാം. അത് നല്‍കാന്‍ ഞാന്‍ തയ്യാറാണ്.” ഉടനെ ഇരുപത്തിയൊന്നുപേര്‍ എഴുന്നേറ്റു നിന്നു, അവര്‍ സന്ന്യാസത്തിലേക്ക് പ്രവേശിച്ചു. അപ്പോള്‍ അവരെ സംബന്ധിച്ചിടത്തോളം എന്നെ എന്തു വിളിക്കണമെന്നത് ഒരു പ്രശ്നമായിത്തീര്‍ന്നു. മറ്റുള്ളവരെല്ലാം എന്നെ വിളിച്ചുകൊണ്ടിരുന്നത് ആചാര്യ എന്നായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് അത് മതിയായില്ല. അവര്‍ എന്റെ സത്തയോട് വളരെ അടുത്തു വന്നിരിക്കുന്നു. അതിനാല്‍ അവര്‍ എന്നെ ‘ഭഗവാന്‍’ എന്നു വിളിക്കാന്‍ തീരുമാനിച്ചു. അവര്‍ എന്നോടു ചോദിച്ചു, ഞാന്‍ പറഞ്ഞു, ”വളരെ നല്ലത്, എന്തെന്നാല്‍ എന്നെ സംബന്ധിച്ച് ഏറെ അര്‍ത്ഥവത്തായ ഒരു പദമാണത്: അനുഗൃഹീതനായവന്‍.” രജനീഷ് ഭഗവാനെ ഇങ്ങനെ നിര്‍വ്വചിച്ചു.

ഭഗവാന്റെ അഭിനവ സന്ന്യാസി സങ്കല്‍പ്പത്തില്‍ ശിഷ്യന്മാര്‍ പരമ്പരാഗതമായി തപസ്വികള്‍ ധരിച്ചിരുന്ന കാവി വസ്ത്രമാണ് ധരിക്കേണ്ടിയിരുന്നത്. പക്ഷേ പരമ്പരാഗത സന്ന്യാസികളുടെ ബ്രഹ്‌മചര്യം അനുഷ്ഠിച്ചുള്ള ജീവിതചര്യ പിന്തുടരണമെന്ന് യാതൊരു നിര്‍ബന്ധവും ഉണ്ടായിരുന്നില്ല

1974 ല്‍ പൂനെയില്‍ കൊറേഗാവ് പാര്‍ക്കിനടുത്ത് നാലേക്കര്‍ സ്ഥലത്ത് രജനീഷ് ആശ്രമം സ്ഥാപിച്ച് അവിടേക്ക് താമസം മാറി. അതേ സമയത്ത് യഥാസ്ഥികരായ ഹിന്ദുക്കള്‍ അദ്ദേഹത്തിന്റെ ലവഗതയേറിയ വിജയത്തിലും സമൂഹത്തിലെ സ്വാധീനത്തിലും പരിഭ്രാന്തരായി. നഗ്‌നരായി നൃത്തം ചെയ്യുന്നതും ആനന്ദഭരിതരായിരിക്കുന്നതുമായ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ ചിത്രങ്ങള്‍ ഇന്ത്യന്‍, വിദേശ ജേണലുകളില്‍ പ്രസിദ്ധീകരിച്ചതോടെ പൂനെ സെന്ററിലെ ലൈംഗിക രതിമൂര്‍ച്ഛയെക്കുറിച്ചുള്ള വിചിത്രമായ കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി. പാശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തെ ‘ലൈംഗിക ഗുരു എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി.

ഓഷോവിൻ്റെ പുസ്തകം ഖുഷന്ത് സിംഗിൻ്റെ അവതാരികയോടെ

”എന്റെ അഭിപ്രായത്തില്‍ സെക്‌സ് ഒരു സ്വാഭാവിക പ്രതിഭാസമാണ്. രണ്ടു വ്യക്തികള്‍ അന്യോന്യം ഊര്‍ജ്ജം പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ ആര്‍ക്കും ഇടപെടേണ്ട കാര്യമില്ല. മാത്രമല്ല ‘ഫ്രീ സെക്സ്’ എന്ന പദം വിരല്‍ചൂണ്ടുന്നത് നിങ്ങള്‍ക്ക് ലൈംഗികതയും ഒരു വില്പനച്ചരക്ക് ആണ് എന്നതിലേക്കാണ്. അതായത് അത് വിലകൊടുത്ത് വാങ്ങേണ്ടിയിരിക്കുന്നു- ഒന്നുകില്‍ ഒരു ദിവസത്തേക്ക് ഒരു അഭിസാരികയില്‍ നിന്നോ അല്ലെങ്കില്‍ ഒരു ജീവിതകാലത്തേക്ക് ഭാര്യയില്‍ നിന്നോ. രണ്ടായാലും അത് വിലകൊടുത്ത് വാങ്ങേണ്ടതാണ്, പണം നല്‍കപ്പെടേണ്ടതാണ് എന്ന്.

അതേ ഞാന്‍ ഫ്രീ സെക്സില്‍ വിശ്വസിക്കുന്നു. സെക്‌സ് എന്നത് പങ്കുവയ്ക്കുവാനുള്ള, ആഹ്ലാദിക്കുവാനുള്ള ഏതൊരാളുടെയും ജന്മാവകാശമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. അതില്‍ ഗുരുതരമായി ഒന്നുമില്ല. ഞാന്‍ ‘ഫ്രീ സെക്സ്’ പഠിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ആളുകള്‍ യഥാര്‍ത്ഥത്തില്‍ രോഗാതുരരാണ്. അവര്‍ ലൈംഗികമായ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്നവരാണ്.” തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് രജനീഷ് മറുപടി നല്‍കി.

1981 ആയപ്പോഴേക്കും രജനീഷിന്റെ ആശ്രമം പ്രതിവര്‍ഷം 30,000 സന്ദര്‍ശകരെ ആതിഥേയത്വം വഹിച്ചതായി കണക്കാക്കി. ‘അപ്പോഴേക്കും പ്രതിദിന പ്രഭാഷണത്തിന് വന്നവര്‍ പ്രധാനമായും യൂറോപ്യന്‍, അമേരിക്കക്കാരായിരുന്നു. 70-കളുടെ അവസാനത്തില്‍ രജനീഷിന്റെ പ്രഭാഷണശൈലി മാറി, ബൗദ്ധികമായി ശ്രദ്ധ കേന്ദ്രീകരിക്കാത്തതും, അദ്ദേഹത്തിന്റെ കേള്‍വിക്കാരെ ഞെട്ടിക്കാനോ രസിപ്പിക്കാനോ ഉദ്ദേശിച്ചുള്ള വംശീയമോ, വൃത്തികെട്ടതോ ആയ തമാശകള്‍ വര്‍ദ്ധിച്ചുവരുന്നതായും പലരും അഭിപ്രായപ്പെട്ടു. ഏകദേശം 15 വര്‍ഷത്തോളം ദിവസവും തുടര്‍ച്ചയായി പ്രഭാഷണം നടത്തിയ രജനീഷ് മൂന്നര വര്‍ഷത്തെ സ്വയം അടിച്ചേല്‍പ്പിച്ച ഒരു ദീര്‍ഘമൗനത്തിലേക്ക് പ്രവേശിച്ചു.

