UPDATES

കോടതി കയറേണ്ടതല്ല സിനിമ നിരൂപണങ്ങള്‍

ചലച്ചിത്ര നിരൂപകനും ദേശീയപുരസ്‌കാര ജേതാവുമായ ഐ. ഷണ്‍മുഖദാസ് സംസാരിക്കുന്നു

                       

വിജയ പരാജയങ്ങള്‍ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. സിനിമയെ സംബന്ധിച്ച് ഈ വിജയപരാജയങ്ങളെ സ്വാധീനിക്കാന്‍ അവയെക്കുറിച്ചുള്ള നിരൂപണങ്ങള്‍ക്ക് കഴിയാറുണ്ട്. പ്രേക്ഷകന്റെ ചിന്തകള്‍ ആകര്‍ഷിക്കാനും പ്രചോദിപ്പിക്കാനും അല്ലെങ്കില്‍ പ്രകോപിപ്പിക്കാനും കെല്‍പ്പുണ്ട് സിനിമ നിരൂപണങ്ങള്‍ക്ക്. സര്‍ഗാത്മകതയുടെയും ആവിഷ്‌കാരത്തിന്റെയും ലോകത്തില്‍ അഭിരുചികളുടെ സൂക്ഷിപ്പുകാരായ ചലച്ചിത്ര നിരൂപകര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു സിനിമ നിരസിക്കാന്‍ നിരൂപകനെ പ്രേരിപ്പിക്കുന്നത് എന്താണ്? ഈ അവലോകനങ്ങള്‍ സിനിമ ലോകത്തെ എങ്ങനെ സ്വാധീനിക്കുന്നു? റിവ്യൂ സിനിമയുടെ വിജയ-പരാജയങ്ങളെ യഥാര്‍ഥത്തില്‍ സ്വാധീനിക്കുന്നുണ്ടോ? റിവ്യൂവിന്റെ പേരില്‍ വ്യക്തി അധിക്ഷേപങ്ങളാണോ നടക്കുന്നത്? ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും എങ്ങനെയാണ് പരിധി നിശ്ചയിക്കേണ്ടത്? തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ ചലച്ചിത്ര നിരൂപകനും ദേശീയപുരസ്‌കാര ജേതാവുമായ ഐ. ഷണ്‍മുഖദാസ് സംസാരിക്കുന്നു.

‘വിമര്‍ശനം എന്ന വാക്കിന് സാഹിത്യത്തില്‍ സാമാന്യമായ ഒരു അര്‍ത്ഥം കൂടി ഉണ്ടല്ലോ. റിവ്യൂ എന്ന വാക്കിന് അവലോകനം എന്ന വാക്കു തന്നെയാണ് മലയാളത്തില്‍ കൂടുതല്‍ അനുയോജ്യം. ഒരു സിനിമ, തിയേറ്ററില്‍ കണ്ട ഉടനെ നിരൂപണം എഴുതുന്ന രീതിയല്ല ഞാന്‍ പിന്തുടര്‍ന്നു പോന്നിട്ടുള്ളത്. സിനിമാനിരൂപണത്തില്‍ അപഗ്രഥനത്തിനു വലിയ പ്രാധാന്യമുണ്ട്. റിവ്യുയില്‍ അടിസ്ഥാനപരമായി ഉള്ളത്, അഭിപ്രായം രേഖപ്പെടുത്തലാണ് നടക്കുന്നത്. സിനിമ ഇറങ്ങി അധികം താമസിയാതെ തന്നെ ആ ചിത്രത്തെ വിലയിരുത്തി അഭിപ്രായം അവതരിപ്പിക്കപ്പെടുന്നു. അപഗ്രഥനത്തിനു വേണ്ട സമയം ഉണ്ടായിരിക്കുകയില്ല എന്നു മാത്രമല്ല, അതിനു വേണ്ട സ്ഥലവും കിട്ടണമെന്നില്ല. ദീര്‍ഘമായ റിവ്യു അധികം പേര് വായിക്കാനിടയില്ല. ‘റിവ്യു’ വായിക്കുന്നവരും ‘നിരൂപണം’ വായിക്കുന്നവരും പ്രതീക്ഷിക്കുന്നത്, ഒരേ രീതിയിലുള്ള ആവിഷ്‌ക്കാരശൈലിയല്ല.

