UPDATES

എന്താണ്, എങ്ങനെയാണ് പാര്‍ലമെന്റിലെ ചോദ്യങ്ങള്‍?

മഹുവ മൊയ്ത്രയെ വിവാദത്തിലാക്കിയ ചോദ്യത്തിന് കോഴ ആരോപണം

                       

ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നിശിത വിമര്‍ശകയാണ് മഹുവ മൊയ്ത്ര. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ ചോദ്യങ്ങളും വിമര്‍ശനങ്ങളും പലഘട്ടത്തിലും മോദിയെയും ബിജെപിയെയും ലോക്‌സഭയില്‍ പൊള്ളിച്ചിട്ടുള്ളതാണ്. നിലവില്‍ മഹുവ ഗുരുതരമായൊരു കുറ്റാരോപണം നേരിടുകയാണ്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് കോഴ വാങ്ങിയെന്നതിന് തെളിവുകള്‍ ടിഎംസി പാര്‍ലമെന്റ് അംഗത്തിനെതിരേ കണ്ടെത്തിയെന്നാണ് പറയുന്നത്. ബിജെപി, അവരുടെ പ്രധാന എതിരാളിക്കെതിരേ കിട്ടിയ അവസരം കാര്യമായി മുതലെടുക്കുന്നുണ്ട്. മഹുവയുടെ പാര്‍ട്ടി തങ്ങളുടെ എംപിയെ കണ്ണടച്ച് പ്രതിരോധിക്കാന്‍ തയ്യാറായിട്ടില്ല.

മഹുവ മൊയ്ത്ര എംപിയുടെ പാര്‍ലമെന്റ് അകൗണ്ടില്‍ കയറി ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒയും ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനുമായ ദര്‍ശന്‍ ഹിരാനന്ദാനി ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്തു എന്നു നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍-എന്‍ ഐ എസ്-കണ്ടെത്തിയിട്ടുണ്ടെന്നാണ് ബിജെപി പറയുന്നത്. മഹുവ രണ്ടു കോടി രൂപ പണമായും, പുറമെ വിലപിടിപ്പുള്ള സമ്മാനങ്ങളും ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്നും ചോദ്യങ്ങള്‍ക്ക് കോഴയായി കൈപ്പറ്റിയെന്നാണ് ആരോപണം. പണത്തിനും സമ്മാനത്തിനും പകരമായി തന്റെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ദുബായ് ആസ്ഥാനമായുള്ള ദര്‍ശന് മഹുവ നല്‍കിയെന്നാണ് ആക്ഷേപം. താന്‍ ഇതുപയോഗിച്ച് ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്‌തെന്ന് ദര്‍ശന്‍ ഹിരാനന്ദാനി പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റിക്ക് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. മൊഹുവയ്ക്കു വേണ്ടി ആവശ്യമുള്ള സമയത്ത് താന്‍ നേരിട്ട് ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നാണ് ഹിരാനന്ദാനി സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നത്.

എത്തിക്‌സ് കമ്മിറ്റി അന്വേഷിച്ച് സത്യം കണ്ടെത്തട്ടെയെന്നാണ് തൃണമൂല്‍ പറയുന്നത്. മൊഹുവ എക്‌സ് അകൗണ്ടിലൂടെ അറിയിക്കുന്നത്, പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെയോ സിബിഐയുടെയോ ചോദ്യങ്ങള്‍ താന്‍ സ്വാഗതം ചെയ്യുകയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ്.

ലോക്‌സഭയിലെ പ്രധാനപ്പെട്ടൊരു നടപടിക്രമമാണ് ചോദ്യോത്തര വേള. ലോക്‌സഭ സാധാരണ ആരംഭിക്കുന്നത് ചോദ്യോത്തര വേളയിലൂടെയാണ്. രാവിലെ 11 മുതല്‍ 12 വരെയാണ് സാധാരണനിലയില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചോദ്യോത്തര വേള. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചോദ്യോത്തോര വേളയില്‍, എംപിമാര്‍ക്ക് ഓരോ മന്ത്രിമാരോടും അവരവരുടെ മന്ത്രാലയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമുണ്ട്. എന്തു തരം ചോദ്യങ്ങള്‍ എംപിമാര്‍ക്ക് ചോദിക്കാം, ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന്റെ നടപടിക്രമങ്ങള്‍, എത്രമാത്രം പ്രധാന്യമുള്ളതാണ് ചോദ്യോത്തര വേള എന്നതിനൊക്കുറിച്ചൊക്കെ കുറച്ചു കൂടി വിശദീകരിച്ചു പറയാം;

