June 25, 2026 |
Share on

‘ശരീരം തളർന്നിരുന്നു,താലിബാൻ ആക്രമണത്തിൻ്റെ ഭയപ്പെടുത്തുന്ന ഓർമകൾ എന്നെ വേട്ടയാടി’

ബോങ് വലിച്ചതിൻ്റെ അനുഭവം
പറഞ്ഞ് മലാല

നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്സായുടെ ഒരു അനുഭവത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ മാധ്യമ ശ്രദ്ധയാകർക്കുകയാണ്. ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിക്കുമ്പോൾ ബോങ് വലിച്ചതിനെക്കുറിച്ചും അതുണ്ടാക്കിയ മാനസികാഘാതത്തെക്കുറിച്ചും നടത്തിയ വെളിപ്പെടുത്തലാണ് നിലവിൽ ചർച്ചയായിരിക്കുന്നത്. മലാല യൂസഫ്സായുടെ ഓർമക്കുറിപ്പിലെ ഒരു ഭാ​ഗത്താണ് ആദ്യമായി ബോങ് വലിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങൾ പറയുന്നത്.

അനിസ എന്ന തൻ്റെ സുഹൃത്തിൻ്റെ ഫോൺ സന്ദേശം ലഭിച്ചിട്ടാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ലേഡി മാർ​ഗരറ്റ് ഹാളിലേക്ക് മലാല പോകുന്നത്. ബിസിനസ് കോഴ്‌സിൽ നിന്നുള്ള രണ്ട് ആൺകുട്ടികളോടൊപ്പം അനിസ മലാലയെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ അടുത്ത് മേശപ്പുറത്ത് ഒരു അസാധാരണ വസ്തു വെച്ചിരുന്നു. അടിയിലേക്ക് ഒരു ചെറിയ ഗ്ലാസ് ട്യൂബ് തള്ളിനിൽക്കുന്ന ഒരു വസ്തു. അതെന്താണെന്ന് ചോദിച്ചപ്പോൾ, ആൺകുട്ടികളിൽ ഒരാൾ അത് എടുത്ത് ചെറിയ ട്യൂബിന് മുകളിൽ ലൈറ്റർ ഉപയോ​ഗിച്ച് കത്തിച്ചു. ഉടൻ കുമിളകൾ ഉണ്ടാകുന്ന ശബ്ദം താൻ കേട്ടുവെന്നും അവന് ചുറ്റും പുക നിറയാൻ തുടങ്ങിയെന്നും മലായ ഓർമക്കുറിപ്പിൽ വ്യക്തമാക്കുന്നു.

അതൊരു ബോങ് ആണെന്ന് മനസിയതോടെ ഒന്ന് പരീക്ഷിച്ച് നോക്കാൻ മലാലയും തയ്യാറായി. ‘എൻ്റെ വലതുവശത്തിരുന്ന പയ്യൻ ലൈറ്റർ കത്തിച്ചപ്പോൾ ഞാൻ ബോങ്ങ് വായിലേക്ക് അടുപ്പിച്ചു. എന്നാൽ പുക എൻ്റെ മുഖത്ത് നിറയുകയും ഞാൻ ചുമച്ച് കുനിഞ്ഞുപോവുകയും ചെയ്തു. വീണ്ടും ഒരവസരം കൂടി ഞാൻ ചോദിച്ചു. ഇത്തവണ ഞാൻ സ്വയം ലൈറ്റർ കത്തിച്ചു, പുക ഉള്ളിലേക്കെടുത്തു. ഇത്തവണ ഞാൻ ചുമച്ചില്ല. ഞാൻ കസേരയിൽ ചാരിയിരുന്ന് മറ്റുള്ളവർ സംഭാഷണം തുടരുമ്പോൾ ചുറ്റുപാടുകളിൽ ശ്രദ്ധയില്ലാതെയായി’ മലാല തൻ്റെ ഓർമക്കുറിപ്പിൽ വ്യക്തമാക്കി.

