UPDATES

കാതല്‍ കാലം സംസാരിക്കുന്ന സിനിമ: ആദര്‍ശ് സുകുമാരന്‍/ അഭിമുഖം

മമ്മൂക്ക എപ്പോഴും പറയുന്നത് ഒരു നടനായി അറിയപ്പെടണമെന്നാണ്, ആ പറച്ചിലിനെ അടിവരയിടുകയാണ് മാത്യു ദേവസ്സി

                       

കാലം അടയാളപ്പെടുത്തിവയ്ക്കുന്ന സിനിമ അനുഭവമാണ് കാതല്‍. മനുഷ്യ വ്യഥകളെ, വേദനകളെ വൈകാരികമായി അവതരിപ്പിച്ച, ക്വിര്‍ സമൂഹത്തിന്റെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്ന കാതല്‍ രണ്ടു ചെറുപ്പക്കാരുടെ സിനിമ മോഹത്തിന്റെ ഫലമാണ്. അങ്ങേയറ്റം അഭിനിവേശത്തോടെ സിനിമയെ നോക്കികൊണ്ടിരുന്ന പോള്‍സണ്‍ സ്ക്റിയയുടെയും ആദര്‍ശ് സുകുമാരന്റെയും സ്വപ്ന സഫലീകരണം. സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ആദര്‍ശ് സുകുമാരന്‍ അഴിമുഖവുമായി സംസാരിക്കുന്നു.

സിനിമ മോഹിയായ മാധ്യമ പ്രവര്‍ത്തകന്‍

പഠനകാലം മുതല്‍ കല അഭിനിവേശമായി ഉള്ളില്‍ കൊണ്ടു നടന്ന ആളാണ് ഞാന്‍. അതാണ് സിനിമയിലേക്കും അടുപ്പിച്ചത്. സിനിമ മോഹം പേറിയിരുന്ന ആ കാലങ്ങളില്‍ കലോത്സവവേദികളിലെല്ലാം സജീവമായിരുന്നു. മാർഅത്നേഷ്യസില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയാണ് കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേര്‍ണലിസം പഠിക്കുന്നത്. അവിടന്നങ്ങോട്ട് പല മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. അപ്പോഴെല്ലാം സിനിമ വലിയൊരു അഭിലാഷമായി മനസ്സിലുണ്ടായിരുന്നു. ഏറെ വൈകാതെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു സിനിമയിലേക്ക് മാറി. എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് സിനിമയായിരുന്നു.

നെയ്മര്‍, ആര്‍ഡിഎക്‌സ്, കാതല്‍

ആദ്യം തിരക്കഥയെഴുതുന്ന ചിത്രം കാതലാണ്. മൂന്നു വര്‍ഷം മുമ്പ്. ഞാനും പോള്‍സണും കോവിഡ് കാലത്ത് നിരവധി കഥകള്‍ ആലോചിച്ചിരുന്നു. അതില്‍ നിന്ന് നമുക്ക് ചെയ്യാം എന്നു തോന്നുന്ന ഒരു വിഷയം തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് അതില്‍ ചര്‍ച്ചകളും എഴുത്തും പതിവാക്കി. വിഷയത്തെ ആഴത്തില്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്തു. അങ്ങനെയാണ് കാതല്‍ ഉണ്ടാവുന്നത്. ആദ്യ കഥ കാതലാണെങ്കിലും ആദ്യം സിനിമയാകുന്നത് നെയ്മറായിരുന്നു. ഞാന്‍ ചെയ്ത മൂന്ന് സിനിമകളും മൂന്ന് വിധത്തിലുള്ളതായിരുന്നു. ഒരേ ശ്രേണിയിലുള്ള സിനിമകള്‍ മാത്രം മതിയെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍.


തങ്കനും മാത്യുവിനും ഇടയില്‍ നില്‍ക്കുന്ന കാതല്‍


എല്ലാത്തരത്തിലുള്ള സിനിമകളും എനിക്ക് ചെയ്യണമെന്നുണ്ട്. ആ ആഗ്രഹമാണ് കാതല്‍ പോലെ രാഷ്ട്രീയം പറയുന്ന, മനുഷ്യന്മാര്‍ക്കു വേണ്ടി സംസാരിക്കുന്ന സിനിമയും ആര്‍ ഡി എക്‌സ് പോലൊരു ഫാമിലി ആക്ഷന്‍ സിനിമയും നെയ്മര്‍ പോലൊരു ഫണ്‍ ഫീല്‍ ഗുഡ് സിനിമയും ഉണ്ടാവുന്നത് പിന്നില്‍. ത്രില്ലര്‍ സിനിമകളും എനിക്ക് ചെയ്യണമെന്നുണ്ട്. ഓരോ സിനിമകളും വളരെ യാദൃശ്ചികമായി സംഭവിക്കുന്നതാണ്. എഴുത്ത് പൂര്‍ത്തിയാക്കി ചര്‍ച്ചകള്‍ നടക്കുന്ന ഇനി വരാനിരിക്കുന്ന സിനിമയും ഈ പറയുന്ന സിനിമകളില്‍ നിന്ന് വളരെയധികം മാറി സഞ്ചരിക്കുന്നതാണ്.

