സന്ദര്‍ശകര്‍ പാര്‍ലമെന്റ് ഭാഷയില്‍ ‘ അപരിചിതര്‍’ ആണ്
സന്ദര്‍ശക പാസില്‍ ലോക്‌സഭയ്ക്കുള്ളില്‍ പ്രവേശിച്ച രണ്ടു പേര്‍ സഭയ്ക്കുള്ളില്‍ നടത്തിയ അതിക്രമം രാജ്യത്തിന്റെ സുരക്ഷ സംവിധാനങ്ങളെ അപ്പാടെ നാണം കെടുത്തിയിരിക്കുകയാണ്. നാല് പ്രധാന പ്രതികളില്‍ രണ്ടു പേരാണ്- മനോരഞ്ജനും സാഗര്‍ ശര്‍മയും- സഭയ്ക്കുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൈസുരൂ-കുടക് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം പി പ്രതാപ് സിംഹയില്‍ നിന്നും പാസ് സംഘടിപ്പിച്ചാണ് മനോരഞ്ജനും സാഗറും പാര്‍ലമെന്റിനുള്ളില്‍ കടന്നത്. മനോരഞ്ജന്‍ മൈസുരൂ മണ്ഡലത്തിലെ വോട്ടറാണ്. പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ 22 ാം വാര്‍ഷിക ദിനത്തില്‍ തന്നെ ഇത്തരത്തിലൊരു സംഭവം നടന്നതാണ് അത്ഭുതം. പാര്‍ലമെന്റിനു മേല്‍ ഖാലിസ്ഥാന്‍ ഭീഷണി നിലനില്‍ക്കുന്നൊരു അന്തരീക്ഷം കൂടിയാതിനാല്‍ ശക്തമായ സുരക്ഷ സംവിധാനം രാജ്യത്തിന്റെ പരമപ്രധാനമായ കേന്ദ്രത്തില്‍ ഒരുക്കേണ്ടതായിരുന്നു. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നത് ഒരുപാട് ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തുന്നു.
ബുധനാഴ്ച്ചത്തെ സംഭവത്തിനു പിന്നാലെ ഇരുസഭകളിലേക്കും പുറത്തു നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനൊരു കാരണവും പറഞ്ഞിട്ടില്ല, ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാര്‍ലമെന്റിനുള്ളിലെ സുരക്ഷാ സന്നാഹങ്ങള്‍ അവര്‍ എങ്ങനെ മറികടന്നു?
ഈയൊരു സാഹചര്യത്തില്‍, പാര്‍ലമെന്റിനുള്ളില്‍ സന്ദര്‍ശകരായെത്താനുള്ള നിയമങ്ങളും സന്ദര്‍ശ പാസ് അനുവദിക്കാന്‍ എം പി നല്‍കേണ്ട ഉറപ്പുകളെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രതാപ് സിംഹയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കാം;
ഒന്നാമതായി, സന്ദര്‍ശക ഗാലറി ശക്തമായ സുരക്ഷ നിരീക്ഷണത്തിലായിരിക്കണമെന്നാണ് നിയമം. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുകള്‍ ഓരോ സന്ദര്‍ശകന്റെയും മേലുണ്ടാകണം, സഭയെ തടസപ്പെടുത്തുന്ന യാതൊരുവിധ പെരുമാറ്റങ്ങളും സന്ദര്‍ശക ഗാലറിയിലുള്ളവരില്‍ നിന്നുണ്ടാകരുതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.
