UPDATES

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുണമോ ദോഷമോ?

ഏക സിവില്‍ കോഡിന് സമാനമായ ബിജെപിയുടെ മറ്റൊരു അജണ്ടയാണ് രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് എന്നതും

                       

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് വേഗതയേറുന്നു. വിഷയം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രൂപീകരിച്ചു. സെപ്തംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സെഷന്‍ വിളിച്ചതിനു പിന്നാലെയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അവരുടെ പ്രധാന അജണ്ടകളില്‍ ഒന്നിനു വേണ്ടി മുന്‍ രാഷ്ട്രപതിയെ തന്നെ അധ്യക്ഷനാക്കി സമിതി രൂപീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിലും ഇതേ അജണ്ട തന്നെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഒരുവേള സര്‍ക്കാര്‍ അതിനാവശ്യമായ നിയമനിര്‍മാണവും നടത്തിയേക്കും എന്നാണ് വിവരം. പ്രത്യേക സമ്മേളനം പ്രതിപക്ഷത്തെയടക്കം ആശ്ചര്യപ്പെടുത്തിയ പ്രഖ്യാപനമായിരുന്നു. തങ്ങളോട് കൂടിയാലോചിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്നാണ് കോണ്‍ഗ്രസ് പരാതിപ്പെട്ടത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആരും പ്രത്യേക സമ്മേളനത്തിനു പിന്നിലെ കാരണം പറയുന്നില്ലെങ്കിലും ‘ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ തന്നെയാണ് ആ കാരണം എന്നാണ് പൊതുവില്‍ പറഞ്ഞു കേള്‍ക്കുന്നത്.

2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. പിന്നീടങ്ങോട്ട് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പല തവണയായി ഈ ആവശ്യം ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഏക സിവില്‍ കോഡിന് സമാനമായ മറ്റൊന്ന്.2019 ല്‍ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെ ക്ഷണിച്ചു നടത്തിയ യോഗത്തിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ഒരൊറ്റ തെരഞ്ഞെടുപ്പ്; ചില ഗുണങ്ങളുമുണ്ട്, ദോഷങ്ങളും

നീതി ആയോഗ് പറയുന്നത്, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരു തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് എന്നാണ്. നിയമസഭ തെരഞ്ഞെടുപ്പുകളായും ലോക് സഭ തെരഞ്ഞെടുപ്പായും.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തിക ചെലവ് ഗണ്യമായി കുറയ്ക്കാം എന്നതാണ് പ്രധാന നേട്ടമായി പറയുന്നത്. അഞ്ചു വര്‍ഷമാണ് ലോക്‌സഭയിലും നിയമസഭയിലും കാലാവധിയെങ്കിലും, സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലാണ് തെരഞ്ഞെടുപ്പുകള്‍ വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏകീകരണം ഉണ്ടാകുന്നു, അതൊടൊപ്പം രാജ്യത്തിനുണ്ടാകുന്ന വമ്പിച്ച സാമ്പത്തിക നഷ്ടം വലിയ തോതില്‍ കുറയ്ക്കാനും സാധിക്കുന്നു എന്നതാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് പ്രക്രിയയെ പിന്തുണയ്ക്കുന്നവരുടെ വാദം.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് പുതിയതായി ഉയര്‍ന്നുവന്ന ആശയമല്ല. ഇന്ത്യ ഈ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ള രാജ്യമാണ്. 1952,1957,1962,1967 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയത്താണ് തെരഞ്ഞെടുപ്പുകള്‍ നടന്നത്. 1968-89 കള്‍ മുതലാണ് ആ സംവിധാനം തെറ്റുന്നത്. ചില നിയമസഭകള്‍ സ്വാഭാവിക കാലാവധിക്കു മുന്നേ പിരിച്ചു വിടപ്പെട്ടു. അതിനു പല കാരണങ്ങളുമുണ്ടായിരുന്നു. ഏക തെരഞ്ഞെടുപ്പ് രീതിക്ക് അതോടെ താളം തെറ്റി. എങ്കിലും, പഴയ നിലയില്‍ ഒറ്റ തെരഞ്ഞെടുപ്പ് എന്ന സജ്ജീകരണത്തിലേക്ക് തിരിച്ചു പോകാന്‍ രാജ്യം ശ്രമിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ വിയോജിപ്പ് തടസമായി.

