July 13, 2025 |
Share on

ഭരണ വിരുദ്ധ വികാരം പ്രകടം, നിലമ്പൂര്‍ ഇരുമുന്നണികള്‍ക്കും വഴികാട്ടിയാകും തെളിയുന്നത് യു.ഡി.എഫ് മൈത്രിയുടെ കരുത്ത്

ഇപ്പോള്‍ തലനിവര്‍ത്തി തന്നെ നിന്ന് വിലപേശാനുള്ള കരുത്ത് പി.വി.അന്‍വറിനും ഉണ്ട്. യു.ഡി.എഫിന്റെ വാതിലുകള്‍ ഇനി പതുക്കെ തുറക്കുമെന്ന് അന്‍വറിനറിയാം

ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടും പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് ഇടതുപക്ഷം പരാജയപ്പെടുകയും പതിനയ്യായിരത്തില്‍ പരം വോട്ടുകള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.വി.അന്‍വര്‍ പിടിച്ചതും ചൂണ്ടിക്കാണിക്കുന്നത് കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണ് എന്നത് തന്നെയാണ്. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച യു.ഡി.എഫും പി.വി.അന്‍വറും ഒരുമിച്ച് മത്സരിച്ചുവെങ്കില്‍ കാല്‍ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ത്ഥി തോല്‍ക്കുമായിരുന്നുവെന്ന് മാത്രമല്ല, പി.വി.അന്‍വറിലേയ്ക്ക് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിന്ന് പോലും വോട്ടുകള്‍ ഒഴുകി പോയിട്ടുണ്ടെന്നതും വാസ്തവമാണ്. ഇടതുപക്ഷത്തിന്റെ കേഡര്‍ വോട്ടുകളും പുതു തലമുറ വോട്ടുകളും ആകര്‍ഷിക്കാന്‍ പോന്ന എം.സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തേയും മറികടക്കുന്ന ഒരു വികാരം രാഷ്ട്രീയ പ്രബുദ്ധതയുള്ള നിലമ്പൂരിന്റെ മണ്ണിലുണ്ടായിരുന്നുവെന്നതിന്റെ സൂചന തന്നെയാണിത്.

പതിനാറ് റൗണ്ടുകളില്‍ മൂന്ന് റൗണ്ടുകളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് മുന്നേറാന്‍ സാധിച്ചത്. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയും ഇടതുപക്ഷത്തിന് ഭരണമുള്ള പഞ്ചായത്തുകളിലെ ചില ഭാഗങ്ങളും സി.പി.ഐ.എമ്മിനെ കൈവിട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള നിരന്തരം പ്രചാരണം, ആദിവാസി മേഖലയിലെ ഭൂമി പ്രശ്നം, കാര്‍ഷിക മേഖലയിലെ വന്യമൃഗശല്യം എന്നിവയായിരുന്നു യു.ഡി.എഫിന്റെയും പി.വി.അന്‍വറിന്റെയും ഊന്നല്‍. കുടിയേറ്റ ക്രിസ്ത്യന്‍ മേഖലയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഒരോ വീടുകളും കേറി പ്രചാരണം നടത്തി. ആര്യാടന്‍ കുടുംബത്തോട് ദീര്‍ഘകാലമായി പിണക്കത്തിലുള്ള മുസ്ലീം ലീഗ് മേഖലയെ സമാധാനിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി നേരിട്ട് രംഗത്തിറങ്ങി. പി.വി.അന്‍വറിന്റെ നോമിനിയെന്ന നിലയില്‍ ചിത്രീകരിക്കപ്പെട്ട വി.എസ് ജോയി ആകട്ടെ തനിക്ക് യാതൊരു തരത്തിലുമുള്ള പിണക്കം സ്ഥാനാര്‍ത്ഥിയോടില്ല എന്ന് തെളിയുക്കുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ചു. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും അടക്കമുള്ളവരെ ഇടം വലം നിര്‍ത്തി വി.ഡി.സതീശന്‍ പടനയിക്കുക കൂടി ചെയ്തതോടെ യു.ഡി.എഫിന്റെ വിജയം ഉറച്ചു.