സന്ദര്‍ശകര്‍ പാര്‍ലമെന്റ് ഭാഷയില്‍ ‘ അപരിചിതര്‍’ ആണ്. അവരുടെ ആഗമനം, നിര്‍ഗമനം, പുറത്താക്കല്‍ എന്നിവ ലോക്‌സഭ നടപടിക്രമങ്ങളും പെരുമാറ്റ ചട്ടങ്ങളും പറയുന്ന ചട്ടം 386 പ്രകാരം നിയന്ത്രിക്കുന്ന കാര്യങ്ങളാണ്. സ്പീക്കറുടെ ഉത്തരവ് അനുസരിച്ച് മാത്രമായിരിക്കും, അംഗങ്ങള്‍ക്കായി മാത്രം മാറ്റിവയ്ക്കപ്പെടാത്തതായിട്ടുള്ള സഭയുടെ ഭാഗങ്ങളില്‍(സന്ദര്‍ശക ഗാലറികള്‍) ‘ അപരിചിതരെ ‘(സന്ദര്‍ശകര്‍) പ്രവേശിപ്പിക്കുന്നതെന്നാണ് ചട്ടം അനുശാസിക്കുന്നത്. ചട്ടം 387 നല്‍കുന്ന അധികാരം ഉപയോഗിച്ച് ലോക്‌സഭ സ്പീക്കര്‍ക്ക് സഭയില്‍ നിന്നും ‘അപരിചിതരെ’ എപ്പോള്‍ വേണണെങ്കിലും ഏതു ഗാലറിയില്‍ നിന്നാണെങ്കിലും പുറത്താക്കാം.
ഒരു പാര്‍ലമെന്റ് അംഗത്തിന്, തനിക്ക് വ്യക്തിപരമായി അടുത്ത് അറിയാവുന്നവര്‍ക്ക വേണ്ടി മാത്രമെ സന്ദര്‍ശക പാസിന് അപേക്ഷ നല്‍കാന്‍ കഴിയൂ എന്നാണ് എം എന്‍ കൗള്‍, എസ് എല്‍ ശക്‌ധേര്‍ എന്നിവരുടെ ‘ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനവും നടപടിക്രമങ്ങളും’ ( practice and procedure of parliamentച with particular reference to the lok sabha) എന്ന പുസ്തകത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.
തങ്ങള്‍ക്ക് അറിയാവുന്ന ആളുകള്‍ക്ക് വേണ്ടി അംഗങ്ങളാണ് പാസിന് വേണ്ടി അപേക്ഷ നല്‍കുന്നത്. ഈ അപേക്ഷയില്‍ അതാത് അംഗം ഒരു സത്യവാങ്മൂലം നല്‍കണം.’ മേല്‍ പേര് പരാമര്‍ശിച്ചിരിക്കുന്ന വ്യക്തി എന്റെ ബന്ധു/സുഹൃത്ത്/ അടുത്തറിയാവുന്ന വ്യക്തി ആണ്, അവന്റെ/ അവളുടെ പൂര്‍ണ ഉത്തരവാദിത്തം എനിക്കുണ്ട്’ എന്നും ഉറപ്പ് നല്‍കണം. പാസ് അനുവദിക്കാന്‍ പിന്നെയും സുരക്ഷ പരിശോധനകള്‍ ഉണ്ടാകും. സന്ദര്‍ശകര്‍ സുരക്ഷ പരിശോധനയുടെ ഭാഗമായി ഫോട്ടോ ഐഡന്റിഫിക്കേഷന് വിധേയരാകണം.
സന്ദര്‍ശകന്റെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതും നിയമാനുസരണമായിരിക്കണം. പേര് പൂര്‍ണമായി തന്നെ നല്‍കണം. ഇനീഷ്യലുകളോ വട്ടപ്പേരുകളോ ആകരുത്. അച്ഛന്റെ/ ഭര്‍ത്താവിന്റെ പേര് പൂര്‍ണമായി എഴുതിയിരിക്കണം. സന്ദര്‍ശക ഗാലറിയില്‍ പ്രവേശിക്കാനുള്ള പ്രവേശന കാര്‍ഡിനുള്ള അപേക്ഷ സെന്‍ട്രലൈസ്ഡ് പാസ് ഇഷ്യൂ സെല്‍(സിപിഐസി)-ല്‍ നല്‍കണം. ഏത് ദിവസമാണോ സന്ദര്‍ശക ഗാലറിയില്‍ പ്രവേശനം ആഗ്രഹിക്കുന്നത്, ആ ദിവസത്തിന് 1600 മണിക്കൂര്‍ മുമ്പുള്ള പ്രവര്‍ത്തി ദിനത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്.
