UPDATES

തങ്കനും മാത്യുവിനും ഇടയില്‍ നില്‍ക്കുന്ന കാതല്‍

ഒരു പറ്റം മനുഷ്യരുടെ വ്യഥകളെ സംഘര്‍ഷങ്ങളെ മാനുഷിക പരിഗണനകളെ നിര്‍ദാക്ഷണ്യം തട്ടിയെറിഞ്ഞ സമൂഹത്തിന് നേരെ വിരല്‍ ചൂണ്ടുന്ന കാതല്‍

                       

”നമ്മളെ സ്‌നേഹിക്കുന്നവരെ നഷ്ടപ്പെടുമോ എന്ന പേടി. ആ പേടി കാരണം സ്‌നേഹം കിട്ടാത്തവരും ഉണ്ട്’. ബാറിലെ വട്ടമേശക്ക് അപ്പുറമിരിക്കുന്ന സുഹൃത്തിനെ നോക്കി തങ്കന്‍ വാക്കുകളിടറി പറഞ്ഞവസാനിപ്പിക്കുമ്പോള്‍ പ്രേക്ഷകന്റെ നെഞ്ചില്‍ കനം തിങ്ങും. അയാളുടെ ഏകാന്തതയും ഒറ്റപ്പെടലും അത്രത്തോളം മനസിനെ നീറ്റുന്നതാണ്. മനുഷ്യനെ സംബന്ധിച്ച് ജീവിതത്തെ അങ്ങേയറ്റം ദുസ്സഹമാക്കി തീര്‍ക്കുന്നത് ഒറ്റപെടലെന്ന സമസ്യയാണ്. ഞങ്ങളൊക്കെയില്ലേയെന്ന പൊള്ളയായ വാഗ്ദാനത്തെ ചിരിച്ചു നേരിടേണ്ടിവരുന്ന നിസഹായവസ്ഥയാണ്. ഈ സമസ്യയിലൂടയാണ് കാതല്‍ ദി കോറിലെ തങ്കന്‍ കടന്നു പോകുന്നത്.

”അടുത്ത ദിവസം കുട്ടായി ഇങ്ങ് തിരിച്ചു വരില്ലേ” എന്ന സഹോദരിയുടെ ഒറ്റവാക്കില്‍ തങ്കന്‍ ഭീകരമായ ഏകാന്തതയുടെ തുരുത്തിലേക്ക് പറിച്ചെറിയപ്പെടുന്നുണ്ട്. തനിച്ചുള്ള ജീവിതത്തില്‍ കൂട്ടായിയുണ്ടായിരുന്ന കുട്ടായി സഹോദരിക്കൊപ്പം പോകുന്ന ആ നിഴല്‍ വീഴുന്ന രാത്രിയില്‍ അയാള്‍ തനിച്ചായി പോകുന്നു. കവലയിലെ ആള്‍ക്കൂട്ടത്തിനു നടുവില്‍ അസാധാരണത്വം പേറുന്ന മനുഷ്യനായി കോരി ചൊരിയുന്ന മഴയത്ത് നിസഹായത പേറി നില്‍ക്കേണ്ടി വരുന്നുണ്ട്. ഈ ഒറ്റപ്പെടലിന്റെ കാതല്‍ അസ്തിത്വമാണെങ്കിലോ? അസ്തിത്വം കൊണ്ട് മാത്രം ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് എറിയപ്പെട്ട മനുഷ്യനെ, അവന്റെ ബലഹീനതകളെ, വികാരങ്ങളെ വരച്ചു കാണിക്കുന്നുണ്ട് ജിയോ ബേബി. ഏകാന്തതയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയുകയെന്നത് തങ്കനെ സംബന്ധിച്ചു നിസാരമായ ഒന്നല്ല. തന്റെ അസ്തിത്വത്തിന്റെ കാതല്‍ ചെറുപ്പകാലങ്ങളിലെപ്പോഴോ തന്നെ തിരിച്ചറിഞ്ഞ, അയാളുടെ സുഹൃത്ത് മാത്യു വര്‍ഗീസ് അക്കാര്യം സമൂഹത്തിനു മുന്നില്‍ തുറന്നു പറയും വരെയും തങ്കന്‍ ഈ ഏകാന്തതയുടെ നിഴലിലാണ്. തന്റെ അസ്തിത്വത്തെ പ്രതിയുള്ള ഭീതികളാല്‍ ഉലഞ്ഞുപോവുന്ന മാത്യു ദേവസിയുടെ വ്യഥകളെ, മാനസിക സംഘര്‍ഷങ്ങളെ, സമൂഹത്തില്‍ തുറന്നു കാണിക്കുന്നതിനുള്ള ആന്തരികമായ കലഹങ്ങളെയും ചിത്രം അടയാളപ്പെടുത്തുന്നുണ്ട്.