ചോദ്യം ചോദിക്കുന്നതിനുള്ള നടപടിക്രമം

ലോക്‌സഭ നടപടിക്രമങ്ങളും പെരുമാറ്റങ്ങളും സംബന്ധിച്ചുള്ള 32 മുതല്‍ 52 വരെയുള്ള ചട്ടങ്ങളും (റൂള്‍സ് ഓഫ് പ്രൊസീജ്യര്‍ ആന്‍ഡ് കണ്ടക്ട് ഓഫ് ബിസിനസ് ഇന്‍ ലോക്‌സഭ റൂള്‍സ്), ലോക്‌സഭ സ്പീക്കറുടെ നിര്‍ദേശങ്ങളിലെ 10 മുതല്‍ 18 വരെയുള്ള ചട്ടങ്ങളും(ഡയറക്ഷന്‍സ് ബൈ ദ സ്പീക്കര്‍, ലോക്‌സഭ) പ്രകാരമാണ് സഭയിലെ ചോദ്യങ്ങള്‍ അനുവദിക്കപ്പെടുന്നത്.

ഒരു അംഗത്തിന് ചോദ്യങ്ങളുണ്ടെങ്കില്‍, അവരാദ്യം ലോക്‌സഭ സെക്രട്ടറി ജനറലിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കേണ്ടതുണ്ട്. ഈ നോട്ടീസില്‍ പ്രസ്തുത ചോദ്യം രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂടാതെ, ഏത് മന്ത്രാലയവുമായി ബന്ധപ്പെട്ട ചോദ്യമാണെന്നതനുസരിച്ച് പ്രസ്തുത മന്ത്രിയെ അഭിസംബോധന ചെയ്യണം, എപ്പോഴാണ് മറുപടി പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുന്ന തീയതി രേഖപ്പെടുത്തിയിരിക്കണം, ചോദ്യത്തിന് മുന്‍ഗണന നല്‍കണമെങ്കില്‍ അക്കാര്യവും. മിക്കാവാറും എംപിമാര്‍ക്കും ഒരു ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരിക്കും.

പരമാവധി അഞ്ചു ചോദ്യങ്ങള്‍ ഒരു ദിവസം ചോദിക്കാനുള്ള അനുവാദമാണ് എംപിമാര്‍ക്കുള്ളത്. ഇതിനുള്ള മറുപടി രേഖാമൂലമോ വാക്കാലോ ലഭിക്കും. അഞ്ചില്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍, അധികമുള്ള ചോദ്യം/ ചോദ്യങ്ങള്‍ വരും ദിവസത്തിലോ/ങ്ങളിലോ ബന്ധപ്പെട്ട മന്ത്രിമാരുടെ പരിഗണനയ്ക്ക് വിടും. എന്നാല്‍ ആ പാര്‍ലമെന്റ് സമ്മേളന കാലയളവിനുള്ളില്‍ മാത്രമെ ചോദ്യങ്ങള്‍ പരിഗണിക്കപ്പെടുകയുള്ളൂ. സാധാരണ ഒരു ചോദ്യത്തിന്റെ കാലവാധി പരമാവധി 15 ദിവസമാണ്.

രണ്ടു വിധത്തില്‍ എംപിമാര്‍ക്ക് അവരുടെ ചോദ്യങ്ങള്‍ സമര്‍പ്പിക്കാം. ഒന്ന്, ഓണ്‍ലൈന്‍ വഴി ‘ മെംബേര്‍സ് പോര്‍ട്ടല്‍’ പ്രകാരം. ഇതിനായി ഓരോ എംപിമാര്‍ക്കും ഒരു ഐഡിയും പാസ്‌വേര്‍ഡും നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ മാര്‍ഗം, പാര്‍ലമെന്ററി നോട്ടീസ് ഓഫീസ് വഴി ലഭിക്കുന്ന പകര്‍പ്പില്‍ എഴുതി നല്‍കുന്നത്.

ഇത്തരത്തില്‍ കിട്ടുന്ന ചോദ്യങ്ങള്‍ സഭയുടെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പരിശോധനയ്ക്ക് വിധേയമാക്കും. ചോദ്യം മൊത്തത്തിലോ, അതിലെ ഭാഗങ്ങളോ സ്വീകാര്യമാണോ അല്ലയോ എന്നകാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം.

ചോദ്യങ്ങളുടെ സ്വീകാര്യത നിശ്ചയിക്കുന്നതെങ്ങനെ?

