UPDATES

വിശകലനം

വ്യക്തി നിയമങ്ങളും, ഏകീകൃത സിവില്‍ കോഡും, ഭിന്നിപ്പിന്റെ രാഷ്ട്രീയവും

ഭിന്നിപ്പിന്റെ കണ്ണിയിലേക്കുള്ള മറ്റൊരു ഇടപാടാണ് ഏക സിവില്‍ നിയമം എന്നത് സ്പഷ്ടമാണ്

                       

‘ഒരു കുടുംബത്തിന്റെ ഉള്ളില്‍ തന്നെയുള്ള വ്യക്തികള്‍ക്ക് പല നിയമങ്ങളാണ് ബാധകമെങ്കില്‍ ആ കുടുംബത്തിന്റെ ആന്തരിക വ്യവഹാരങ്ങള്‍ എങ്ങനെ ഭംഗിയായി നിര്‍വഹിക്കപ്പെടും’ എന്നാണ് ഇന്ത്യ എന്ന കുടുംബത്തെയും അതിലെ വ്യത്യസ്തങ്ങളായ വ്യക്തിനിയമങ്ങളെയും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ഒരു പൊതുപരിപാടിയില്‍ ചോദിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ രാഷ്ട്രത്തലവന്മാര്‍ക്ക് വിരുന്നൊരുക്കിയപ്പോള്‍ കെട്ടിപ്പൊക്കിയ മതിലിനേക്കാള്‍ ഉയരത്തില്‍ തീര്‍ത്ത വേദിയില്‍ നിന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അതുകൊണ്ടുതന്നെ, ചേരികള്‍ക്ക് ചുറ്റിലും തീര്‍ത്ത ആ മതിലുകള്‍ ഭൂരിഭാഗം ജനങ്ങളുടെയും വീക്ഷണകോണിന്റെ പരിധിക്കപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയില്‍ അരങ്ങേറുന്ന, ഇപ്പോഴും തുടരുന്ന പല ചെറുത്തുനില്പുകളുടെയും സമരങ്ങളുടെയും അന്തസത്ത പരിശോധിക്കുമ്പോള്‍ നമുക്ക് വെളിവാവുന്നത്, വ്യക്തിനിയമങ്ങള്‍ ഒരു സാധാരണ പൗരനെ തൊടുന്നതിന്റെ തീവ്രതയെയാണ്. ഒരു ജനതയുടെമേല്‍ ഭരണകൂട ഭീകരതയുടെ എല്ലാ അവസ്ഥകളെയും പൂര്‍ണാര്‍ത്ഥത്തില്‍ സംഭവിപ്പിക്കാന്‍ വക്രീകരിച്ച് നടപ്പാക്കപ്പെടുന്ന സിവില്‍ നിയമങ്ങള്‍ കൊണ്ടാവുന്നു എന്നതാണ് വസ്തുത. ഒരു ക്രിമിനല്‍ നടപടിക്കപവാദമായി, വ്യക്തിനിയമം എന്നത് അവര്‍ വെറുതെ നിലനില്‍ക്കുമ്പോള്‍ പോലും നിരന്തരം പിന്തുടരുന്ന ഒന്നാണ്. സി.എ.എ./എന്‍.ആര്‍.സി. വിരുദ്ധ സമരങ്ങളില്‍ നിന്നും ഇത്തരം ഭീതിയെ വെളിവാക്കുന്ന ഭരണകൂട ഭീകരത നമുക്ക് ഓര്‍മ വരേണ്ടതാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന ഏക സിവില്‍ നിയമത്തെയും അതിലൂടെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മതേതര മരീചികയെയും പറ്റി ബോധവാന്മാരയിരിക്കുക എന്നത് ഏതൊരു പൗരനും അനിവാര്യമായിക്കഴിഞ്ഞിരിക്കുന്നു.

