ഇന്ത്യ-കാനഡ ബന്ധം ഉലച്ച കൊലപാതകമാണ് ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജ്ജറിന്റെത്. പുറത്തു വന്ന വാര്‍ത്തകളില്‍ പറഞ്ഞതിനെക്കാള്‍ ആസൂത്രിതമായ ഒന്നായിരുന്നു അതെന്നാണ് ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയെ ‘ പ്രതി സ്ഥാനത്ത്’ നിര്‍ത്തിയിരിക്കുന്ന ആ കൊലപാതകത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.
2023 ജൂണ്‍ 18 നു ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു നിജ്ജറിന്റെ കൊലപാകം. രണ്ടു വാഹനങ്ങളും ആറ് പുരുഷന്മാരും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചും, സാക്ഷിമൊഴികള്‍ അടിസ്ഥാനമാക്കിയും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിപുലമായതും കൂടുതല്‍ സംഘടിതവുമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നാണ് അമേരിക്കന്‍ ദേശീയ മാധ്യമം കണ്ടെത്തിയിരിക്കുന്നത്.
നിജ്ജറിന്റെ കൊലപാതകത്തില്‍ കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ മെല്ലെപ്പോക്ക് കാണിക്കുകയാണെന്ന ആക്ഷേപം പ്രാദേശിക സിഖ് സമൂഹത്തിനുണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രയോജനകരമായ വിവരങ്ങളൊന്നും ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് അവര്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ഉയര്‍ത്തിയിരുന്ന ആക്ഷേപം. കൊലപാതക സ്ഥലത്ത് പൊലീസ് എത്തിയത് തന്നെ താമസിച്ചാണ്. അതിനു പുറമെയാണ് അന്വേഷണ ഏജന്‍സികള്‍ പരസ്പരം തര്‍ക്കിച്ച് പിന്നെയും സമയം കളഞ്ഞത്. ഗുരുദ്വാരയ്ക്ക് സമീപമുള്ള താമസക്കാരും വ്യാപാരികളുമെല്ലാം പറയുന്നത്, തങ്ങളോട് വിവരങ്ങള്‍ തിരക്കാനോ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനോ പൊലീസ് സമീപിച്ചിട്ടില്ലെന്നാണ്.
ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം
ആരോപണം, പ്രത്യാരോപണം, കുറ്റപ്പെടുത്തല്‍
അതേസമയം, ഹൗസ് ഓഫ് കോമണ്‍സില്‍(കനേഡിയന്‍ പാര്‍ലമെന്റ്) കഴിഞ്ഞാഴ്ച്ച നടത്തിയ പ്രസ്താവനയില്‍ ട്രൂഡോ തുറന്നടിച്ചത്, ഇന്ത്യക്കെതിരേ ‘വിശ്വസീനയ തെളിവ്’ ഉണ്ടെന്നാണ്. ഫൈവ് ഐയ്‌സ്'(five eyes) ഇന്റലിജന്‍സ് സഖ്യത്തില്‍ നിന്നും കൈമാറി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രൂഡോ ഇന്ത്യക്കെതിരേ വന്നിരിക്കുന്നതെന്നാണ് വിവരം. കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കുള്ള സംയുക്ത ഇന്റലിജന്‍സ് സഖ്യമാണ് ഫൈവ് ഐയ്‌സ്.
ഗുരുദ്വാര പ്രസിഡന്റ് കൂടിയായിരുന്ന 46 കാരന്‍ നിജ്ജറിന് നേരത്തെ തന്നെ വധ ഭീഷണി ഉണ്ടായിരുന്നുവെന്നു കുടുംബം പറയുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) നിജ്ജറിനെ ‘ഒളിച്ചോടിയ ഭീകരന്‍’ എന്നാണ് മുദ്ര കുത്തിയിരുന്നത്. പഞ്ചാബിലെ ഒരു ഹിന്ദു പുരോഹിതന്റെ കൊലപാതകം ആസൂത്രണം ചെയ്‌തെന്ന കുറ്റവും നിജ്ജറിനു മേലുണ്ടായിരുന്നു. നിജ്ജറിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ട്രൂഡോയുടെ ആരോപണത്തെ അസംബന്ധം എന്നാണ് ന്യൂഡല്‍ഹി കുറ്റപ്പെടുത്തിയത്. തീവ്രവാദികള്‍ക്ക് കാനഡ അഭയം കൊടുക്കുകയാണെന്നും യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ട്രൂഡോ ശ്രമിക്കുന്നതെന്നും ഇന്ത്യ തിരിച്ചടിച്ചിരുന്നു.
