June 26, 2026 |
Share on

സൊഹ്‌റാന്റെ പൗരത്വം റദ്ദാക്കി നാടുകടത്തും; പുതിയ ഭീഷണിയുമായി ട്രംപ് ഭരണകൂടം

പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് ട്രംപിന് സൊഹ്‌റാന്‍ മറുപടി കൊടുത്തിരിക്കുന്നത്

വിദേശത്ത് ജനിക്കുകയും പിന്നീട് അമേരിക്കന്‍ പൗരത്വം നേടുകയും ചെയ്തവര്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളികളായാല്‍ അവരുടെ പൗരത്വം റദ്ദ് ചെയ്യാമെന്നാണ് യുഎസ് നീതിന്യായ വകുപ്പിന്റെ പുതിയ ഉത്തരവ് (കേസ് ഉണ്ടെങ്കില്‍ പൗരത്വം പോകും; പുതിയ ഭീഷണിയുമായി ട്രംപ് ഭരണകൂടം). ഈ ഉത്തരവ് രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ കൂടി ട്രംപ് ഭരണകൂടം ഉപയോഗിക്കുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ മുഴങ്ങുന്നത്. ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും സൊഹ്‌റാന്‍ മംദാനി യോഗ്യത നേടിയതു മുതല്‍ അദ്ദേഹത്തിനെതിരേ ആക്രമണം തുടങ്ങിയതാണ് റിപ്പബ്ലിക്കന്മാര്‍. പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെ സൊഹ്‌റാനെ വ്യക്തിപരമായാണ് ആക്രമിക്കുന്നത്. ഇപ്പോള്‍, അവരുടെ പുതിയ ഭീഷണി സൊഹ്‌റാന്റെ യുഎസ് പൗരത്വം റദ്ദാക്കിയേക്കുമെന്നാണ്. ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വിദേശികളാണ് അമേരിക്കന്‍ പൗരന്മാരുടെ പൗരത്വം റദ്ദ് ചെയ്യുമെന്ന പുതിയ ഉത്തരവാണ് ഇവിടെ ആയുധമാക്കാന്‍ പോകുന്നത്.

പുതിയ ഉത്തരവിനെ അടിസ്ഥാനമാക്കി വൈറ്റ് ഹൗസ് സൊഹ്‌റാനെതിരേ അന്വേഷണം നടത്താന്‍ പോവുകയാണ്. ടെന്നിസിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ആന്‍ഡ് ഓഗിള്‍സ് സൊഹ്‌റാനെതിരേ ഉന്നയിച്ച പരാതിയിലാണ് അന്വേഷണം. പൗരത്വ അപേക്ഷയ്ക്കുള്ള പ്രക്രിയയില്‍ ‘ഭീകരതയുള്ള പിന്തുണ’ സൊഹ്‌റാന്‍ മറച്ചു വച്ചുവെന്നാണ് ഓഗിള്‍സ് ആരോപിക്കുന്നത്. സൊഹ്‌റാന്റെ പൗരത്വം റദ്ദാക്കണമെന്ന ഓഗിള്‍സിന്റെ പരാതിയിലെ ആവശ്യത്തിന് പുറത്താണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, സൊഹ്‌റാന്റെ പൗരത്വവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമെന്ന് അറിയിച്ചത്. സൊഹ്‌റാനെ നാടുകടത്തണമെന്ന ട്രംപിന്റെ ആഗ്രഹത്തോട് നേരിട്ട് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സൊഹ്‌റാന്റെ വീക്ഷണങ്ങള്‍ തീവ്രവും അപകടകരവും അമേരിക്കന്‍ വിരുദ്ധവുമാണെന്ന പരാമര്‍ശം ലീവിറ്റ് നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായി ഉഗാണ്ടയിലാണ് 33 കാരനായ സൊഹ്‌റാന്‍ മംദാനി ജനിച്ചത്. 2018 ലാണ് അദ്ദേഹം യുഎസ് പൗരത്വം നേടിയത്. സൊഹ്‌റാന്റെ പലസ്തീന്‍ അനുകൂല നിലപാട് അദ്ദേഹത്തിന് മാധ്യമശ്രദ്ധയും വിവാദങ്ങളും ഒരുപോലെ നേടിക്കൊടുത്തിട്ടുണ്ട്.