പലവിധ ചട്ടങ്ങളുണ്ട് ഒരു ചോദ്യം സ്വീകാര്യമായതാണോ എന്ന് നിശ്ചയിക്കാന്‍. ഒരു ചോദ്യം സാധാരണഗതിയില്‍ 150 വാക്കുകളില്‍ കൂടാന്‍ പാടില്ല. ചോദ്യങ്ങളില്‍ ആരോപണങ്ങള്‍, അപകീര്‍ത്തി പരാമര്‍ശങ്ങള്‍, ആരുടെയെങ്കിലും സ്വഭാവത്തെയോ പെരുമാറ്റത്തെയോ കുറിച്ചുള്ള വ്യക്തിപരമായ പരാമര്‍ശം തുടങ്ങിയ കാര്യങ്ങള്‍ ചോദ്യങ്ങളില്‍ ഉള്‍പ്പെടരുത്. ഒരു നയവുമായി ബന്ധപ്പെട്ടു വലിയ സംവാദങ്ങളാവശ്യമുള്ള ചോദ്യങ്ങള്‍ പാടില്ല. നിയന്ത്രിതമായ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി സാധിക്കാതെ വരുമെന്നതുകൊണ്ടാണ്. കോടതികളുടെ മുമ്പാകെയോ, നിയമാനുസൃത ട്രൈബ്യൂണുകളുടെയോ മറ്റ് സംവിധാനങ്ങളുടെയോ, ഏതെങ്കിലും പാര്‍ലമെന്ററി സമതിക്കു മുമ്പാകെയോ പരിഗണന കാത്തു കിടക്കുന്ന വിഷയങ്ങളിലും ചോദ്യങ്ങള്‍ അനുവദനീയമല്ല.

ചോദ്യങ്ങള്‍ എത്രവിധം?

ചോദ്യങ്ങള്‍ നാല് വിധമുണ്ട്. നക്ഷത്ര ചിഹ്നമിട്ടവ, നക്ഷത്ര ചിഹ്നമിടാത്തവ, ഹൃസ്വകാല നോട്ടീസിലുള്ളവ, സ്വകാര്യ അംഗങ്ങളെ സംബോധന ചെയ്തുള്ളവ.

ഒരു പാര്‍ലമെന്റ് അംഗത്തിന് പ്രസ്തുത മന്ത്രി നേരിട്ട് വാക്കാല്‍ ഉത്തരം നല്‍കുന്ന ചോദ്യമാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യം. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ 15 ദിവസത്തിനു മുമ്പ് സമര്‍പ്പിച്ചിരിക്കണം. പ്രസ്തുത മന്ത്രിക്ക് മറുപടി തയ്യാറാക്കാനുള്ള സമയം കിട്ടാന്‍ വേണ്ടിയാണ്. എല്ലാ എംപിമാര്‍ക്കും നക്ഷത്ര ചിഹ്നമിട്ട ഒരു ചോദ്യം ദിവസവും സഭയില്‍ ഉന്നയിക്കാനുള്ള അവകാശമുണ്ട്. എന്നിരിക്കിലും പരമാവധി 20 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായിരിക്കും ഒരു ദിവസത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഒരു ചോദ്യത്തിനുള്ള മറുപടി വാക്കാല്‍ നല്‍കുന്ന സമയത്ത് അനുബന്ധ ചോദ്യങ്ങള്‍ ചോദ്യകര്‍ത്താവിനുണ്ടെങ്കില്‍ അത് അനുവദനീയമാണ്.

പ്രസ്തുത മന്ത്രിമാരില്‍ നിന്നും എഴുതി തയ്യാറാക്കപ്പെട്ട ഉത്തരങ്ങള്‍ ലഭിക്കുന്ന ചോദ്യമാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം. ഇത്തരം ചോദ്യങ്ങളും 15 ദിവസത്തിനു മുന്നോടിയായി സമര്‍പ്പിച്ചിരിക്കണം. ഒരു ദിവസം പട്ടികയില്‍ ഉള്‍പ്പെടുത്തുക പരമാവധി 230 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളാണ്. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ മറുപടയില്‍ അനുബന്ധ ചോദ്യങ്ങള്‍ അനുവദനീയമാണെങ്കില്‍, നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ കാര്യത്തില്‍ അനുബന്ധ ചോദ്യങ്ങള്‍ക്ക് അനുമതിയില്ല.