പൂനെയിലെ അന്തരീക്ഷം ശത്രുതാപരമായിരുന്നു. വലിയ പഠനമോ കാഴ്ചപ്പാടോ ഇല്ലാത്ത വളരെ കര്‍ശനക്കാരനായിരുന്ന, യാഥാസ്ഥികനായ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് രജനീഷിനെക്കുറിച്ച് തീരെ മതിപ്പില്ലായിരുന്നു. മാത്രമല്ല ദേശായിക്ക് അമര്‍ഷം തോന്നാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ രജനീഷ് അതിനെ അര്‍ഹിക്കുന്ന അവഹേളനത്തോടെയാണ് കണ്ടത്. രാജ്യമെമ്പാടും ധാരാളം അനുയായികളുള്ള അദ്ദേഹത്തിന് രാഷ്ട്രീയക്കാരെക്കുറിച്ച് നിലവാരമില്ലാത്ത, മോശം അഭിപ്രായമായിരുന്നു.

ആശ്രമത്തിനും മൊറാര്‍ജി ദേശായിയുടെ ജനത സര്‍ക്കാരിനും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ഒരു സ്തംഭനാവസ്ഥയിലേക്ക് നയിച്ചതിനാല്‍ ആശ്രമത്തിന്റെ ഭാവി പദ്ധതികള്‍ ഒരിക്കലും നടപ്പിലായില്ല. ഭൂവിനിയോഗ അനുമതി നിഷേധിക്കപ്പെട്ടു. അതിലും പ്രധാനമായി, ആശ്രമത്തിലേക്കുള്ള വിദേശ സന്ദര്‍ശകര്‍ക്ക് വിസ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. കൂടാതെ, ദേശായിയുടെ സര്‍ക്കാര്‍ ആശ്രമത്തിന്റെ നികുതി-ഇളവ് പദവി മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കി, ഭഗവാന്റെ ചില വചനങ്ങള്‍ കുറിക്ക് കൊണ്ടതോടെ വിവിധ ഇന്ത്യന്‍ മതനേതാക്കളുമായുള്ള സംഘര്‍ഷങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കി – 1980 ആയപ്പോഴേക്കും ആശ്രമം വളരെ വിവാദ കേന്ദ്രമായി. അപ്പോള്‍ അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇതില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറായില്ല.

1980 മെയ് മാസത്തില്‍, രജനീഷിന്റെ ഒരു പ്രഭാഷണത്തിനിടെ, ഒരു യുവ ഹിന്ദു മതമൗലികവാദി അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു. ആചാര്യനില്‍ നിന്ന് (അദ്ധ്യാപകന്‍) അദ്ദേഹം തന്റെ അനുയായികളുടെ ഭഗവാന്‍ (ദൈവം) ആയി മാറി. ഒടുവില്‍, ഈ പ്രതികൂല സാഹചര്യങ്ങളില്‍ ഇന്ത്യ വിട്ട് കൂടുതല്‍ ആതിഥ്യമരുളുന്ന വിദേശത്ത് തന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു.

1981-ല്‍, ആശ്രമത്തെ ചുറ്റിപ്പറ്റിയുള്ള വിവാദവും പിരിമുറുക്കങ്ങളും വര്‍ദ്ധിച്ചതോടെ അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഇന്ത്യന്‍ അധികാരികളുടെ ശിക്ഷാ നടപടികളുടെ ഭീഷണിയും, അമേരിക്കയില്‍ ഒരു പുതിയ ആശ്രമം (കമ്മ്യൂണ്‍) സ്ഥാപിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാന്‍ ഭഗവാന് പ്രേരണ നല്‍കി.

ഭഗവാൻ രജനീഷ് ജെ.കൃഷ്ണമൂർത്തിയോടൊപ്പം

1981-ല്‍, രജനീഷിന്റെ അമേരിക്കന്‍ ശിഷ്യന്മാര്‍ ഒറിഗോണില്‍ 64,000 ഏക്കര്‍ വിസ്തൃതിയുള്ള ഭൂപ്രദേശം വിലയ്ക്ക് വാങ്ങി സ്വന്തമാക്കി, രജനീഷ് പുരം എന്ന് പേരിട്ട ഒരു ആശ്രമം അതിനകത്ത് സ്ഥാപിച്ചു. ഭഗവാന്‍ രജനീഷ് അവിടെ വാഴ്ചയാരംഭിച്ചു. വാര്‍ഷിക ഉത്സവത്തിനായി ആയിരക്കണക്കിന് ആരാധകര്‍ ലോകത്തിന്റെ വിദൂര ഭാഗങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന് ഒറിഗോണിലേക്ക് പ്രവഹിച്ചപ്പോള്‍, അമേരിക്കന്‍ സമൂഹം വിരണ്ടുപോയി. കിഴക്കു നിന്നുള്ള ഈ പുതിയ മിശിഹായില്‍ നിന്നുള്ള വെല്ലുവിളി നേരിടാന്‍ അമേരിക്കന്‍ പള്ളിക്കാര്‍ ഭഗവാനെതിരെ യാഥാസ്ഥിതികരെ അണിനിരത്തി. മയക്കുമരുന്ന് ദുരുപയോഗം, ലൈംഗിക അതിക്രമം, കമ്മ്യൂണില്‍ നടന്ന കുറ്റകൃത്യം എന്നിവയെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ച് തുടരെ തുടരെ പ്രചരിച്ചു. പക്ഷേ, കോടതിയില്‍ എത്തിയപ്പോള്‍ ഇതൊന്നും ആധികാരികമായില്ല, എന്നാല്‍ എഴുത്തുകാര്‍ക്ക് വിലപ്പെട്ട വിഷയമായി മാറി. ജോണ്‍ അപ്‌ഡൈക്ക് തന്റെ ‘എസ്’ നോവല്‍ എഴുതിയത് ഈ സന്യാസി സമൂഹത്തെ പ്രമേയമാക്കിയാണ്.

യു.എസ്. ഫെഡറല്‍ ഗവണ്‍മെന്റ് എല്ലായ്‌പ്പോഴും മതപരമായ കമ്മ്യൂണുകളെ സംശയത്തോടെയാണ് കണ്ടിരുന്നത്. രജനീഷ്പുരം അവയില്‍ ഏറ്റവും വലുതും അഭിവൃദ്ധി പ്രാപിച്ചതുമായി മാറി. സമ്പന്നരില്‍ നിന്നും പ്രശസ്തരില്‍ നിന്നും അനുയായികളെ ഭഗവാന്‍ ആകര്‍ഷിച്ചു. അവര്‍ തങ്ങളുടെ വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കി. ഇഷ്ടാനുസൃതമായി നിര്‍മ്മിച്ച നിരവധി മെഴ്സിഡസ് ബെന്‍സുകള്‍ക്ക് പുറമേ, രജനീഷിന് 90 റോള്‍സ് റോയ്സ് കാറുകളുടെ ഒരു വാഹനവ്യൂഹം തന്നെ ഉണ്ടായിരുന്നു. പാശ്ചാത്യ, ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭഗവാനെ അത്ഭുതത്തോടെ വാഴ്ത്തി വിളിച്ചു ‘റോള്‍സ് റോയ്‌സ് ഗുരു’.

രജനീഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”ലോകം മുഴുവനും അതീവ ആര്‍ഭാടകരമായിരിക്കുന്നതാണ് എനിക്കിഷ്ടം. അങ്ങനെ ആളുകള്‍ക്ക് ആര്‍ഭാടത്തോട് വിരസത ഉണ്ടാകാന്‍ തുടങ്ങും. എനിക്കെങ്ങനെയാണ് റോള്‍സ് റോയ്സുകളോട് മടുപ്പുണ്ടായതെന്ന് നിങ്ങള്‍ ചോദിക്കണം.”

ചോദ്യം: താങ്കള്‍ക്ക് എങ്ങനെയാണ് റോള്‍സ് റോയ്സുകളോട് മടുപ്പുണ്ടായത് ?

ഭഗവാന്‍ : തൊണ്ണൂറ് റോള്‍സ് റോയ്സുകള്‍ ആര്‍ക്കും മടുത്തുപോകും, എന്റെ ശിഷ്യന്മാര്‍ അത് മുന്നൂറ്ററുപത്തഞ്ചെണ്ണമാക്കാനുള്ള ശ്രമത്തിലാണ്. അവര്‍ എന്നെ മടുപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. എന്തുചെയ്യും? വര്‍ഷത്തിലെ എല്ലാ ദിവസവും ഒന്ന് എന്ന കണക്കില്‍’ ! തന്റെ ജീവിതശൈലിയെ വിമര്‍ശിച്ചവരെ രജനീഷ് ഇങ്ങനെ പരിഹസിച്ചു.

ഭഗവാന്റെ അനുയായികള്‍ അവരുടെ കാറുകളില്‍ ‘Jesus saves, Moses invests,Bhagwan Spends’ എന്ന് എഴുതിയ സ്റ്റിക്കറുകള്‍ ആവേശത്തോടെ ഒട്ടിച്ചിരുന്നു. രജനീഷ്പുരത്തില്‍ തിയേറ്ററുകള്‍, റെസ്റ്റോറന്റുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സ്‌കൂളുകള്‍, കുളിമുറികള്‍ എന്നിവ ഉണ്ടായിരുന്നു: അത് ഒരു മാതൃകാ ടൗണ്‍ഷിപ്പായിരുന്നു, എങ്കിലും അമേരിക്കന്‍ സര്‍ക്കാരും ‘സഭയും ഇവരെ സംശയത്തോടെ തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചു.

ദിവസവും വൈകുന്നേരം ദര്‍ശനത്തിനുള്ള സമയത്ത് 7.17 ന്, ഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു. കൈപ്പത്തികള്‍ ഒരുമിച്ച് ചേര്‍ത്ത് തലയ്ക്ക് മുകളില്‍ ഉയര്‍ത്തി ഒരു നമസ്‌തേ പറയും, ചുണ്ടുകളില്‍ ഒരു മനോഹരമായ പുഞ്ചിരി കളിയാടും. തറയോളം നീളമുള്ള വെളുത്ത വസ്ത്രം ധരിച്ച് അദ്ദേഹം തന്റെ ബംഗ്ലാവിന്റെ വാതില്‍ക്കല്‍ നിന്ന് പുറത്തുവന്ന് മന്ദിരത്തിന് മുന്നില്‍ അല്പം ഉയര്‍ത്തിയ ഒരു കസേരയില്‍ ഇരിക്കുന്നു. കാവിവസ്ത്രം ധരിച്ച ഭക്തര്‍ ആദരവോടെ ആ മാസ്മരിക സ്വരത്തിലുള്ള വചനങ്ങള്‍ക്ക് കാതോര്‍ക്കുന്നു. ശ്രദ്ധേയമായ ഒരു മുഖം, കറുപ്പും വെളുപ്പും കലര്‍ന്ന താടി, നീണ്ട മുടി എന്നിവ അദ്ദേഹത്തിനുണ്ട്. കൂടാതെ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ ഹിപ്‌നോട്ടിക് കണ്ണുകള്‍.

തന്റെ പ്രിയപ്പെട്ട, ഉയര്‍ന്ന കസേരയില്‍ ഇരുന്നുകൊണ്ട്, രജനീഷ് സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ശബ്ദം ആഴമേറിയതും സമ്പന്നവും കനത്തതുമാണ്. ഭഗവാന്റെ പ്രഭാഷണങ്ങളെ തങ്ങളുടെ ആത്മീയ ബാറ്ററികള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായി അവിടെ സമ്മേളിച്ച ഭക്തര്‍ കണക്കാക്കുന്നു.

സ്വാതന്ത്ര്യമാണ് രജനീഷിന്റെ സത്ത. ‘നിങ്ങള്‍ ആഗ്രഹിക്കുന്നത് ചെയ്യുക,’ അദ്ദേഹം തന്റെ ശിഷ്യന്മാരെ ഉപദേശിക്കുന്നു. ‘പൂര്‍ണ്ണമായും ജീവിക്കുക. ലക്ഷ്യങ്ങള്‍ നിശ്ചയിക്കരുത്. വര്‍ത്തമാനകാലത്ത് സന്തോഷവാനായിരിക്കുക. സത്യം അന്വേഷിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, നിങ്ങള്‍ ഒരിക്കലും സന്തുഷ്ടനായിരിക്കില്ല. കാരണം നിങ്ങള്‍ സത്യമാണ്.’ രജനീഷ് പറഞ്ഞു, ഒരു കമ്മ്യൂണ്‍ അത് എങ്ങനെയാണോ, അങ്ങനെ ആയിരിക്കണം ജീവിക്കേണ്ടത്. കൂടുതല്‍ കൂടുതല്‍ സമ്പന്നമാണ്, അത് ആളുകളെ അമിതമായി ഉല്‍പാദിപ്പിക്കുന്നില്ല, അനാഥരുണ്ടായാല്‍ അവരെ നോക്കാന്‍ മദര്‍ തെരേസമാരുണ്ട്. എന്റെ ആശ്രമം ഇന്ത്യന്‍ ആശ്രമങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടുന്നു, കാരണം ആളുകള്‍ നൃത്തം ചെയ്യുന്നു, പാടുന്നു, കൈകള്‍ പിടിക്കുന്നു, കെട്ടിപ്പിടിക്കുന്നു, സ്‌നേഹിക്കുന്നു, സന്തോഷിക്കുന്നു. ഇത് ഒരു ആശ്രമത്തിന്റെ കിഴക്കന്‍ ആശയമല്ല. ഒരു ആശ്രമം പൂര്‍ണ്ണമായും സന്തോഷമില്ലാത്തതായിരിക്കണം, അത് ഒരു പൂന്തോട്ടത്തേക്കാള്‍, ഒരു സെമിത്തേരി പോലെയായിരിക്കണം’

യു.എസ് ലെ, ഓറിഗണിൽ രജനീഷ് പുരം

രജനീഷ്പുരത്ത് സോര്‍ബ ദി ബുദ്ധ എന്ന് പേരിട്ട മൂന്ന് ഉയര്‍ന്ന ലാഭകരമായ റെസ്റ്റോറന്റുകള്‍ ആശ്രമം നടത്തി. ഓരോന്നിനും പ്രതിവര്‍ഷം 1 മില്യണ്‍ മുതല്‍ 1.2 മില്യണ്‍ ഡോളര്‍ വരെ വിറ്റുവരവ് ലഭിച്ചു.