എന്താണ് വ്യക്തിനിയമങ്ങള്‍?
സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഇന്ത്യന്‍ ഭൂമികയില്‍ ഓരോ മതത്തിനും ജാതിക്കും ഉപജാതിക്കും അവരവരുടെ വിശ്വാസാടിസ്ഥാനത്തില്‍ നിരവധി ആചാരങ്ങള്‍ നിലനിന്നിരുന്നു. പൊതുവായ ഒരു വിശ്വാസം പിന്തുടരുന്ന സമുദായത്തിലെ അംഗങ്ങള്‍ക്ക് അവരുടെ കല്യാണം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍, മുതലായ കാര്യങ്ങളില്‍ അവരുടെ തന്നെ വിശ്വാസപ്രമാണങ്ങളോ അനുബന്ധ ഗ്രന്ഥങ്ങളോ അടിസ്ഥാനപ്പെടുത്തി രൂപ്പെടുത്തിയതും പിന്തുടരാന്‍ അനുശാസിക്കപ്പെട്ടിട്ടുള്ളതുമായ ഒരു കൂട്ടം ആചാരങ്ങളെ ഭരണഘടനയ്ക്ക് വിധേയപ്പെടുത്തി നിയമസാധുത നല്‍കിയിരിക്കുന്നതിനെയാണ് വ്യക്തിനിയമങ്ങള്‍ എന്ന് വിളിക്കുന്നത്. അത്തരം ആചാരങ്ങളെ, ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി, ചിലതിനെ ബ്രിട്ടീഷ് രാജിന്റെ കീഴില്‍ തന്നെയും ചിലതിനെ സ്വാതന്ത്ര്യാനന്തരം ഭരണഘടനയ്ക്ക് വിധേയപ്പെടുത്തിയും നിയമ സാധുത നല്‍കിപ്പോന്നിട്ടുണ്ട്. ഹിന്ദു മാര്യേജ് ആക്ട്(1955) മുസ്ലിം വ്യക്തിനിയമം (1937) മുതലായവയൊക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്. സമുദായങ്ങളില്‍ ജനാധിപത്യപരമായ മാറ്റങ്ങള്‍ക്ക് ഒരു തുടക്കമേകാനും ലിംഗപരമായും ജാതിപരമായും നിലനിന്നുപോന്നിരുന്ന പ്രാകൃതമായ പല ആചാരങ്ങളും അനുഷ്ടാനങ്ങളുമെല്ലാം നിയമത്തിന്റെ വെളിയില്‍ കളയാനും ഇത്തരം നിയമങ്ങള്‍കൊണ്ട് കഴിഞ്ഞു. ഈ നിയമങ്ങളില്‍നിന്നും ഉരുത്തിരിയുന്ന ഫലങ്ങള്‍ അതത് സമുദായത്തിലെ വ്യക്തികള്‍ അനുഭവിക്കുമ്പോള്‍ തന്നെ ഓരോ വ്യക്തിനിയമങ്ങളും തമ്മിലുള്ള അന്തരം വലുതാണ്. ഈ പ്രത്യേക സാഹചര്യത്തില്‍, ‘ഇന്ത്യന്‍ ശിക്ഷ നിയമം’ പോലൊരു ഇന്ത്യന്‍ സിവില്‍ നിയമം അല്ലെങ്കില്‍ ‘ഏക സിവില്‍ നിയമം’ എന്നത് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ചില അംഗങ്ങള്‍ കണ്ട സ്വപ്നം മാത്രമായി ഇന്നും അവശേഷിക്കുന്നു.

