March 25, 2025 |

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും മുസ്ലിം വിരുദ്ധ പരസ്യങ്ങൾ കാണാറുണ്ടോ ?

തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം വിരുദ്ധത വളര്‍ത്തി മെറ്റ

ലോകത്തെ ഏറ്റവും അധികം ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ സമൂഹമാധ്യമങ്ങൾ കർശനമായ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട് മെറ്റ. എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ ഈ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുകയാണ്. യഥേഷ്ടം വിദ്വേഷ പ്രചാരണം നടത്താനും അക്രമണങ്ങൾ പ്രചരിപ്പിക്കാനും ഇന്ത്യയിൽ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നതായി ആരോപണം ശക്തമായിരുന്നു. ഇപ്പോഴിതാ ഗാർഡിയൻ പുറത്തു വിടുന്ന എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട്  അനുസരിച്ച്, ഇന്ത്യയിൽ വിദ്വേഷ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്ക് അംഗീകാരം നൽകിയതായി പറയുന്നു.

നിന്ദ്യമായ ഭാഷയും വിദ്വേഷ പ്രസംഗവും അടങ്ങിയ പരസ്യങ്ങൾക്ക്ഫേസ്ബുക്ക് അംഗീകാരം നൽകിയതോടെ രാജ്യത്ത് ഇസ്ലാമോഫോബിയ വളർത്തുന്ന തരത്തിലുള്ള നിരവധി പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നും റിപ്പോർട്ട് പറയുന്നു. “നമുക്ക് ഈ കീടങ്ങളെ നശിപ്പിക്കേണ്ടിയിരിക്കുന്നു, ഇവിടെ ഹിന്ദുക്കളുടെ രക്തമാണ് ഒഴുകുന്നത്, ഈ അക്രമകാരികളെ കത്തിക്കണം” തുടങ്ങിയ പ്രസ്താവനകളാണ് പരസ്യങ്ങളുടെ ഉള്ളടക്കങ്ങൾ. കൂടാതെ പരസ്യങ്ങളിൽ ഹിന്ദു മേധാവിത്വത്തിന്റേതായ ​​ഭാഷ ഉപയോഗപ്പെടുത്തി കൊണ്ട് മറ്റു രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള വസ്തുതവിരുദ്ധമായ പ്രചാരണവും നടത്തുന്നുണ്ട്. മറ്റൊരു പരസ്യത്തിൽ, ഇന്ത്യയിൽ നിന്ന് ഹിന്ദുക്കളെ തുടച്ചുനീക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ വധിക്കണമെന്നും ആഹ്വാനം ചെയുന്നുണ്ട്. ഈ പരസ്യത്തിൽ പാകിസ്ഥാൻ പതാകയും നൽകിയിട്ടുണ്ട്.

ഇന്ത്യ സിവിൽ വാച്ച് ഇൻ്റർനാഷണലും (ICWI) കോർപ്പറേറ്റ് അക്കൗണ്ടബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന Ekō എന്ന ഗ്രൂപ്പും, ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമുള്ള എല്ലാ പരസ്യങ്ങളും സംഭരിക്കുന്ന മെറ്റയുടെ ലൈബ്രറിയിലേക്ക് ഒരു ഉള്ളടക്കം പരസ്യം നൽകാനായി അയച്ചിരുന്നു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഹാനികരമോ പ്രകോപിപ്പിക്കുന്നതോ ആയ രാഷ്ട്രീയ ഉള്ളടക്കം കണ്ടെത്താനും തടയാനും മെറ്റയ്ക്ക് കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു ഈ നീക്കം.

ഇന്ത്യയിൽ പൊതുവായി കാണുന്ന യഥാർത്ഥ വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു എല്ലാ പരസ്യങ്ങളെന്നും റിപ്പോർട്ട് പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ദോഷകരമായ സന്ദേശങ്ങൾ കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കാൻ കഴിയുന്നതെങ്ങനെയെന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്. ഏപ്രിലിൽ ആരംഭിച്ച് ജൂൺ 1 വരെ ഘട്ടം ഘട്ടമായി തുടരുന്ന വോട്ടിംഗിൻ്റെ മധ്യത്തിലാണ് പരസ്യങ്ങൾ സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ബിജെപി സർക്കാരും മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. അതെ സമയം പാർട്ടിയും നരേന്ദ്ര മോദിയും രാജ്യത്തെ ന്യൂനപക്ഷത്തത്തെ പ്രതേകിച്ച് മുസ്ലിം സമുദായത്തെ ലക്ഷ്യം വയ്‌ക്കുന്നതായും ആഗോളതലത്തിൽ തന്നെ വിമർശനം ഉയർന്നിരുന്നു. മതേതര രാജ്യത്തിന്റെ ഭരണ കൂടം ഹിന്ദുത്വ അജണ്ടകൾ മുന്നോട്ടുവക്കുന്നതിലുള്ള വിമർശനം രാജ്യത്തിനകത്തും ശക്തമാണ്.