കുതിച്ചെത്തിയ വൈറ്റ് സെഡാന്‍
നിജ്ജറിന്റെ കൊലപാതക ദൃശ്യങ്ങള്‍ ഗുരുദ്വാരയുടെ സുരക്ഷ കാമറയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ അന്വേഷണ ഏജന്‍സി കൈവശം വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. 90 സെക്കന്‍ഡുള്ള ഈ വീഡിയോ ദൃശ്യങ്ങളാണ് വാഷിംഗ്ടണ്‍ പോസ്റ്റിനും ലഭിച്ചത്.
‘ഗുരുദ്വാരയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും തന്റെ ചാര നിറത്തിലുള്ള ട്രക്ക് നിജ്ജര്‍ പുറത്തേക്ക് എടുക്കുന്ന സമയത്ത് തന്നെയാണ് ഒരു വെളുത്ത സെഡാന്‍ അവിടേയ്ക്ക് കുതിച്ചെത്തുന്നത്. രണ്ടു വാഹനങ്ങള്‍ക്കുമിടയില്‍ ഒരു നാടപ്പാതയുടെ വിടവ് ഉണ്ടായിരുന്നു. എങ്കിലും നിജ്ജറിന്റെ ട്രക്കിന് സമാന്തരമായാണ് സെഡാന്‍ മുന്നോട്ടു നീങ്ങിയത്. ട്രക്കിന്റെ വേഗത കൂട്ടുന്നതിനൊപ്പം തന്നെ സെഡാനും കുതിച്ചു. നടപ്പാതയുടെ വേര്‍തിരിവില്‍ നിന്നും സെഡാന്‍ സഞ്ചരിച്ച അതേ പാതയിലേക്ക് ട്രക്കിന് കയറേണ്ടി വന്ന നിമിഷം, സെഡാന്‍ അതിന്റെ വേഗത കൂട്ടി നിജ്ജറിന്റെ വാഹനത്തിന് പ്രതിബന്ധമായി ബ്രേക്ക് ചെയ്തു നിര്‍ത്തി. മൂടിക്കെട്ടിയ ഒരു പാര്‍ക്കിംഗ് ഏരിയ ആയിരുന്നുവത്. നിര്‍ത്തിയ സെഡാനില്‍ നിന്നും രണ്ടു പേര്‍ ചാടിയിറങ്ങുകയും ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഈ സമയം പാര്‍ക്കിംഗ് ഏരിയയ്ക്ക് പുറത്തേക്ക് ഓടിച്ചു പോയിരുന്നു സെഡാന്‍. തോക്കുധാരികള്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം പുറത്തേക്ക് ഓടി’- വീഡിയോ ദൃശ്യങ്ങളില്‍ ഉള്ള കാര്യം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെയാണ്. കൂടാതെ അവര്‍ ചില ദൃക്‌സാക്ഷികളുടെ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്. അവരിലൊരാളാണ് ഭുപീന്ദര്‍ജിത്ത് സിംഗ്.
പായിച്ചത് 50 ബുള്ളറ്റുകള്‍, നിജ്ജറിന്റെ ശരീരം തുളച്ചത് 34 എണ്ണം
ഗുരുദ്വാരയിലെ സന്നദ്ധ പ്രവര്‍ത്തകനായ ഭുപീന്ദര്‍ സിംഗ് ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ വെടി ശബ്ദം കേള്‍ക്കുന്നത്. നൂറു മീറ്ററിന് താഴെ ദൂരത്തിലുള്ള കബ്ബാഡി പാര്‍ക്കിലായിരുന്നു സിംഗ് കളിച്ചുകൊണ്ടിരുന്നത്. കരിമരുന്നു പ്രയോഗത്തിന്റെ ശബ്ദമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് വെടി ശബ്ദമാണെന്ന് ഊഹിച്ചത്. നിജ്ജറിന്റെ ട്രക്കിന് സമീപം ഓടിയെത്തിയ ആദ്യത്തെയാളും ഭുപീന്ദറായിരുന്നു. ഭുപീന്ദര്‍ ഡ്രൈവറുടെ ഭാഗത്തെ ഡോര്‍ തുറന്നു. നിജ്ജറിന്റെ തോളില്‍ കുലുക്കി വിളിക്കാന്‍ നോക്കി. അപ്പോഴേക്കും സിഖ് നേതാവിന്റെ ശ്വാസം നിലച്ചിരുന്നുവെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് എഴുതിയിരിക്കുന്നത്.