റിവ്യു ബോംബിംഗ് എന്താണ് എന്നത് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ആ വിമര്‍ശനരീതി പ്രചാരത്തില്‍ വന്നിട്ട്. നിഷേധാത്മകവും സംഘടിതവും ആയ ഒരു സ്വഭാവം ആ വിമര്‍ശനരീതിയില്‍ ഉണ്ട് എന്നാണ് കാണുന്നത്. ഒറ്റയ്ക്ക് ഒരാള്‍ ഒരു സിനിമയെ കുറിച്ച് പറയുന്നതും, കുറച്ചു വ്യക്തികള്‍ ചേര്‍ന്ന് മുന്‍ ധാരണയോട് കൂടിയും പ്രത്യേക ലക്ഷ്യത്തോടു കൂടിയുമൊക്കെ നിരൂപണം ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. സിനിമ ഇറങ്ങിയ ഉടനെ അതു കണ്ട് അഭിപ്രായം പറയുന്നത് കൂടുതല്‍ സ്വാഭാവികം ആണ് എന്നിരിക്കിലും അതില്‍, ചെറിയ അളവില്‍ ആണെങ്കില്‍ പോലും, ഒരിടവേളയുടെയെങ്കിലും മനനത്തിന്റെ, വിശകലനത്തിന്റെ, ഘടകം ഉണ്ടായിരിക്കുന്നത് നല്ലതാണ്. കണ്ട സിനിമയെ പറ്റി അഭിപ്രായം പറയാന്‍ ഏതൊരു പ്രേക്ഷകനും അവകാശമുണ്ട്. പക്ഷെ, പറയുന്ന അഭിപ്രായങ്ങള്‍, ആക്ഷേപങ്ങളായോ ബോധപൂര്‍വ്വം വ്യക്തികള്‍ക്ക് എതിരായോ ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ സിനിമകള്‍ക്കെതിരായോ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കനുസരിച്ച് ആകാതിരിക്കാന്‍ ഓരോ നിരൂപകരും ശ്രദ്ധിക്കേണ്ടതുണ്ട്.

സിനിമയെ കുറിച്ച് പറയുന്നവര്‍ എല്ലാവരും സിനിമയെ കുറിച്ച് ആഴത്തില്‍ പഠിച്ച് എഴുതുകയും പറയുകയും വേണം എന്നൊന്നും പറയാന്‍ സാധിക്കില്ല. സിനിമ കണ്ട ആര്‍ക്കും അതിനെ പറ്റി അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല, അതിപ്പോള്‍ കോടതി ആണെങ്കില്‍ പോലും. കോടതിക്ക് അകെ ഇടപെടാന്‍ സാധിക്കുന്നത്, സംഘടിതമായ രീതിയിലോ മറ്റു വ്യക്തികളുടെ വ്യക്തിത്വത്തെ അപഹസിക്കുന്ന തരത്തിലുള്ള ശത്രുതയോടെയുള്ള വ്യക്തി താത്പര്യങ്ങള്‍ക്ക് അനുസരിച്ചോ, സിനിമ നിരൂപണങ്ങള്‍ ചെയ്യാതിരിക്കാന്‍ അനുവദിക്കാതിരിക്കുക മാത്രമാണ്.

നിരൂപണം ചെയ്യുന്ന വ്യക്തിയില്‍ വലിയ ഉത്തരവാദിത്വങ്ങളാണ് അടങ്ങിയിരിക്കുന്നത്, കഴിയാവുന്നത്ര വസ്തുനിഷ്ഠമായിരിക്കണം റിവ്യു. സിനിമക്കെതിരായി വിമര്‍ശനാത്മകമായി പറയുമ്പോഴും എഴുതുമ്പോഴും ആ വ്യക്തിയില്‍ അടങ്ങിയിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണ്. ഇതേ ഉത്തരവാദിത്വം തന്നെ ഒരു സിനിമയെ പുകഴ്ത്തി നിരൂപണം ചെയ്യുമ്പോഴും ബാധകമാണ്. ഇത്തരം വിഷയങ്ങള്‍ ഒരു തരത്തിലും കോടതയില്‍ എത്തരുത് എന്നാണ് ഒരു നിരൂപകന്‍ എന്ന നിലയിലുള്ള അഭിപ്രായം. കോടതിയല്ല ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.