പെട്ടെന്ന് ഞെട്ടിയുണർന്ന് ഫോണിലേക്ക് നോക്കിയപ്പോഴാണ് സമയം ഒരുപാട് കഴിഞ്ഞതായി മനസിലായതെന്നും ഉടൻ മുറിയിലേക്ക് തിരിച്ചുപോകാൻ തിടുക്കം കാട്ടിയെന്നും മലാല പറയുന്നു. സുഹൃത്തായ അനിസ മലാലയെ മുറിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ നടക്കാൻ സാധിക്കുന്നില്ലെന്നും വല്ലാത്തൊരു ഭയം ഉള്ളിൽ കയറിയെന്നും മലാല തിരിച്ചറിഞ്ഞു.

ശരീരത്തിനുള്ളിൽ കുടുങ്ങിപ്പോയ ഭീകരത, ഇത് മുമ്പും താൻ സംഭവിച്ചിട്ടുള്ളതായി മലാല ഓർത്തു. ‘പെട്ടെന്ന് എനിക്ക് 15 വയസ്സായി. വെള്ള ഷീറ്റിനടിയിൽ ഞാൻ കിടക്കുകയാണ്. എൻ്റെ തൊണ്ടയിലൂടെ ഒരു ട്യൂബ് ഇറങ്ങുന്നു. കണ്ണുകൾ അടഞ്ഞിരിക്കുന്നു. ഏഴ് ദിവസത്തേക്ക് ഞാൻ കോമയിലായിരുന്നു. പിന്നീട് എൻ്റെ കൺമുന്നിലൂടെ നിരവധി ചിത്രങ്ങൾ മിന്നിമറഞ്ഞു. അത് എന്നെ വല്ലാതെ ഭയപ്പെടുത്തി. എൻ്റെ സ്കൂൾ ബസ്, തോക്കുമായി ഒരു മനുഷ്യൻ, എല്ലായിടത്തും ചോര, തിങ്ങിനിറഞ്ഞ തെരുവിലൂടെ എൻ്റെ ശരീരം ചുമന്നുകൊണ്ടുപോകുന്നു,
എൻ്റെ കൈ പിടിക്കാൻ സ്ട്രെച്ചറിനടുത്തേക്ക് ഓടിയെത്തുന്ന എൻ്റെ പിതാവ്. ഇവയെ എല്ലാം അകന്ന് പോകാനായി ഞാൻ ശക്തിയായി മനസിനോട് പറഞ്ഞു, മലാല ഓർമക്കുറിപ്പിൽ പറയുന്നു.

അവസാനം താൻ അനിസയുടെ മുറിയിലെത്തി തറയിലേക്ക് കിടന്നുവെന്നും ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടുവെന്നും മലാല ഓർത്തെടുക്കുന്നു. എന്നാൽ തനിക്ക് ബാഡ് റിയാക്ഷൻ ഉണ്ടായതാണെന്നും ഭയപ്പെടേണ്ടതില്ലെന്നും അനിസ പറഞ്ഞയുടൻ ശുചിമുറിയിലേക്കോടി ചർദ്ദിക്കുകയായിരുന്നുവെന്നും മലാല കൂട്ടിച്ചേർത്തു. ഭയപ്പാടിൽ അലറിയ മലാലയെ അനിസ ആശ്വസിപ്പിച്ച് ഉറങ്ങാൻ കിടത്തുകയായിരുന്നു.

വെടിവെപ്പിനെക്കുറിച്ച് എന്താണ് ഓർമ്മയെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നുവെന്നും എന്നാൽ അതെല്ലാം എൻ്റെ തലച്ചോറ് മായ്ച്ചുകളഞ്ഞുവെന്നുമാണ് ഞാൻ മറുപടി നൽകിയിരുന്നതെന്നും മലാല ഓർമക്കുറിപ്പിൽ പറയുന്നു. എന്നാൽ സത്യത്തിൽ താൻ എല്ലാം കണ്ടിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായതെന്നും മലാല പറഞ്ഞു.

Content Summary: Malala Yousafzai explains how smoking a bong brought back the trauma of being shot by the Taliban

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×