ഈ തെരഞ്ഞെടുപ്പിലും, മുസ്ലീം വിരുദ്ധ പ്രസ്താവനകൾ ബിജെപി വ്യാപകമായി ഉപയോഗപ്പെടുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. പ്രചാരണ റാലികളിൽ അടക്കം ജനസംഖ്യയുടെ 80% വരുന്ന ഹിന്ദുക്കൾക്ക് നേരെ ന്യൂനപക്ഷം ആക്രമണങ്ങൾ അഴിച്ചുവിടുമെന്ന തരത്തിൽ വർഗീയ പ്രസ്താവനകൾ ഇറക്കിയിരുന്നു. രാജസ്ഥാനിലെ റാലിക്കിടയിൽ കൂടുതൽ കുട്ടികളുള്ള നുഴഞ്ഞുകയറ്റക്കാർ എന്ന പരാമർശം നടത്തിയിരുന്നു. ഇത് മുസ്ലിം സമുദായത്തെ ഉദ്ദേശിച്ചുള്ള പരാമർശമാണെന്ന ആരോപണം തള്ളി കളഞ്ഞ മോദി, മുസ്ലിം സുഹൃത്തുക്കളുള്ള വ്യക്തിയാണ് താനെന്ന് വാദിച്ചിരുന്നു.

മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന ബിജെപിയുടെ പ്രചാരണ വീഡിയോ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ സൈറ്റായ എക്സ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ ഭാഷകളിലായി 22 പരസ്യങ്ങളാണ് ഗവേഷകർ മെറ്റയ്ക്ക് സമർപ്പിച്ചത്. ഇതിൽ 14 എണ്ണത്തിന് അംഗീകാരം ലഭിച്ചു. മൊത്തത്തിലുള്ള പ്രകോപനപരമായ സന്ദേശത്തിന് മാറ്റമുണ്ടാക്കാത്ത ചെറിയ മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് അംഗീകാരം ലഭിച്ചത്. പിന്നീട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഗവേഷകർ തന്നെ പരസ്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പ് വേളയിൽ എഐ ജനറേറ്റുചെയ്‌തതോ കൃത്രിമം കാണിക്കുന്നതോ ആയ ഉള്ളടക്കം പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത് തടയുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തങ്ങൾ പരിശോധിച്ച് അംഗീകരിച്ച പരസ്യങ്ങളിലെല്ലാം എ ഐ കൃത്രിമം കാണിച്ച ചിത്രങ്ങളുണ്ടെന്ന് കണ്ടെത്തുന്നതിൽ മെറ്റയുടെ സംവിധാനങ്ങൾ പരാജയപ്പെട്ടു.

വിദ്വേഷ പ്രസംഗത്തിനും അക്രമത്തിനുമുള്ള മെറ്റയുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് പോളിസി ലംഘിച്ചതിന് അഞ്ച് പരസ്യങ്ങൾ നിരസിക്കപ്പെട്ടു, അതിൽ മോദിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളടങ്ങിയ പരസ്യങ്ങളാണ് നിരസിക്കപ്പെട്ടത്. അതെ സമയം അംഗീകരിക്കപ്പെട്ട 14 എണ്ണം മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങളായിരുന്നു. ഇതിലൂടെ വിദ്വേഷ പ്രസംഗം, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, തെറ്റായ വിവരങ്ങൾ, അക്രമം എന്നിവ സംബന്ധിച്ച മെറ്റയുടെതന്നെ നിയമങ്ങൾ മെറ്റ ലംഘിച്ചതായി റിപ്പോർട്ട് പറയുന്നു. വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ച് മെറ്റ പണം സമ്പാദിക്കുന്നതായി എക്കോയുടെ അംഗമായ മാൻ ഹമ്മദ് ആരോപിച്ചു. ” മേധാവിത്വവാദികൾക്കും വംശീയവാദികൾക്കും സ്വേച്ഛാധിപതികൾക്കും ഹൈപ്പർ ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾ സമൂഹത്തിലെത്തിക്കാൻ കഴിയും. ആ പരസ്യങ്ങളിൽ വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കാൻ മാത്രമല്ല. പള്ളികൾ കത്തിക്കുന്നതിൻ്റെ ചിത്രങ്ങൾ പങ്കിടാനും അക്രമാസക്തമായ ഗൂഢാലോചന പ്രചരിപ്പിക്കാനും കഴിയും. യാതൊരുവിദ ചോദ്യങ്ങളും മെറ്റ ഉന്നയിക്കില്ല. പകരം ഇതിലൂടെ ലഭിക്കുന്ന പണം സൗകര്യപൂർവം സ്വീകരിക്കും.

