UPDATES

‘ആ കോടതി സീന്‍ എടുത്ത ദിവസം എന്റെ ആഗ്രഹവും സാധിച്ചു’

കാതലിലെ കുട്ടായി അലിസ്റ്റര്‍ അലക്‌സ് സംസാരിക്കുന്നു

                       

ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോറില്‍ പ്രേക്ഷകര്‍ മറക്കാനിടയില്ലാത്ത കഥാപാത്രങ്ങളില്‍ ഒന്ന് തങ്കന്റെ സഹോദരി പുത്രന്‍ കുട്ടായിയാണ്. സിനിമയുടെ കാതല്‍ കൊണ്ട് ചര്‍ച്ചയാകുന്ന കാതലിലെ കുട്ടായി എന്ന അലിസ്റ്റര്‍ അലക്‌സ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിലെ മീഡിയ സൈക്കോളജി വിദ്യര്‍ത്ഥിയാണ് ഈ ഇരുപതുകാരന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയിലൂടെയാണ് അലിസ്റ്റര്‍ സിനിമയിലെത്തുന്നത്. ദുബായിലെ സ്‌കൂള്‍ കാലത്തുള്‍പ്പെടെ നാടകങ്ങളില്‍ വേഷമിടുന്നത് ഹരമായിരുന്നു. മമ്മൂട്ടിയും, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ മുതല്‍ റോബര്‍ട്ട് ഡി നിറോ, ടോം ക്രൂസ് വരെ എത്തി നില്‍ക്കുന്നതാണ് പ്രിയപ്പെട്ട അഭിനേതാക്കള്‍. കോവിഡ് കാലത്താണ് അന്താരാഷ്ട്ര സിനിമകളുള്‍പ്പെടെ കണ്ടു തുടങ്ങുന്നത്. ഈ കാലഘട്ടമാണ് സിനിമയിലേക്ക് കൂടുതല്‍ വലിച്ചടുപ്പിക്കുന്നത്. വ്യത്യസ്ത കഥാഗതിയുള്ള ചിത്രങ്ങളും, അഭിനയവും, തിരക്കഥയും സൂക്ഷ്മമായി ശ്രദ്ധിക്കുന്നത് ഈ സമയത്താണ്. അപ്രതീക്ഷിതമായാണ് ജോജിയുടെ കാസ്റ്റിംഗ് കാള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധയില്‍ പെടുന്നതും താല്പര്യം അറിയിക്കുന്നതും. ഒട്ടും പ്രതീക്ഷിക്കാതെയായിരിന്നു ഒഡീഷന് വിളി വരുന്നതും സിനിമയില്‍ പനച്ചേല്‍ പോപ്പിയുടെ വേഷം ചെയ്യുന്നതും. പിന്നീട് ഫഹദ് ഫാസിലിനൊപ്പം മലയന്‍ കുഞ്ഞിലും, ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്ത ക്രിസ്റ്റിയിലും വേഷമിട്ടിരുന്നു.

‘കാതലിലേക്ക് എത്തുന്നത് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ പോള്‍സണ്‍ സ്‌കറിയയുടെ ഫോണ്‍ കോളിലൂടെയായിരുന്നു. കരയുന്ന ഒരു രംഗം അഭിനയിച്ചു കാണിക്കാനായിരുന്നു പറഞ്ഞത്. പിന്നീട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് സെലക്ട് ആയെന്ന് അറിയിച്ചു കാള്‍ വരുന്നത്. അങ്ങനെയാണ് കാതലിലെ കുട്ടായിയാവുന്നത്. വൈകാരികമായ രംഗങ്ങള്‍ അഭിനിയിക്കുന്നതില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ ജിയോ ബേബിയും അണിയറപ്രവര്‍ത്തകരും മറ്റു അഭിനേതാക്കളും തന്ന പിന്തുണ ചെറുതല്ല. ജിയോ ബേബി ചേട്ടന്‍ എന്റെ നാട്ടുകാരനാണ്. ഈരാറ്റുപേട്ടക്കാരനാണ് ചേട്ടന്‍. ഞങ്ങള്‍ ഒരുപാട് സിനിമ വിശേഷങ്ങള്‍ പറയുമായിരുന്നു’.

സിനിമയിലെ ഏറ്റവും മറക്കാന്‍ പറ്റാത്ത അനുഭവം മമ്മൂക്കയ്‌ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ പറ്റിയതാണെന്ന് അലിസ്റ്റര്‍ പറയുന്നു.”മമ്മൂട്ടിയെ കാണുക എന്നതായിരുന്നു മറ്റൊരു വലിയ ആഗ്രഹം. കോടതി രംഗം ചിത്രീകരിച്ച ദിവസം ആ ആഗ്രഹം സാധിച്ചു.”

പഠനവും അഭിനയവും ഒരുമിച്ചു കൊണ്ടുപോകുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് അലിസ്റ്റര്‍ പറയുന്നു. ‘കാതലും, ക്രിസ്റ്റിയും ഏകദേശം ഒരു സമയത്താണ് ചിത്രീകരിക്കുന്നത്. കോളേജിലെ ആദ്യ വര്‍ഷം കൂടിയായിരുന്നു അത്. സെമിനാറും അസൈന്‍മെന്റും ഉള്‍പ്പെടെ എല്ലാം ഒന്നിച്ചു വരുന്നത് ഷൂട്ടിംഗ് ടൈമിലായിരിക്കും. എന്നിരുന്നാലും ഇതുരണ്ടും ഒരുമിച്ചുകൊണ്ടുപോവാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്”.

ഈ തിരക്കുകള്‍ക്കെല്ലാം ഏറ്റവും കൂടുതല്‍ പിന്തുണ തന്ന് കൂടെ നില്‍ക്കുന്നത് കുടുംബമാണ്. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്നതാണ് കുടുംബം. വീട്ടുകാരെല്ലാം ഒരു പോലെ സന്തോഷത്തിലാണ്. അപ്പനിതുവരെയും സിനിമ കാണാന്‍ പറ്റിയിട്ടില്ല. ജിസിസി രാജ്യങ്ങളില്‍ സിനിമക്ക് വിലക്കുള്ളതുകൊണ്ടാണ്. അപ്പന്‍ ദുബൈയിലായാണ്. കോളേജിലെ സുഹൃത്തുക്കളും സിനിമ കണ്ടതിനു ശേഷം വിളിച്ചിരുന്നു. മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു ഇത്”-അലിസ്റ്റര്‍ പറയുന്നു.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