‘നിനക്ക് അഭിനയിക്കാന്‍ അറിയുമോ എന്നതല്ല, നിന്റെ വായനയും നിന്റെ സംസാരവും നിന്നിലെനിക്ക് വിശ്വാസം ഉണ്ടാക്കിയിരിക്കുന്നു’; കവിതാലയ പ്രൊഡക്ഷന്‍ ഓഫിസില്‍ വച്ച് പ്രകാശ് രാജിനോട്, കെ ബാലചന്ദര്‍ പറഞ്ഞു.
സിനിമ മോഹവുമായി മദ്രാസില്‍ ഏറെയലഞ്ഞ പ്രകാശ് രാജ് നടനായി. ബാലചന്ദര്‍ തന്നെയാണ് പ്രകാശ് രാജിനെ സിനിമയ്ക്ക് സമ്മാനിച്ചത്. മണിരത്നം തന്റെ മൂശയിലിട്ട് വാര്‍ത്തൊരുക്കിയെടുത്തു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ അയാളാണ്. സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍; സിനിമയില്‍ അയാള്‍ പല മേല്‍വിലാസങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ ഇന്നത്തെ കാലത്ത് പ്രകാശ് രാജ് അടയാളപ്പെടുത്തപ്പെടേണ്ടത് നിലപാടുള്ള കലാകാരന്‍ എന്നാണ്. അയാളുടെ വാദങ്ങള്‍ക്കും ആശയങ്ങള്‍ക്കും പക്ഷങ്ങള്‍ പലതുണ്ടാകാം. നിശബ്ദത നേട്ടങ്ങള്‍ക്ക് കാരണമാകുന്നൊരു കാലത്ത്, ഫാസിസത്തോട് സമരസപ്പെടാന്‍ തയ്യാറാകാത്ത സിനിമാക്കാര്‍ എത്ര പേരുണ്ടാകുമെന്നാലോചിക്കുമ്പോഴാണ് നമുക്കയാളോട് ബഹുമാനം തോന്നുന്നത്.
തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഗൗലി ലങ്കേഷിന്റെ കൊലപാതകത്തോടെ ഹൈന്ദവ ഫാസിസത്തോട് നിരന്തരം പോരാടുന്നുണ്ട് പ്രകാശ് രാജ്. രാജ്യം ഭരിക്കുന്നവര്‍ തന്നെ ചുരത്തുന്ന വര്‍ഗീയതയോട്, അതിന് നേതൃത്വം കൊടുക്കുന്നവരോട് ഭയമില്ലാതെ, പതറാതെ…ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു. ആക്രോശങ്ങളെ ഭയപ്പെടുന്നില്ല. നുണകളെ, അന്യായങ്ങളെ മൂര്‍ച്ഛയേറിയൊരു കത്തി കൊണ്ടെന്നപോലെ അറുത്തു കളയുന്നു. അവരെ ലജ്ജിപ്പിക്കാന്‍ പ്രകാശ് രാജിന് അയാളുടെ ചുണ്ടുകള്‍ വലതുകോണിലേക്കുയര്‍ത്തിയുള്ള ആ ചിരി മതി…
Bigots Chronology … #justasking pic.twitter.com/0587UyzOWG
— Prakash Raj (@prakashraaj) July 6, 2023
ഞാന്‍ ഹിന്ദു വിരുദ്ധനല്ല, എന്നാല്‍ മോദി വിരുദ്ധനാണ്, അമിത് ഷാ വിരുദ്ധനാണ്, അനന്തകുമാര്‍ ഹെഗ്ഡെ വിരുദ്ധനാണ് എന്നു തുറന്നടിച്ചിട്ടുണ്ട്. മോദിയും ഷായും ഹെഗ്ഡെയും ഹിന്ദുക്കളല്ല എന്നും പറഞ്ഞു. ആരാണ് ഹിന്ദുവെന്ന് തീരുമാനിക്കാന്‍ നിങ്ങളെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് ബിജെപി വക്താവ് ചോദിക്കുമ്പോള്‍, ഞാന്‍ ഹിന്ദു വിരുദ്ധനെന്ന് അവര്‍ തീരുമാനിക്കുമ്പോള്‍ അവര്‍ ഹിന്ദുക്കളല്ലെന്ന് എനിക്ക് പറയേണ്ടി വരുമെന്നായിരുന്നു മറുപടി. ഒരു ഇസത്തെ, ഒരു മതത്തെ ഈ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ അനന്ത്കുമാര്‍ ഹെഗ്ഡെയോട് നിങ്ങളൊരു ഹിന്ദുവല്ല, കൊലപാതകങ്ങളെ പിന്തുണയ്ക്കുന്ന ഒരാള്‍ക്ക് ഹിന്ദുവാകാനാവില്ല, അതുകൊണ്ടുതന്നെ മോദിയും ഷായും ഹിന്ദുക്കളല്ല എന്നു തിരിച്ചു പറയാന്‍ ഭയപ്പെട്ടില്ല.
വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട മോദിയുടെ ട്വീറ്റിനെ പരിഹസിച്ചുകൊണ്ട്; ‘ആ ജോലി സ്‌റ്റേഷന്‍ മാസ്റ്റര്‍ ചെയ്‌തോളും, താങ്കളെ ഞങ്ങള്‍ക്ക് കാണേണ്ടത് മണിപ്പൂരില്‍ ആണ്’ എന്നു പറയാന്‍ ഇന്ത്യന്‍ സിനിമ ലോകത്ത് ഒരു പ്രകാശ് രാജെ ഉണ്ടായുള്ളൂ.
കേവലം രാഷ്ട്രീയത്തിന്റെ പുറത്തല്ല പ്രകാശ് രാജ് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും എതിര്‍ക്കുന്നതും. ‘ഞാന്‍ അദ്ദേഹത്തിന് വോട്ട് ചെയ്തോ ഇല്ലയോ എന്നത് ഒരു വിഷയമല്ല, മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, എന്റെയും കൂടി പ്രധാനമന്ത്രിയാണ്…അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം എനിക്കും, ഉത്തരം പറയേണ്ട ബാധ്യത അദ്ദേഹത്തിനുമുണ്ടെന്ന്’ ഗൗരിയുടെ കൊലപാതകത്തില്‍ തന്നെ പ്രകാശ് രാജ് വ്യക്തമാക്കിയിട്ടുണ്ട്.
‘അഞ്ചു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഞാന്‍ അത്യാവശ്യം അറിയപ്പെടുന്നൊരു നടനാണ്. പക്ഷേ നിങ്ങള്‍ എന്നെക്കാള്‍ നല്ല നടനാണ്. നിങ്ങള്‍ അഭിനയിക്കുന്നത് കണ്ടാല്‍ എനിക്ക് മനസിലാവില്ലെന്ന് കരുതിയോ. എന്താണ് സത്യം, എന്താണ് അഭിനയം എന്ന് എനിക്ക് കൃത്യമായി മനസിലാകും. അങ്ങനെയുള്ള എന്നെ നിങ്ങള്‍ ചെറുതായി കാണരുത്; എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് പറഞ്ഞത്, ഗൗരിയുടെ കൊലപാതകത്തില്‍ മോദി പുലര്‍ത്തിയ നിശബ്ദതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു.
ഹിന്ദുത്വ ദേശീയവാദികളോട് പ്രകാശ് രാജ് ഒരിക്കല്‍ ചോദിച്ചു; ‘ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? മതത്തിന്റെ, സംസ്‌കാരത്തിന്റെ, സദാചാരത്തിന്റെ പേരില്‍ ഭയം ഊട്ടിയുറപ്പിക്കുന്നത് തീവ്രവാദം അല്ലെങ്കില്‍, പിന്നെന്താണ് തീവ്രവാദം? എന്റെ രാജ്യത്ത് തെരുവില്‍ ഇരിക്കുന്ന യുവദമ്പതിയെ സദാചാരത്തിന്റെ പേരില്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്നത് തീവ്രവാദമല്ല, നേരിയ സംശയത്തിന്റെ പേരില്‍ പോലും ഗോവധം ആരോപിച്ച് നിയമം കൈയിലെടുത്ത് മനുഷ്യരെ തല്ലിക്കൊല്ലുന്നത് തീവ്രവാദമല്ല, നേരിയ ശബ്ദത്തില്‍ പോലും അഭിപ്രായഭിന്നത പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും തീവ്രവാദമല്ല, പിന്നെ എന്താണ് തീവ്രവാദം?