അംഗീകരിച്ച 14 പരസ്യങ്ങൾ രാഷ്ട്രീയമോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ ആണെന്ന് മെറ്റ തിരിച്ചറിഞ്ഞില്ല, പലരും ബിജെപിയെ എതിർക്കുന്ന പാർട്ടികളെയും സ്ഥാനാർത്ഥികളെയും ലക്ഷ്യം വച്ചെങ്കിലും. മെറ്റയുടെ നിയമങ്ങൾ അനുസരിച്ച്, രാഷ്ട്രീയ പരസ്യങ്ങൾക്ക് പ്രത്യേക അംഗീകാര പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്, എന്നാൽ ഇക്കാരണത്താൽ മൂന്ന് പരസ്യങ്ങൾ മാത്രമാണ് നിരസിക്കപ്പെട്ടത്. ഇതിനർത്ഥം ഈ പരസ്യങ്ങൾക്ക് ഒരു അനന്തരഫലവും കൂടാതെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിക്കാൻ കഴിയും എന്നാണ്. വോട്ടിംഗ് ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പും വോട്ടിംഗ് കാലയളവിലും എല്ലാ രാഷ്ട്രീയ പരസ്യങ്ങളും പ്രമോഷനുകളും അനുവദനീയമല്ലെന്ന് ഈ നിയമങ്ങൾ പറയുന്നു. എന്നാൽ ഈ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച്, ഈ പരസ്യങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് ഘട്ട വോട്ടിങ്ങിനോട് അനുബന്ധിച്ചാണ് അപ്‌ലോഡ് ചെയ്തത്.

മെറ്റയുടെ ഒരു വക്താവ് ഗാർഡിയന് നൽകിയ ഒരു പ്രതികരണമനുസരിച്ച് തെരഞ്ഞെടുപ്പിനെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ മെറ്റയിൽ പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. എല്ലാ നിയമങ്ങളും പാലിക്കുന്നതിനും പരസ്യം ചെയ്യുന്നവർ ർ ഉത്തരവാദികളായിരിക്കും. കമ്മ്യൂണിറ്റി മാനദണ്ഡങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ ലംഘിക്കുന്ന പരസ്യങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കം കണ്ടെത്തുമ്പോൾ, അത് എങ്ങനെ സൃഷ്ടിച്ചുവെന്നത് പരിഗണിക്കാതെ തന്നെ അവർ അത് നീക്കം ചെയ്യും. ICWI, Ekō എന്നിവയുടെ മുൻ റിപ്പോർട്ടിൽ, രാഷ്ട്രീയ പാർട്ടികളുമായി, പ്രത്യേകിച്ച് ബിജെപിയുമായി ബന്ധമുള്ള ” പരസ്യദാതാക്കൾ”, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമയത്ത് അനധികൃത രാഷ്ട്രീയ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ധാരാളം പണം ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ പരസ്യങ്ങളിൽ പലതും മുസ്ലീം വിരുദ്ധ ആശയങ്ങളും ഹിന്ദുത്വ ​​സന്ദേശങ്ങളും പ്രോത്സാഹിപ്പിക്കുന്നവയാണ്. ഈ പരസ്യങ്ങളിൽ ഭൂരിഭാഗവും തങ്ങളുടെ നിയമങ്ങൾ ലംഘിച്ചുവെന്ന വാദം മെറ്റ നിഷേധിച്ചു.

രാജ്യത്ത് ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രസംഗം, അക്രമത്തിലേക്കുള്ള ആഹ്വാനങ്ങൾ, മുസ്‌ലിം വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്നിവയുടെ വ്യാപനം തടയുന്നതിൽ മെറ്റ പരാജയപ്പെട്ടുവെന്ന് മുമ്പും ആരോപിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും കലാപങ്ങൾക്കും, ആൾക്കൂട്ട വിചാരണകൾക്കും വഴി വച്ചതും ഇത്തരം ഉള്ളടക്കങ്ങളുള്ള പോസ്റ്റുകളായിരുന്നു. 20 ഓളം ഇന്ത്യൻ ഭാഷകളിലായി ഫാക്ട് ചെക്കിങ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്ന് മെറ്റായും അവകാശപ്പെടുന്നു.

Content summary;  Meta approved political ads in  India incited violence

×