UPDATES

ഈ കുറിയ മനുഷ്യനെ കാലം അത്ഭുതത്തോടെ നോക്കിക്കാണും

പോരാട്ടവീര്യത്തിന്റെ നൂറില്‍ വി എസ്

                       

കേരള ഹൗസില്‍ വി എസ് വരുന്നതിന്റെ തലേദിവസം രാത്രിയില്‍ അവിടത്തെ ജീവനക്കാരില്‍ ഒരാള്‍ നല്ലപോലെ പഴുത്തൊരു മാവില അന്വേഷിച്ചു നടക്കുന്നത് കാണാം. അത് വിഎസിന് രാവിലെ പല്ലുതേക്കാനാണ്. ഇത്തരത്തില്‍ ഭക്ഷണരീതികളിലും ഉടുപ്പിലും നടപ്പിലുമൊക്കെ പരമ്പരാഗത രീതികളും ലാളിത്യവും സൂക്ഷിച്ചിരുന്ന വിഎസ് ആധുനിക കാഴ്ചപ്പാട് നിലനിര്‍ത്തിയ ഭരണാധികാരികൂടിയായിരുന്നു. അനേകം ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുക മാത്രമല്ല സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രെമോട്ട് ചെയ്യാനും വിദ്യാഭ്യാസമേഖലയില്‍ വലിയ തോതില്‍ അത് ഉപയോഗിച്ച് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ശാക്തീകരിക്കാനും വിഎസ് വലിയ പങ്കുവഹിച്ചു. ജീവിതാനുഭവങ്ങളാണ് വിദ്യാഭ്യാസം എന്നു പറയുന്നത് വിഎസിനെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാണ്. പുസ്‌കകത്തില്‍ നിന്നായിരുന്നില്ല വിഎസ് പഠിച്ചത്. അനുഭവങ്ങളില്‍ നിന്നായിരുന്നു പഠനം.

രാഷ്ട്രീയക്കാരില്‍ പൊതുവെ കണ്ടുവരുന്ന ആര്‍ത്തി വിഎസിന് ഉണ്ടായിരുന്നില്ല, പകരം അവിടെ ആര്‍ദ്രതയാണ് ദൃശ്യമായത്. ഇപ്പോള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയവും നേതാക്കള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയവും കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലെപോലെ സാധാരണമായിരിക്കുമ്പോള്‍, വിഎസ് അതിനു മുന്നെ രാഷ്ട്രീയത്തില്‍ നിന്നും അവധിയെടുത്തത് നന്നായി എന്ന് തോന്നിപ്പോകും. അഴിമതിക്കെതിരെയും കൊള്ളക്കാര്‍ക്കെതിരെയും കാട്ടുകള്ളന്മാര്‍ക്കെതിരെയും ഭൂമാഫിയയ്‌ക്കെതിരെയും ഇങ്ങിനെ നിന്ന് പടവെട്ടിയ ഈ കുറിയ മനുഷ്യനെ കാലം അത്ഭുതത്തോടെ നോക്കിക്കാണും എന്നതില്‍ സംശയമില്ല.