രജനീഷ്പുരത്തെ സോര്‍ബ ദി ബുദ്ധ ഡിസ്‌കോതെക്കും പോര്‍ട്ട്ലാന്‍ഡ് പട്ടണത്തിലെ മറ്റൊരു റെസ്റ്റോറന്റ്-കം-ഡിസ്‌കോതെക്കും. രജനീഷ്പുരത്തെ ഡിസ്‌കോയും ഗംഭീരമായ ബിസിനസ്സ് നടത്തി, അതിന്റെ തിളക്കമുള്ള ആഡംബരം വിദൂരദേശങ്ങളില്‍ നിന്നുള്ള ആളുകളെ വല്ലാതെ ആകര്‍ഷിച്ചു;
രജനീഷ്പുരത്തെ ചിയോനോ, ഹെര്‍ബല്‍ ക്രീമുകള്‍ക്കും സുഗന്ധമില്ലാത്ത ഡൈകള്‍ക്കും പേരുകേട്ട ബ്യൂട്ടി സലൂണ്‍: സലൂണ്‍ അതിന്റെ മിക്ക ഉല്‍പ്പന്നങ്ങളുടെയും പേറ്റന്റുകള്‍ രാജ്യമെമ്പാടും വിറ്റു.

24 പേജുള്ള രജനീഷ് ടൈംസ് വാരിക പത്രവും പ്രതിമാസ ഭഗവാന്‍ മാസികയും, ഇവയില്‍ ഓരോന്നും റാഞ്ചില്‍ 4,000 കോപ്പികള്‍ വിറ്റു, പുറത്ത് വിതരണം ചെയ്യുന്നതിനായി 15,000 കോപ്പികള്‍ കൂടുതല്‍ അച്ചടിച്ചു;

50 ഡോളര്‍ വരെ ഫീസ് ഈടാക്കുന്ന സെലിബ്രേഷന്‍, സെലിബ്രേഷന്‍ എന്ന ഏകദിന കോഴ്സുകള്‍ രജനീഷ് ഇന്റര്‍നാഷണല്‍ മെഡിറ്റേഷന്‍ യൂണിവേഴ്സിറ്റി, വാഗ്ദാനം ചെയ്തു. 7,500 ഡോളര്‍ വരെ പഠനങ്ങള്‍ക്ക് ഫീസ് വാങ്ങി. തീര്‍ച്ചയായും സമ്പത്ത് ഒഴുകുകയായിരുന്നു. രജനീഷ് പ്രസിദ്ധീകരണങ്ങളുടെ (18 ഭാഷകളിലായി 400 ശീര്‍ഷകങ്ങള്‍), ഓഡിയോ, വീഡിയോ കാസറ്റുകളുടെ വില്‍പ്പന 1.1 ഡോളര്‍ മില്യണ്‍ വരുമാനം നേടി.

അതിശയകരമാംവിധം ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തിയിരുന്ന സമ്പന്നരായ അമേരിക്കന്‍ കോടീശ്വരന്മാര്‍ ഒറിഗോണിലെ രജനീഷ് പുരത്തിന് 200 മില്യണ്‍ ഡോളറിലധികം (240 കോടി രൂപ) സംഭാവനകള്‍ നല്‍കി. അവരെ സംബന്ധിച്ചിടത്തോളം പറുദീസ’യിലേക്കുള്ള കവാടം തുറന്ന മാന്ത്രിക താക്കോലായിരുന്നു ഭഗവാന്‍ രജനീഷ്, അവരുടെ പ്രിയപ്പെട്ട കോര്‍പ്പറേറ്റ് ഭാഗ്യചിഹ്നം !

ഭഗവാൻ രജനീഷ് അമേരിക്കയിൽ അറസ്റ്റിലായപ്പോൾ

‘പാശ്ചാത്യ ബൗദ്ധിക പ്രക്രിയയെക്കുറിച്ച് അദ്ദേഹത്തിന് പൂര്‍ണ്ണമായ ഗ്രാഹ്യമുണ്ട്,’ ഒരു ശതകോടീശ്വരനായ ഭക്തന്‍ പറയുന്നു. ‘ഓറിയന്റലിസത്തെ ശരിയായ അളവില്‍, ആകര്‍ഷകമായ ആവരണങ്ങളില്‍ അവതരിപ്പിക്കാനുള്ള ഭഗവാന് അസാധാരണ കഴിവാണ്. അതിനാല്‍ ഭാരിച്ച ഫീസിനെ കുറിച്ച് ചോദിക്കാന്‍ നിങ്ങള്‍ മറന്നു പോകും”’

ആശ്രമത്തിന്റെ ധ്യാന പുസ്തകത്തില്‍ വന്യനൃത്തങ്ങളും ‘ലാ, ലാ, ലാ’ എന്ന ജപവും, കൂടാതെ കുണ്ഡലിനി ധ്യാനം, മണ്ഡല ധ്യാനം, നാദബ്രഹ്‌മ ധ്യാനം തുടങ്ങിയ വിചിത്രമായ പേരുകളില്‍ ‘മന്ത്രങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നു. ഒരു സമ്പൂര്‍ണ ധ്യാന വീഡിയോ കാസറ്റിന് 500 രൂപ വിലവരും. 1974 ആയപ്പോഴേക്കും ഭഗവാന്‍ രജനീഷിന്റെ ശിഷ്യഗണങ്ങളും ബാങ്ക് അക്കൗണ്ടും അമ്പരിപ്പിക്കും വിധം വളര്‍ന്നു പടര്‍ന്ന് പന്തലിച്ചു.

1985-ല്‍ യു.എസ് സര്‍ക്കാര്‍ ഒടുവില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കുടിയേറ്റ നിയമങ്ങള്‍ ഒഴിവാക്കാന്‍ തെറ്റായ പ്രാതിനിധ്യം നല്‍കിയതിന് മുപ്പത്തിയഞ്ച് കുറ്റങ്ങള്‍ ചുമത്തി രജനീഷ് അറസ്റ്റിലായി. സ്വാമിക്കെതിരെ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ 35 കുടിയേറ്റ ലംഘനങ്ങള്‍, പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ഒളിച്ചോടല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി യുഎസ് ഫെഡറല്‍ പോലീസ് കേസെടുത്തിരുന്നു. ഇവ തെളിയിക്കപ്പെട്ടാല്‍, അവ അദ്ദേഹത്തെ 175 വര്‍ഷം തടവിലിടുമായിരുന്നു. എന്നാല്‍ 17 ദിവസം ജയിലില്‍ കഴിഞ്ഞശേഷം, രജനീഷ് അപ്രതീക്ഷിതമായി കോടതിയില്‍ ഹാജരായി രണ്ട് കുറ്റങ്ങളില്‍ കുറ്റസമ്മതം നടത്തി.

