June 26, 2026 |
Share on

‘ബ്രിക്സ് അമേരിക്കൻ വിരുദ്ധം’ ; 10% അധികം തീരുവ ഭീഷണിയുമായി ട്രംപ്

യുഎസിന്റെ ഇറക്കുമതി ചുങ്കം ആ​ഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്ന് ബ്രിക്സ് ആരോപിച്ചിരുന്നു

ബ്രിക്സ് കൂട്ടായ്മയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുൾപ്പെടെ പത്ത് രാജ്യങ്ങളുടെ സംഖ്യമായ ബ്രിക്സ് അമേരിക്കൻ വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.

ആ​ഗോളവ്യാപാരത്തിൽ ഡോളറിന്റെ മൂല്യം കുറയ്ക്കുന്നതിനെക്കുറിച്ച് ബ്രിക്സ് ചിന്തിക്കുകയെങ്കിലും ചെയ്താൽ രാജ്യങ്ങൾക്ക് മേൽ 100 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതായി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ താൻ ഒരു വിട്ടുവീഴ്ചക്കും തയ്യാറാല്ലെന്നാണ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് അറിയിച്ചിരിക്കുന്നത്. യുഎസിന്റെ ഇറക്കുമതി ചുങ്കം ആ​ഗോളസമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്ന് ബ്രിക്സ് ആരോപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഏകപക്ഷീയമായ താരിഫ് വർധനവിൽ ആശങ്ക പ്രകടിപ്പിച്ച ബ്രിക്സ്, ട്രംപിന്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

2012 ൽ ഇറാനെയും 2022 ൽ റഷ്യയെയും വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷനിൽ (SWIFT) നിന്ന് അമേരിക്ക ഒഴിവാക്കിയത് മുതൽ പല രാജ്യങ്ങളും യുഎസ് ഡോളറിനെയും യുഎസ് ആധിപത്യമുള്ള സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ആശ്രയിക്കുന്നത് പരമാവധി കുറച്ചിരുന്നു. മാത്രമല്ല, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ സ്വന്തം ദേശീയ കറൻസികളിൽ വ്യാപാരം നടത്താൻ തുടങ്ങുകയും ചെയ്തു. 2024 ഒക്ടോബറിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, യുഎസ് നയങ്ങൾ രാജ്യത്തിന് വെല്ലുവിളികളുയർത്തുന്നുണ്ടെങ്കിലും ഇന്ത്യ ഒരിക്കലും യുഎസ് ഡോളറിനെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടിട്ടില്ലെന്ന് പറഞ്ഞിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പഹൽ​ഗ്രാം ഭീകരാക്രമണത്തെക്കുറിച്ചും ബ്രിക്സ് അപലപിച്ചിരുന്നു. ​ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ഇസ്രയേലിന്റെ നടപടികളെ വിമർശിച്ച ബ്രിക്സ് അടിയന്തിര വെടിനിർത്തൽ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രസീലിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രീസിലിനു പുറമെ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ആഗോള ജനസംഖ്യയുടെ 45 ശതമാനത്തെ പ്രതിനിധീകരിക്കുകയും ആഗോള ജിഡിപിയിലേക്ക് 35 ശതമാനത്തിലധികം സംഭാവന ചെയ്യുകയും ചെയ്യുന്ന ​ഗ്രൂപ്പാണ് ഇന്ന് ബ്രിക്സ്. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിയിൽ സ്ഥാപക അം​ഗങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയെ പുതിയ അംഗങ്ങളായി അം​ഗീകരിച്ചിരുന്നു. 2025 ജനുവരിയിൽ ഇന്തോനേഷ്യ ഈ കൂട്ടായ്മയിൽ ചേർന്നതോടെ മൊത്തം അംഗസംഖ്യ പത്തായി.

Content Summary: ‘BRICS is anti-American’; Trump threatens 10% more tariffs

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×