June 14, 2026 |
Share on

ജി7 ഉച്ചകോടി; നയതന്ത്ര തര്‍ക്കത്തിനിടയില്‍ മോദി-ട്രംപ്‌ കൂടിക്കാഴ്ച്ച

യുഎസ് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകിയത്

ജി7 ഉച്ചകോടിയില്‍ നിര്‍ണായക കൂടിക്കാഴ്ച്ചയ്‌ക്കൊരുങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. ഒമാന്‍ തീരത്ത് യുഎസ് മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം ഉലഞ്ഞിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച്ച. ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധത്തിലാണ്. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമായ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിലെ എവിയാന്‍-ലെ-ബെയ്ന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എത്തിച്ചേരുന്നത്.

ജൂണ്‍ 10-ന് ‘എം.ടി സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെ അമേരിക്കന്‍ നാവികസേന നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കടുത്ത ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്. ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തിലുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ഫോണില്‍ വിളിച്ച് ഇന്ത്യയുടെ ശക്തമായ പ്രതിഷേധം നേരിട്ടറിയിച്ചു. വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇത്തരം മാരകമായ സൈനിക നടപടികള്‍ സ്വീകരിക്കുന്നത് ഒട്ടും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെ യു.എസ് ചാര്‍ജ് ഡി അഫയേഴ്സ് ജേസണ്‍ മീക്സിനെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുന്നത്.

എന്നാല്‍, മണിക്കൂറുകള്‍ക്കകം ഇന്ത്യയുടെ പ്രതിഷേധത്തിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കിക്കൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്കില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ യു.എസ് സേന നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാ വാണിജ്യ കപ്പലുകളും ഉടനടി പാലിക്കണമെന്ന് ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കുന്നതും നിയമവിരുദ്ധമായി ഇറാനിയന്‍ എണ്ണ കടത്തുന്നതും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് റൂബിയോ ജയശങ്കറെ അറിയിച്ചതായും യു.എസ് പ്രസ്താവനയില്‍ പറയുന്നു. ഉപരോധം ശക്തമാക്കുമെന്ന യു.എസിന്റെ ഈ കടുപ്പമേറിയ നിലപാട് ഇന്ത്യയില്‍ കൂടുതല്‍ രാഷ്ട്രീയ-നയതന്ത്ര പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചേക്കും.

2025-ല്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവനയും, ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ വാഷിംഗ്ടണ്‍ ഏര്‍പ്പെടുത്തിയ കനത്ത നികുതിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കിയിരുന്നു. ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ സന്ദര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ജൂണ്‍ 16, 17 തീയതികളില്‍ ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയുടെ വേദിയില്‍ വെച്ച് ഒരു വര്‍ഷത്തിലേറെയായി നിലച്ചിരുന്ന മോദി-ട്രംപ് നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്. 2025 ഫെബ്രുവരിയില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും മുഖാമുഖം വരുന്നത്.

പശ്ചിമേഷ്യന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി ജി7 ഉച്ചകോടിയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്ന ഈ യോഗത്തിലേക്ക് മോദിക്കും ട്രംപിനും ക്ഷണമുണ്ട്. പശ്ചിമേഷ്യയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ യു.എസും ഇറാനും തമ്മില്‍ കരാറിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ക്കിടയിലാണ് ഈ നീക്കം.

അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും അണിയറയില്‍ സജീവമാണ്. ജി7 ഉച്ചകോടിക്ക് തൊട്ടുപിന്നാലെയുള്ള ആഴ്ചയില്‍ യു.എസ് ട്രേഡ് റപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് ചര്‍ച്ചകളില്‍ വ്യാപാര വിഷയം കടന്നുവരുമെങ്കിലും, ഉച്ചകോടിയില്‍ വെച്ച് കരാര്‍ അന്തിമമാകാന്‍ സാധ്യതയില്ലെന്നാണ് യു.എസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യയുമായുള്ള ബന്ധത്തിനും ഒരു നല്ല വ്യാപാര കരാറിലെത്തുന്നതിനും ട്രംപ് അനുകൂലമാണെങ്കിലും, അമേരിക്കയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന മികച്ചൊരു കരാറിനായി മാത്രമേ ട്രംപ് സമ്മതം മൂളുകയുള്ളൂവെന്നും യു.എസ് ഭരണകൂടം വ്യക്തമാക്കുന്നു.

Content Summary; India protests to the US over missile attacks in the Gulf that killed three Indian seafarers, escalating tensions ahead of a potential Modi-Trump meeting at the G7 summit in France

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×