ജനസംഖ്യ അടിസ്ഥാനത്തില്‍ ഇന്ത്യ അതിവേഗം വളരുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും അതിനൊപ്പം കൂടുന്നുണ്ട്. രാഷ്ട്രീയ അസ്ഥിരതയും വര്‍ദ്ധിക്കുന്നു. എവിടെയും, എപ്പോള്‍ വേണണെങ്കിലും സര്‍ക്കാരുകള്‍ നിലം പൊത്തുന്നു. ചിലപ്പോള്‍ ഒരേ വര്‍ഷത്തില്‍ തന്നെ രണ്ട് തെരഞ്ഞെടുപ്പുകള്‍ ഒരു നിയമസഭയിലേക്ക് നടക്കുന്നു. തെരഞ്ഞെടുപ്പിന്റെ പേരില്‍ ചെലവാകുന്ന സര്‍ക്കാര്‍ പണം സഹസ്ര കോടികളാണ്.

2019 ലെ പൊതു തെരഞ്ഞെടുപ്പിന് രാജ്യം ചെലവാക്കിയ തുക 55,000 നും 60,000 കോടിക്കും ഇടയിലാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചെലവ് വേറെ.ഇതിലുമിരട്ടി കാണും, യഥാര്‍ത്ഥ കണക്ക് പുറത്തുവരുമെന്നും പ്രതീക്ഷിക്കരുത്.

1951-52 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്നത് 52 പാര്‍ട്ടികളും 1874 സ്ഥാനാര്‍ത്ഥികളുമായിരുന്നു. അന്നത്തെ ചെലവ് 11 കോടിയായിരുന്നു.

2019 ല്‍ 610 പാര്‍ട്ടികളും 9,000 സ്ഥാനാര്‍ത്ഥികളും രാജ്യത്തിന്റെ അധികാരം പിടിക്കുന്നതിനുള്ള മത്സരത്തിന്റെ ഭാഗമായി. ആകെ ചെലവ്, 60,000 കോടി!

1998-ല്‍ നിന്നും 2019-ല്‍ എത്തുമ്പോള്‍ തെരഞ്ഞെടുപ്പ് ചെലവ് ആറ് മടങ്ങാണ് വര്‍ദ്ധിച്ചതെന്നാണ് സെന്റര്‍ ഫോര്‍ മീഡിയ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. അതായത്, 9,000 കോടിയില്‍ നിന്നും 55,000 (60,000 എന്നും കണക്കുണ്ട്) കോടിയിലേക്ക്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ചെലവേറിയതാണ് ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ്. 2016 ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചെലവായത് 6.5 ബില്യണ്‍ ആണെങ്കില്‍ 2019-ല്‍ ഇന്ത്യയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് 8.5 ബില്യണ്‍ ചെലവാക്കി. ഇ.വി.എം മെഷീനുകള്‍ക്ക് മാത്രമായി 4,500 കോടി മുടക്കിയിട്ടുണ്ടെന്നാണ് ലോ കമ്മീഷന്റെ എസ്റ്റിമേറ്റില്‍ പറയുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലഘട്ടങ്ങളിലായി തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, നിയമാനുസൃതം ഏര്‍പ്പെടുത്തേണ്ടി വരുന്ന പെരുമാറ്റ ചട്ടങ്ങള്‍ രാജ്യപുരോഗതിക്ക് തടസം ഉണ്ടാക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. പെരുമാറ്റ ചട്ടം നിലവില്‍ വന്നാല്‍ തെരഞ്ഞെടുപ്പ് കഴിയും വരെ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കില്ല. ഏകീകൃത തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പോളിസികളുടെയും നടപ്പാക്കാല്‍ ഒരേ സമയം തന്നെ രാജ്യത്ത് എല്ലായിടത്തും നടപ്പാക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു വാദം.

മറ്റൊന്ന്, മനുഷ്യപ്രയത്‌നത്തിന്റെയും സര്‍ക്കാര്‍ മിഷനറികളുടെയും അമിതോപയോഗമാണ്. നീതിപൂര്‍വ്വവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പുകള്‍ സാധ്യമാക്കുന്നതിന് സാമ്പത്തിക ചെലവിനൊപ്പം മനുഷ്യ പ്രയത്‌നവും ആവശ്യമായി വരുന്നുണ്ട്. പൊലീസ്-സൈന്യം തുടങ്ങിയ സുരക്ഷ വിഭാഗങ്ങളുടെ സേവനം, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം ഇതെല്ലാം വലിയ തോതില്‍ വേണ്ടി വരുന്നുണ്ട്. ഇരട്ടി ഉത്തരവാദിത്തവും ജോലിഭാരവുമാണ് തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കു നിയോഗിക്കപ്പെടുന്നവര്‍ക്ക് ഉണ്ടാകുന്നത്. ഇതിനെല്ലാം മാറ്റം കൊണ്ടുവരാന്‍ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശത്തിലൂടെ സാധിക്കുമെന്ന് പറയുന്നു.