എല്ലാമുന്നണിയും ഉറച്ച തീരുമാനങ്ങളെടുത്ത തിരഞ്ഞെടുപ്പാണിത്. ലീഗും കോണ്‍ഗ്രസിന്റെ ഒരു വിഭാഗവും യു.ഡി.എഫില്‍ ഇല്ലാതിരുന്ന അറുപതുകളില്‍ രണ്ട് വട്ടം സഖാവ് കുഞ്ഞാലി വിജയിച്ചതൊഴിച്ചാല്‍ ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തില്‍ ഒരിക്കലും ആരും നിലമ്പൂരില്‍ വിജയിച്ചിട്ടില്ല. ടി.കെ ഹംസ കോണ്‍ഗ്രസ് വിമതനെന്ന നിലയില്‍ നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മാറിയതാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ശ്രീരാമകൃഷ്ണന്‍ ദയനീയമായി പരാജയപ്പെട്ടു. പിന്നീട് പി.വി.അന്‍വറിന്റെ സ്വതന്ത്ര വേഷത്തിലാണ് ഇടതുപക്ഷം മണ്ഡലം പിടിച്ചത്. എന്നിട്ടും, നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്ന സമയമായിട്ടും, സി.പി.ഐ.എം അവരുടെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. സ്വരാജാകട്ടെ ഏറ്റവും മികച്ച മത്സരവും കാഴ്ചവച്ചു. ഒരു വിവാദത്തിനും വഴങ്ങിയില്ല. വ്യക്തികളെ കുറിച്ച് ആരോപണങ്ങളോ ആക്ഷേപങ്ങളോ ഉന്നയിച്ചില്ല. റീലുകളും പോസ്റ്റര്‍ ഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിന് പകരം വ്യക്തവും സുചിന്തിതവുമായി നിലപാടുകളിലൂടെ അണികളേയും എതിരാളികളേയും ആകര്‍ഷിച്ചു. അങ്ങനെ പാര്‍ട്ടി കേഡര്‍ വോട്ടുകളില്‍ ഒന്നുപോലും പോകാതെ സംരക്ഷിച്ചു.

പി.വി.അന്‍വറാകട്ടെ വലിയ ധൈര്യമാണ് കാണിച്ചത്. പി.വി.അന്‍വര്‍ മത്സരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. ജയിക്കാനാവില്ലെന്ന് മൂന്നരത്തരം ആയതിനായില്‍ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാമായിരുന്ന നീക്കമായിരുന്നു അത്. എന്നിട്ടും മത്സരിച്ചു. പുറമേ വലിയ ഓളമുണ്ടാക്കാതെ സ്വന്തം പോക്കറ്റുകളില്‍ പ്രവര്‍ത്തിച്ചു. ഇടതുപക്ഷത്തിലേയ്ക്ക് താനായി ആകര്‍ഷിച്ച സകല വോട്ടുകളും തിരിച്ച് പിടിച്ച്, എല്ലാവരും പ്രതീക്ഷിച്ചതിനേക്കാന്‍ കൂടുതല്‍ വോട്ടു നേടി. ഇപ്പോള്‍ തലനിവര്‍ത്തി തന്നെ നിന്ന് വിലപേശാനുള്ള കരുത്ത് പി.വി.അന്‍വറിനും ഉണ്ട്. യു.ഡി.എഫിന്റെ വാതിലുകള്‍ ഇനി പതുക്കെ തുറക്കുമെന്ന് അന്‍വറിനറിയാം.

അപായസാധ്യതയെ അവഗണിച്ച് ഏറ്റവും വലിയ സാഹസികത കാണിക്കാനുള്ള ധൈര്യം കാണിച്ചത് വി.ഡി.സതീശനാണ്. ലീഗിനേയും പാര്‍ട്ടിയിലെ മറ്റ് നേതാക്കളേയും അവഗണിച്ച് പി.വി.അന്‍വറിനെ പുറത്ത് നിര്‍ത്താന്‍ വി.ഡി.സതീശന്‍ കരുത്തു കാണിച്ചു. അന്‍വര്‍ യു.ഡി.എഫിന്റെ വോട്ടു ചോര്‍ത്തുമെന്ന ഭയം അസ്ഥാനത്താണെന്ന് വാദിച്ചു. ലീഗിനോ മറ്റ് നേതാക്കള്‍ക്കോ അത് ബോധ്യമായില്ലെങ്കിലും സതീശന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ചുരുങ്ങിയ പക്ഷം പിണക്കാതിരിക്കാന്‍ നല്ല വാക്കുകളുടെ നയതന്ത്രജ്ഞതയെങ്കിലും ലീഗ് ആവശ്യപ്പെട്ടിട്ടും രൂക്ഷമായി തന്നെ അന്‍വറിനെ അകറ്റി നിര്‍ത്താന്‍ സതീശന്‍ തീരുമാനിച്ചു. അതാകട്ടെ അവസാനം യു.ഡി.എഫിന് തന്നെ ഗുണകരമായി മാറി. കോണ്‍ഗ്രസിലെ കരുത്തനും അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ എതിരാളികളില്ലാത്ത നായകനുമായി മാറാന്‍ വി.ഡി.സതീശന് ഇത് ഗുണം ചെയ്യും.  Nilambur Bye-election result; Anti incumbency sentiment against Pinarayi Vijayan government and coalition unity helped the UDF

Content Summary; Nilambur Bye-election result; Anti incumbency sentiment against Pinarayi Vijayan government and coalition unity helped the UDF

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×