I am a Citizen.i will ask questions.. but Who would have deleted my tweet #justasking pic.twitter.com/zDhfy2IWCT
— Prakash Raj (@prakashraaj) June 27, 2023
എതിരാളികള്‍ പ്രകാശ് രാജിനെ കമ്യൂണിസ്റ്റാക്കി, തീവ്രവാദിയാക്കി, ഭൂമികയ്യേറ്റക്കാരനാക്കി, മകന്‍ മരിച്ചു കിടന്നപ്പോഴും ആഘോഷിക്കാന്‍ പോയവനും രണ്ടു കല്യാണം കഴിച്ചവനും കള്ളപ്പണം ഒളിപ്പിച്ചിച്ചവനും കോമാളിയും അസാന്മാര്‍ഗിയുമാക്കി; അയാള്‍ പക്ഷേ ഗൗനിച്ചില്ല.
സിര്‍സിയില്‍ താന്‍ പങ്കെടുത്ത ചടങ്ങിന്റെ വേദി ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ച ബിജെപിക്കാരെ നേരിട്ടത്; ‘ഞാന്‍ പോകുന്നിടത്തെല്ലാം നിങ്ങളുടെ ഈ വൃത്തിയാക്കലും ശുദ്ധീകരിക്കലും തുടരാമോ? എന്ന പരിഹാസത്തോടെയായിരുന്നു.
‘അദ്ദേഹമൊരു ക്ഷേത്രപൂജാരിയോ അതോ മുഖ്യമന്ത്രിയോ? ഇരട്ടവേഷം കെട്ടിയാടുകയാണോ? ഇത്തരത്തില്‍ കഴിവുള്ള നടന്മാരെ കാണുമ്പോള്‍ എനിക്ക് കിട്ടിയ അഞ്ചു ദേശീയ പുരസകാരങ്ങളും അവര്‍ക്ക് കൊടുക്കാനാണ് തോന്നുന്നത്; പ്രകാശ് രാജിന്റെ പരിഹാസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടായിരുന്നു.
ഹിന്ദുത്വയും ദേശീയതയും ഒന്നാണെന്ന് പറയുന്നതാണ് ഇന്ത്യയുടെ പുതിയ അന്ധവിശ്വാസമെന്ന് പരിഹസിക്കാന്‍ ഒരു പ്രകാശ് രാജിനു മാത്രമെ കഴിയുന്നുള്ളൂ. ഹിന്ദുത്വവും ദേശീയതയും രണ്ടല്ലെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞപ്പോള്‍, നിങ്ങള്‍ ദേശീയതയില്‍ മതം കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നു മറുപടി പറഞ്ഞതും പ്രകാശ് രാജായിരുന്നു. ഹിന്ദുത്വയിലാണോ ദേശീയത നില്‍ക്കുന്നത്? അങ്ങനെയാണെങ്കില്‍ അംബേദ്ക്കറിനും എ ആര്‍ റഹ്‌മാനും ഖുശ്വന്ത് സിംഗിനും അമൃതാ പ്രീതത്തിനും വര്‍ഗീസ് കുര്യനുമൊന്നും ഇന്ത്യന്‍ ദേശീയതയില്‍ അഭിമാനം കൊള്ളാന്‍ അവകശമില്ലേ? ഒരു മതത്തിലും വിശ്വസിക്കാത്ത എന്നെപോലുള്ളവര്‍ക്കും അതിനവകാശമില്ലേ? എന്നാണ് പ്രകാശ് രാജ് ചോദിച്ചത്. മതത്തിലല്ലാതെ മാനവികതയില്‍ വിശ്വസിക്കുന്നവര്‍ക്ക് ദേശീയത പറയാന്‍ അവകാശമില്ലേയെന്ന് ചോദിക്കാന്‍ അയാള്‍ ആരെയും ഭയപ്പെട്ടില്ല.
