December 09, 2024 |
Share on

കടുത്ത യാഥാസ്ഥിതികന്‍, കാത്തിരുന്നത് പരമോന്നത പദവി; ആരായിരുന്നു ഇബ്രാഹിം റൈസി?

കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റിനെ കുറിച്ച് കൂടുതലറിയാം

ഞായറാഴ്ച്ച ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. റൈസിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. വിദേശകാര്യമന്ത്രി ഹൊസൈന്‍ അമിറാബ്ദൊള്ളഹാനും അപകടത്തില്‍ കൊല്ലപ്പെട്ടുണ്ട്. അസര്‍ബൈജാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജോല്‍ഫയിലെ പര്‍വതങ്ങള്‍ നിറഞ്ഞ മേഖലയില്‍ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അയല്‍രാജ്യവുമായി ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ച അണക്കെട്ട് ഉത്ഘാടനം ചെയ്തു മടങ്ങുകയായിരുന്നു റൈസിയും സംഘവും.  Iran President 

ഇസ്ലാമിക വിപ്ലവത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍

ഇറാനില്‍ ഇസ്ലാമിക വിപ്ലവത്തിലൂടെ യാഥാസ്ഥിതിക മതഭരണകൂടം സ്ഥാപിച്ച പിന്‍തലമുറക്കാരുടെ പാത അതേപടി പിന്തുടര്‍ന്നിരുന്ന പൂര്‍ണമായും മതവാദിയായ രാഷ്ട്രത്തലവനായിരുന്നു റൈസി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാന്‍ കണ്ടുകൊണ്ടിരിക്കുന്ന യഥാസ്ഥിതിക പരിവര്‍ത്തനങ്ങളുടെ പിന്നില്‍ റൈസിയാണ്. ആഭ്യന്തര കാര്യങ്ങളിലായാലും വിദേശനയത്തിലായാലും പൂര്‍ണമായും യാഥാസ്ഥിതിക മൂല്യങ്ങള്‍ നടപ്പാക്കണമെന്നതായിരുന്നു റൈസിയുടെ നയം. വിദേശരാജ്യങ്ങളെ ചൊടിപ്പിക്കുന്ന പ്രകോപനകാരിയായ രാഷ്ട്രനേതാവ് എന്നതും റൈസിയുടെ കുപ്രസിദ്ധി വര്‍ദ്ധിപ്പിച്ചു. ഏറ്റവുമൊടുവിലായി ലോകമതിന് സാക്ഷ്യം വഹിച്ചത്, ഏപ്രില്‍ ഒന്നിന് ഇസ്രയേല്‍ മണ്ണില്‍ പതിച്ച ഡ്രോണുകളും മിസൈലുകളുമാണ്. ദമാസ്‌കസിലെ തങ്ങളുടെ എംബസി ആക്രമിച്ചുവെന്നാരോപിച്ചായിരുന്നു ഇറാനില്‍ നിന്നും ആദ്യമായി ഇസ്രയേലിലേക്ക് ഡ്രോണുകള്‍ പറന്നത്. ഇതിനു തിരിച്ചടിയായി ഇസ്രയേല്‍ ഇറാനിലും ആക്രമണം നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന നേരിട്ടുള്ള ആദ്യ ആക്രമണം. മധ്യേഷ മറ്റൊരു ദുരന്തത്തിലേക്കു കൂടി പോകുന്നതായി ലോകം ഭയന്ന നാളുകള്‍. പൊട്ടിത്തെറികള്‍ കൂടുതലുണ്ടായില്ലെങ്കിലും ഇപ്പോഴും പുകഞ്ഞു നില്‍ക്കുകയാണ്. യെമനിലെ ഹൂതികള്‍ക്കും, ലബനനിലെ ഹിസ്ബുള്ളയ്ക്കും പലസ്തീനിലെ ഹമാസിനും അര്‍ത്ഥവും ആയുധവും നല്‍കി തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അമേരിക്കയും യുകെയും യൂറോപ്യന്‍ യൂണിയനും എപ്പോഴും കുറ്റപ്പെടുത്തുകയാണ് ഇറാനെ.

