UPDATES

ദിവസം 5 രൂപയ്ക്ക് വരെ പണിയെടുത്തു

ചാംകിലയുടെ കൊലക്ക് ശേഷമുള്ള ദുരിത ജീവിതം പറഞ്ഞ് ആദ്യ ഭാര്യ

                       

പഞ്ചാബിന്റെ തനതായ പാരമ്പര്യ സംഗീതത്തിന് പുതു വഴി തെളിച്ച പഞ്ചാബി ഗായകൻ അമർ സിംഗ് ചംകില ഒരിക്കൽ കൂടി മുൻനിരയിൽ ചർച്ചയാവുകയാണ്. ഏപ്രിൽ 13-ന് ചംകിലയുടെ ജീവതത്തെ ആസ്പദമാക്കി “അമർ സിംഗ് ചംകില” എന്ന പേരിൽ റിലീസ് ചെയ്ത ചിത്രം നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്തിരുന്നു. പഞ്ചാബിന്റെ എൽവിസ് എന്നറിയപ്പെടുന്ന ചാംകില തന്റെ 27-ാം വയസ്സിലാണ് ഇന്നും അജ്ഞാതരായി തുടരുന്ന കൊലപാതകികളാൽ വെടിയേറ്റ് മരിക്കുന്നത്. ചാംകില തൻ്റെ ഭാര്യ അമർജോത്തിനൊപ്പം മെഹ്സാംപൂർ പട്ടണത്തിൽ സംഗീത പരിപാടി അവതരിപ്പിക്കാനായി സഞ്ചരിക്കുന്നതിന്റെ ഇടയിലാണ് ബൈക്കിൽ എത്തിയ മുഖംമൂടി ധരിച്ചവർ ഇവർക്ക് നേരെ വെടിയുതിർത്തത്.

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഗുർമൈൽ കൗർ, ചംകിലയും അമർജോത്തും കൊല്ലപെടുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചിരുന്നു. ചാംകിലയും അമർജോത്തും മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ സന്ദർശിച്ചതായി സിനി പഞ്ചാബി എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഗുർമെയിൽ പറയുന്നുണ്ട്. ആ ദിവസം ഗുർമെയിൽ വ്യക്തമായി ഓർത്തെടുക്കുന്നുണ്ട്. അമർജോത് പച്ചക്കറികൾ അരിയുന്നതിനിടയിൽ തനിക്ക് അരുതാത്തതെന്തോ സംഭിവിക്കും മുമ്പുണ്ടാവുന്ന അസ്വസ്ഥത തോന്നിയാതയും പറയുന്നു. ചാംകിലയുടെ മരണം അവരെ സാമ്പത്തികമായി ബാധിച്ചതിനെ കുറിച്ചും ഗുർമെയിൽ സംസാരിച്ചു. ” സാമ്പത്തികമായും മാനസികമായും ഒരുപോലെ തളർന്നു പോയ നാളുകളായിരുന്നു അത്, 5 രൂപയ്ക്ക് ദിവസക്കൂലി ചെയ്തിരുന്നു. ” സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ ചാംകിലയുടെ ആരാധകരും, സഹപ്രവർത്തകരും സഹായം വാഗ്ദാനം ചെയ്തിരുന്നോ എന്ന ചോദ്യത്തിന്, സഹായിക്കാനായി ആരും മുന്നോട്ട് വന്നില്ലെന്നും ഗുർമെയിൽ പറയുന്നു.

“ഞാൻ അദ്ദേഹത്തെ പ്രതി വളരെ അഭിമാനിച്ചിരുന്നു. അദ്ദേഹം ഇന്ത്യ മുഴുവൻ പ്രശസ്തനായിരുന്നു.” ചാംകിലയുടെ അഖാഡകൾ താൻ ഒരിക്കലും സന്ദർശിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. അമർജോത്തിനെ വിവാഹം കഴിച്ചെങ്കിലും തന്നോടും മക്കളോടും ഉള്ള എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹം നിറവേറ്റിയിരുന്നെന്നും അവർ പറയുന്നു. സാമ്പത്തികമായി കുടുംബത്തെ പിന്തുണച്ചിരുന്ന അദ്ദേഹം അവർക്ക് സ്വന്തമായി ഭൂമി ഉൾപ്പെടെ വാങ്ങിച്ചു നൽകിയിരുന്നു. അമർ സിംഗ് ചാംകിലയ്ക്കും ഗുർമെയിലിനും രണ്ട് പെൺമക്കളുണ്ടായിരുന്നു.