വ്യക്തി നിയമ ഏകീകരണം
സ്വാതന്ത്ര്യത്തിന്റെ ശൈശവത്തിലുള്ള ഇന്ത്യയില്‍ നടപ്പാക്കുന്നതിന്, ഭരണഘടനാ നിര്‍മാണ സമിതിയില്‍ നിന്നുതന്നെ എതിര്‍പ്പ് നേരിട്ട ചില കാര്യങ്ങളും, ഭാവി തലമുറയ്ക്ക് നല്ലതാകാമെന്ന പ്രതീക്ഷയില്‍ അംഗങ്ങള്‍ കരുതിയിട്ടുള്ളതുമായവയെ, ഇന്ത്യന്‍ ഭരണഘടനയുടെ നാലാം ഭാഗത്തില്‍ അനുച്ഛേദം മുപ്പത്താറുമുതല്‍ അന്‍പത്തൊന്നുവരെയായി ഉള്‍പ്പെടുത്തിയിട്ടുള്ളതിനെയാണ് നിര്‍ദേശക തത്വങ്ങള്‍ എന്ന് വിളിക്കുന്നത്. അതില്‍ നാല്‍പ്പത്തിനാലാം അനുച്ഛേദമായിട്ടാണ് ഏക സിവില്‍ നിയമം കൊടുത്തിരിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് ബാധകമായ ഒരു പൊതു ശിക്ഷാ നിയമം നിലവിലുള്ളതുപോലെ ഒരു പൊതുവായ വ്യക്തിനിയമം കൊണ്ടുവരിക എന്നതാണ് ഏക സിവില്‍ നിയമം കൊണ്ടുദ്ദേശിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസാരമെങ്കിലും ഈ ഒരു ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാന്‍ പലവിധമായ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇന്ത്യയുടെ ബഹുസ്വരത ഈ ആശയത്തിന്മേലുള്ള ബഹുസ്വരതയായി ഭരണഘടന സമിതിക്കുള്ളില്‍ ന്യൂനപക്ഷവും ഭൂരിപക്ഷവുമായ സമുദായങ്ങള്‍ക്കിടയില്‍ നിന്നുള്ള പലവിധ അഭിപ്രായ വ്യത്യാസങ്ങളായി രൂപാന്തരപ്പെട്ട് പ്രതിഫലിച്ചിട്ടുണ്ട്. വ്യക്തിനിയമങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി ഏക സിവില്‍ കോഡ് അനിവാര്യമാണെന്ന അഭിപ്രായമാണ് അംബേദ്കര്‍ മുന്നോട്ട് വെക്കുന്നത്. സാമൂഹ്യ പരിഷ്‌കരണത്തിന്റെയും ആധുനികവത്കരണത്തിന്റെയും ചുവട് പിടിച്ച് ഇതേ അഭിപ്രായം നെഹ്‌റുവും പങ്കുവെയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതിയായ ആവേശം പകരാന്‍ ഏക സിവില്‍ നിയമം കൊണ്ടാവും എന്നും രണ്ടാളും അഭിപ്രായപ്പെടുന്നുണ്. സര്‍ദാര്‍ പട്ടേല്‍ രാജേന്ദ്ര പ്രസാദ്, കെ.എം. മുന്‍ഷി അങ്ങനെ തുടങ്ങിയ അംഗങ്ങളൊക്കെയും ഇതേ അഭിപ്രായം പലവിധ മാനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ‘ഏക സിവില്‍ നിയമം’ നടപ്പാക്കുന്നത് മൗലികാവകാശങ്ങളുടെ പച്ചയായ ലംഘനമാണെന്ന് വാദിച്ചവരും അംഗങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ന്യുനപക്ഷ സമുദായങ്ങള്‍ക്ക് മേലുള്ള കടന്നാക്രമണമാണ് ഏക സിവില്‍ കോഡ് എന്നും ന്യുനപക്ഷങ്ങള്‍ക്ക് അവരുടെ സ്വത്വം നിലനിര്‍ത്താന്‍ മൗലികാവകാശങ്ങള്‍ വഴി അനുവദിക്കപ്പെടുന്നുണ്ടെന്നും പറഞ്ഞത് ഫ്രാങ്ക് അന്തോണിയാണ്. വ്യത്യസ്ത വ്യക്തിനിയമങ്ങളിലെ വേര്‍തിരിവുകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള നിയമനിര്‍മ്മാണമാണ് ഏക സിവില്‍ നിയമത്തെക്കാള്‍ ഭൂഷണം എന്നാണ് കമലാപതി ത്രിപാഠി അഭിപ്രായപ്പെട്ടത്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം അതിലംഘിച്ച് ഏക സിവില്‍ നിയമം നടപ്പില്‍ വരുത്താന്‍ ഇന്ത്യ പകമായിട്ടില്ല എന്നതായിരുന്നു സമിതിയുടെ അന്നത്തെ തീരുമാനം. കൂടാതെ, ‘ഏക സിവില്‍ നിയമം’ നടപ്പാക്കിയാല്‍ തന്നെ, ശരീഅത്ത് നിയമം 1937 ഇല്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്നത് പോലെ, ആരൊക്കെ ആ നിയമത്തിന്റെ കീഴില്‍ വരണമെന്ന് തീരുമാനമെടുക്കാന്‍ പൗരന്മാര്‍ക്ക് ഒരു തിരഞ്ഞെടുപ്പിനുള്ള അവകാശം നല്‍കണമെന്ന അഭിപ്രായയവും അംബേദ്കര്‍ തന്നെ മുന്നോട്ട് വെക്കുന്നുണ്ട്. ഭാവിയില്‍ കുറച്ചുകൂടെ പക്വമായ ഇന്ത്യയില്‍ ഇതിനുള്ള സാധ്യതയെ ഉണര്‍ത്താന്‍ വേണ്ടി ഏക സിവില്‍ നിയമം എന്നതിനെ നിര്‍ദേശക തത്വമായി ഉള്‍പെടുത്താന്‍ സമിതി തീരുമാനിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷം
പ്രസ്തുത നിയമത്തെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പല സമയത്തായി പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. ഷാ ബാനു ബീഗത്തിലും സര്‍ലാ മുഗ്ദല്‍, ജോര്‍ദാന്‍ ഡീഗദേശ് ്. എസ്.എസ്. ചോപ്ര തുടങ്ങിയ കേസുകളിലും മറ്റനവധി വേളകളിലും പരമോന്നത കോടതിയും ഈ കാര്യത്തില്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. ഷാ ബാനു ബീഗത്തില്‍ സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി നിലയുറപ്പിച്ച കോടതിയെയും ഇരയുടെ അവകാശങ്ങളെയും ഒരു രാജ്യത്തിന്റെ സര്‍ക്കാര്‍ രീതിശാസ്ത്രപാരായി തോല്‍പ്പിക്കുന്നത് നാം കണ്ടതാണ്. ഇവയൊക്കെ മറി കടക്കാന്‍ ഏക സിവില്‍ നിയമത്തിന് മാത്രമേ കഴിയുകയുള്ളു എന്ന് പറയുമ്പോഴും, അതിന് പാകമാകാത്ത സമൂഹത്തില്‍ അതിനെ അടിച്ചേല്‍പ്പിക്കുമ്പോള്‍ പലവിധത്തിലുള്ള പ്രത്യാഘാതങ്ങളും രാജ്യം പ്രതീക്ഷിക്കണം എന്ന കാര്യം സര്‍ലാ മുഗ്ദല്‍ എന്ന കേസില്‍ പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നടപടിക്രമങ്ങളുടെ നിസ്സാരവത്കരണവും ലിംഗനീതിയുമാണ് ഏക സിവില്‍ നിയമത്തിനുള്ള പ്രധാന അനുകൂലവാദങ്ങള്‍. ഇതില്‍ നടപടിക്രമങ്ങളുടെ നിസ്സാരതയെപ്പറ്റിയാണെങ്കില്‍ ചര്‍ച്ച കേവലം ഏക സിവില്‍ നിയമത്തിലേക്ക് മാത്രം ഒതുക്കിയിട്ട് കാര്യമില്ല. ‘ഇന്ത്യന്‍ സിവില്‍ നിയമവും(CPC)’, ‘ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമ നിയമം(CrPC)’ മുതലായ നിയമങ്ങളും അതിനോട് അനുബന്ധമുള്ള മറ്റ് നിയമങ്ങളും ജന്മസിദ്ധമായിത്തനെ വളരെ സങ്കീര്‍ണ്ണമാണെന്ന് മാത്രമല്ല സാധാരണക്കാരന് അന്യവുമാണ്. ആയതിനാല്‍, ഈ സങ്കീര്‍ണ്ണതയെ കോടതി നടപടികളുടെ പൊതുവായ സ്വഭാവമായി വേണം കരുതുവാന്‍. ഇതിനെ നിസ്സാരവത്കരിക്കുക എന്ന ലക്ഷ്യം മാത്രം വെച്ച് ഈ രാജ്യത്തിന്റെ സര്‍ക്കാര്‍ ഒരു നിയമം പാസ്സാക്കുമ്പോള്‍, മേല്പറഞ്ഞ സങ്കീര്‍ണ്ണതകള്‍ വഴി ചുറ്റിവരിഞ്ഞിരിക്കുന്ന പല മൂല്യങ്ങളെയും ബാധിക്കുന്നുണ്ടോ എന്നത് വിലയിരുത്താനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.

