UPDATES

ആരൊക്കെയാണ് ആ നാല് പേര്‍, എന്തിനവരത് ചെയ്തു?

അവര്‍ വിദ്യാസമ്പന്നരും തൊഴില്‍ രഹിതരുമായിരുന്നു, ഭഗത് സംഗിന്റെയും അംബേദ്കറിന്റെയും വിവേകാനന്ദന്റെയും ആരാധകരായിരുന്നു

                       

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് അതിക്രമം നടത്തിയ യുവാക്കള്‍ ആരാണ്? എന്തിന് വേണ്ടി?

വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍, പക്ഷേ, ഒരു ജോലിയില്ലാത്തവര്‍, ജീവിതത്തിന്റെ അരക്ഷിതത്വം പേറുന്നവര്‍; ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച്, പ്രതികളായവരെ ലോക്‌സഭയ്ക്കുള്ളില്‍ കയറി പരാക്രമം നടത്താന്‍ പ്രേരിപ്പച്ചത്, അവരുടെ തൊഴിലില്ലായ്മയാണ്, പരിഹരിക്കപ്പെടാത്ത തങ്ങളുടെ പ്രശ്‌നത്തിനുമേല്‍ അവര്‍ നടത്തിയ പ്രതിഷേധമാണ്. ഇതാണോ യഥാര്‍ഥ്യം, പുറത്തു വരാത്ത സത്യങ്ങള്‍ ബാക്കിയുണ്ടോ എന്നത് തുടരന്വേഷണത്തിലെ അറിയൂ.

കേസില്‍ മൊത്തം ആറ് പ്രതികളാണുള്ളത്. ഇതില്‍ നാല് പേരാണ് പ്രധാന പ്രതികള്‍. മറ്റ് രണ്ട് പേര്‍ ഇവര്‍ സഹായം ചെയ്തവരാണ്. അതില്‍ ഒരാള്‍ പിടിയിലാകാനുണ്ട്. അറസ്റ്റിലായവരില്‍ രണ്ടു പേരുടെ കുടുംബങ്ങള്‍ പറയുന്നത്, ഇതുവരെയായിട്ടും ഒരു നല്ല ജോലി ശരിയാകാത്തതില്‍ അവര്‍ കടുത്ത നിരാശരായിരുന്നുവെന്നാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


എങ്ങനെയാണ് പാര്‍ലമെന്റ് സന്ദര്‍ശക ഗാലറിയില്‍ പ്രവേശനം കിട്ടുന്നത്? നിയമങ്ങളും നിയന്ത്രണങ്ങളും അറിയാം


അക്രമികളില്‍ ഒരാള്‍ മൈസൂരു സ്വദേശിയായ മനോരഞ്ജന്‍ ഡി ആണ്. 33 കാരനായ മനോരഞ്ജന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ഒരു ഐടി സ്ഥാപനത്തില്‍ തൊഴില്‍ നോക്കിയിരുന്ന അയാള്‍ നിലവില്‍ പിതാവിനൊപ്പം കാര്‍ഷിക ജോലികള്‍ ചെയ്യുകയായിരുന്നു. 25 കാരന്‍ അമോല്‍ ഷിന്‍ഡെ മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയാണ്. ആര്‍മി റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരുന്നുവെങ്കിലും പരാജയപ്പെട്ടു. അടുത്തയാള്‍ ഹരിയാനയിലെ ജിന്‍ഡ് സ്വദേശിയായ നീലം ആസാദ്. 37 കാരിയായ നീലം അധ്യാപക ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇപ്പോഴും തൊഴില്‍ രഹിതയാണ്. നാലാമന്‍ സാഗര്‍ ശര്‍മ. ലക്‌നൗവില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ് 25 കാരനായ സാഗര്‍.

‘ ഞങ്ങള്‍ പണമുള്ള കുടുംബമല്ല, എന്നാലും അവളെ പഠിപ്പിച്ചു. അവള്‍ വീട്ടില്‍ എപ്പോഴും പറയുമായിരുന്നു, ഞാന്‍ ആവിശ്യമില്ലാതെ കുറെയേറെ പഠിച്ചു, എന്നിട്ടും ഒരു ജോലി കിട്ടുന്നില്ല, ഇതിലും നല്ലത് ഞാന്‍ ചാകുന്നതാണ്’ നീലത്തിന്റെ മാതാവ് സരസ്വതി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു. എംഎ, ബിഎഡ്, എം എഡ്, എംഫില്‍ ബിരുദങ്ങള്‍ നേടിയ നീലം നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്.


പാർലമെന്റിനുള്ളിലെ സുരക്ഷാ സന്നാഹങ്ങള്‍ അവർ എങ്ങനെ മറികടന്നു?