മുഖംമൂടി ധരിച്ച ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നമ്മുടെ അയല്‍ക്കാരെ നാടുകടത്തുന്നത് തടയുമെന്ന് കഴിഞ്ഞ ദിവസം സൊഹ്‌റാന്‍ പ്രതിജ്ഞയെടുത്തിരുന്നു. ഇതേക്കുറിച്ച് ചോദിപ്പോള്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞത്, അങ്ങനെയെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടി വരും എന്നായിരുന്നു.

എന്നാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നുമുള്ള ഭീഷണിയെ തള്ളിക്കളയുകയാണ് സൊഹ്‌റാന്‍. ”അമേരിക്കന്‍ പ്രസിഡന്റ് എന്നെ അറസ്റ്റ് ചെയ്യുമെന്നും എന്റെ പൗരത്വം എടുത്തുകളയുമെന്നും ഒരു തടങ്കല്‍പ്പാളയത്തില്‍ അടയ്ക്കുമെന്നും നാടുകടത്തുമെന്നുമൊക്കെ ഭീഷണിപ്പെടുത്തി. അതിനു കാരണം ഞാന്‍ ഏതെങ്കിലും നിയമം ലംഘിച്ചതുകൊണ്ടല്ല, മറിച്ച് നമ്മുടെ നഗരത്തെ ഭയപ്പെടുത്താന്‍ ഞാന്‍ അനുവദിക്കില്ല എന്നതുകൊണ്ടാണ്’; സൊഹ്‌റാന്‍ എക്‌സില്‍ കുറിച്ചു.

ട്രംപിന്റെ ഭീഷണി അമേരിക്കയുടെ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്നാണ് സൊഹ്‌റാന്‍ വിമര്‍ശിക്കുന്നത്. അദ്ദേഹം ഓരോ ന്യൂയോര്‍ക്കുകാരനെയും പേടിപ്പിക്കാന്‍ നോക്കുകയാണ്, തന്റെ ഭീഷണിയെ അവഗണിക്കുന്ന ഓരോ ന്യൂയോര്‍ക്കുകാരനും ഒരു സന്ദേശം നല്‍കാനുള്ള ട്രംപിന്റെ ശ്രമമാണ്. നിങ്ങള്‍ എതിര്‍ത്താല്‍ അവര്‍(ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍) നിങ്ങളെ തേടിയെത്തുമെന്ന ഭീഷണി സന്ദശേം. എന്നാല്‍ ഈ ഭീഷണി ഞങ്ങള്‍ അംഗീകരിക്കില്ല എന്നാണ് സൊഹ്‌റാന്‍ തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിക്കുന്നത്.

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ സൊഹ്‌റാന്‍ വിജയിക്കുകയാണെങ്കില്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ മര്യാദയ്ക്കല്ലാത്ത പക്ഷം ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നായിരുന്നു ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ ഭീഷണി. സൊഹ്‌റാന്‍ 100 ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തന്‍ ആണെന്നായിരുന്നു ആദ്യത്തെ പ്രതികരണം. അയാളുടെ രൂപവും സംസാരവും ഒന്നും ശരിയല്ലെന്ന ആക്ഷേപവും സൊഹ്‌റാനെതിരേ ട്രംപ് നടത്തിയിരുന്നു. ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ളവരും വൈറ്റ് ഹൗസിലെ സ്വാധീനക്കാരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും യാഥാസ്ഥിതികരുമെല്ലാം കൂട്ടം ചേര്‍ന്ന് സൊഹ്‌റാനെ അയാളുടെ മതത്തിന്റെയും നിലപാടുകളുടെയും പേരില്‍ ആക്രമിക്കുന്നുണ്ട്.(‘അവന്‍ ജിഹാദി ഭീകരന്‍, അവനെ നാടുകടത്തുക’; സൊഹ്‌റാനെതിരേ ശക്തമാകുന്ന ഇസ്ലാമോഫോബിയ).ഇതിന്റെ കൂടെയാണ് അദ്ദേഹത്തെ കുടിയേറ്റ വിരുദ്ധതയുടെ പേരിലും ഭയപ്പെടുത്താന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.  Trump Administration has raised the possibility of stripping Zohran Mamdani’s US Citizenship

Content Summary; Trump Administration has raised the possibility of stripping Zohran Mamdani’s US Citizenship

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×