മാത്യു ദേവസി എന്ന റിട്ടയേര്‍ഡ് സഹകരണ ബാങ്ക് ജീവനക്കാരന്റെ ദൈന്യംദിന ജീവിതത്തിലൂടെ വട്ടം കറങ്ങുന്ന കഥാതന്തു കാലിക പ്രസക്തിയുള്ള വിഷയത്തിലേക്കും ദുഷിച്ച സാമൂഹിക സമവാക്യങ്ങളിലേക്കും വ്യതിചലിക്കുന്നുണ്ട് സിനിമയില്‍. ഈ വ്യതിചലനമത്രയും കണ്ടിരിക്കുന്നവരുടെ ഉള്ളിലേക്ക് ആഴത്തില്‍ പതിഞ്ഞിറങ്ങിയതില്‍ വൈകാരികമായ കഥ പറച്ചലിന് വലിയൊരു പങ്കുണ്ട്; കഥാപാത്രങ്ങള്‍ക്കും. പ്രേക്ഷകരെ ഓരോ വട്ടവും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയും, ഉറച്ച  കാഴ്ചപാടുകൾ കൊണ്ട് തന്നെ അടയാളപ്പെടുത്തുന്ന ഓമനയെ അവതരിപ്പിച്ച ജ്യോതികയും, പ്രമേയം ആവശ്യപ്പെടുന്ന തരത്തില്‍ അതിശയോക്തിക്ക് ഇട നല്‍കാത്തവിധം കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. മാത്യുവിന്റെയും ഓമനയുടെയും മകളായി എത്തുന്ന ഫെമിയിലും അച്ഛനായ ദേവസിയിലും തങ്കന്റെ സഹോദരീപുത്രന്‍ കുട്ടായിയിലും വരെ കഥാപാത്രങ്ങളുടെ തന്മയത്വം കാണാനാകും. വിശദാംശങ്ങള്‍ കഥയുടെ രസച്ചരട് മുറിക്കുമെന്നതിനാല്‍ പ്രമേയത്തെ കുറിച്ച് ഇവിടെ കൂടുതല്‍ പ്രതിപാദിക്കുന്നില്ല.

വിവാഹമെന്ന സാമൂഹിക സമ്പ്രദായത്തിന്റെ ഇരുണ്ട വശത്തിന്റെ ഇരയാണ് ജ്യോതികയുടെ ഓമന ഫിലിപ്. ”പെണ്ണുകെട്ടിയാല്‍ അവന്‍ നേരെയായി കൊള്ളുമെന്ന” സോ-കോള്‍ഡ് ഉപദേശത്തില്‍ ഓമനയ്ക്കും മാത്യു ദേവസിക്കും തങ്കനും ഒരുപോലെ നഷ്ടപെടുന്നത് അവരുടെ ജീവിതം തന്നെയാണ്. ആ ജീവിതത്തില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങളാവണം ഓമനയുടെ ദൃഢമായ കാഴ്ച്ചപ്പാടുകള്‍ക്ക് പിന്നില്‍. സിനിമയിലുടനീളം ‘സര്‍’ എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന മാത്യുവിന് അവനവന്റെ കാതലിനെ പ്രതിയുള്ള സമൂഹത്തിന്റെ ഇരുണ്ട കാഴ്ചപ്പാടുകള്‍ തങ്കനോളം ബാധിക്കുന്നില്ല. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന തങ്കനെ സംബന്ധിച്ച് കവലയില്‍ ആള്‍ക്കൂട്ടത്തിന്റെ പരിഹാസപാത്രമാവേണ്ടി വരുന്നുണ്ട്. ഒറ്റപെടലനുഭവിക്കേണ്ടി വരുന്നുണ്ട്. ആ വ്യഥകളത്രയും അയാളുടെ നിസഹായത നിറഞ്ഞ നോട്ടങ്ങളില്‍ പോലും തങ്ങി നില്‍ക്കുന്നുണ്ട്. മാത്യുവും തങ്കനും പ്രതിനിധീകരിക്കുന്ന ഒരു സമൂഹത്തോട് അവരുടെ അവകാശങ്ങളോട് മുഖ്യധാര വ്യവഹാരങ്ങൾ പുലര്‍ത്തുന്ന കാഴ്ചപ്പാടിനെ കുറിച്ച് അവരുടെ കാതലിനോട് സമൂഹത്തിനുള്ള അസഹിഷ്ണുതയെ കുറിച്ച് ജിയോ ബേബി ഒരുക്കിയ കാതല്‍ ലളിതമായ ഭാഷയില്‍ സംവദിക്കുന്നുണ്ട്. ഒരു പറ്റം മനുഷ്യരുടെ വ്യഥകളെ സംഘര്‍ഷങ്ങളെ മാനുഷിക പരിഗണനകളെ നിര്‍ദാക്ഷണ്യം തട്ടിയെറിഞ്ഞ സമൂഹത്തിന് നേരെ വിരല്‍ ചൂണ്ടുന്ന കാതല്‍,  കണ്ണും മനസും നിറഞ്ഞ കയ്യടി അര്‍ഹിക്കുന്നുണ്ട്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