ചില ചെറിയ കുറ്റകൃത്യങ്ങള്‍ സമ്മതിച്ചുകൊണ്ട് പ്രതിക്ക് ഇളവ് ലഭിക്കുന്ന യുഎസിലെ ഒരു സ്ഥാപിത നിയമം അദ്ദേഹത്തെ മോചിപ്പിക്കാന്‍ പ്രാപ്തമാക്കി, പക്ഷേ അവര്‍ അദ്ദേഹത്തിന് രാജ്യം വിടാനുള്ള ഉത്തരവുകള്‍ നല്‍കുകയും പിഴയും കോടതി ചെലവുകളും ചേര്‍ന്ന് 4,00,000 ഡോളര്‍ (48 ലക്ഷം രൂപ) ഈടാക്കുകയും ചെയ്തു.

രജനീഷിനെ കൊല ചെയ്തതാണോ? 1990 ഫെബ്രുവരി ലക്കം ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി കവർ സ്റ്റോറി

വിട്ടുമാറാത്ത പുറംവേദന ഉണ്ടായിരുന്നിട്ടും ജയിലില്‍ ഒരു സ്റ്റീല്‍ ബെഞ്ചില്‍ ഉറങ്ങാന്‍ ഭഗവാന്‍ നിര്‍ബന്ധിതനായി, രണ്ട് കുറ്റങ്ങളില്‍, കുറ്റം സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഫെഡറല്‍ പോലീസ് തന്നെ ‘നശിപ്പിക്കുമായിരുന്നു’ എന്ന് അദ്ദേഹം പിന്നീട് ആരോപിച്ചു. ലോകമാകെ സഞ്ചരിച്ച് തന്റെ പ്രഭാഷണ പരമ്പരകള്‍ തുടര്‍ന്നെങ്കിലും അതിനകം ഈ പുതിയ മിശിഹയുടെ ആക്രമണം ഭയന്ന് ഇരുപതിലേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഓഷോയ്ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ഒരു ഹോളിവുഡ് ആഘോഷം പോലെ മനോഹരമായിരുന്നു. 1986 നവംബര്‍ 17 ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തില്‍ തന്റെ ചാര്‍ട്ടേഡ് ഒമ്പത് സീറ്റര്‍ ലിയര്‍ജെറ്റില്‍ നിന്ന് ഭഗവാന്‍ രജനീഷ് ഇറങ്ങിയപ്പോള്‍ പ്രഭാതത്തിലെ തണുപ്പിനെ മറികടന്ന് ‘ഭഗവാന്‍, ഭഗവാന്‍’ എന്ന് ആരാധനാ ക്രമത്തില്‍ വിളിച്ചുകൊണ്ട്, വിമാനത്താവളത്തിലെത്തിയ 500 ഓളം ശിഷ്യന്മാര്‍ അദ്ദേഹത്തെ ഒരു മെഴ്സിഡസ് ബെന്‍സ് കാറിലേക്ക് ആനയിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്‍ കൂടിയായ ബോളിവുഡ് താരം വിനോദ് ഖന്ന ഭഗവാന്റെ ഒപ്പം ആ വാഹനത്തില്‍ സഞ്ചരിച്ചു.

അതിരാവിലെ ആളൊഴിഞ്ഞ തെരുവുകളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി ഹയാത്ത് റീജന്‍സി ഹോട്ടലിലേക്കുള്ള ഭഗവാന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു. രജനീഷ് ഹോട്ടല്‍ ലോബിയിലൂടെ ഇറങ്ങി, വര്‍ഷങ്ങളായി കൂടെയുള്ള തന്റെ കൂട്ടാളിയായ മാ യോഗ വിവേകിന്റെ ഒപ്പം ക്യാമറ ഫ്‌ലാഷുകളുടെ മിന്നലുകള്‍ക്കിടയില്‍, മുഖത്ത് ഒരു മങ്ങിയ പുഞ്ചിരിയോടെ ലിഫ്റ്റില്‍ കേറി ഭഗവാന്‍ അപ്രത്യക്ഷനായി.

ഭഗവാനും ശിഷ്യരും ആശ്രമത്തിലെ ധ്യാന വേളയിൽ

1987 ജനുവരിയില്‍ പൂനെയില്‍, ഇപ്പോള്‍ ഓഷോ കമ്മ്യൂണ്‍ ഇന്റര്‍നാഷണല്‍ എന്നറിയപ്പെടുന്ന തന്റെ ആശ്രമം രജനീഷ് പുനരാരംഭിച്ചു. കൊറെഗാവ് പാര്‍ക്കിലെ പൂനെ ഓഷോ സെന്ററില്‍ വെള്ളച്ചാട്ടം, അരയന്നങ്ങളുള്ള ഒരു കുളം, സ്റ്റുഡിയോകള്‍, ഒരു വലിയ ലൈബ്രറി, ക്ലാസ് മുറികള്‍. താമസത്തിനുള്ള മുറികള്‍, ഒരു ഷോപ്പിംഗ് സെന്റര്‍, പുസ്തകശാല, ഓഫീസ് എന്നിവ ഉണ്ടായിരുന്നു. ലാന്‍ഡ്സ്‌കേപ്പ് ആര്‍ക്കിടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍, മരപ്പണിക്കാര്‍, ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍ എന്നിവരടങ്ങുന്ന ഭഗവാന്റെ ശിഷ്യന്മാരാണ് മുഴുവന്‍ ആശ്രമവും നിര്‍മ്മിച്ചത്.

തിരികെ എത്തിയ അദ്ദേഹം ‘രജനീഷ് ഭഗവാന്‍’ എന്ന ബഹുമതി പദം ഉപേക്ഷിച്ച് ജാപ്പനീസ് പദം ‘ഓഷോ’ സ്വീകരിച്ചിരുന്നു. ‘ഓ’ എന്നാല്‍ സ്‌നേഹം, ബഹുമാനം, കൃതജ്ഞത എന്നിവയെ സൂചിപ്പിക്കുന്നു ‘ഷോ’ എന്നാല്‍ എല്ലാ ദിശകളില്‍ നിന്നും നിലനില്‍പ്പിന് മുമ്പുള്ള ബോധത്തിന്റെ ബഹുമുഖ വികാസം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒടുവില്‍ അദ്ദേഹം രജനീഷ് എന്ന പേരും ഉപേക്ഷിച്ചു, ഓഷോ എന്ന് വിളിക്കപ്പെട്ടു.

അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഭഗവാന്‍ രജനീഷ് തന്റെ സ്വപ്നലോകം വിട്ട് ചിലപ്പോഴൊക്കെ യാഥാര്‍ത്ഥ ലോകത്തിലേക്ക് തിരികെ വന്നിരുന്നു. സ്വതന്ത്ര ലൈംഗികതയുടെ ഗുരു എയ്ഡ്സില്‍ നിന്ന് മുക്തി നേടുന്നതിന് ഗര്‍ഭനിരോധന ഉറകള്‍ കര്‍ശനമായി ഉപയോഗിക്കണമെന്ന് വാദിച്ചു. കൂടാതെ ചുംബനവും ഓറല്‍ സെക്സും നിരോധിക്കുകയും, സെക്‌സിനായി ഒരു അംഗീകൃത ഫോര്‍പ്ലേക്കുറിപ്പ് നിര്‍മ്മിച്ച് ആശ്രമത്തില്‍ നടപ്പാക്കുകയും ചെയ്തു.

ഭഗവാൻ രജനീഷിൻ്റെ ആത്മകഥ

അദ്ദേഹത്തിന്റെ അപ്പോഴത്തെ പ്രഭാഷണങ്ങള്‍ ആണവവിരുദ്ധ ഗ്രൂപ്പുകളേയും സമാധാന പ്രസ്ഥാനങ്ങളേയും വളരെയധികം ഉള്‍ക്കൊള്ളുന്നു. അദ്ദേഹത്തിന്റെ ഉള്ളില്‍ ആഴത്തില്‍, ഒരു നിഷ്ഫലത ബാധിച്ചിരിക്കാം. മരണശേഷം അദ്ദേഹം എന്താണ് ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ഉത്തരം: ‘ആരുമല്ലാത്തവന്‍’ എന്നായിരുന്നു.

ഭഗവാന്‍ ശ്രീ രജനീഷ് ആശ്രമത്തിന്റെ ചിത്രീകരണം വിദേശ ടെലിവിഷന്‍ ടീമുകള്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത് രാജ്യത്തെ ആത്മീയ ലോകത്ത് ഒരു വിവാദമുണ്ടാക്കി. എതിരാളികള്‍ തനിക്കെതിരെ ഒരു പ്രചാരണം ആരംഭിച്ചതായി രജനീഷ് അവകാശപ്പെട്ടു. തന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെ ഭയന്ന് സര്‍ക്കാര്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഭഗവാന്റെ എതിരാളികള്‍ ‘അടുത്തിടെ അദ്ദേഹത്തിനെതിരെ ഒരു സംഘടിത പ്രചാരണം ആരംഭിച്ചു’. രജനീഷ് തന്നെ അവകാശപ്പെടുന്നു. ‘സര്‍ക്കാര്‍ എന്നെ പീഡിപ്പിക്കുന്നത് അവര്‍ എന്നെ ഭയപ്പെടുന്നതിനാലാണ്.’

ബിബിസിയുടെ ട്രാവല്‍ ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ പ്രോഗ്രാമിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ഐസക്‌സ് ഹോങ്കോങ്ങില്‍ നിന്ന് ഇസ്രായേലിലേക്കുള്ള യാത്രാമധ്യേ പൂനെയിലെ രജനീഷിന്റെ ആശ്രമത്തില്‍ എത്തി. ആശ്രമത്തിന്റെ ‘പ്രാധാന്യവും വ്യാപ്തിയും കണ്ട് മതിപ്പ് തോന്നിയ അദ്ദേഹം ആശ്രമത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു

ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും പങ്കെടുത്ത് പരിപാടി ചിത്രീകരിക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് അംഗ സംഘത്തെ പൂനെയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചെങ്കിലും ഒരു കാരണവും കാണിക്കാതെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ബിബിസി അംഗങ്ങളുടെ വിസ അപേക്ഷകള്‍ അപ്പാടെ നിരസിച്ചു.

1988-ന്റെ മധ്യത്തോടെ താന്‍ പറയാന്‍ ആഗ്രഹിക്കുന്നതെല്ലാം പറഞ്ഞു കഴിഞ്ഞതായി അദ്ദേഹത്തിന് തോന്നി. പൊതുജീവിതത്തില്‍ നിന്ന് ക്രമേണ ഭഗവാന്‍ പിന്‍വാങ്ങാന്‍ തുടങ്ങി, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അപൂര്‍വമായി. അദ്ദേഹത്തെ പ്രമേഹവും ആസ്മയും അലട്ടി.

ഭഗവാൻ ഓഷോ രജനീഷിൻ്റെ അന്ത്യനിദ്ര

അമേരിക്കയില്‍ ജയിലില്‍ കിടന്നപ്പോള്‍ ജയില്‍ അധികൃതര്‍ അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ രഹസ്യമായി കൊഴുപ്പ് കലര്‍ന്ന താലിയം ചേര്‍ത്ത് നല്‍കി എന്ന് ഭഗവാന്‍ വിശ്വസിച്ചു. രുചിയില്ലാത്ത ഈ വിഷം കഴിച്ചാല്‍ അറിയില്ല എന്ന് മാത്രമല്ല, ശരീരത്തെ നശിപ്പിക്കാന്‍ വളരെ സമയമെടുക്കും. ഈ വിഷം പെട്ടെന്നുള്ള ഭഗവാന്റെ അന്ത്യത്തിന് കാരണമായെന്ന് അദ്ദേഹത്തിന്റെ അടുത്ത ശിഷ്യരും വിശ്വസിച്ചു.

മികച്ച വൈദ്യസഹായം നല്‍കിയിട്ടും രജനീഷന് ഒരിക്കലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. 1989 ഏപ്രിലില്‍ അദ്ദേഹം അവസാനമായി പൊതുപ്രഭാഷണം നടത്തി. പിന്നീട്, ശിഷ്യര്‍ കനേഡിയന്‍ സ്വാമി ജയേഷും ബ്രിട്ടീഷ് ഡോക്ടര്‍ സീം ഓട്ടോയും ഓഷോയുടെ ജീവിതത്തിന്റെ അവസാന ദിവസങ്ങളില്‍
24 മണിക്കൂറും അടുത്തിരുന്നു. മരിക്കുന്നതിന് മുമ്പ് ഓഷോയുമായുള്ള സംഭാഷണത്തെക്കുറിച്ച് സ്വാമി അമൃതോ പിന്നീട് പറഞ്ഞു.