വ്യക്തിനിയമവും ലിംഗനീതിയും
ലിംഗനീതിയുടെ കാര്യമാണെങ്കില്‍, നമ്മള്‍ യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങേണ്ടുന്നതുണ്ട്. ആരെയാണ് ഈ നിയമം നേരിട്ട് ബാധിക്കാന്‍ പോകുന്നത് എന്ന കാര്യം സര്‍ക്കാര്‍ ചിന്തിക്കേണ്ടതുണ്ട്. ഒരു സിവില്‍ നടപടിയായ വിവാഹമോചനത്തിന് ക്രിമിനല്‍ ശിക്ഷ നടപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തിയ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാന്‍ തരമില്ലെങ്കിലും ജനാധിപത്യ വിശ്വാസികള്‍ ഇതിനെപറ്റി ജാഗരൂഗരാവണം. ഏക സിവില്‍ നിയമ മാതൃകയില്‍ കുടുംബനിയമങ്ങള്‍ പുനഃസൃഷ്ടിച്ചിട്ടുള്ള ഒരു സംസ്ഥാനമാണ് ഗോവ. 1936 വരെ ഭേദഗതി ചെയ്തിട്ടുള്ള പോര്‍ച്ചുഗീസ് സിവില്‍ നിയമത്തിന്റെ കുടുംബനിയമങ്ങളെ സംബന്ധിക്കുന്ന ചില ഭാഗങ്ങളും, ജാതി ഉപേക്ഷിച്ച ഹിന്ദുക്കളുടെ ആചാരങ്ങളും നിയമങ്ങളും, ഗോവയുടെ പിന്തുടര്‍ച്ച നിയമവും ഒക്കെയാണ് ഗോവയിലെ ഏക സിവില്‍ കോഡ് കൊണ്ടുദ്ദേശിക്കുന്നത്. ഇതിനെ പൊതുവായി ‘ഗോവന്‍ കുടുംബ നിയമം’ എന്ന് വിളിക്കുന്നു. ഈ നിയമനങ്ങളുടെ ലിംഗനീതിയോടുള്ള സമീപനം വളരെ പരിതാപകരമാണ്. വിവാഹം കഴിഞ്ഞാല്‍ ഇരുപങ്കാളികളുടെയും സ്വത്തുക്കള്‍ ഒരൊറ്റ വസ്തുവായി കണക്കാക്കുമെന്ന് മാത്രമല്ല, അതില്‍ കൂടുതല്‍ അവകാശം ഭര്‍ത്താവിനാണ് എന്നതുമാണ് ശ്രദ്ധിക്കേണ്ടത്. റോമന്‍ കത്തോലിക്കാ വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് നിര്‍ബന്ധിതമായിത്തനെ സിവില്‍ രജിസ്ട്രാറിന്റെ കീഴില്‍ മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളു എന്ന നിയമവും അപലപനീയമാണ്. പള്ളി ഇടപെട്ട് യാതൊരു സുതാര്യതയുമില്ലാതെ നടത്തുന്ന വിവാഹ ബന്ധ വേര്‍പെടുത്തലുകള്‍ക്ക് 2019 വരെ നിയമസാധുത ഉണ്ടായിരുന്നു. ആണ്‍ സന്താനത്തിന് വേണ്ടി മാത്രം സ്വത്ത് എഴുതി വയ്ക്കാനുള്ള നടപടികള്‍ പ്രസ്തുത പിന്തുടര്‍ച്ചാവകാശത്തില്‍ കാണാവുന്നതാണ്. കൂടാതെ വിജാതീയരായ ഹിന്ദുക്കളുടെ ആചാരങ്ങളുടെ നിയമത്തിന്റെ കീഴില്‍, കുട്ടികളില്ലാത്ത ഹിന്ദു ആണ്‍ പങ്കാളിക്ക് ഭാര്യ നിലനില്‍ക്കെ തന്നെ മറ്റൊരു വിവാഹം കഴിക്കാനുള്ള അനുവാദം നിയമം വഴി കൊടുക്കുന്നു എന്നത്, ബഹുഭാര്യത്വം പോലുള്ള ലൈംഗിക അടിച്ചമര്‍ത്തലുകള്‍ ഒഴിവാക്കാന്‍ വേണ്ടി വിഭാവനം ചെയ്യപ്പെട്ട ഒരു നിയമം എന്ന നിലയ്ക്ക് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഈ നിയമങ്ങളുടെ നടപടിക്രമങ്ങളെ പറ്റിയുള്ള ബോധവല്‍ക്കരണം യാതൊന്നും നടക്കുന്നില്ല എന്നതും ഇതിന്റെ ഒരു പോരായ്മയാണ്.