ഒരു കാരണം കൊണ്ട് മാത്രം ഒരിക്കലും ഒരു സിനിമയും തകരില്ല. അതിനുള്ള കാരണങ്ങള്‍ പലതാകാം. മുമ്പൊരിക്കല്‍, ഒരു അഭിമുഖത്തില്‍, ഏതോ ഒരു സിനിമയെ കുറിച്ച് , റസൂല്‍ പൂക്കുട്ടി പറയുകയുണ്ടായി, ‘സിനിമ പിച്ച് ചെയ്ത സമയം ശരിയായില്ല’ എന്ന്. സിനിമകള്‍ ചില സന്ദര്‍ഭങ്ങളില്‍ ഇറങ്ങുമ്പോള്‍ അത് അനുകൂലമായും പ്രതികൂലമായും ബാധിക്കാം. ഒരു സിനിമ വിജയിക്കുന്നതിനും പരാജയപ്പെടുന്നതിനും പലപ്പോഴും ഒന്നില്‍ കൂടുതല്‍ കാരണങ്ങള്‍ ഉണ്ടാകും. പക്ഷെ, ഒരു സിനിമ തകര്‍ച്ചയിലേക്കെത്തുമ്പോള്‍ അത് ഒരാളെ മാത്രം ബാധിക്കുന്ന വിഷയമല്ല എന്നു മാത്രം. പണം, അദ്ധ്വാനം, സമയം തുടങ്ങി ഒരു പാട് പേരുടെ വിയര്‍പ്പാണ് സിനിമ. അതുകൊണ്ട് തന്നെ സിനിമ എടുക്കുന്നയാളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം പോലെ തന്നെ, അതിനെ കുറിച്ച് എഴുതുന്ന ആളിലും അതെ ഉത്തരവാദിത്വം ഉണ്ട് . സിനിമ കണ്ട് പുറത്തിറങ്ങുമ്പോള്‍ പറയുന്ന അഭിപ്രായത്തില്‍ നിന്നു വ്യത്യസ്തമായി, എഴുതുന്ന അഭിപ്രായത്തില്‍, റിവ്യുവില്‍, കുറച്ചു കൂടി ചിന്തയുടെ ഘടകമുണ്ടായാല്‍ നല്ലത്.

എല്ലാ നിരൂപകരേയും സംബന്ധിച്ചിടത്തോളം , ഏതെങ്കിലും ഒരു സംവിധയകന്റെയോ സംവിധായകയുടെയോ സിനിമകള്‍ മുന്‍ധാരണയോടെ അല്ലാതെ കാണുക പ്രയാസമാണ്. അവരുടെ മുന്‍കാല സിനിമകളുടെ അവശേഷിപ്പ് എല്ലാ നിരൂപകരുടെയും ഉള്ളിലും ഉണ്ടാവും. പൂര്‍ണമായും ആര്‍ക്കും അതില്‍ നിന്ന് സ്വതന്ത്രരാകാന്‍ കഴിയില്ല. അതേസമയം ഓരോ ചിത്രത്തിനും അതിന്റെതായ മൂല്യമുണ്ടോ എന്ന് നിരൂപകര്‍ പരിശോധിച്ചറിയുക തന്നെ വേണം. എല്ലാ നിരൂപകരിലും നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വമാണ്.

മലയാള സിനിമ പിന്നോട്ടാണ് പോകുന്നതെന്ന് ഒരു നിരൂപകന്‍ എന്ന നിലയില്‍ ഒരിക്കലും പറയാന്‍ സാധിക്കില്ല. ചെറുപ്പക്കാരായ സംവിധായകര്‍ മുന്നോട്ടു വരുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും പുതിയ മലയാള സിനിമ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘ചുരുളി’ തുടങ്ങിയ സിനിമകള്‍ മലയാള സിനിമ വളരുന്നതിന്റെ സൂചനകളാണ്. അതിനോടൊപ്പം ശ്രദ്ധേയമായ ഡോക്യുമെന്ററികളും വരുന്നുണ്ട് .കെ.ജി.ജോര്‍ജിനെ കുറിച്ച് ലിജിന്‍ എടുത്ത ‘8 1/2 ഇന്റര്‍കട്ട്‌സ്’ ഉദാഹരണമായി എടുക്കാവുന്നതാണ്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