2021 ജൂണിലാണ് ഇബ്രാഹിം റൈസി ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. അഴിമതിക്കും സാമ്പത്തിക പ്രതിസന്ധിക്കും എതിരേ പോരാടാനുള്ള ശരിയായ നേതാവ് എന്നായിരുന്നു റൈസി സ്വയം അവകാശപ്പെട്ടത്. പ്രസിഡന്റ് പദവിയില്‍ വരുന്നതിനു മുമ്പും ഇറാന്റെ അധികാരശ്രേണിയില്‍ റൈസിക്ക് പ്രധാനസ്ഥാനമുണ്ടായിരുന്നു. 1980 കളില്‍ ഇറാനില്‍ രാഷ്ട്രീയ തടവുകാരെ കൂട്ട വധശിക്ഷയ്ക്ക് വിധേയരാക്കിയപ്പോള്‍ വധശിക്ഷ നിര്‍ണയ സമതിയുടെ നേതൃത്വനിരയില്‍ റൈസിയുണ്ടായിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം റൈസി നിഷേധിച്ചുപോരുകയാണുണ്ടായത്.

അധികാരങ്ങളുടെ ഉന്നതയിലേക്ക്

1960 ല്‍ ഒരു മതപുപരോഹിത കുടുംബത്തിലാണ് ഇബ്രാഹിം റൈസി ജനിക്കുന്നത്. ഷാ ഭരണകൂടത്തെ ഇല്ലായ്മ ചെയ്ത ഇസ്ലാമിക വിപ്ലവത്തിന്റെ ഭാഗമായി വളര്‍ന്നൊരു കുട്ടിയായിരുന്നു റൈസി. തന്റെ 15മത്തെ വയസില്‍ അദ്ദേഹം തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് ക്വോമിലുള്ള ഷിയ മതപാഠശാലയില്‍ എത്തി. പാശ്ചാത്യ പിന്തുണയോടെ ഇറാന്‍ ഭരിക്കുന്ന ഷാ ഭരണകൂടത്തെ പുറത്താക്കാന്‍ വേണ്ടി 1979 ല്‍ ആരംഭിച്ച ഇസ്ലാമിക വിപ്ലവത്തില്‍ കൗമാരക്കാരനായ റൈസിയും ആവേശത്തോടെ പങ്കെടുത്തു. ഫ്രാന്‍സിലെ നിര്‍ബന്ധിത പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരികെയെത്തിയ അയത്തുള്ള റുഹൊല്ല ഖൊമേനിയുടെ നേതൃത്വത്തില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവം റൈസിയെ കടുത്ത മതയാഥാസ്ഥിതികനാക്കി. വിപ്ലവത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ റൈസി തന്റെ പഠനവുമായി ടെഹ്‌റാനിലെ ഷാഹിദ് മൊട്ടാരി സര്‍വകലാശാലയില്‍ തന്നെ തുടര്‍ന്നു. ഇസ്ലാമിക നീതിശാസ്ത്രത്തിലും, നിയമത്തിലും അവിടെ നിന്നും ഡോക്ടറേറ്റ് നേടി.

കൂട്ട വധശിക്ഷയിലെ കുറ്റാരോപിതന്‍

25മത്തെ വയസില്‍ റൈസി ഇറാന്‍ ജുഡീഷ്യറിയുടെ ഭാഗമായി. തന്റെ തലമുറയിലെ ഭൂരിഭാഗം ചെറുപ്പക്കാരെയും പോലെ റൈസിയും വളരെ വേഗം തന്നെ ടെഹ്‌റാനിലെ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ പദവിയിലെത്തി. നീതിന്യായ പദവിയിലെത്തിയ റൈസിയും കുപ്രസിദ്ധമായ ഡെത്ത് കമ്മിറ്റിയിലെ നാല് ജഡ്ജിമാരില്‍ റൈസിയും ഒരാളായി. ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ ഉന്മൂലനം ചെയ്യാന്‍ രഹസ്യമായി രൂപീകരിച്ചൊരു ട്രിബ്യൂണലായിരുന്നു അതെന്നാണ് ആരോപണം. മുജാഹുദീന്‍-ഇ ഖല്‍ക് സംഘത്തില്‍പ്പെട്ടവരെയായിരുന്നു കൂടുതലും മരണശിക്ഷയ്ക്ക് വിധേയരായത്. ഇന്നും റൈസിക്കെതിരേ മനുഷ്യാവകാശ സംഘടനകളും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ആരോപിക്കുന്നുണ്ട്.