കൊലയാളികള്‍ 50 ബുള്ളറ്റുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചിരുന്നു. അതില്‍ 34 എണ്ണം നിജ്ജറിന്റെ ശരീരത്തില്‍ തുളഞ്ഞു കയറി. അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരമായി സിഖ് സമുദായംഗങ്ങള്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞതാണത്.
‘രക്തവും തകര്‍ന്ന ചില്ലുകളുമായിരുന്നു എങ്ങും. തറയില്‍ ബുള്ളറ്റുകള്‍ വാരി വിതറിയ നിലയിലായിരുന്നു’; ഭുപീന്ദര്‍ സിംഗ് ആ രംഗം വിവരിക്കുന്നു. ഈ സമയം തന്നെ മറ്റൊരു ഗുരുദ്വാര നേതാവായ ഗുര്‍മീത് സിംഗ് തോര്‍ തന്റെ പിക്കപ്പ് വാനുമായി അവിടെയെത്തിയെന്നും താനും അതില്‍ ചാടിക്കയറി കൊലപാതകികള്‍ പോയ ദിക്കു നോക്കി അവരെ പിന്തുടരാന്‍ ശ്രമിച്ചുവെന്നും ഭുപീന്ദര്‍ സിംഗ് പറയുന്നു.
2008 മോഡല്‍ സില്‍വര്‍ ടയോട്ട കാമ്രി
ഗുരുദ്വാര കമ്മിറ്റിയംഗമായ മല്‍കിത് സിംഗും ഈ സമയം ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെടിശബ്ദം കേട്ടതിനു പിന്നാലെ തലയും മുഖവും മറച്ച രണ്ടു പേര്‍ കൗഗര്‍ ക്രീക്ക് പാര്‍ക്കിനു നേര്‍ക്ക് ഓടിപ്പോകുന്നത് കണ്ടുവെന്നാണ് മല്‍കിത് പറയുന്നത്. താനവരെ പിന്തുടര്‍ന്നുവെന്നും അയാള്‍ അവകാശപ്പെട്ടു.
ആരെയും അയാള്‍ക്ക് പിടികൂടാന്‍ സാധിച്ചില്ലെങ്കിലും, ചില അടയാളങ്ങള്‍ അവരെക്കുറിച്ച് നല്‍കാന്‍ മല്‍കിത്തിന് സാധിച്ചു. സിഖുകാരെന്ന് തോന്നിപ്പിക്കുന്ന വേഷവിധാനമായിരുന്നു. സിഖുകാരെപ്പോലെ തലമുടി കെട്ടുണ്ടായിരുന്നു. അതടക്കം തല പൂര്‍ണമായി ധരിച്ചിരുന്ന സ്വെറ്റ് ഷര്‍ട്ടിന്റെ ശിരോഭാഗം കൊണ്ട് മറച്ചിരുന്നു. താടി വളര്‍ന്ന മുഖവും മാസ്‌ക് വച്ച് മറച്ചിരുന്നു. ഒരാള്‍ക്ക് അഞ്ചടിക്ക് മേല്‍ പൊക്കമുണ്ടായിരുന്നു, അയാളുടേത് ഉറച്ച ശരീരമായിരുന്നുവെങ്കിലും ഓടാന്‍ ബുദ്ധിമുട്ടിയിരുന്നു. മറ്റെയാള്‍ക്ക് ആദ്യത്തെയാളെക്കാള്‍ നാലിഞ്ചോളം പൊക്കം കൂടുതലുണ്ടായിരുന്നുവെങ്കിലും മെലിഞ്ഞിട്ടായിരുന്നു’- മല്‍കിത് സിംഗിന്റെ വിശദീകരണം. പാര്‍ക്കില്‍ നിന്നും ഇരുവരും ഒരു വശം അടച്ചൊരു നടപ്പാതയ്ക്ക് സമീപം പാര്‍ക് ചെയ്തിരുന്ന സില്‍വര്‍ കളര്‍ കാറിലേക്ക് ഓടിക്കയറി. അതൊരു സില്‍വര്‍ കളര്‍ 2008 മോഡല്‍ ടയോട്ട കാമ്രി ആയിരുന്നുവെന്ന് ഒരു മാസത്തിനുശേഷം പൊലീസ് വ്യക്തമാക്കി.