ലോക്‌സഭയ്ക്കുള്ളില്‍ അതിക്രമം നടക്കുന്ന അതേ സമയത്ത് പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധം നടത്തുകയായിരുന്നു നീലം. ഇതാദ്യമായല്ല, നീലം കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമാകുന്നത്. 2020-21 ലെ കാര്‍ഷ സമരത്തിലും ഗുസ്തി താരങ്ങളുടെ സമരത്തിലും അവള്‍ പങ്കാളിയായിരുന്നു. ജിന്‍ഡിലെ ഖാസോ ഖുര്‍ദ് എന്ന ഗ്രാമത്തിലുള്ള ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് നീലം വരുന്നത്. ഗുസ്തി താരങ്ങളുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അവളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബി ആര്‍ അംബേദ്കറിന്റെ ആശയങ്ങളാല്‍ പ്രചോദിതയാണ് നീലമെന്നും അവളുടെ ഗ്രാമത്തിലെ ഒരു കര്‍ഷകനേതാവായ സിക്കിം നെയ്ന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്.

കഴിഞ്ഞ ആറു മാസത്തോളമായി ഡല്‍ഹിയില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചുകൊണ്ട് നീലം മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്നുവെന്നും പറയുന്നു. എന്നാല്‍ വീട്ടുകാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്, തങ്ങളോടവള്‍ ഹിസ്സാറിലേക്ക് പോവുകയാണെന്നാണ് പറഞ്ഞതെന്നും ഡല്‍ഹിയില്‍ ഉള്ള കാര്യം അറിയില്ലായിരുന്നുവെന്നുമാണ്. കുംഹാര്‍ സമുദായക്കാരായ നീലത്തിന്റെ പിതാവ് ഒരു പലഹാര കച്ചവടക്കാരനും സഹോദരന്‍ പാല്‍ വില്‍പ്പനക്കാരനുമാണ്.

‘ അവന്‍ തെറ്റായ കാര്യങ്ങളാണ് ചെയ്തതെങ്കില്‍, അവനെന്റെ മകനല്ല…പക്ഷേ ഒരു കാര്യം ഞാന്‍ പറയട്ടെ, അവന്‍ നല്ലവനായിരുന്നു…’ മനോരഞ്ജന്റെ പിതാവിന്റെതാണ് ഈ വാക്കുകള്‍. അവന്‍ ഡല്‍ഹിയിലാണെന്നു പോലും എനിക്കറിയില്ലായിരുന്നു. പഠിക്കുന്ന കാലത്ത് അവന്റെ കോളേജില്‍ അവന്‍ നേതാവായിരുന്നു, ഏതു പാര്‍ട്ടിയാണെന്നൊന്നും എനിക്കറിയില്ല, അവന്‍ ചെയ്തതിനെ ഞാനൊരിക്കലും അംഗീകരിക്കുന്നില്ല’- ദേവരാജ് ഡി എന്ന പിതാവ് പറയുന്നു.

പാര്‍ലമെന്റില്‍ അതിക്രമം ഉണ്ടായതിന് മണിക്കൂറുകള്‍ക്കുള്ളില്‍ വിജയനഗര്‍ പൊലീസ് മൈസൂരിലുള്ള മനോരഞ്ജന്റെ വീട്ടിലെത്തിയിരുന്നു. അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായിരുന്നു പൊലീസ് ചെന്നത്. അവിവാഹിതനായ മനോരഞ്ജന്‍ ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നുവെങ്കിലും അതു വിട്ട് എഞ്ചിനീയറായ ആ ചെറുപ്പക്കാരന്‍ അച്ഛനെ കൃഷിപ്പണിയില്‍ സഹായിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഡല്‍ഹിയിലും ബെംഗളൂരുവിലും മനോരഞ്ജന്‍ പോകാറുണ്ടെന്നാണ് പിതാവ് പറയുന്നത്.

‘ അവന്‍ കുറെ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു, സ്വാമി വിവേകാനന്ദനെയായിരുന്നു പ്രത്യേകമായി വായിച്ചിരുന്നത്. അവന്റെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല, കോളേജില്‍ വിദ്യാര്‍ത്ഥി നേതാവായിരുന്നു, സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് അവന്‍ ഈ സമയങ്ങളിലും പറയുമായിരുന്നു’; ദേവരാജന്‍ മകനെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