ഒരൊറ്റ സംസ്‌കാരം എന്ന മരീചിക
ഈ കഴിഞ്ഞ കാലയളവില്‍ ഈ വിഷയം ചര്‍ച്ചയാക്കിയിട്ടുള്ളത് പ്രധാനമായും ബി.ജെ.പി. യുടെ പൊതുമുഖങ്ങളില്‍ നിന്നാണ്. അതില്‍ പ്രധാനമന്ത്രി മുതല്‍ താഴോട്ട് ഉള്ളവര്‍ക്ക് എല്ലാം ഈ നിയമം മുസ്ലിം സ്ത്രീകളുടെ ഉദ്ധാരണത്തിന് വേണ്ടി നടപ്പിലാക്കണം എന്നുള്ള ഒരു ആശയമാണ് മുന്നോട്ട് വെയ്ക്കാനുള്ളത്. ഇത്തരം ചര്‍ച്ചകളുടെ സമയവും സന്ദര്‍ഭവും പരിശോധിച്ചാല്‍ അവയെല്ലാം ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ വേണ്ടി ഉണ്ടാക്കിയ പ്രസ്താവനകളും ചര്‍ച്ചകളുമൊണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളു. ഇതിന് മുന്‍പ് കര്‍ണാടകയിലും ഗുജറാത്തിലും അസമിലും ഉത്തരാഖണ്ഡിലും ഇതേ ചീട്ട് തന്നെ ബി.ജെ.പി. ഇറക്കിയിട്ടുണ്ട്. അവയ്‌ക്കെല്ലാം ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു – വര്‍ഗീയതയിലൂടെയുള്ള വോട്ട് ദ്രുവീകരണം, അതിലൂടെയുള്ള തിരഞ്ഞെടുപ്പ് വിജയം. മേല്പറഞ്ഞ സംസ്ഥാനങ്ങളില്‍ ചിലതില്‍, അവിടുത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആ സംസ്ഥാനങ്ങളില്‍ മാത്രമായി ഏക സിവില്‍ നിയമം കൊണ്ടുവരും എന്ന ഒരു പൊയ് വാഗ്ദാനം ബി.ജെ.പി. കൊടുത്തിരുന്നു. ഇങ്ങനെ വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ കൊണ്ടുവന്നാല്‍, ഇന്ത്യ ഒരു പൂര്‍ണ്ണ ഫെഡറല്‍ സംവിധാനം അല്ലാതിരുന്നിട്ടുകൂടി അതിന്റെ മുഴുവന്‍ സങ്കീര്‍ണ്ണതകള്‍ ഒരു ആവശ്യവുമില്ലാതെ ക്ഷണിച്ചു വരുത്തുകയായിരിക്കും എന്ന് പല നിയമ വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം പൊയ് വാഗ്ദാനങ്ങള്‍ ഇപ്പോള്‍ നടക്കുന്നതിന്റെ ലക്ഷ്യം പക്ഷെ 2024 തിരഞ്ഞെടുപ്പാണ്.

