June 06, 2026 |

എട്ട് മാസം, 212 ദിവസം, 525 സംഭവങ്ങള്‍; ഈ വര്‍ഷം ക്രിസ്ത്യനികള്‍ നേരിട്ട അക്രമങ്ങളുടെ കണക്കാണ്

ഒരോ ദിവസവും മൂന്നോളം അതിക്രമങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ രാജ്യത്തുണ്ടാകുന്നുണ്ടെന്നാണ് പറയുന്നത്‌

രാജ്യത്ത് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2023 ഓഗസ്റ്റ് വരെയുള്ള 212 ദിവസങ്ങളിലായി 525 അക്രമസംഭവങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരേ ഉണ്ടായിട്ടുള്ളതെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം(യുസിഎഫ്) റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരോ ദിവസവും മൂന്നോളം അതിക്രമങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ രാജ്യത്തുണ്ടാകുന്നുണ്ടെന്നാണ് പറയുന്നത്‌.

ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ അതിക്രമം വര്‍ദ്ധിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തു വരുന്നത്. ന്യൂഡല്‍ഹിയിലെത്തുന്ന ലോക നേതാക്കള്‍ക്ക് മുന്നില്‍ ഇന്ത്യയെ ഒരു ആഗോള ശക്തിയായി അവതരിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുപ്പുകള്‍ നടത്തുന്നത്. അതുവഴി സ്വയമേവ താനൊരു വിശ്വനേതാവ് ആയി അംഗീകരിക്കപ്പെടാനും മോദി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ഇതേ മോദിയുടെ ഭരണത്തിന് കീഴിലാണ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്നതെന്നാണ് വിരോധാഭാസം. മോദിയുടെ പാര്‍ട്ടിയായ ഭാരതീയ ജനത പാര്‍ട്ടിയുടെ അനുബന്ധ ഘടകങ്ങളായ സംഘപരിവാര്‍ സംഘങ്ങളാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്നിലുള്ളതും. ഒരു ജനാധിപത്യ രാജ്യത്ത്, ഒരു വ്യക്തി തന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത മത വിശ്വാസത്തിനു മേല്‍ നടത്തുന്ന കടന്നു കയറ്റമാണ് ഓരോ അതിക്രമങ്ങളും.

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ആറു മാസത്തിലേറെയായി കലാപം തുടരുകയാണ്. ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്ന ട്രൈബല്‍ വിഭാഗമായ കുക്കികള്‍ അവിടെ വംശഹത്യയ്ക്ക് ഇരയാക്കപ്പെടുകയാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ ഫലപ്രദമായ ഇടപെടലുകള്‍ ഇതുവരെ നടത്തിയിട്ടില്ല.

ഇന്ത്യയില്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ അക്രമിക്കപ്പെടുന്നതില്‍ അന്താരാഷ്ട്ര സമൂഹം പലകുറി ആശങ്ക അറിയിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ വച്ച് മോദി ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തിന്റെ പ്രധാനികള്‍ ഇന്ത്യയില്‍ എത്തുന്നു, അപ്പോഴും ഇതേ വിഷയം തന്നെ ഉയര്‍ന്നു വന്നിരിക്കുന്നു.

2022-ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 505 അക്രമസംഭവങ്ങളാണെങ്കില്‍, ഈ വര്‍ഷം അവസാനിക്കാന്‍ ഇനിയും നാല് മാസങ്ങള്‍ അവശേഷിക്കെയാണ് 525 എന്ന കണക്ക്. ക്രിസ്ത്യന്‍ മതത്തിനെതിരേ ഇന്ത്യയില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് യു സി എഫിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്. ജൂണ്‍ മാസത്തിലാണ് ഏറ്റവും അധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണില്‍ 89 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈയില്‍ 80, ഓഗസ്റ്റില്‍ 66, മാര്‍ച്ചില്‍ 63, ഫെബ്രുവരി 62, ജനുവരി 50, മേയ് 47, ഏപ്രില്‍ 47- എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

രാജ്യത്തെ 13 ജില്ലകളില്‍ ക്രിസ്യന്‍ മതവിഭാഗം കൂടുതല്‍ അപകടാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയാണ് ഇതില്‍ മുന്നില്‍. ഇവിടെ ക്രിസ്ത്യാനികള്‍ ഏതു സമയവും അക്രമിക്കപ്പെടാവുന്ന സ്ഥിതിയിലാണെന്ന് യു സി എഫ് പറയുന്നു. 51 അക്രമസംഭവങ്ങളാണ് ഈ വര്‍ഷം ബസ്തറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഛത്തീസ്ഗഡിലെ തന്നെ കൊണ്ടാഗാവ് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ഈ വര്‍ഷം 14 അതിക്രമങ്ങളാണ് ക്രിസ്ത്യന്‍ വിഭാഗത്തിനെതിരേ ഉണ്ടായത്. ഉത്തര്‍പ്രദേശിലെ അസംഗഢ്-14, ജൗന്‍പൂര്‍-13, റായ്ബലേറി-13, സിതാപൂര്‍,13, കാണ്‍പൂര്‍-12, ഹര്‍ദോയ്-10, മഹാരാജ്ഗഞ്ച്-10, കുശിനഗര്‍-10,മൗ-10, ഗൗസിപൂര്‍-9, ജാര്‍ഖണ്ഡിലെ റാഞ്ചി-9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം അതിക്രമ സംഭവങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ ഉണ്ടായിട്ടുള്ളത്. ഉത്തര്‍പ്രദേശാണ് മുന്നില്‍. അവിടെ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 211 സംഭവങ്ങളാണ്. തൊട്ടു പിന്നില്‍ ഛത്തീസഗഢ്-118. മൂന്നാം സ്ഥാനത്ത് ഹരിയാന-39.