അധികാര വീഥിയില്‍ അതിവേഗമായിരുന്നു റൈസിയുടെ വളര്‍ച്ച. ടെഹ്‌റാന്‍ ചീഫ് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് എത്തിയ റൈസി അവിടെ നിന്നും സ്‌റ്റേറ്റ് ഇന്‍സ്‌പെക്ടറേറ്റി ഓര്‍ഗനൈസേഷന്റെ തലവനായി. 2006 ല്‍ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ട്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇറാനിലെ പരമോന്നത നേതാവിനെ നിയമിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതുമായ സമതിയാണിത്. സര്‍വ്വാധികാരമുള്ള ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിക്കുന്നവരാണ് അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ട്‌സില്‍ അംഗങ്ങളാകുന്നത്. 2009 ലെ വിവാദമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് മാസങ്ങളോളം നീണ്ട ജനകീയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇക്കാലത്ത് നടന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളെയും കൂട്ടത്തടവുകളെയും പിന്തുണച്ചു രംഗത്തു വന്നയാളായിരുന്നു ഇബ്രാഹിം റൈസി.

ഭരണകൂടത്തോട് വിധേയത്വം കാണിക്കുന്നതിന് റൈസിക്ക് സമയാസമയങ്ങളില്‍ ഉപകാരവും കിട്ടിയിരുന്നു. 2014 ല്‍ രാജ്യത്തെ പ്രോസിക്യൂട്ടര്‍ ജനറലായി അദ്ദേഹം അവരോധിക്കപ്പെട്ടു. ആഭ്യന്തര അടിച്ചമര്‍ത്തലിലെ പങ്കാളിത്തം ആരോപിച്ച് 2019 ല്‍ യു എസ് ട്രഷറിയുടെ ഉപരോധത്തിനും റൈസി വിധേയനാകേണ്ടി വന്നിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക്

ഹസന്‍ റുഹാനിയുടെ പിന്‍ഗാമിയായാണ് പ്രസിഡന്റിന്റെ കസേരയില്‍ റൈസി ഇരിക്കുന്നത്. 2017 ല്‍ റുഹാനിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമം റൈസി നടത്തിയെങ്കിലും 57 ശതമാനം വോട്ട് നേടി റുഹാനി അധികാരത്തിലേറി. ആ തോല്‍വിയില്‍ റൈസ്‌ക്ക് നിരാശനാകേണ്ടി വന്നില്ല. 2019 ല്‍ പരമോന്നത നേതാവ് അയുത്തുള്ള ഖൊമേനി റൈസിയെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ട്‌സിന്റെ ഡെപ്യൂട്ടി ചീഫ് ആക്കി. 2021 ല്‍ അദ്ദേഹം ആഗ്രഹിച്ചതുപോലെ പ്രസിഡന്റ് സ്ഥാനത്തുമെത്തി. ഇറാന്റെ ചരിത്രത്തില്‍ ഏറ്റവും കുറവ് പോളിംഗ് നടന്നൊരു തെരഞ്ഞെടുപ്പായിരുന്നുവത്. റുഹാനി കാലം അന്താരാഷ്ട്ര ഉപരോധങ്ങളില്‍ നിന്നും ഇറാന് ആശ്വാസം കിട്ടിയ സമയമായിരുന്നു. എന്നാല്‍, റൈസി അധികാരത്തില്‍ വന്നതിനു പിന്നാലെ യുറേനിയം സമ്പുഷ്ടീകരണം വേഗത്തിലാക്കി. ലോകത്തെ വീണ്ടും അണുവായുധ ഭീഷണയില്‍ നിര്‍ത്തി. അന്താരാഷ്ട്ര പരിശോധനകള്‍ തടഞ്ഞു.

ഒരു 16 കാരിയോട് ഇറാന്‍ സൈന്യം ചെയ്ത ക്രൂരതകള്‍

റൈസിയുടെ ഭരണകാലം ഇറാനില്‍ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായ കാലം കൂടിയാണ്. ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ മത പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ രക്തസാക്ഷിത്വം ആയിരക്കണക്കിന് യുവാക്കളെയാണ് തെരുവിലിറക്കിയത്. സ്ത്രീകള്‍ അവരവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തിവരികയാണ്. ഇത്തരം പ്രതിഷേധങ്ങളുടെ പേരില്‍ ചെറുപ്പക്കാരായ സ്ത്രീ-പുരുഷന്മാരെ വധശിക്ഷയ്ക്ക് വിധിക്കുന്നതും തടവിലാക്കുന്നതും പതിവായിട്ടുണ്ട്. പലരും പൊലീസ് മര്‍ദ്ദനത്തിലും കൊല്ലപ്പെടുന്നുണ്ട്.