ആരൊക്കെയാണ് ആ നാല് പേര്‍, എന്തിനവരത് ചെയ്തു?
സാധാരണ ഗതിയില്‍ സന്ദര്‍ശക പാസ് അനുവദിക്കുന്നത് ഒരു പ്രത്യേക ദിവസത്തേക്കോ നിശ്ചിത സമയത്തേക്കോ ആയിട്ടാണ്. ചില സന്ദര്‍ഭങ്ങളില്‍ നിയമം രണ്ട് കാര്‍ഡുകള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്കായി, അടിയന്തര സന്ദര്‍ഭമാണെങ്കില്‍ അന്നേ ദിവസം തന്നെ കാര്‍ഡിന് അപേക്ഷിക്കാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്. അത്തരം സാഹചര്യങ്ങളില്‍ സിപിഐസി കാര്‍ഡ് അനുവദിക്കുന്നത് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും. കാര്‍ഡിന് അപേക്ഷിക്കുന്ന അംഗം, അന്നേ ദിവസം നാലില്‍ കൂടുതല്‍ പാസുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടാകരുത്, കാര്‍ഡ് അതാത് അംഗം തന്നെ നേരിട്ട് വാങ്ങണം, സന്ദര്‍ശ സമയം വ്യക്തമായി കാര്‍ഡില്‍ രേഖപ്പെടുത്തണം, അപേക്ഷ സ്വീകരിച്ച് രണ്ട് മണിക്കൂറിനകം കാര്‍ഡ് നല്‍കണം.
ലോക്‌സഭയില്‍ രണ്ട് തരം സന്ദര്‍ശ ഗാലറികളുണ്ട്- പബ്ലിക് ഗാലറിയും, സ്പീക്കേഴ്‌സ് ഗാലറിയും. ഒരു പാര്‍ലമെന്റ് അംഗത്തിന് ദിവസത്തില്‍ നാല് പേര്‍ക്ക് പബ്ലിക് ഗാലറിയിലും, രണ്ട് പേര്‍ക്ക് സ്പീക്കേഴ്‌സ് ഗാലറിയിലും പ്രവേശനത്തിന് അപേക്ഷ നല്‍കാം. സ്പീക്കഴേസ് ഗാലറിയില്‍ പ്രവേശിക്കുന്നവരുടെ പേര് വിവരങ്ങള്‍ സ്പീക്കര്‍ പ്രത്യേകം പരിശോധിക്കുന്നതായിരിക്കും. കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന് മുമ്പായി ആരെയും സന്ദര്‍ശക ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതിന് ആവശ്യപ്പെടാന്‍ അംഗങ്ങളെ നിയമം അനുവദിക്കുന്നില്ല.
ലോക്‌സഭയിലെന്നപോലെ, രാജ്യസഭയിലും പ്രവേശന നിയമങ്ങള്‍ ബാധകമാണ്. ഉപരി സഭയിലെ പബ്ലിക് ഗാലറിയില്‍ പ്രവേശനം കിട്ടാന്‍, ഏതു ദിവസമാണോ പ്രവേശനം വേണ്ടത്, അതിനു മുമ്പുള്ള പ്രവര്‍ത്തിദിനങ്ങളില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിക്കകം അപേക്ഷിക്കണം. അതിനായുള്ള അപേക്ഷ ഫോമുകള്‍ അംഗങ്ങള്‍ക്ക് നോട്ടീസ് ഓഫിസില്‍ നിന്നും ലഭിക്കും. സന്ദര്‍ശ കാര്‍ഡിനായി ഒരാളെ ശുപാര്‍ശ ചെയ്യണമെങ്കില്‍ ആ വ്യക്തിയെ രാജ്യസഭ അംഗത്തിന് വ്യക്തിപരമായി പരിചയം ഉണ്ടായിരിക്കണം, അതല്ലെങ്കില്‍ അംഗത്തിന് വ്യക്തിപരമായി പരിചയമുള്ള മറ്റൊരു വ്യക്തി പരിചയപ്പെടുത്തുന്നയാള്‍ ആയിരിക്കണം. രണ്ടാമത്തെ തരത്തിലുള്ള കേസുകളില്‍ അംഗങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിയമം പറയുന്നത്.