ഒരു ബഹുസ്വര രാജ്യത്ത് അനേകം മതവിശ്വാസികള്‍ ഒരുമിച്ച് പാര്‍ക്കുന്നിടത്ത് ഏറ്റവും കൂടുതല്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ളതാണ് മതവര്‍ഗ്ഗീയ ഭിന്നിപ്പ് എന്നത്. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത ഇത്തരം ചോദനകളെ വേരോടെ പിഴുതെറിയാന്‍ ഉതകുന്ന ഇടപെടലുകള്‍ നടത്തേണ്ട രാജ്യത്തിന്റെ സര്‍ക്കാറിനെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി തന്നെ കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്ന ഭിന്നിപ്പിന്റെ കണ്ണിയിലേക്കുള്ള മറ്റൊരു ഇടപാടാണ് ഏക സിവില്‍ നിയമം എന്നത് സ്പഷ്ടമാണ്. ഈ ചര്‍ച്ചകള്‍ പുരോഗമിക്കവേ തന്നെ എന്‍.ഡി.എ. സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ., അവര്‍ക്ക് ഏക സിവില്‍ കോഡിനോടുള്ള വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ മേഖലകളില്‍ നിന്നും വിയോജിപ്പുകള്‍ അമിത് ഷായെ അറിയിച്ചപ്പോള്‍ അവരെയും ക്രിസ്ത്യാനികളെയും ഇതില്‍ നിന്നും ഒഴിവാക്കും എന്നാണ് പ്രതികരിച്ചിട്ടുള്ളത്. ഇത്തരം വിയോജിപ്പുകള്‍ മുസ്ലിം കക്ഷികളില്‍ നിന്നും ഉണ്ടാവുന്നത് കാണാന്‍ കൂട്ടാക്കാതെ പോവുമ്പോള്‍ തന്നെ, സര്‍ക്കാരിന്റെ ഉദ്ദേശം വ്യക്തമാണ്. എന്നിരുന്നാലും ബി.ജെ.പി. ഒരു സിവില്‍ നിയമം പൂര്‍ണാര്‍ത്ഥത്തില്‍ കൊണ്ടുവരില്ല എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അതിനുള്ള കാരണമെന്തെന്നാല്‍, ഏക സിവില്‍ കോഡ് മുസ്ലിങ്ങളെ മാത്രമല്ല ബാധിക്കുക എന്നതാണ്. ഭരണഘടനാപരമായി ശെരിയുള്ള ഒരു നിയമമാണെങ്കില്‍ അത് ഹിന്ദു Undivided Family എന്ന വലിയ ഒരു ശക്തിയെ തന്നെ നേരിട്ട് ബാധിക്കുന്നു. കാരണം ഇത്തരം unit കള്‍ക്ക് വലിയ രീതിയിലുള്ള നികുതി ഇളവുകള്‍ വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലുണ്ട്. ആയതിനാല്‍, ബി.ജെ.പി. ലക്ഷ്യം വയ്ക്കുന്ന ഒരു വോട്ട് ബാങ്കിനെ നേരിട്ട് പ്രതിധാനം ചെയ്യുന്ന ഒരു വലിയ സമൂഹത്തെ വലിയ രീതിയില്‍ വേദനിപ്പിക്കുന്ന ഒരു കാര്യം അവര്‍ ചെയ്യില്ല എന്നതാണ്, വെസ്റ്റ് ബംഗാള്‍ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി പ്രൊഫസറായ വിജയ് കിഷോര്‍ തിവാരി അഭിപ്രായപ്പെടുന്നത്.