ഇടമലയാര്‍ അണക്കെട്ട് കുംഭകോണത്തില്‍ ഉദ്യോഗസ്ഥരിലേക്ക് കാര്യങ്ങള്‍ ഒതുങ്ങാതെ വൈദ്യുതി മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയിലേക്ക് നീളുന്ന അഴിമതിക്കരങ്ങള്‍ പുറത്തുകൊണ്ടുവന്ന വിഎസ് ശരിക്കും ഒരു പോരാളി തന്നെയായിരുന്നു. എന്നാല്‍ പിന്നീട് അതേ ബാലകൃഷ്ണപിള്ള എല്‍ ഡിഎഫിന്റെ ഭാഗമായി എന്നത് രാഷ്ട്രീയത്തിന്റെ ശുദ്ധ കപടതയാണ് എന്നത് മറ്റൊരു കാര്യം. കേരളത്തിന്റെ ഭൂശാസ്ത്രം കൃത്യമായി മനസിലാക്കിയ രാഷ്ട്രീയ നേതാവ് വിഎസിനെപോലെ മറ്റാരുമുണ്ടാകില്ല. പശ്ചിമഘട്ടം നിലനിന്നാലെ തീരമുള്‍പ്പെടുന്ന കേരളത്തിന് നിലനില്‍പ്പുള്ളു എന്നതായിരുന്നു ആ നിലപാട്. നെല്‍പ്പാടം നികത്തി തെങ്ങും വാഴയും നടന്നവര്‍ക്കെതിരെ വിഎസ് പോരാട്ടം നയിച്ചപ്പോള്‍ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ മുഖം ചുളിഞ്ഞിരുന്നു. മൂന്നാറിലെ കുന്നുകള്‍ ഇടിച്ച്, സര്‍ക്കാര്‍ ഭൂമി കൈയ്യേറി അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനെതിരെ നിലപാടെടുത്തപ്പോള്‍ സഖാക്കളുള്‍പ്പെടെ വിഎസിനെ തള്ളിപ്പറഞ്ഞു. അന്ന് ഒപ്പം നിന്നത് ഈ നിലപാടിനെ അനുകൂലിച്ചിരുന്ന സിപിഐ മന്ത്രിമാരായ കെ.പി രാജേന്ദ്രനും ബിനോയ് വിശ്വവുമായിരുന്നു. ധീരമായ ആ പോരാട്ടം പരാജയപ്പെട്ടതിന് കാരണങ്ങള്‍ പലതാണെങ്കിലും തുടര്‍ച്ചയായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും പരിസ്ഥിതി നാശവും കാണുമ്പോള്‍ കേരളത്തിനോട് സ്‌നേഹമുള്ളവര്‍ വിഎസിന്റെ നിലപാടുകള്‍ ശരിയായിരുന്നു എന്ന് സമ്മതിക്കും.

പൊതുവെ കമ്മ്യൂണിസ്റ്റുകള്‍ അന്തര്‍ദേശീയ പൗരന്മാരാണെന്നും ദേശസ്‌നേഹം കുറവാണെന്നും പറയാറുണ്ട്. ഇന്ത്യ-ചൈന യുദ്ധകാലത്തൊക്കെ ഇന്ത്യ അനുകൂല നിലപാടായിരുന്നില്ല പാര്‍ട്ടിക്ക് എന്നത് അത്ര രഹസ്യമായ കാര്യവുമല്ല. അന്ന് ഇന്ത്യന്‍ ജവാന്മാര്‍ക്കായി രക്തദാനം ചെയ്യണം എന്നാഹ്വാനം ചെയ്തതിന് പാര്‍ട്ടി വിലക്ക് കിട്ടിയ നേതാവാണ് വി എസ്. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പ്രസ്ഥാനമാണെന്നും കരുതിയിരിക്കണമെന്നും വിഎസ് പറഞ്ഞപ്പോള്‍ അത് പാര്‍ട്ടിക്കുള്ള മുസ്ലിം വോട്ട് നഷ്ടമാക്കും എന്നൊന്നും ഭയക്കാന്‍ വി എസ് തയ്യാറായില്ല. ആടുന്ന മനസ്സല്ല ഉറച്ച നിലപാടുകളായിരുന്നു വിഎസിനെ മുന്നോട്ടു നയിച്ചത്. അധികാരം വ്യക്തിപരമായി തനിക്കൊന്നും നേടിത്തരാനില്ല എന്ന തിരിച്ചറിവായിരുന്നു ഈ നിലപാടെടുക്കാന്‍ വി എസിന് ധൈര്യം പകര്‍ന്നത്.