കാതല്‍ വന്ന വഴി

ഞാനും പോള്‍സണും നിരവധി സംവിധായകരെയടക്കം സമീപിച്ചിരുന്നു. കഥ ഇഷ്ടമായെങ്കിലും പല കാരണങ്ങളാല്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പോലൊരു സിനിമ, ഒരു എഴുത്തുകാരനും സംവിധായകനും തുടങ്ങി ജിയോ ബേബിയില്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കിയ കാരണങ്ങള്‍ പലതായിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടമായതോടെയാണ് കാതല്‍ യാഥാര്‍ഥ്യമാകുന്നത്. അദ്ദേഹം തന്നെയായിരുന്നു മമ്മൂക്കയെയും ചിത്രത്തിലേക്ക് എത്തിച്ചത്. ഞങ്ങള്‍ നാലുപേരും ചേര്‍ന്ന് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. സിനിമയിലെ വൈകാരിക മുഹൂര്‍ത്തങ്ങളെയെല്ലാം ഒന്നുകൂടി മിനുക്കിയെടുത്തു. ഒരുപാടാളുകളുടെ പ്രയത്‌നത്തിന്റെ ഫലമാണ് കാതല്‍ ദി കോര്‍.

കാതലിന്റെ കാതല്‍

സിനിമ സംവദിക്കുന്ന പ്രമേയം തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടികൊണ്ടിരിക്കുന്നത്. പൊതുസമൂഹത്തിന് LGBTQ സമൂഹത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാനായിട്ടുണ്ടോ? നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തില്‍ നിന്ന് പോലും LGBTQ സമൂഹം മാറ്റി നിര്‍ത്തപ്പെടുന്നുണ്ട്. ഡിഗ്രി കാലഘട്ടത്തിലാണ് LGBTQ സമൂഹത്തെപ്പറ്റിയുള്ള വിപുലമായ കാഴ്ച്ചപ്പാടുകളുണ്ടാകുന്നത്. അതുവരെയിതൊന്നും പറഞ്ഞു തരാന്‍ ആരുമില്ലായിരുന്നുവെന്നും പറയാം. അല്ലെങ്കില്‍ അവരെ പ്രതിയുള്ള പൊതു സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ അപാകതകളുണ്ടായിരുന്നു. അവരുടെ വികാരങ്ങള്‍ തമസ്‌കരിക്കുന്ന, അല്ലെങ്കില്‍ വൈകല്യമായി കണക്കാക്കിയിരുന്ന കാഴ്ചപ്പാടുകളായിരുന്നു വച്ച് പുലര്‍ത്തിയിരുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരികമായ കഥപറച്ചിലാണിത്. ഹോമോസെക്ഷ്വല്‍ ആയിട്ടുള്ള ഒരു വ്യക്തിയുടെ മനോവ്യഥകള്‍, അയാളുടെ ഭാര്യ നേരിടേണ്ടി വരുന്ന മാനസിക പ്രയാസങ്ങള്‍, തന്റെ കാതലിനെ പറ്റി സമൂഹത്തോട് വിളിച്ചു പറയാന്‍ അദ്ദേഹത്തെ പ്രാപ്തനാകുന്നതാണ് കാതല്‍. അവനവന്റെ കാതലിലേക്കുള്ള എത്തി നോട്ടം. ഇതൊരു സാങ്കല്‍പ്പിക കഥയാണ്, ആ സങ്കല്പികമായ ഒന്നിനെ പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാന്‍ കഴിയുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. അതു കൂടുതല്‍ ചര്‍ച്ചയാവുന്നത്. കാലം സംസാരിക്കുന്ന ഒരു സിനിമ എന്നതാണ് കാതലിന്റെ കാതല്‍. പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിക്കുകയും പ്രായവ്യത്യസമില്ലതെ സിനിമയെ പറ്റി ചര്‍ച്ച ചെയ്യുന്നുമുണ്ട്. പന്ത്രണ്ടാം ക്ലാസ്സുകളിലുള്ള കുട്ടികള്‍ വരെ എന്നെ വിളിച്ച് ചേട്ടാ സിനിമ നന്നായിരുന്നെന്ന് പറഞ്ഞിരുന്നു. അവര്‍ക്ക് കൂടി സിനിമ കണക്ട് ചെയ്യാന്‍ കഴിയുന്നുണ്ട്. സമൂഹത്തിനെ അവര്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. LGBTQ സമൂഹത്തെക്കുറിച്ചും അവരുടെ വ്യഥകളെക്കുറിച്ചും ആളുകള്‍ അറിയേണ്ടതുണ്ട്. അതറിഞ്ഞവര്‍ വളരേണ്ടതുണ്ട്. അങ്ങനെ ഒരു സമൂഹത്തിനു മാത്രമേ വിവേചനങ്ങളില്ലതെ മറ്റുള്ളവരെ കൂടി പരിഗണിച്ചുകൊണ്ട് ജീവിക്കാനാകു. ഈ സമൂഹത്തെയാണ് നമുക്കാവിശ്യവും.

