UPDATES

ഹനുമ വിഹാരി ഔട്ടായത് എങ്ങനെ?

ഇന്ത്യന്‍ ക്രിക്കറ്റിനെ വിഴുങ്ങുന്ന രാഷ്ട്രീയം

                       

ഇന്ത്യയിലെ ഏറ്റവും ജനകീയമായ കായിക ഇനം, സഹസ്രകോടികള്‍ വരുമാനമുള്ള കായിക ബിസിനസ്; അതാണ് ക്രിക്കറ്റ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇന്ന് രാഷ്ട്രീയക്കാരുടെ കൈകളിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മാത്രമല്ല, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും. രാഷ്ട്രീയക്കളിയില്‍ പലപ്പോഴും കഴിവുള്ള താരങ്ങള്‍ തോറ്റുപോവുകയാണ്. അതിനേറ്റവും പുതിയ ഉദാഹരണമാണ് ആ്ന്ധ്രപ്രദേശില്‍ നിന്നുള്ള വാര്‍ത്തകള്‍.

അന്താരാഷ്ട്ര താരമായ ഹനുമ വിഹാരി, ഇനി താന്‍ ആന്ധപ്രദേശിനു വേണ്ടി കളിക്കില്ല എന്ന തീരുമാനം എടുത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ആന്ധ്രയുടെ രഞ്ജി ടീം നായകന്‍ കൂടിയാണ് രാജ്യത്തിനു വേണ്ടി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിഹാരി. അദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നില്‍ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന് വിഴുങ്ങിയിരിക്കുന്ന രാഷ്ട്രീയമാണ്.

”ഇനി ഒരിക്കലും ആന്ധ്രയ്ക്ക് വേണ്ടി കളിക്കില്ല” എന്നായിരുന്നു ഫെബ്രുവരി 26 നു നടന്ന രഞ്ജി ട്രോഫി സെമിയില്‍ നാല് റണ്‍സിന് മധ്യപ്രദേശിനോട് പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെ ആന്ധ്ര ടീമിന്റെ ക്യാപ്റ്റന്‍ പ്രഖ്യാപിച്ചത്. ഹനുമ വിഹാരി ഉയര്‍ത്തിയിരിക്കുന്ന ആരോപണം ആന്ധ്രയില്‍ വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷം ജഗ്‌മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേ വിഷയം ആയുധമാക്കിയിരിക്കുകയാണ്.

ഹനുമ വിഹാരിയെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് നിര്‍ബന്ധിച്ചുവെന്നാണ് മുഖ്യപ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ആരോപിക്കുന്നത്. എന്നാല്‍ ടിഡിപി നേതാവിന്റെ മകനായ മകനും വിഹരിയുടെ സഹ കളിക്കാരനുമായ താരം ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.


ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ഒരു വിവരാവകാശ പോരാളി നേടുന്ന വിജയങ്ങള്‍: ലോകേഷ് ബത്ര/ അഭിമുഖം


ഇന്ത്യക്കായി 16 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വിഹാരി തിങ്കളാഴ്ച തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെയാണ് ഇനി ഒരിക്കലും ആന്ധ്രാപ്രദേശിനായി കളിക്കില്ലെന്ന പ്രസ്താവന പോസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിനെതിരായ ഒരു മത്സരത്തില്‍ പതിനേഴാം നമ്പര്‍ കളിക്കാരനോട് താന്‍ ദേഷ്യപ്പെട്ടതായും കളിക്കാരന്‍ വിവരം തന്റെ പിതാവിനെ അറിയിച്ചതായും വിഹാരി പറയുന്നുണ്ട്. വിഹാരിക്കെതിരെ നടപടിയെടുക്കാന്‍ താരത്തിന്റെ പിതാവായ രാഷ്ട്രീയ നേതാവ് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനോട് (എസിഎ) ആവശ്യപ്പെട്ടു. ഒരു തെറ്റും കൂടാതെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായും വിഹാരി പറയുന്നു. തന്റെ ഭാഗത്ത് യാതൊരു തെറ്റും ഇല്ലാതിരുന്നിട്ടും ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിഹരി പറയുന്നത്.