സാമ്പത്തി ചെലവും മനുഷ്യ പ്രയത്‌നവും നോക്കുമ്പോള്‍ എല്ലാം ഒറ്റ തവണയായി തീര്‍ക്കുന്നതില്‍ ലാഭം ഉണ്ടെങ്കിലും രാഷ്ട്രീയമായി ജനാധിപത്യ സംവിധാനത്തിന് ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഗുണം ചെയ്യുമോ എന്നതാണ് ചോദ്യം. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളെ വ്യത്യസ്ത രീതികളിലാണ് പാര്‍ട്ടികള്‍ സമീപിക്കുന്നത്. പൊതുവിഷയമാണ് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതെങ്കില്‍, സംസ്ഥാനങ്ങളില്‍ അത് വ്യത്യസ്തമായ പ്രാദേശിക വിഷയങ്ങളായിരിക്കും. ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയവുമായിട്ടാകില്ല, പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ മത്സരിക്കാനിറങ്ങുന്നത്.

പ്രാദേശിക പാര്‍ട്ടികളെ ഈയൊരു സംവിധാനം അത്രകണ്ട് തുണയ്ക്കില്ലെന്നാണ് പറയുന്നത്. കാരണം, അവരുടെ രാഷ്ട്രീയം പ്രാദേശിക വിഷയത്തിലൂന്നി മാത്രമുള്ളതാണ്. ദേശീയ രാഷ്ട്രീയത്തെ ബന്ധപ്പെട്ടല്ല. രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തികമായും ദേശീയ പാര്‍ട്ടികളുമായി മത്സരിക്കാന്‍ കഴിയില്ലെന്നതുകൊണ്ട് തന്നെ പ്രാദേശിക പാര്‍ട്ടികള്‍ ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് യോജിക്കണമെന്നില്ല.

‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന സംവിധാനം ഇന്ത്യയില്‍ നടപ്പാക്കുകയാണെങ്കില്‍ തന്നെ, അത് പ്രാബല്യത്തില്‍ വരാന്‍ സമയം വേണ്ടി വരും. ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി സമന്വയിപ്പിക്കേണ്ടതുണ്ട്. അതത്ര എളുപ്പമല്ല. പകുതിയിലേറെ കാലാവധി ബാക്കി കിടക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിഷേധിക്കും. സംസ്ഥാനങ്ങളില്‍ ദേശീയ പാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും സര്‍ക്കാരുകള്‍ അധികാരത്തിലുണ്ട്. 2024 ലെ പൊതു തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താം എന്നു കേന്ദ്ര സര്‍ക്കാരിനോ തെരഞ്ഞെടുപ്പ് കമ്മിഷനോ പറയാന്‍ കഴിയില്ല. ഈ വര്‍ഷം അധികാരത്തില്‍ കേറിയ സര്‍ക്കാരുകളുണ്ട്. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇനിയും രണ്ടര വര്‍ഷത്തോളം ഭരണം ബാക്കി കിടപ്പുണ്ട്. 2023 അവസാനത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്- രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് പോലെ. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാരിനാകില്ല. ഭരണഘടന ഉറപ്പു നല്‍കുന്ന ഫെഡറല്‍ അവകാശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് എപ്രകാരമുള്ള നിയമ നിര്‍മാണമായിരിക്കും കേന്ദ്രം നടത്താന്‍ ഉദ്ദേശിക്കുന്നത്?

പ്രതിപക്ഷം ഇപ്പോള്‍ തന്നെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ ഏകാധിപത്യ അജണ്ടയുടെ ഭാഗമാണ് ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നാണ് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ കുറ്റപ്പെടുത്തിയത്. ഒരു രാജ്യം ഒരു സംസ്‌കാരം, ഒരു രാജ്യം ഒരു മതം, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു നികുതി എന്നതുപോലെയാണ് അവരിപ്പോള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നു പറയുന്നത്. ഇനിയവര്‍ ഒരു രാജ്യം ഒരു പാര്‍ട്ടി, ഒരു രാജ്യം ഒരു നേതാവ് എന്നും പറയും; ഡി രാജയുടെ വാക്കുകള്‍.

ലോക്‌സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് പിന്തുണ കിട്ടിയാല്‍ മാത്രമാണ് ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ ലക്ഷ്യം നിയമഭേദഗതിയാവുകയുള്ളൂ. ഒരുപക്ഷേ, കാലാവധി പൂര്‍ത്തിയാകാന്‍ കാത്തരിക്കാതെ, ഈ വര്‍ഷം തന്നെ പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള പദ്ധതിയും ബിജെപിക്ക് ഉണ്ടെന്നാണ് കേള്‍ക്കുന്നത്. എന്തായാലും രാഷ്ട്രീയമായും, ഇന്ത്യന്‍ ജനാധിപത്യത്തെ ബാധിക്കുന്നതുമായ നീക്കങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നും വരാന്‍ പോകുന്നുവെന്നാണ് ദേശീയതലത്തില്‍ പറഞ്ഞു കേള്‍ക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