ഒരു കാര്‍ഡിയോളജിസ്റ്റിനെ വിളിച്ച് ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കണോ എന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഓഷോ മറുപടി പറഞ്ഞു ‘വേണ്ട, എന്നെ പോകാന്‍ അനുവദിക്കൂ. അസ്തിത്വം അതിന്റെ സമയം തീരുമാനിക്കുന്നു”.
മരണത്തിന് രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു, അദ്ദേഹം പോയാല്‍ എന്ത് സംഭവിക്കുമെന്ന്. ഓഷോ മറുപടി പറഞ്ഞു, ”അസ്തിത്വത്തിലുള്ള എന്റെ വിശ്വാസം”.
തന്റെ മുറിയും സ്വകാര്യ വസ്തുക്കളും എന്തുചെയ്യണമെന്ന് ഓഷോ നിര്‍ദ്ദേശങ്ങള്‍ നല്‍കി. മരണശേഷം മൃതദേഹം ധ്യാന ഹാളിലേക്ക് കൊണ്ടുപോകണമെന്ന് ഭഗവാന്‍ ആവശ്യപ്പെട്ടു. ‘പിന്നെ എന്നെ ദഹിപ്പിക്കാനായി കൊണ്ടു പോകും- എന്റെ ശരീരം എടുക്കുന്നതിന് മുമ്പ് എന്റെ തൊപ്പിയും സോക്‌സും എന്നെ ധരിപ്പിക്കുക ”.

ന്യൂയോർക്ക് ടൈംസിൽ രജനീഷിൻ്റെ ചരമ വാർത്ത

മരണത്തിന് രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഓഷോ പറഞ്ഞു, ”എന്റെ അസ്തിത്വത്തിലുള്ള വിശ്വാസം പൂര്‍ണമാണ്. ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ അത് നിലനില്‍ക്കും”. എന്റെ ആളുകള്‍ക്ക് ഞാന്‍ പ്രചോദനത്തിന്റെ ഉറവിടമായി തുടരും.

1990 ജനുവരി 19 ന് വൈകുന്നേരം 5 മണിക്ക് മരിക്കുന്നതിന് തൊട്ടുമുമ്പ്. ഭഗവാന്‍ രജനീഷ് തന്റെ അവസാന വാക്കുകള്‍ ഉചരിച്ചു; ‘ I leave you my dream ‘ .

അദേഹം വിലാപവും തന്റെ മരണാനന്തര ചടങ്ങുകളും വിലക്കിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആശ്രമത്തില്‍ നിന്ന് ഭൗതികശരീരം പുറത്തേക്ക് കൊണ്ടുവന്ന ശിഷ്യന്മാര്‍ തുളസി റാം ഘട്ട് വരെ പാട്ടും നൃത്തവുമായി ഭഗവാന്റെ ശവസംസ്‌കാരം നടത്തി. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ സ്വാമി വിജയ് ഭാരതി ചിതയ്ക്ക് തീ കൊളുത്തി, അടുത്ത ദിവസം അദ്ദേഹത്തിന്റെ ചിതാഭസ്മം കമ്യൂണിലേക്ക് കൊണ്ടുവന്നു. മരിക്കുന്നതിന് ഒന്‍പത് മാസം മുമ്പ് ഓഷോ തന്നെ, തന്റെ ചിതാഭസ്മം സൂക്ഷിക്കുന്ന സ്ഥലത്ത് എഴുതേണ്ട വാക്കുകള്‍ നിര്‍ദ്ദേശിച്ചു. ഒരു മാര്‍ബിള്‍ ഫലകം അവ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

ഓഷോ

ഒരിക്കലും ജനിച്ചില്ല – ഒരിക്കലും മരിച്ചില്ല.
1931 ഡിസംബര്‍ 11 മുതല്‍ 1991 ജനുവരി 19 വരെ മാത്രം
ഈ ഭൂമിയെന്ന ഗ്രഹം സന്ദര്‍ശിച്ചു.

പൂനെയിലെ ഭഗവാൻ രജനീഷിൻ്റെ ഓർമ്മക്കായുള്ള മാർബിൾ ഫലകം

ഒരുപാട് ഭക്തജനങ്ങളാല്‍ ചുറ്റപ്പെട്ട, സ്വന്തം. വിചിത്രമായ നിയമങ്ങളാല്‍ നയിച്ച ഒരു അതുല്യവും വളരെ സ്വകാര്യവുമായ സാമ്രാജ്യത്തിന്റെ നടുവില്‍ ഇരുന്ന ആ മനുഷ്യന്‍ ഗാന്ധിക്കും, മദര്‍ തെരേസയ്ക്കും, മുതല്‍ പോപ്പ് വരെയുള്ള എല്ലാവര്‍ക്കുമെതിരെ ആക്രോശിച്ചുകൊണ്ട് തന്റെ പ്രഭാഷണങ്ങള്‍ നടത്തി. മൊറാര്‍ജി ദേശായി, റൊണാള്‍ഡ് റീഗന്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും. അദ്ദേഹത്തിന്റെ മൂര്‍ച്ചയുള്ള നാവിനിരയായി.

രജനീഷിന്റെ മുന്‍ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന മാ ആനന്ദ് ഷീല സെപ്റ്റംബര്‍ മധ്യത്തില്‍ കൂറുമാറിയതോടെ രജനീഷ്പുരത്തെ മനോവീര്യം ക്ഷയിക്കാന്‍ തുടങ്ങിയെന്ന് ഭഗവാന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

മരണത്തിനു ശേഷവും ഭഗവാന്‍ വിവാദപുരുഷനായി. ഓഷോയെ കൊലപ്പെടുത്തിയതാണെന്ന സിദ്ധാന്തങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി. പക്ഷേ ഒന്നും സംഭവിച്ചില്ല. ആ സമയത്ത് ആരും കള്ളക്കളി സംശയിച്ചില്ല. അല്ലെങ്കില്‍ മരണകാരണം ഉടനടി ചിന്തിക്കാന്‍ പോലും കഴിയാത്തവിധം ശിഷ്യന്മാരുടെ സംഘം സ്തബ്ധരായിപ്പോയി എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ഉചിതം. എന്നാല്‍ പിന്നീട്, ഓഷോയുടെ ജീവിതത്തിന്റെ അവസാന ദിവസങ്ങളില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാര്‍ ഓഷോയുടെ കല്‍പ്പനകള്‍ ഇരുവരും യഥാര്‍ത്ഥത്തില്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ആര്‍ക്കും ഒരു മാര്‍ഗവുമില്ലായിരുന്നു. അതിനാല്‍ ഇരുവരുടെയും കല്‍പ്പനകള്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കാന്‍ ആശ്രമത്തില്‍ അനുയായികള്‍ നിര്‍ബന്ധിതരായി.