ഓരോ വിഷയത്തിലുമുള്ള സര്‍ക്കാരിന്റ കാഴ്ച്ചപ്പാടുകളും നയതാത്പര്യങ്ങളും മനസിലാക്കാന്‍ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളാണ് അനുയോജ്യം. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ സഹായിക്കുക, ഒരു വിഷയത്തില്‍ ഡാറ്റായോ വിവരങ്ങളോ ലഭ്യമാക്കാനാണ്.

പൊതുവിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള ചോദ്യങ്ങളാണ് ഹൃസ്വകാല നോട്ടീസ് ചോദ്യങ്ങള്‍. ഇത്തരം ചോദ്യങ്ങള്‍ 10 ദിവസത്തിനകം സമര്‍പ്പിച്ചിരിക്കണം, ഒപ്പം ഇത്തരമൊരു ചോദ്യം ഉന്നയിക്കുന്നതിന്റെ കാരണവും ബോധ്യപ്പെടുത്തിയിരിക്കണം. നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളുടെ കാര്യത്തിലെന്നപോല, ഹൃസ്വകാല നോട്ടീസ് ചോദ്യത്തിനും വാക്കാലുള്ള ഉത്തരമായിരിക്കും ലഭിക്കുക, ഒപ്പം അനബന്ധ ചോദ്യങ്ങളും അനുവദിക്കപ്പെടും.

സ്വകാര്യ അംഗങ്ങളെ സംബോധന ചെയ്തുള്ള ചോദ്യങ്ങളില്‍ എംപിമാര്‍ അവരവരെ ബന്ധപ്പെട്ടു തന്നെയുള്ള വിഷയങ്ങളില്‍ അന്വേഷണമാണ് നടത്തുക. എതെങ്കിലും ബില്ല്, പ്രമേയം അല്ലെങ്കില്‍ ആ എംപിയുടെ ഉത്തരവാദിത്വത്തില്‍ വരുന്ന സഭയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ എന്നിവയിലായിരിക്കും ചോദ്യങ്ങള്‍. മുന്‍ ചോദ്യങ്ങള്‍ക്കുള്ളതുപോലെ, സ്പീക്കറുടെ പരിശോധനകള്‍ അടക്കമുള്ള എല്ലാ ചട്ട പരിശോധനകളും ഇവിടെയും ബാധകമാണ്.

പാര്‍ലമെന്റിലെ ചോദ്യങ്ങളുടെ പ്രാധാന്യം?

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുക എന്നത് ഒരു അംഗത്തിനുള്ള അന്തര്‍ലീനവും അനിയന്ത്രിതവുമായ അവകാശം ആണെന്നാണ് ‘പാര്‍ലമെന്റിലെ ചോദ്യോത്തര വേള’ രേഖകള്‍ വ്യക്തമാക്കുന്നത്. എക്‌സിക്യൂട്ടീവ് നടപടികളില്‍ നിയമനിര്‍മാണ നിയന്ത്രണം കൊണ്ടുവരുന്നതിനുവേണ്ടിയുള്ള ഒരു പാര്‍ലമെന്ററി ഉപാധിയെന്നതാണ് ചോദ്യങ്ങളുടെ പ്രസക്തി. ഭരണത്തിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തന വശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും, തെറ്റുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ നയങ്ങളെയും പദ്ധതികളെയും വിമര്‍ശിക്കാനും, സര്‍ക്കാരിന്റെ വീഴ്ചകള്‍ വെളിച്ചത്തുകൊണ്ടുവരാനും പൊതുനന്മയ്ക്കായി കാര്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രിമാരെ പ്രേരിപ്പിക്കാനും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതു വഴി സാധ്യമാകും

പാര്‍ലമെന്റില്‍ ഉയരുന്ന ചോദ്യങ്ങള്‍, സര്‍ക്കാരിന് അവരുടെ നയങ്ങളോടും ഭരണത്തോടുമുള്ള പൊതുജന പ്രതികരണം അളക്കാനുള്ള ഉപാധിയായും ഉപയോഗിക്കാം.

പാര്‍ലമെന്റില്‍ ഉണ്ടാകുന്ന ചോദ്യങ്ങളാണ്, ചില സമയങ്ങളില്‍ ഒരു പാര്‍ലമെന്ററി സമിതിയുടെ രൂപീകരണത്തിനോ, അന്വേഷണ കമ്മീഷന്‍ രൂപീകരണത്തിലേക്കോ നയിക്കുന്നതും, അതിലുപരി ഒരു നിയമനിര്‍മാണത്തിന് തന്നെ കാരണമാകുന്നതും.

Share on

മറ്റുവാര്‍ത്തകള്‍