സഹതാരമായ കുന്ത്രാപാകം പൃഥ്വിരാജുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് വിഹാരിക്കു മേല്‍ രാജിവെക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതെന്നാണ് ടിഡിപി ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. തിരുപ്പതിയില്‍ നിന്നുള്ള വൈഎസ്ആര്‍സിപി മുനിസിപ്പല്‍ കൗണ്‍സിലറായ കുന്ദ്രപാകം നരസിംഹയോടാണ് മകനായ പൃഥ്വിരാജ് വിഹാരിയെക്കുറിച്ചു പരാതിപ്പെട്ടതെന്നും, ഇതിനു പിന്നാലെയാണ് താരത്തെ(വിഹാരിയെ) ടീമില്‍ നിന്ന് പുറത്താക്കാനും കളിക്കാനിറങ്ങുന്നതില്‍ നിന്നു വിലക്കാനും നരസിംഹ നിര്‍ബന്ധിച്ചതെന്നാണ് മുതിര്‍ന്ന ടിഡിപി നേതാവും ദേശീയ വക്താവുമായ കൊമ്മാറെഡ്ഡി പട്ടാഭി റാം ആരോപിക്കുന്നത്. രണ്ട് കളിക്കാര്‍ തമ്മിലുള്ള പ്രശ്നം രൂക്ഷമായത് പൃഥ്വിരാജിന്റെ പിതാവ് ഇടപെട്ടതോടെയാണ്. ഈ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്ന വിഹാരിക്ക് നിരന്തരമായ വാക്കേറ്റത്തിനും അപമാനത്തിനും വിധേയനാകേണ്ടിവന്നുവെന്നും, ഒടുവില്‍ ആന്ധ്രയ്ക്ക് വേണ്ടി ഇനി കളിക്കേണ്ടതില്ലെന്ന ഖേദകരമായ തീരുമാനത്തില്‍ എത്തേണ്ടി വന്നുവെന്നും പട്ടാഭി റാം പറയുന്നു.

വിഹാരിയെ വൈഎസ്ആര്‍സിപി വേട്ടയാടിയെന്നാണ് പട്ടാഭി റാം ആരോപിക്കുന്നത്. ”ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനില്‍ പോലും മുഖ്യമന്ത്രി വൈ എസ് ജഗന്‍ റെഡ്ഡി തന്റെ പിണിയാളുകളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ പ്രതിയായ പി ശരത് ചന്ദ്ര റെഡ്ഡിയാണ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്. ജഗന്‍ റെഡ്ഡിയുമായി അടുപ്പമുള്ള ക്രിമിനലുകളാണ് ക്രിക്കറ്റ് അസോസിയേഷന്‍ ഭരിക്കുന്നത്’ അദ്ദേഹം പറഞ്ഞു.

”എനിക്ക് വലിയ നാണക്കേടായി. എന്നിട്ടും ഈ സീസണില്‍ ഞാന്‍ തുടരുന്നത് കളിയെയും എന്റെ ടീമിനെയും ബഹുമാനിക്കുന്നതുകൊണ്ടാണ്. ഇതില്‍ ഏറ്റവും സങ്കടകരമായ കാര്യം അസോസിയേഷന്‍ പറയുന്നതെന്തും കളിക്കാര്‍ കേള്‍ക്കേണ്ടിവരുമെന്നുള്ളതും, അവര്‍ മൂലമാണ് കളിക്കാര്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നുമുള്ള അസോസിയേഷന്റെ നിലപാടാണ്. എനിക്ക് അപമാനവും നാണക്കേടും തോന്നിയെങ്കിലും ഇന്നുവരെ ഞാന്‍ അത് പുറത്ത് പറഞ്ഞിട്ടില്ല. പക്ഷെ ആത്മാഭിമാനം നഷ്ടപ്പെടുത്തി ആന്ധ്രാപ്രദേശിനായി ഒരിക്കലും കളിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു, ”- ഹനുമ വിഹാരി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

വിഹാരിയുടെ ആരോപണം തള്ളിക്കൊണ്ടു പൃഥ്വിരാജും ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. ”നിങ്ങള്‍ കേട്ടതെല്ലാം തികച്ചും വ്യാജമായ ആരോപണങ്ങളാണ്, ആരും ഗെയിമിനേക്കാള്‍ ഉയര്‍ന്നവരല്ല, എന്റെ ആത്മാഭിമാനം എന്തിനേക്കാളും വലുതാണ്. വ്യക്തിപരമായ ആക്രമണങ്ങളും അസഭ്യമായ ഭാഷയും അംഗീകരിക്കാനാവില്ല” അദ്ദേഹം പറഞ്ഞു. എല്ലാ പരാതികളിലും സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് ആന്ധ്രപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, വിഹാരിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളാണ് അസോസിയേഷനില്‍ നിന്നും വരുന്നത്. വിഹാരിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന തരത്തിലാണ് അവര്‍ പ്രതികരിക്കുന്നതും. ഒരു താരത്തെ മാത്രം എല്ലാവരുടെയും മുന്നില്‍വച്ച് കുറ്റപ്പെടുത്തിയെന്നും, അപമാനിക്കപ്പെട്ട താരം അസോസിയേഷന് പരാതി നല്‍കിയെന്നുമാണ് അധികൃതര്‍ പറയുന്നത്. വേറെയും ടീം അംഗങ്ങള്‍ വിഹാരിക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും സഹതാരങ്ങളോടുള്ള മോശം പെരുമാറ്റവും തെറ്റായ സംസാരങ്ങളും വിഹാരിയില്‍ നിന്നും സ്ഥിരമായി ഉണ്ടാകാറുമുണ്ടെന്നാണ് ആസോസിയേഷന്‍ വാദിക്കുന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