ഞങ്ങളുടെ രാജ്യത്തിന്റെ ദേശീയതയില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നു പറയാന്‍ നിങ്ങളാരാണ്? എന്താണ് നിങ്ങളുടെ അജണ്ട? നിങ്ങള്‍ ഹിറ്റ്ലറുടെ പുരവതാരങ്ങളാണോ എന്നു പരിഹസിക്കാനും ഒരു പ്രകാശ് രാജ് മാത്രമെ സിനിമാക്കാര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളൂ.
വര്‍ഗീയ രാഷ്ട്രീയവുമായി ആരെങ്കിലും വന്നാല്‍ അവരെ തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിന് അനുവദിക്കരുത്, വിഭജനത്തിന് അനുവദിക്കരുത്, അതിനി നിങ്ങളൊരു കന്നഡിഗനോ തമിഴനോ തെലുങ്കനോ മലയാളിയോ ആരായാലും അവരെയതിന് അനുവദിക്കരുതെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടത് ഒരു ഭരണകൂടത്തിന്റെ കീഴില്‍ നിശബ്ദനാകാന്‍ തയ്യാറാകാത്തതുകൊണ്ടാണ്.
വര്‍ഗീയതയുടെ വിപണനക്കാര്‍ പല അസത്യപ്രചരണങ്ങളും നടത്തും പക്ഷേ അവരില്‍ വിശ്വസിക്കരുത്. ഒരു സിനിമയ്ക്ക് എസ് ദുര്‍ഗ എന്നു പേരിട്ടാലാണ് അവര്‍ക്ക് പ്രശ്നം, ദുര്‍ഗ വൈനോ, ദുര്‍ഗ ബാറോ അവര്‍ക്കൊരു പ്രശ്നമല്ല’ എന്നും പറയാനും, വര്‍ഗീയ രാഷ്ട്രീയം തുറന്നു കാണിക്കുന്ന ‘അഫ്വ’ കാണാന്‍ ആഹ്വാനം ചെയ്യാനും സിനിമാക്കാര്‍ക്കിടയിലും ഒരു പ്രകാശ് രാജെ ഉള്ളൂ.
#Afwaah on #netflix One of the most relevant film of our times .. EXPOSING how the communal agenda has
emboldened the bigots to play theire politics and how We will end up as VICTIMS.. a must watch film ..please share n spread the word .. if you love INDIA .Salute to the team… pic.twitter.com/obSUFVijJg— Prakash Raj (@prakashraaj) July 2, 2023
ഭീഷണിയും നിശബ്ദതയും പിടിമുറുക്കുമ്പോള്‍ നമ്മള്‍ ശിലായുഗത്തിലേക്കാണ് മടങ്ങുന്നത്, ചോദ്യങ്ങളും സംവാദങ്ങളുമാണ് ഊര്‍ജസ്വലമായൊരു സമൂഹത്തെ സൃഷ്ടിക്കുന്നതെന്ന പാഠമാണ് പ്രകാശ് രാജ് പഠിപ്പിക്കുന്നത്.
അതേ നിരന്തരം ചോദ്യം ചോദിക്കാന്‍ പ്രകാശ് രാജ് നമ്മളെ നിര്‍ബന്ധിക്കുന്നുണ്ട്. വര്‍ഗീയതയ്ക്കെതിരേ, വിഭജനങ്ങള്‍ക്കെതിരേ, കൊലപാതകങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരേ, ദേശീയതയെ കപടവത്കരിക്കുന്നതിനെതിരേ…ചോദ്യങ്ങള്‍ ചോദിക്കാന്‍. നിശബ്ദത വിറ്റ് നേട്ടങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കിടയില്‍ നിന്നും ഒരു പ്രകാശ് രാജ് എങ്കിലും പറയാനും ചോദിക്കാനുമായി ഉണ്ടല്ലോ…