”മൂന്നു പേര്‍ ആ കാറില്‍ അവരെയും കാത്തിരിപ്പുണ്ടായിരുന്നു. ആരുടെയും മുഖം തിരിച്ചറിയാന്‍ സാധിച്ചില്ല. പിന്നാലെയുണ്ടായിരുന്ന തന്റെ നേരെ ഓടിപ്പോയവരില്‍ ഒരാള്‍ കാറില്‍ കയറുന്നതിനു മുമ്പായി തോക്കു ചൂണ്ടി. അന്തരീക്ഷത്തില്‍ അപ്പോഴും വെടിമരുന്നിന്റെ മണം നിറഞ്ഞു നിന്നിരുന്നു. ഞാന്‍ ഭയന്നു പോയി, അവര്‍ എത്രമാത്രം അപകടകാരികളാണെന്നും ഞാന്‍ ആലോചിച്ചു. അപ്പോഴേക്കും അവര്‍ അഞ്ചു പേരും കാറില്‍ കടന്നു കളഞ്ഞിരുന്നു’- മല്‍കിത് സിംഗ് താന്‍ കണ്ട കാര്യങ്ങള്‍ വിവരിക്കുന്നു.
കൊലയാളികള്‍ രക്ഷപ്പെട്ടു പോകുന്നത് നോക്കി നില്‍ക്കെയാണ് മല്‍കിത് സിംഗിന് ഭുപീന്ദര്‍ സിംഗിന്റെ ഫോണ്‍ വരുന്നത്.
ഹര്‍ദീപ് സിംഗ് നജ്ജര്‍ മരിച്ചു എന്ന വിവരം പറയാനായിരുന്നു ആ കോള്‍.
നിജ്ജറിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായിരുന്നു ഗുര്‍മീത് സിംഗ് തോര്‍. ‘ അവര്‍ ഞങ്ങളുടെ വീട്ടില്‍ കയറി, ഞങ്ങളുടെ നേതാവിനെ കൊന്നു’ എന്നാണ് തോര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.
കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെങ്കിലും കൊലയാളികളെ തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് ഗുരുദ്വാരയുടെ കെയര്‍ടേക്കര്‍ ചരണ്‍ജിത്ത് സിംഗ് പറഞ്ഞത്.
അവര്‍ ആരോടും ഒന്നും ചോദിച്ചില്ല
ദ റോയല്‍ കനേഡിയന്‍ മൗണ്ട് പൊലിസിന്റെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പറയുന്നത്, അവര്‍ക്ക് വെടിവയ്പ്പ് നടന്നതിനെ കുറിച്ച് ആദ്യ വിവരം കിട്ടുന്നത് രാത്രി 8.27 ന് ആണെന്നാണ്. സാക്ഷികള്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറയുന്നതനുസരിച്ച്, വെടിവയ്പ്പ് നടന്ന് 12-20 മിനിട്ടുകള്‍ക്ക് ശേഷമാണ് ആദ്യത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുന്നത്. പൊലീസ് എത്താന്‍ താമസിച്ചത് തങ്ങളെ ഞെട്ടിച്ചെന്നാണ് സിഖ് അനുയായികള്‍ പറയുന്നത്. ഈ പ്രദേശത്തു കൂടി നിരവധി പൊലീസ് പെട്രോളിംഗ് യൂണിറ്റുകള്‍ എപ്പോഴും റോന്തു ചുറ്റുന്നതാണെന്നു കൂടി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പൊലീസുകാര്‍ എത്തിയശേഷം ഒരു മണിക്കൂറോളം സറേ പൊലീസും റോയല്‍ കാനേഡിയന്‍ മൗണ്ടഡ് പൊലീസും(ആര്‍സിഎംപി) തമ്മില്‍ തര്‍ക്കിച്ച് നിന്നുവെന്നാണ് ഭുപീന്ദര്‍ ആരോപിക്കുന്നത്. ആര്‍ക്കാണ് അന്വേഷണ ചുമതല എന്നതു സംബന്ധിച്ചായിരുന്നു തര്‍ക്കമെന്നും സിംഗ് പറഞ്ഞു.
വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്, കൊലപാതകത്തിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടോടിയ വഴിയില്‍ താമസിക്കുന്ന 39 പേരുമായി(വ്യാപാരികളും വീട്ടുകാരും ഉള്‍പ്പെടെ) തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും, അവരില്‍ ഭൂരിഭാഗവും പറഞ്ഞത്, അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല എന്നാ് പറഞ്ഞതെന്നുമാണ്.