മാത്യു ദേവസ്സി  

ജിയോ ബേബി വഴിയാണ് കാതല്‍ മമ്മൂക്കയിലെത്തുന്നത്. കഥ ഇഷ്ടമായതോടെ അദ്ദേഹം സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ പല ലയറുകളും ചര്‍ച്ച ചെയ്യുന്നതുള്‍പ്പെടെ സിനിമക്ക് വേണ്ടി വളരെയധികം സംഭാവനകള്‍ അദ്ദേഹം നല്‍കിയിരുന്നു. ഒപ്പം നിന്ന് പിന്തുണച്ചിട്ടുണ്ട് മമ്മൂക്ക. കാതലിലെ മാത്യുവിലൂടെ കലാകാരന്മാര്‍ക്ക് വേണ്ടി പുതുവഴി വെട്ടുക കൂടിയാണ് അദ്ദേഹം. പുറന്തോടുകള്‍ പൊളിച്ച്, അതിനെ ഉള്‍കൊണ്ട് താരപരിവേഷത്തിനപ്പുറമുള്ള കഥാപാത്രങ്ങള്‍ ചെയുന്നവരാണ് കലാകാരന്മാര്‍. മമ്മൂക്ക എല്ലായ്‌പ്പോഴും പറയുന്നത് ഒരു നടനായി അറിയപ്പെടണമെന്നാണ്. ആ പറച്ചിലിനെ അടിവരയിടുന്നതാണ്മാത്യു ദേവസ്സി. ആ കഥാപാത്രത്തിന്റെ ആത്മാവ് അഭിനയിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂക്ക വഴിയാണ് ഓമന എന്ന കഥാപാത്രത്തിന്റെ തിരച്ചില്‍ ജ്യോതികയിലെത്തുന്നത്. ജ്യോതികയിലെ തഴക്കം വന്ന അഭിനയേത്രി ഓമനയെ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. സമാനമായി സിനിമക്ക് ഒപ്പം നിന്നിട്ടുണ്ട്. കഥയെ സ്‌നേഹിച്ച് ഉള്ളടക്കത്തിനൊപ്പം നില്‍ക്കാന്‍ ജ്യോതിക എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുണ്ട്.

സഖാവ് പ്രദീപ്

എഴുത്തിനൊപ്പം തന്നെ സ്‌നേഹിക്കുന്ന ഒന്നാണ് അഭിനയവും. ഞാന്‍ ആദ്യം സിനിമയിലെത്തുന്നത് അഭിനേതാവെന്ന നിലയിലാണ്. ആദ്യം അഭിനയിച്ച സിനിമ പുറത്തിറങ്ങിയില്ല. പിന്നീട് അഭിനയിക്കുന്നത് അമല്‍ നീരദിന്റെ വരത്തനിലാണ്. ഹൃദയം പോലുള്ള പല സിനിമകളുടെയും ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുപ്പകാലം മുതല്‍ കണ്ടു വന്ന സ്വപ്ങ്ങളിലേക്കുള്ള പരിശ്രമത്തിന്റെ ഫലമായിരുന്നു ഈ അവസരങ്ങള്‍. ഈ അഭിനയ മോഹം തന്നെയാണ് കാതലിലെ സഖാവ് പ്രദീപിലേക്കെത്തിച്ചത്. ഈ കഥാപാത്രം എനിക്ക് ചേരുമെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒരു അഭിപ്രായം മുന്നോട്ടുവെക്കുന്നത്. സംവിധായകനും, നിര്‍മാതാവും അടക്കമുള്ളവര്‍ പിന്തുണയായതോടെയാണ് പ്രദീപിന്റെ വേഷം ചെയ്യുന്നത്. അതേ പിന്തുണ തന്നെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ട്. സിനിമയെ കുറിച്ചുളള പ്രേക്ഷകരുടെ അഭിപ്രായങ്ങളും, അംഗീകാരങ്ങളും നിറഞ്ഞ മനസോടെയാണ് സ്വീകരിക്കുന്നത്. പറയാന്‍ വിട്ടു പോയവയടക്കമുള്ളവ ഓര്‍മപ്പെടുത്തുന്ന ചില വിമര്‍ശനങ്ങളെയും ചേര്‍ത്ത് പിടിക്കുന്നുണ്ട്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