ഇരുപത്തൊന്നാം നിയമ കമ്മീഷന്റെ അഭിപ്രായത്തില്‍ വ്യത്യസ്ത വ്യക്തി നിയമങ്ങള്‍ ഉണ്ട് എന്നത് അങ്ങനെ തന്നെ ഒരു അനീതിയായി കണക്കണ്ടതില്ല എന്നും ഒരു രാജ്യത്തിന്റെ ബഹുസ്വരതയും അതിന്റെ ജനാധിപത്യമൂല്യങ്ങളും സൂചിപ്പിക്കാന്‍ അതിന് കഴിയും എന്നുമാണ്. രാജ്യത്തെ സ്ത്രീകളുടെ തുല്യതക്കുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതുപോലെതന്നെ അവരുടെ സ്വത്വം നിലനിര്‍ത്താനുള്ള അവകാശം കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരു അവകാശം മറ്റൊരു അവകാശത്തെ ലംഘിക്കാതെ നോക്കേണ്ട ഉത്തരവാദിത്വം കൂടി സര്‍ക്കാരിനുണ്ട്. ഭരണഘടനാ നിര്‍മ്മാണ സമിതി എന്നത് ചില പ്രഗത്ഭന്മാരുടെ കൂട്ടായ്മ എന്നതിലുപരി ഒരു ജനാധിപത്യ തിരഞ്ഞെടുപ്പില്‍ കൂടി രൂപപ്പെട്ട സംവിധാനമല്ല, ആയതിനാല്‍ ജനങ്ങളുടെ വിധിയായി നിര്‍ദേശക തത്വങ്ങളെ കാണാന്‍ സാധിക്കില്ല എന്നും കമ്മീഷന്‍ അഭിപ്രായപ്പെടുന്നുണ്ട്. മതം പോലെ പൊതുജനങ്ങളുടെ മൃദുല വികാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, രാജ്യം ‘അവകാശങ്ങളുടെ തുടക്കക്കാരന്‍’ എന്നതിലുപരി ‘അവകാശങ്ങളുടെ നടത്തിപ്പുകാരന്‍’ എന്ന വേഷമാണ് ചെയ്യണ്ടതെന്ന അഭിപ്രായവും കമ്മീഷനുണ്ട്. ഈ വിഷയം പരിഹരിക്കുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവരെയും പിന്നോക്കക്കാരെയും ചൂഷണത്തിന് വിധേയരാക്കികൊണ്ട് ആവരുത് എന്നും കമ്മീഷന്‍ അഭിപ്രായപ്പെടുന്നു. ഈ പ്രശ്‌നം പരിഹരിക്കുമ്പോള്‍ വ്യത്യസ്തതയെ തുടച്ചുനീക്കണം എന്ന നിര്‍ബന്ധവും പാടില്ല എന്നും കമ്മീഷന്‍ പറയുന്നു. നിയമം എന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കണം. പച്ചയായ വര്‍ഗീയ ചേരിതിരിവിലേക്കുള്ള വളമായിട്ട് ഒരു നിയമനിര്‍മ്മാണം നടത്തുക എന്നത് ഉത്തരത്തിത്വപ്പെട്ട സര്‍ക്കാരിന്റെ സ്വഭാവമല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. ക്ഷണനേരത്തേക്കുള്ള വിജയത്തിന്റെ പേരില്‍ നടക്കുന്ന രാഷ്ട്രീയ യുദ്ധങ്ങളുടെ നുണപ്പെയ്ത്തില്‍ തകരുന്നത് ജനാധിപത്യം തന്നെയാണ് എന്നതും ഓരോ പൗരനും ഓര്‍ക്കേണ്ടതുണ്ട്.

Avatar

അഡ്വ. അലി മോന്‍

എല്‍.എല്‍.എം സ്‌കോളര്‍, എം ജി സര്‍വകലാശാല

More Posts

Share on

മറ്റുവാര്‍ത്തകള്‍