കൊലപാതകികള്‍ വന്ന വെള്ള സെഡാന്‍ കാറിനെക്കുറിച്ചോ അതോടിച്ചിരുന്നയാളെ കുറിച്ചോ, ഭുപീന്ദര്‍ സിംഗ് കണ്ടെന്നു പറഞ്ഞ രണ്ടുപേരെക്കുറിച്ചോ, അവര്‍ രക്ഷപ്പെട്ടു പോയ കാറിനെ കുറിച്ചോ, അതിലുണ്ടായിരുന്ന ബാക്കിയുള്ളവരെ കുറിച്ചോ ഒന്നും പൊതുജനത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി.
സിഖ് സമുദായത്തിന്റെ മറ്റൊരു പരാതി, നിജ്ജറിനെതിരേ ഭീഷണിയുണ്ടായിട്ടും ആവശ്യമായ സംരക്ഷണം പൊലീസ് നല്‍കിയിരുന്നില്ലെന്നാണ്.
‘എല്ലാവരുടെയും സുരക്ഷയെ കരുതി ഗുരുദ്വാരയ്ക്ക് കൂടുതല്‍ സംരക്ഷണം ഒരുക്കണമെന്ന് എന്റെ പിതാവ് പൊലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. നോക്കാമെന്നു പറഞ്ഞെങ്കിലും അവരൊന്നും ചെയ്തില്ല’- നിജ്ജറിന്റെ 21 കാരന്‍ മകന്‍ ബല്‍രാജ് സിംഗ് നിജ്ജറിന്റെതാണ് ഈ വാക്കുകള്‍.
എന്തെങ്കിലും തുമ്പുണ്ടാകുമെന്ന് വിശ്വസിച്ചിരുന്നില്ല
സമുദായത്തില്‍പ്പെട്ട എല്ലാവരും തന്നെ നിജ്ജറിന്റെ ജീവനുനേരെയുള്ള ഭീഷണിയില്‍ എപ്പോഴും ആശങ്കാകുലരായിരുന്നു. നിജ്ജര്‍ ഒറ്റയ്ക്ക് വണ്ടിയോടിച്ചു പോകുന്നത് കാണുമ്പോഴെല്ലാം തങ്ങളുടെ ഉള്ളില്‍ ഭയമായിരുന്നുവെന്ന് അവരില്‍ ചിലര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറയുന്നുണ്ട്. നിജ്ജറിന്റെ മകന്‍ പറയുന്നത്, പിതാവ് ഒരു ബുള്ളറ്റ് പ്രൂഫ് കാറില്‍ സഞ്ചരിക്കണമെന്നായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ അത്തരം വാഹനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അതല്ലെങ്കില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് എങ്കിലും അദ്ദേഹം ധരിക്കണമായിരുന്നു. അതിനും നിയമാനൃസതമായ അനുമതി ആവശ്യമായിരുന്നു. ബ്രിട്ടീഷ് കൊളംബിയ സിഖ് ഗുരുദ്വാര കൗണ്‍സില്‍ വക്താവ് മൊനീന്ദര്‍ സിംഗ് വെളിപ്പെടുത്തുന്നൊരു വിവരം, നജ്ജറിന്റെ മെക്കാനിക്ക് ഒരു ദിവസം അദ്ദേഹത്തിന്റെ ട്രക്കിന്റെ വീലുകള്‍ക്കിടയില്‍ നിന്നും ഒരു ട്രാക്കര്‍ കണ്ടെത്തിയെന്നാണ്. മൊനീന്ദര്‍ പറയുന്ന മറ്റൊരു കാര്യം, നിജ്ജറിനെ പോലെ തന്റെ പേരും ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നുവെന്നാണ്. എന്നാലവര്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും അയാള്‍ പറഞ്ഞു.
പ്രധാനമന്ത്രി ട്രൂഡോയുടെ വെളിപ്പെടുത്തല്‍ വരുന്നതുവരെ, ഈ കേസിന് എന്തെങ്കിലും തുമ്പുണ്ടാകുമെന്ന് ഒരു തരിപോലും വിശ്വാസമില്ലായിരുന്നുവെന്നാണ് മല്‍കിത് സിംഗ് പറയുന്നത്. ഇന്ത്യയാണ് ഇതിനു പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞ സ്ഥിതിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നാണ് മല്‍കിത് സിംഗ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.
Content Summary; Canadian Sikh separatist leader hardeep singh nijjar murder