അന്തരിച്ച ഗായകൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഇംതിയാസ് അലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിൽജിത് ദോസഞ്ചാണ് ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത്. വരികളിൽ ചടുലതയും, രാഷ്ട്രീയവും, സാമൂഹിക അസമത്വം ഒരു പോലെ പ്രതിഫലിപ്പിച്ച ചംകില മുഖ്യധാരാ സംഗീതത്തിനും, പഞ്ചാബിനും ഒരു പോലെ ജനപ്രിയനായി മാറുന്നത് 1980-കളുടെ തുടക്കത്തിലാണ്. ബാല്യ കാലത്തു തന്നെ സംഗീതത്തിൽ അഭിരുചി പുലർത്തിയിരുന്ന കുട്ടി ദാരിദ്രത്തിനെയും തോൽപ്പിച്ചു കൊണ്ട് സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കി. പഞ്ചാബിന്റെ റോക്‌സ്റ്റാറായി വളർന്നു. അക്കാലത്തെ ഏറ്റവും പ്രശസ്‌തനായ, ഏറ്റവും കൂടുതൽ ഗാനങ്ങൾ വിറ്റുപോയ ഗായകനായിരുന്നു അദ്ദേഹം. പലപ്പോഴും പ്രണയം, സമൂഹം, രാഷ്ട്രീയം എന്നിവയെ ശക്തമായ ഭാഷയിൽ അടയാളപ്പെടുത്തുന്നതായിരുന്നു ചംകിലയുടെ വരികൾ.

ചാംകില തൻ്റെ പങ്കാളിയും പാട്ടുകാരിയുമായ അമർജോത്തിനൊപ്പം സമകാലിക സംഗീതവുമായി പരമ്പരാഗത പഞ്ചാബി നാടോടി ഗാനങ്ങളെ സംയോജിപ്പിച്ച് ഒരു തനതായ സംഗീത ശൈലി രൂപപ്പെടുത്തിയിരുന്നു. പഞ്ചാബിന് പുറത്തേക്ക് ചംകിലയുടെ പ്രശസ്തി വർധിപ്പിച്ചതും ഈ പരീക്ഷണമായിരുന്നു. ഒരു കാലത്ത് ചാംകില ഒരു വർഷത്തിനുള്ളിൽ 365 ഷോകൾ നടത്തിയിരുന്നു. കൂടാതെ നിരവധി സിനിമകൾക്ക് റെക്കോർഡ് ചെയ്യുകയും ഇന്ത്യയ്ക്ക് പുറത്ത് അവതരിപ്പിക്കുകയും ചെയ്തു. ആ കലാസപര്യ അധിക കാലം നീണ്ടു നിന്നില്ല. പഞ്ചാബിലെ മെഹ്‌സാംപൂരിൽ വച്ച് അമർ സിംഗ് ചംകിലയും ഭാര്യ അമർജോത്തും വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്നും ചംകിലയുടെ കൊലപതകത്തിനു പിന്നിലെ ദൂരൂഹതകൾ മാറാ നീക്കി പുറത്തു വന്നിട്ടില്ല. ഇരുവരുടെയും മരണം ദുരൂഹതയായി തന്നെ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ നിരവധി സംഗീതജ്ഞർ കവർ ചെയ്യുകയും റീമിക്സ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പഞ്ചാബി സംഗീതത്തിലും സംസ്കാരത്തിലും അദ്ദേഹത്തിൻ്റെ സംഗീതവും,സ്വാധീനവും ആരാലും മറികടക്കപെടാതെ തുടർന്നു പോരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