ലോക്‌സഭ, രാജ്യസഭ സെക്രട്ടറിയേറ്റുകള്‍ പുറത്തിറക്കുന്ന പതിവ് ബുള്ളറ്റിനുകളില്‍ സന്ദര്‍ശക പ്രവേശനത്തിന് നിഷ്‌കര്‍ഷിച്ചിരിക്കുന്ന സുരക്ഷ നടപടിക്രമങ്ങളെക്കുറിച്ച് അംഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രതിപാദിക്കുന്നുണ്ട്. മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്, പബ്ലിക് ഗാലറിയിലേക്കുള്ള ചെക്കിംഗ് പോയിന്റുകളില്‍ നിയോഗിച്ചിരിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ ഓരോ സന്ദര്‍ശകനെയും ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, ഹെന്‍ഡ് ഹെല്‍ഡ് മെറ്റര്‍ ഡിറ്റക്ടര്‍(ഡിഎഫ്എംഡി/ എച്ച് എച്ച് എം ഡി) ഉപയോഗിച്ച് പരിശോധിച്ച് മാത്രമെ കയറ്റി വിടൂ. അതുപോലെ സുരക്ഷ ഉദ്യോഗസ്ഥര്‍ സന്ദര്‍ശകരുടെ വിസ്‌റ്റേഴ്‌സ് കാര്‍ഡ് ഉറപ്പായും പരിശോധിച്ചിരിക്കണം, മാത്രമല്ല, അംഗീകരിച്ച സന്ദര്‍ശക പട്ടികയില്‍ അവരുടെ പേര് ഉണ്ടെന്ന് ആവര്‍ത്തിച്ച് ഉറപ്പാക്കുകയും വേണം.
പബ്ലിക് ഗാലറിയില്‍ ഇരിപ്പുറപ്പിച്ച സന്ദര്‍ശകര്‍ക്ക് മേല്‍ പാര്‍ലമെന്റ് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് ഓരോ നിമിഷവും ഉണ്ടായിരിക്കണം. സന്ദര്‍ശകര്‍ നിശബ്ദത പാലിക്കുന്നതും അവര്‍ മുദ്രാവാക്യം വിളിക്കുകയോ, ലഘുലേഖകള്‍ വിതറുകയോ, നടുത്തളത്തിലേക്ക് ചാടാന്‍ ശ്രമിക്കുകയോ ചെയ്യാതിരിക്കുന്നതും സുരക്ഷ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കിയിരിക്കണം. സന്ദര്‍ശകരുടെ ഇരിപ്പിടം ക്രമീകരിക്കുന്നത് സെക്യൂരിറ്റി സൂപ്പര്‍വൈസറുടെ ഉത്തരവാദിത്തമാണ്. സുരക്ഷ സഹായികള്‍ സന്ദര്‍ശകര്‍ക്ക് ഹെഡ് ഫോണ്‍ ഉപയോഗിക്കുന്നതിന്റെ കാര്യങ്ങളില്‍ സഹായിച്ചു കൊടുക്കുകയും വേണം.
എല്ലാ അംഗങ്ങളെയും നിയമം കൃത്യമായി ഓര്‍മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അവര്‍ ശുപാര്‍ശ ചെയ്തതു പ്രകാരം ഗാലറിയില്‍ പ്രവേശനം കിട്ടിയ വ്യക്തി ഉണ്ടാക്കുന്ന ഏതൊരു പ്രശ്‌നത്തിന്റെയും ആത്യന്തകിമായ ഉത്തരവാദിത്തം നിങ്ങളുടെ മേലായിരിക്കും എന്നതാണ് ആ ഓര്‍മപ്പെടുത്തല്‍.