June 26, 2026 |
Share on

കേസ് ഉണ്ടെങ്കില്‍ പൗരത്വം പോകും; പുതിയ ഭീഷണിയുമായി ട്രംപ് ഭരണകൂടം

അമേരിക്കന്‍ പൗരത്വം കിട്ടിയിട്ടുള്ള വിദേശികളെ ലക്ഷ്യം വച്ചാണ് പുതിയ നീക്കം

കുടിയേറ്റവുമായി ബന്ധപ്പട്ടത് ഉള്‍പ്പെടെ, വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളാവുകയാണെങ്കില്‍ അമേരിക്കന്‍ പൗരത്വം കിട്ടിയിരിക്കുന്നവരുടെ പൗരത്വം റദ്ദാക്കാന്‍ യുഎസ് നീതിന്യായ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയം ശക്തമാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍ എന്നു പറയുന്നു. എങ്ങനെയാണ് പുറത്തു നിന്നുള്ളൊരാള്‍ അമേരിക്കന്‍ പൗരത്വം നേടിയിരിക്കുന്നതെന്ന് അന്വേഷിക്കാനും അയാള്‍ ഏതെങ്കിലും തരത്തില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ പൗരത്വം റദ്ദാക്കാനുമാണ് നീതിന്യായ വകുപ്പ് നോക്കുന്നത്.

ജൂണ്‍ 11 ന് പ്രസിദ്ധീകരിച്ച മെമ്മോയില്‍ നീതിന്യായ വകുപ്പ് പറയുന്നത്, ഒരു വ്യക്തി നിയമവിരുദ്ധമായി പൗരത്വം നേടിയിട്ടുണ്ടെങ്കില്‍, അതായത് യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ടോ ആള്‍മാറാട്ടം നടത്തിക്കൊണ്ടോ പൗരത്വം നേടിയിട്ടുണ്ടെങ്കില്‍, അക്കാര്യം കണ്ടെത്തുന്ന പക്ഷം ആ വ്യക്തിയുടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരത്വം റദ്ദാക്കുന്നതിനുള്ള സിവില്‍ നടപടികള്‍ വകുപ്പിലെ അഭിഭാഷകര്‍ ആരംഭിക്കണമെന്നാണ്.

2023 ലെ ഡാറ്റ പ്രകാരം, വിദേശത്ത് ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ഏകദേശം 25 ദശലക്ഷം യുഎസ് പൗരന്മാരുണ്ട്. ഇവരെയാണ് പുതിയ ഉത്തരവ് ലക്ഷ്യമിടുന്നത്. അമേരിക്കന്‍ കുടിയേറ്റക്കാരെ പുറത്താക്കാന്‍ 10 കാരണങ്ങളായി മുന്‍ഗണനയായി നിശ്ചയിച്ച് ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതിലൊന്നായും മേല്‍പ്പറഞ്ഞ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശ സുരക്ഷയ്ക്ക് ഭീഷണി, മനുഷ്യാവകാശ ലംഘനം, സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ഗൂണ്ടാ/ മാഫിയ സംഘങ്ങളുമായി ബന്ധമോ അതില്‍ അംഗത്വമോ, ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടല്‍, ലൈംഗിക കുറ്റകൃത്യം, മനുഷ്യക്കടത്ത്, സാമ്പത്തി തട്ടിപ്പ്, സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ ഇരുന്ന്് നടത്തുന്ന അഴിമതി, മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് യുസ് അറ്റോണിമാര്‍ റഫര്‍ ചെയ്യുന്ന കേസുകളില്‍ പ്രതികളാകുന്നവര്‍, വലുതോ ചെറുതോ ആയ മറ്റ് കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ എന്നിങ്ങനെയുള്ള വ്യക്തികളെ നാടുകടത്താനാണ് തീരുമാനം.

നീതിന്യായ വകുപ്പിന്റെ പുതിയ മെമോയില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യം, അവര്‍ ചുമത്തുന്ന സിവില്‍ കേസുകളില്‍, ക്രിമിനല്‍ കേസുകളില്‍ എന്നപോലെ കുറ്റാരോപിതര്‍ക്ക് അഭിഭാഷക സേവനം ലഭ്യമാകില്ല എന്നതാണ്. മാത്രമല്ല, ഇത്തരം കേസുകളില്‍ തെളിവുകളുടെ ലഭ്യതയും അത്രകണ്ട് ആവശ്യമില്ല. അതായത്, സര്‍ക്കാര്‍ വാദം വിജയിക്കാന്‍ തന്ന സാഹചര്യമാണ് പൊതുവില്‍ സൃഷ്ടിച്ചിരിക്കുന്നത്.

യുദ്ധക്കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍, സ്വാഭാവിക കുറ്റവാളികള്‍, ഗുണ്ടാസംഘാംഗങ്ങള്‍, യുഎസിന് തുടര്‍ച്ചയായ ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ എന്നിവരെ നിരീക്ഷിക്കാന്‍ മെമ്മോയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൗരത്വ അപേക്ഷകളില്‍ വ്യാജവിവരങ്ങള്‍ നല്‍കിയവര്‍, സര്‍ക്കാരിനോ പൗരന്മാര്‍ക്കെതിരെയോ സാമ്പത്തിക തട്ടിപ്പോ മെഡിക്കല്‍ തട്ടിപ്പോ ഉള്ള കേസുകളില്‍ ഉള്‍പ്പെട്ടവര്‍, യുഎസ് അറ്റോര്‍ണി ഓഫീസ് റഫര്‍ ചെയ്യുന്ന കേസുകള്‍ അല്ലെങ്കില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ക്രിമിനല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവരുടെ പൗരത്വം എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാനുള്ള വിശാലമായ വിവേചനാധികാരം നീതിന്യായ വകുപ്പിലെ അഭിഭാഷകര്‍ക്ക് പുതിയ മെമ്മോ പ്രകാരം നല്‍കിയിട്ടുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ, മനുഷ്യാവകാശ വിരുദ്ധമെന്ന് ആക്ഷേപം കേള്‍ക്കുന്ന പല നയങ്ങളും നടപ്പിലാക്കുന്നതില്‍ മുന്‍പന്തിയിലാണ് നീതിന്യായ വകുപ്പും പ്രത്യേകിച്ച് അവിടുത്തെ പൗരാവകാശ വിഭാഗവും. സര്‍ക്കാരിന്റെ ഭാഗമാകാന്‍ എല്ലാവര്‍ക്കും ഒരേ അവസരവും തുല്യതും ഉറപ്പാക്കുന്നത് തടയുക, ട്രാന്‍സ്ജെന്‍ഡര്‍ ചികിത്സകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ട്രംപിന്റെ പല ലക്ഷ്യങ്ങളും വിജയിപ്പിക്കാന്‍ നീതിന്യായ വകുപ്പിന്റെ പൗരാവകാശ വിഭാഗം ആവേശം കാണിക്കുന്നുണ്ട്.  Trump’s Justice department to prioritize stripping citizenship from Naturalized Americans for Criminal offenses

Content Summary; Trump’s Justice department to prioritize stripping citizenship from Naturalized Americans for Criminal offenses

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×