അമേരിക്കന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഒറിഗോണ്‍ ആശ്രമത്തില്‍ വെച്ച് പഴയശിഷ്യ – സെകട്ടറി മാ ആനന്ദ് ഷീല വിഷം തന്നിരുന്നെന്ന് ഓഷോയ്ക്ക് ബോധ്യപ്പെട്ടു എന്നാണ് ഒരു കഥ. പിന്നീട് അമേരിക്കയില്‍ പിടിയിലായ അവരുടെ ശിക്ഷാഇളവ് ചെയ്യുന്നതില്‍ അധികാരികള്‍ കാണിച്ച മര്യാദ ഈ സംശയങ്ങള്‍ സ്ഥിരീകരിക്കുന്നു. കമ്മ്യൂണിലെ മറ്റ് നിരവധി ആളുകളെ വിഷം കൊടുക്കാന്‍ ശ്രമിച്ചതായും ഷീലയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്നു. ഓഷോ പൂനെയിലേക്ക് മടങ്ങിയതിനുശേഷവും സാവധാന വിഷബാധ തുടര്‍ന്നോ? ചിന്താശേഷിയുള്ള ഭക്തരുടെ മനസ്സില്‍ അലട്ടുന്ന ചോദ്യമാണിത്. ഇത് സംബന്ധിച്ച് മുന്‍ ശിഷ്യന്‍മാര്‍ ചില പുസ്തകങ്ങള്‍ പിന്നീട് എഴുതി. ജനീഷിന്റെ പൂനയിലെ ആശ്രമത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നത്? രതിമൂര്‍ച്ഛയുടെയും ലൈംഗികതയുടെയും കഥകള്‍ കൃത്യമായിരുന്നോ? 1973 മുതല്‍ 1982 വരെ രജനീഷിന്റെ അംഗരക്ഷകനായിരുന്ന ഹ്യൂ മില്‍നെ (ശിവ) യെ ഉദ്ധരിച്ച് ഓഷോ ശിഷ്യനും മനഃശാസ്ത്രജ്ഞനുമായ ജെയിംസ് ഗോര്‍ഡന്‍ എഴുതിയ ‘The Golden Guru: The Strange Journey of Bhagwan Shree Rajneesh’ (1988) ഈ വിഷയത്തിലുള്ള ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഇംഗ്ലീഷ് വാരിക ദി ഇലസ്ട്രറ്റഡ് വീക്കിലി ഭഗവാന്‍ രജനീഷിന്റെ മരണശേഷം ഒരു മാസം പിന്നിട്ടപ്പോള്‍ 1990 ഫെബ്രുവരിയില്‍ തങ്ങളുടെ വാദങ്ങള്‍ നിരത്തി ഒരു കവര്‍ സ്റ്റോറിയില്‍ ചോദിച്ചു. ‘Was Rajeenish murdered?’.

ബോളിവുഡ് പോലും ഭഗവാന്‍ രജനീഷിന്റെ വചനത്തില്‍ ആ മാസ്മരിക ലോകത്തില്‍ മയങ്ങിയിരുന്നു. വിനോദ് ഖന്ന, സംവിധായകന്‍ മഹേഷ് ഭട്ട്, നടി പര്‍വീണ്‍ ബാബി, സംവിധായകന്‍ – നടന്‍ വിജയ് ആനന്ദ്, അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ എന്നിവരൊക്കെ ഭഗവാന്റെ വചനങ്ങളെ പിന്‍തുടര്‍ന്ന ബോളിവുഡ് സെലിബ്രിറ്റികളാണ്.

സൂപ്പര്‍താരം നടന്‍ മോഹന്‍ലാലിന് തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നം നേരിട്ടു. ആയുര്‍വേദ ചികിത്സയില്‍ അദ്ദേഹം സുഖം പ്രാപിച്ച സമയത്ത്, ഓഷോ രജനീഷ് നടത്തിയ പ്രസംഗത്തിന്റെ ഒരു കാസറ്റ് ശ്രദ്ധിച്ചു കേട്ടു . ‘ആ അനുഭവം ഇരുട്ടിലൂടെ ഒരു വെളിച്ചം കടന്നുപോകുന്നത് പോലെ തോന്നി. ശാന്തവും എന്നാല്‍ ആഴമേറിയതുമായ ഓഷോയുടെ ശബ്ദം അദ്ദേഹത്തിന്റെ ഉള്ളില്‍ എന്തോ ഒന്ന് സ്പര്‍ശിക്കുന്ന കാഴ്ചപ്പാടുകള്‍ നല്‍കി. പിന്നീട് അദ്ദേഹം ഓഷോയുടെ കൃതികള്‍ വായിച്ചു. ഓഷോയുടെ വാക്കുകള്‍ മോഹന്‍ലാലിന് വ്യക്തതയും സമാധാനവും നല്‍കി. ഈ അനുഭവം ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയെ മാറ്റിമറിച്ചു. വേദനയെയും അസ്തിത്വത്തെയും കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് അത് അദ്ദേഹത്തിന് നല്‍കി. അത് എനിക്ക് ‘- ഒരു ആത്മീയ പുനര്‍ജന്മം നല്‍കി മോഹന്‍ലാല്‍ എഴുതി.

മോഹൻലാൽ തൻ്റെ ഓഷോ പുസ്തകവുമായി

ഭഗവാന്റെ പുനെ ആശ്രമം ഓഷോ ഇന്റര്‍നാഷണല്‍ മെഡിറ്റേഷന്‍ റിസോര്‍ട്ട് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഓഷോ പ്രസ്ഥാനത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഓഷോ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ്, അവര്‍ ധ്യാന പരിപാടികള്‍ നടത്തുകയും അദ്ദേഹത്തിന്റെ ബൗദ്ധിക സ്വത്ത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഓഷോ ധ്യാന കേന്ദ്രങ്ങള്‍ 80-ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, പൂനെ റിസോര്‍ട്ട് പ്രതിവര്‍ഷം ലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
സഹിഷ്ണുത: ധ്യാനം, അവബോധം, സ്‌നേഹം, ആഘോഷം എന്നിവയെക്കുറിച്ചുള്ള ഭഗവാന്റെ ആശയങ്ങള്‍ പാശ്ചാത്യ ആത്മീയതയെയും നവയുഗ ചിന്തയെയും സ്വാധീനിക്കുന്നത് തുടരുന്നു.

ജെ. കൃഷ്ണമൂര്‍ത്തി ഭഗവാന്‍ രജനീഷിനെ ‘ക്രിമിനല്‍ – കുറ്റവാളി എന്നാണ് വിളിച്ചത്. ആ മനുഷ്യന് എതിരായി എന്തുകൊണ്ട് ഞാന്‍ പരസ്യമായി പറയുന്നില്ല. എന്നു ചോദിച്ചുകൊണ്ട് എനിക്ക് ആയിരക്കണക്കിന് കത്തുകള്‍ കിട്ടിയിട്ടുണ്ട്. ഞാനത് ചെയ്യുകയില്ല. കാരണം അത് എന്റെ രീതിയല്ല എന്നതാണ്. ഈ മനുഷ്യന്‍ കുറ്റവാളിയാണ് കൃഷ്ണമൂര്‍ത്തി പറഞ്ഞു. എന്നാല്‍ രജനീഷിന് കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് നല്ല അഭിപ്രായമില്ലായിരുന്നു. തന്റെ പ്രഭാഷണങ്ങളിലെ പതിവ് ഒരു ഫലിതമല്ലാത്ത ഒന്നായിരുന്നു അത്.
The man is useless- ‘ആ മനുഷ്യന്‍ ഗുണമില്ലാത്തവന്‍’ എന്നാണ് ഭഗവാന്‍ രജനീഷ് ജിദ്ദു കൃഷ്ണമൂര്‍ത്തിയെ നിര്‍വ്വചിച്ചത്.

Content Summary : 35 years since spiritual guru Bhagwan Osho Rajneesh passed away

Leave a Reply

Your email address will not be published. Required fields are marked *

×