June 03, 2026 |
Share on

ട്രംപിന്റെ തീരുവയുദ്ധം ചർച്ച ചെയ്ത് ബ്രിക്സ് ഉച്ചകോടി; മോദി വിട്ടുനിന്നത് തന്ത്രപരമായ നീക്കമോ?

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്

ബ്രിക്സ് ഓൺലൈൻ ഉച്ചകോടിയിൽ പങ്കെടുക്കാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. താരിഫ് തർക്കങ്ങൾക്കുശേഷം ഇരു രാജ്യങ്ങളും തമ്മിൽ മഞ്ഞുരുകുന്നതിന്റെ സൂചനകൾ ഈ നീക്കങ്ങൾ നൽകിയിരുന്നു.

ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയെങ്കിലും സമീപകാലത്ത് തന്റെ നിലപാടിൽ അയവ് വരുത്തിയിരുന്നു. വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് മോദിയെ ഒരു മികച്ച പ്രധാനമന്ത്രി”എന്ന് വിശേഷിപ്പിക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രത്യേക ബന്ധം നിലനിൽക്കുന്നതായി ഊന്നിപ്പറയുകയും ചെയ്തു. ഇതിന് മറുപടിയായി മോദി ‘എക്സി’ൽ ട്രംപിന്റെ വാക്കുകളെയും ഇന്ത്യ-യുഎസ് ബന്ധത്തെയും പ്രശംസിച്ചിരുന്നു.

മോദി ട്രംപിനെ പലപ്പോഴായി പ്രിയ സുഹൃത്തുക്കളിൽ ഒരാളെന്ന് വിശേഷിപ്പിച്ചിരുന്നു, ഇത്തവണ അങ്ങനെയൊരു നീക്കം മോദിയുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഓരോ നീക്കങ്ങളും കരുതലോടെയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ട്രംപിൻ്റെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അത് ഇന്ത്യ-യുഎസ് ബന്ധത്തിൽ ഒരു പുനഃക്രമീകരണത്തിന്റെ സൂചനയല്ലെന്ന് ഇന്ത്യൻ നയതന്ത്രജ്ഞർ പറയുന്നു.

ബ്രസീലിന്റെ ആതിഥേയത്വത്തിൽ നടന്ന ബ്രിക്സ് വെർച്വൽ ഉച്ചകോടിയുടെ പ്രധാന അജണ്ട ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളായിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം ഉയർന്ന താരിഫ് ആയിരുന്നു പ്രധാന ചർച്ചാവിഷയം. “അമേരിക്കൻ വിരുദ്ധ നയങ്ങൾ” പിന്തുടരുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെ അദ്ദേഹത്തിന്റെ ഭരണകൂടം പ്രത്യേകം വിമർശിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ഊർജ്ജ നയങ്ങൾ ദേശീയ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇന്ത്യ തറപ്പിച്ച് പറയുന്നു.

യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക് അടുത്തിടെ ഇന്ത്യയുടെ നിലപാടിനെ അസംബന്ധം എന്ന് വിശേഷിപ്പിച്ചു. ഇതിന് ധനമന്ത്രി നിർമ്മല സീതാരാമൻ ശക്തമായി തിരിച്ചടി നൽകി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് അവർ വ്യക്തമാക്കി. താരിഫുകൾ ഉപയോഗിച്ച് വ്യാപാരരംഗത്ത് സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ട്രംപിന്റെ നയത്തിന്റെ ഭാഗമായാണ് ലുട്നിക്കിന്റെ ഈ പ്രസ്താവന. റഷ്യയുമായി ബന്ധമുള്ള രാജ്യങ്ങളെ ഉപരോധങ്ങൾ വഴി വരുതിയിലാക്കാനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ലുട്നിക്കിന്റെ പ്രസ്താവനകളെ തള്ളിക്കളയുകയും, ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉണ്ടെന്ന് ഊന്നിപ്പറയുകയും ചെയ്തു. എന്നാൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യകതകൾ നിറവേറ്റുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അവർ വ്യക്തമാക്കി.

ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി  ഉച്ചകോടിയിൽ മോദിയും ഷിയും പുടിനും ഒരുമിച്ച് നിൽക്കുകയും ചിരിക്കുകയും കൈകോർത്ത് പിടിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ  ഇന്ത്യ യുഎസ് സ്വാധീനത്തിൽ നിന്ന് അകലുകയാണെന്ന് വാഷിംഗ്ടൺ ആശങ്കപ്പെട്ടിരുന്നു. എന്നാൽ ആ ആശങ്കകൾക്ക് വിരാമമിടുകയാണ് മോദിയുടെ അഭാവം. വീണ്ടും യുഎസുമായി ഒരുമിക്കാനുള്ള തന്ത്രമാണോ ഇതെന്ന സംശയങ്ങളുയരുന്നു.

content summary: BRICS summit to address Trump’s tariff war; was Modi’s absence a calculated strategy?

Leave a Reply

Your email address will not be published. Required fields are marked *

×