മലയാള ഭാഷയ്ക്ക് അദ്ദേഹം നല്‍കിയ വലിയ സംഭാവനയാണ് മലയാളം മിഷന്‍. മിഷന്റെ ആദ്യ രജിസ്ട്രാര്‍ എന്ന നിലയില്‍ മിഷനോട് വിഎസിനുണ്ടായിരുന്ന താത്പ്പര്യം നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമുള്ള സുരേഷ് കുമാര്‍ ഐഎഎസ് ആയിരുന്നു ഡയറക്ടര്‍. പുസ്തകങ്ങള്‍ തയ്യാറാക്കാനായി ഒരു മാസം നീണ്ട ക്യാമ്പ് സംഘടിപ്പിക്കാനും മികച്ച പുസ്തകങ്ങള്‍ തയ്യാറാക്കാനും വിഎസ് ഫണ്ടനുവദിച്ചത് ഓര്‍ക്കുന്നു. ഡല്‍ഹിയിലെ മിഷന്റെ പ്രവര്‍ത്തനം മുംബൈയിലേക്കും ചെന്നൈയിലേക്കും വ്യാപിപ്പിക്കാനും വിഎസ് പ്രത്യേക താത്പ്പര്യമെടുത്തിരുന്നു. മറുനാട്ടുകാരായ കുട്ടികള്‍ക്കായി തയ്യാറാക്കിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത് ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങിലായിരുന്നു എന്നും ഓര്‍ക്കുന്നു. ലോട്ടറി മാഫിയയ്‌ക്കെതിരായ വിഎസിന്റെ യുദ്ധത്തിലെയും മുന്നണി പോരാളി സുരേഷ് കുമാറായിരുന്നു. മൂന്നാറിലെ പോരാട്ടത്തിന്റെ നേതൃത്വവും ഇദ്ദേഹത്തിനായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാധ്യമങ്ങളിലും ഭരണത്തിലും എന്നല്ല എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒരു സേന എപ്പോഴും വിഎസിനുണ്ടായിരുന്നു. ജീവിതം നൂറിലെത്തി നില്‍ക്കുമ്പോള്‍, മനസിനും ശരീരത്തിനും ക്ഷീണമുണ്ടാകും, എന്നാലും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാനുള്ള ഒരൂര്‍ജ്ജം ഇപ്പോഴും ഉള്ളില്‍ നിന്നും പ്രവഹിക്കുന്നുണ്ട് എന്നത് ഉറപ്പ്.

കേരളത്തിലെ ഭൂരിപക്ഷ ജനതയുടെ പ്രിയങ്കരനായ നേതാവായി വിഎസ് മാറിയത് ജനകീയ വിഷയങ്ങളിലെ ശക്തമായ നിലപാടുകള്‍ കാരണമായിരുന്നു. വിഎസ് ഉള്‍പ്പെടെയുള്ള സഖാക്കള്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മാംസം അണികളും അസ്ഥികള്‍ നേതാക്കളുമാണെങ്കില്‍ കുറേകാലം മുന്നെ തന്നെ അസ്ഥിബന്ധം വിഎസിന് നഷ്ടമായി. ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടാകാന്‍ പാടില്ലാത്ത ഗ്രൂപ്പ് പ്രവര്‍ത്തനം ഒരു പരിധിവരെ വിഎസിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചു. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കെതിരെ വിഎസ് തുടങ്ങിവച്ച പോരാട്ടവുമായി മുന്നോട്ടു കുതിക്കാന്‍, പ്രായം ക്ഷീണിപ്പിച്ച വിഎസിന് കഴിയാതെയായി. എങ്കിലും കേരളത്തിന്റെ ഭാവിക്കുവേണ്ടിയും സംശുദ്ധരാഷ്ട്രീയത്തിനും വേണ്ടി ഇത്രയേറെ പോരാടിയ ഒരു നേതാവ് ഉണ്ടായിരുന്നോ, ഇനി ഉണ്ടാകുമോ എന്നീ ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരമേയുള്ളു, വിഎസിന് പകരം വിഎസ് മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

വി.ആര്‍. അജിത് കുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1960ല്‍ വി.രാഘവന്‍ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനായി കരുനാഗപ്പള്ളിയില്‍ ജനിച്ചു. കേരള ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡപ്യൂട്ടി ഡയറക്ടര്‍, അക്ഷയ ഡയറക്ടര്‍, വിക്ടേഴ്‌സ് ചാനല്‍ തലവന്‍, കേരള പ്രസ് അക്കാദമി സെക്രട്ടറി, മലയാളം മിഷന്‍ രജിസ്ട്രാര്‍, കൃഷി ജാഗരണ്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി(പെബ്‌സ്) പ്രസിഡന്റാണ്.ഭാര്യ-ജയശ്രീ,മക്കള്‍-ആശ,ശ്രീക്കുട്ടന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