നീലത്തിനൊപ്പം പാര്‍ലമെന്റിന് പുറത്ത് നടത്തിയ പ്രതിഷേധത്തില്‍ പിടിയിലായതാണ് അമോല്‍ ധനരാജ് ഷിന്‍ഡെയും. മഹാരാഷ്ട്രയിലെ ലത്തൂരിലുള്ള സാരി ഗ്രാമവാസി. ആര്‍മി റിക്രൂട്ട്‌മെന്റില്‍ വിജയിക്കാനാകാതെ പോയതിന്റെ നിരാശയിലായിരുന്നു അമോല്‍ എന്നാണ് അവന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ‘ അവന്‍ എന്തിനിത് ചെയ്തൂ എന്ന് ഞങ്ങള്‍ക്കറിയില്ല, പക്ഷേ, തന്റെ പ്രയത്‌നങ്ങള്‍ വെറുതെയാകുന്നതില്‍ അവന്‍ നിരാശനായിരുന്നു, എനിക്ക് ജോലിയൊന്നും കിട്ടുന്നില്ലെങ്കില്‍ പിന്നെയെന്താണ് എന്റെ വിദ്യാഭ്യാസം കൊണ്ടുള്ള പ്രയോജനം എന്നാണ് അവന്‍ ചോദിച്ചിരുന്നത്’ അമ്മയുടെ വാക്കുകള്‍.

സൈന്യത്തിലേക്കുള്ള സിലക്ഷകന്‍ പദ്ധതിയായ അഗ്നീവീറില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി അമോലിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് മറ്റ് രീതികളിലുള്ള റിക്രൂട്ട്‌മെന്റുകളില്‍ അവന്‍ പലവട്ടം പങ്കെടുത്തിരുന്നു, രത്‌നഗിരിയിലും, ഔറഗബാദിലും നാസിക്കിലുമൊക്കെ നടന്ന റിക്രൂട്ട്‌മെന്റുകളില്‍ പോയിരുന്നു, ഒന്നിലും അവന് ജോലി കിട്ടിയില്ല’ അമോലിന്റെ പിതാവ് ധനരാജ് പറയുന്നു. കര്‍ഷകരാണ് അമോലിന്റെ മാതാപിതാക്കള്‍. നാല് മക്കളില്‍ ഏറ്റവും ഇളയവനാണ് അമോല്‍.

ബെംഗളൂരുവില്‍ ഒരു ജോലിയുണ്ടായിരുന്നുവെങ്കിലും രണ്ട് മാസമായി സ്വന്തം നാട്ടില്‍ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു സാഗര്‍ ശര്‍മ. ഡല്‍ഹിയില്‍ ഒരു പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന് സാഗര്‍ വീട്ടില്‍ സൂചിപ്പിച്ചിരുന്നു. അയാളുടെ അമ്മാവന്‍ പറയുന്നത്, ചൊവ്വാഴ്ച്ച രാവിലെയാണ് സാഗര്‍ വീട്ടില്‍ നിന്നു പോകുന്നതെന്നാണ്. അവന്റെ അമ്മയോട് മാത്രമാണ് ഡല്‍ഹിയില്‍ പോകുന്ന കാര്യം പറഞ്ഞിരുന്നതെന്നും അയാള്‍ പറയുന്നു. അച്ഛനും അമ്മയും 15കാരിയായ സഹോദരിയുമാണ് സാഗറിന്റെ കുടുംബം. ഉന്നാവോക്കാരാണ് സാഗറിന്റെ കുടുംബം. കഴിഞ്ഞ 15 വര്‍ഷമായി ലക്‌നൗവില്‍ അവര്‍ വാടകയ്ക്ക് താമസിക്കുകയാണ്. അഭിനയത്തില്‍ മോഹമുണ്ടായിരുന്ന ആ ചെറുപ്പക്കാരന്‍ ഭഗത് സിംഗിന്റെ ആരാധകനായിരുന്നു.

പാര്‍ലമെന്റ് അതിക്രമ കേസില്‍ മൊത്തം ആറ് പേര്‍ പ്രതികളാണെന്നാണ് വിവരം. ഇതില്‍ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രധാന പ്രതികളായ നാല് പേര്‍ക്കും ഒത്തുചേരാനും ചൊവ്വാഴ്ച്ച രാത്രി തങ്ങാനും ഇടം നല്‍കിയ കേസിലാണ് ഗുരുഗ്രാം സ്വദേശിയായ അഞ്ചാമന്‍ വിവേക് ശര്‍മ അറസ്റ്റിലായത്. കേസിലെ ആറാം പ്രതി ലളിതിനെ പിടികൂടാനായിട്ടില്ല. സാഗറും മനോരഞ്ജനുമാണ് ലോക്‌സഭയ്ക്കുള്ളില്‍ കയറിയത്. നീലവും അമോലും പുറത്തായിരുന്നു. ഇവര്‍ നാലു പേര്‍ക്കുമെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്.

ആറ് പേരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും അവരെല്ലാം പരസ്പരം അറിയുന്നവരായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി സോഷ്യല്‍ മീഡിയ വഴി എല്ലാവരും സുഹൃത്തുക്കളായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