June 26, 2026 |
Share on

‘ന്യൂയോര്‍ക്ക് കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലാക്കരുത്’; വീണ്ടും ഭീഷണിയുമായി ട്രംപ്

ഡെമോക്രാറ്റിക് സ്വതന്ത്രനെയാണ് ട്രംപ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്‌

സൊഹ്‌റാന്‍ മാംദാനിയെ തടയുക, അല്ലെങ്കില്‍ അതിന് വില നല്‍കേണ്ടിവരും; ന്യൂയോര്‍ക്കിലെ ജനങ്ങളെ വീണ്ടും ഭീഷണിപ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ മാംദാനി ജയിച്ചാല്‍ നഗരത്തിനുള്ള ഫണ്ടിംഗ് കുറയ്ക്കും എന്നാണ് യു എസ് പ്രസിഡന്റ് വീണ്ടും വെല്ലുവളി ഉയര്‍ത്തിയിരിക്കുന്നത്.

‘കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായ സൊഹ്‌റാന്‍ മാംദാനി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍, ന്യൂയോര്‍ക്ക് സിറ്റിക്ക്( എന്റെ പ്രിയപ്പെട്ട ആദ്യത്തെ വീട് എന്നാണ് ട്രംപ് പരാമര്‍ശിച്ചിരിക്കുന്നത്. ട്രംപ് ദീര്‍ഘകാലം താമസിച്ചിരുന്നത് ന്യൂയോര്‍ക്ക് സിറ്റിയിലായിരുന്നു. അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയതും ന്യൂയോര്‍ക്കിലായിരുന്നു) വളരെ കുറഞ്ഞ ഫണ്ട് മാത്രമെ അനുവദിക്കൂ, ഫെഡറല്‍ ഫണ്ടുകള്‍ നല്‍കില്ല. കാരണം നല്ല പണം മോശമായ കാര്യങ്ങള്‍ക്കായി പ്രസിഡന്റ് എന്ന നിലയില്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ എന്നാണ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ അകൗണ്ടില്‍ ട്രംപ് എഴുതിയിട്ടിരിക്കുന്നത്.

ഇതാദ്യമായല്ല മാംദാനിയുടെ പേര് പറഞ്ഞ് ന്യൂയോര്‍ക്ക് സിറ്റിയിലെ വോട്ടര്‍മാരെ ട്രംപ് ഭീഷണിപ്പെടുത്തുന്നത്. സിബിഎസ്സിന്റെ ’60 മിനിറ്റ്സ്’ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴും സമാനമായ ഭീഷണി ഉയര്‍ത്തിയിരുന്നു. ന്യൂയോര്‍ക്ക് കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായാല്‍ അവിടേക്ക് അയക്കുന്ന പണം പാഴാകുമെന്നും, അതിനാല്‍ കൂടുതല്‍ പണം നല്‍കുന്നത് പ്രയാസകരമാകുമെന്നുമായിരുന്നു പ്രസിഡന്റിന്റെ വാദം.

ട്രംപിന്റെത് വെറും ഭീഷണി മുഴക്കല്‍ മാത്രമല്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. അത് നടപ്പാക്കിയും തുടങ്ങിയിട്ടുണ്ടെന്ന് ദി ഗാര്‍ഡിയന്‍ പോലുള്ള മാധ്യമങ്ങള്‍ പറയുന്നത്. ന്യൂയോര്‍ക്കിന് കിട്ടേണ്ട പല ഫണ്ടുകളും വൈറ്റ് ഹൗസ് തടഞ്ഞു തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള ട്രാഫിക് നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട്‌ വൈറ്റ് ഹൗസും സംസ്ഥാനവുമായി തര്‍ക്കത്തിലാണ്. ഇതിനു പുറമെയാണ് ഫെഡറല്‍ സര്‍ക്കാരിന്റെ ഷട്ട് ഡൗണ്‍ തുടങ്ങിയതിനു പിന്നാലെ ഒരു തുരങ്ക പദ്ധതിക്ക് നിശ്ചയിച്ചിരുന്ന 18 ബില്യണ്‍ ഡോളറും തടഞ്ഞത്. എന്നാല്‍ ട്രംപ് ഭരണകൂടത്തിന് തിരിച്ചടി കിട്ടിയൊരു സംഭവവുമുണ്ടായി. ഭീകരത വിരുദ്ധ ഫണ്ടായി നല്‍കേണ്ട 34 മില്യണ്‍ ഡോളര്‍ തടഞ്ഞുവെച്ച നടപടി ‘ഏകപക്ഷീയവും നിയമലംഘനവുമാണ്’ എന്ന് ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടതോടെ, ഫണ്ട് തടയാനുള്ള തീരുമാനം ഗവണ്‍മെന്റിന് മരവിപ്പിക്കേണ്ടി വന്നു.