സഫലമാകാതെ പോയ പരമോന്നത പദവി

അയത്തുള്ള ഖൊമേനിയുടെ കാലശേഷമോ, 85 കാരനായ ഖൊമേനി സ്ഥാനം ഒഴിഞ്ഞാലോ പകരം ആ സ്ഥാനത്തേക്ക് മുഖ്യപരിഗണന കിട്ടിയിരുന്ന നേതാവ് കൂടിയായിരുന്നു ഇബ്രാഹിം റൈസി. റൈസിയുടെ നയങ്ങള്‍ക്ക് ഖൊമേനിയുടെ പിന്തുണ എപ്പോഴുമുണ്ടായിരുന്നു. തന്റെ മൂന്നുവര്‍ഷത്തെ ഭരണകാലയളവില്‍ മധ്യേക്ഷയില്‍ ഇറാന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു പ്രസിഡന്റ് റൈസി. ആയുധ പിന്തുണ നല്‍കി തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന സംഘങ്ങളെ മേഖലയില്‍ വളര്‍ത്തിയതുകൂടാതെ, പശ്ചാത്യ ശക്തികളെ വെല്ലുവിളിക്കാനെന്ന പോലെ ആണവായുധ നിര്‍മാണം ത്വരിതഗതിയിലാക്കാനും റൈസ് ശ്രമിച്ചുകൊണ്ടിരുന്നു. അമേരിക്കയെയും ഇസ്രയേലിനെയുമൊക്കെ പ്രകോപിപ്പിക്കുന്നതിനൊപ്പം ചൈന ഉള്‍പ്പെടെയുള്ളവരുമായി നയതന്ത്രബന്ധമുണ്ടാക്കാനും റൈസിക്ക് കഴിഞ്ഞിരുന്നു.

അടുത്ത് പ്രസിഡന്റ്

ഇബ്രാഹിം റൈസിയുടെ പകരക്കാരനായി ഒന്നാം വൈസ് പ്രസിഡന്റ് മൊഹമ്മദ് മൊഖ്‌ബെര്‍ താത്കാലിക ചുമതലയേറ്റെടുത്തിട്ടുണ്ട്. ഇറാന്‍ ഭരണഘടനപ്രകാരം പ്രസിഡന്റിന്റെ അഭാവത്തില്‍ ഒന്നാം വൈസ് പ്രസിഡന്റിനാണ് ചുമതല. 2021 ഓഗസ്റ്റിലാണ് റൈസി തന്റെ ഒന്നാം വൈസ് പ്രസിഡന്റായി മൊഖ്‌ബേറിനെ തിരഞ്ഞെടുത്തത്. കാബിനറ്റില്‍ അംഗങ്ങളായ ഒന്നില്‍ കൂടുതല്‍ വൈസ് പ്രസിഡന്റുമാര്‍ ഇറാനുണ്ടെങ്കിലും ഒന്നാം വൈസ് പ്രസിഡന്റാണ് മുന്‍ഗണന കിട്ടുന്നത്. അടുത്ത 50 ദിവസത്തേക്കായിരിക്കും മൊഖ്‌ബേറിന് ചുമതല. ഭരണഘടന പ്രകാരം 50 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം. പരമോന്നത നേതാവിന്റെ കീഴില്‍ വരുന്ന സാമ്പത്തിക കൂട്ടായ്മയായ സെറ്റാഡിന്റെ തലവനായി 14 വര്‍ഷം സേവനമനുഷ്ഠിച്ചയാളാണ് മൊഖ്‌ബേര്‍. അദ്ദേഹത്തിന്റെ ഭരണകാലയളവിലാണ് സെറ്റാഡ് ഇറാന്റെ സ്വന്തം കൊറോണ വൈറസ് വാക്‌സിനായ കോവിറാന്‍ ബറേകത്ത് വികസിപ്പിച്ചെടുത്തത്. ഇതിന്റെ സുരക്ഷയും ഫലപ്രാപ്തിയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

Content Summary; who was ebrahim raisi, iran president who killed helicopter crash

×