അധികാരത്തിലിരിക്കുന്നവരുടെ പിന്തുണയുള്ള ഒരു പ്രത്യേക മതവിശ്വാസത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങളാണ് ക്രിസ്ത്യാനികള്‍ നേരിടേണ്ടി വരുന്നതെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പറയുന്നത്. ആള്‍കൂട്ട ആക്രമങ്ങള്‍ കൊണ്ട് അവസാനിക്കുന്നതുമില്ല ക്രിസ്ത്യാനികള്‍ക്കെതിരായ നീക്കങ്ങള്‍. യാതൊരു തെളിവുമില്ലാതെ, വ്യാജ മതം മാറ്റം ആരോപിച്ച് 520 ക്രിസ്ത്യാനികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും യു സി എഫ് ആരോപിക്കുന്നു.

ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയ 54 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യു സി എഫ് റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം സാമൂഹിക ബഹിഷ്‌കരണങ്ങളിലൂടെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരായ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുകയാണ്. അവരെ ഗ്രാമത്തിലെ പൊതു ജലസ്രോതസ്സുകള്‍ ഉപയോഗിക്കാനോ, പൊതു റോഡുകള്‍ ഉപയോഗിക്കാനോ അനുവദിക്കില്ല. സ്വന്തം കൃഷിയിടത്തില്‍ അവര്‍ വിളയിച്ച വിളകള്‍ എടുക്കാന്‍ പോലും അനുവദിക്കാറില്ലെന്നാണ് പറയുന്നത്. ഇത്തരം ന്രിര്‍ബന്ധിത നിരോധനങ്ങള്‍ ഏര്‍പ്പെടുത്തി ക്രിസ്ത്യാനികളെ സാമ്പത്തികമായി തകര്‍ക്കുകയാണ് ചെയ്യുന്നത്. അവരുടെ ജീവിതം തീര്‍ത്തും ബുദ്ധിമുട്ടിലാക്കുന്നു.

ഈ വര്‍ഷം ഡല്‍ഹിയില്‍ മതമൗലികവാദികള്‍ ക്രിസ്ത്യനികളുടെ പ്രാര്‍ത്ഥന ചടങ്ങുകള്‍ അലങ്കോലമാക്കുകയും വിശ്വാസികളെ മര്‍ദ്ദിക്കുകയും ആരാധന ചടങ്ങുകള്‍ നിര്‍ബന്ധിച്ച് അവസാനിപ്പിക്കുകയും ചെയ്ത നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് യു സി എഫ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2014 മുതല്‍ ഇന്ത്യയിലെ ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരേയുള്ള അക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്ടെത്തിയിരിക്കുന്നത്. അതിനവര്‍ ചൂണ്ടിക്കാണിക്കുന്ന കണക്ക് ഇപ്രകാരമാണ്; 2014-147, 2015-177, 2016-208, 2017-240, 2018-292, 2019-328, 2020-270, 2021-505, 2022-599, 2023(ആദ്യ 212 ദിവസത്തില്‍)-525.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പറയുന്നത്, ഈ കണക്കുകളില്‍ മണിപ്പൂരിലെ അതിക്രമങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ്. എന്നിരിക്കിലും മാധ്യമ വാര്‍ത്തകള്‍ പ്രകാരം 2023 മേയ് മൂന്നു മുതല്‍ തുടങ്ങിയ കലാപത്തില്‍ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട 300 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടു. 200 ആളുകളോളം കൊല്ലപ്പെടുകയും 54,000 പേര്‍ ഭവനരഹിതരാവുകയും ചെയ്തു. ഇപ്പോഴും അവിടെ കലാപം തുടരുകയാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടിനു വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നും യു സി എഫ് പറയുന്നു.

രാജ്യത്ത് ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരേ നടക്കുന്ന അതിക്രമങ്ങള്‍ സുപ്രിം കോടതിക്ക് മുന്നിലും എത്തിയിരുന്നു. സെപ്തംബര്‍ 12ന് ഇത് സംബന്ധിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് അന്തിമവാദം കേള്‍ക്കാനിരിക്കുകയാണ്. തങ്ങള്‍ നല്‍കിയ ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നുവെന്നും യു സി എഫ് പറയുന്നു. മണിപ്പൂര്‍ കലാപത്തെ കുറിച്ച് അന്വേഷിക്കാനും കേസ് ചാര്‍ജ് ചെയ്യാനും കുറ്റവാളികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാനും വേണ്ടി സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ ഏജന്‍സിയെ നിയോഗിക്കണമെന്ന് യു സി എഫിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആരാധനകള്‍ സുഗമമായി നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും, അതിക്രമങ്ങളുടെ ഇരകളായ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ആവശ്യമായ നിയമസഹായം ഏര്‍പ്പാടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×