യഥാര്‍ത്ഥത്തില്‍ ഫെഡറല്‍ ഫണ്ട് അനുവദിക്കുന്നത് പ്രസിഡന്റ് നേരിട്ട് തീരുമാനിക്കുന്ന കാര്യമല്ല. അത് കോണ്‍ഗ്രസ്സിന്റെ അവകാശമാണ്. ഫെഡറല്‍ നിയമപ്രകാരം ഇത്തരത്തില്‍ ഫണ്ട് തടയുന്നത് അധികാര ദുര്‍വിനിയോഗമാണ്. അതായത്, ട്രംപ് പറഞ്ഞതുപോലെ ചെയ്യുകയാണെങ്കില്‍ അത് രാഷ്ട്രീയമായും നിയമപരമായും വലിയ ഏറ്റുമൂട്ടലുകള്‍ക്ക് കാരണമാകും.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മൂന്നു പേരാണ് പ്രധാനമായും മത്സരത്തിനുള്ളത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ മാംദാനി, ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണറും ഡെമോക്രാറ്റിക് നേതാവുമായിരുന്ന, ഇപ്പോള്‍ സ്വതന്ത്രനായി മത്സരിക്കുന്ന ആന്‍ഡ്രൂ കൂമോ, ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലീവ.

എക്‌സിറ്റ് പോളുകള്‍ പ്രകാരം ഈ മത്സരത്തില്‍ മാംദാനിയാണ് മുന്നില്‍. അദ്ദേഹത്തിന് എതിരാളികളെക്കാളും കുറഞ്ഞത് 10 പോയിന്റിന്റെ മുന്‍തൂക്കമുണ്ട്. ഒക്ടോബര്‍ 30-ന് അവസാനിച്ച അറ്റ്‌ലസ് ഇന്റല്‍ പോള്‍ അനുസരിച്ച്, മാംദാനിക്ക് 41% പിന്തുണയുണ്ട്, അതേസമയം കൂമോയ്ക്ക് 34%, സ്ലിവായ്ക്ക് 24% എന്നിങ്ങനെയാണ് കണക്ക്.

ട്രംപ് പിന്തുണയ്ക്കുന്നത് കൂമോയെയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവായ്ക്ക് വോട്ട് ചെയ്യുന്നത് ‘മാംദാനിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്’ എന്നായിരുന്നു പ്രതികരണം. സമ്പൂര്‍ണ്ണമായ പരാജയത്തിന്റെ ചരിത്രമുള്ള ഒരു കമ്മ്യൂണിസ്റ്റിനെക്കാള്‍, വിജയത്തിന്റെ ചരിത്രമുള്ള ഒരു ഡെമോക്രാറ്റിനെ മേയര്‍ സ്ഥാനത്ത് കാണാനാണ് എനിക്കിഷ്ടം,’ എന്നായിരുന്നു ട്രംപ് കുറിച്ചത്.

ഡെമോക്രാറ്റിക് ആയ കൂമോ ട്രംപിന്റെ പിന്തുണയെ സ്വാഗതം ചെയ്യുകയാണ്. പ്രസിഡന്റിന്റെ ആഹ്വാനം റിപ്പബ്ലിക്കന്‍മാര്‍ കേള്‍ക്കുമെന്നാണ് വിശ്വാസം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ട്രംപ് കൂമോയെ പിന്തുണയ്ക്കുന്നുണ്ടെന്ന കാര്യം മാസങ്ങള്‍ക്കു മുമ്പേ മനസിലാക്കിയതാണെന്നായിരുന്നു മാംദാനിയുടെ പ്രതികരണം. ഇതുവരെ കിംവദന്തിയായി പ്രചരിച്ചിരുന്ന കാര്യം ഈ അവസാന ദിവസങ്ങളില്‍ യാഥാര്‍ത്ഥ്യമായി, മറയില്ലാതെ പുറത്തുവന്നിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ന്യൂയോര്‍ക്ക് സിറ്റിക്ക് ഏറ്റവും മികച്ച മേയര്‍ എന്നതിലുപരി ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും ഏറ്റവും മികച്ച മേയര്‍ എന്നാണ് കൂമോയിലൂടെ അവര്‍ ലക്ഷ്യമിടുന്നതെന്നും മാംദാനി പരിഹസിച്ചു.

ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഭീഷണിയെയും മാംദാനി തള്ളിക്കളഞ്ഞു. ഇതെല്ലാം കേവലം ഭീഷണിയായി മാത്രം കാണണം. ട്രംപിന്റെ വായില്‍ നിന്ന് വരുന്ന എന്തും നിയമപരമാണെന്ന് കണക്കാക്കരുത് എന്നായിരുന്നു മാംദാനി പറഞ്ഞത്.

ഈ ഫണ്ട് ഡൊണാള്‍ഡ് ട്രംപ് നമുക്ക് നല്‍കുന്നതല്ല. ഇത് ന്യൂയോര്‍ക്ക് സിറ്റിക്ക് അര്‍ഹതപ്പെട്ടതാണ്, മാംദാനി തിരിച്ചടിച്ചു.

Content Summary; President Donald Trump threatens to withhold funding for New York if communist Zehran Mandani is elected mayor

Leave a Reply

Your email address will not be published. Required fields are marked *

×