ഡിസംബര്‍ 13-ല്‍ ലോക്‌സഭയില്‍ അതിക്രമ കേസില്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്തു വന്നു. സഭയ്ക്കുള്ളില്‍ പുകയാക്രമണം നടത്താന്‍ ഉപയോഗിച്ച സ്‌മോക്കിംഗ് ക്യാനുകള്‍ ഒളിച്ചു കടത്താന്‍ പ്രതികള്‍ പ്രത്യേകമായി തയ്യാറാക്കിയ ഷൂസുകളായിരുന്നു ധരിച്ചിരുന്നതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഷൂസിന്റെ ഉള്‍ഭാഗത്ത് ഒരു ദ്വാരം ഇടുകയും കട്ടിയുള്ള റബ്ബര്‍ പാളി ഉപയോഗിച്ച് അടിവശം നടക്കാന്‍ പാകത്തില്‍ ഉറപ്പിക്കുകയുമാണ് ചെയ്തിരുന്നത്. സംഭവത്തില്‍ അറസ്റ്റിലായ സാഗര്‍ ശര്‍മയും, മനോരഞ്ജന്‍ ഡിയും ധരിച്ചിരുന്ന ഷൂസുകളുടെയും സോക്‌സുകളുടെയും നിറവും ബ്രാന്‍ഡും, കയ്യില്‍ കരുതിയിരുന്ന ക്യാനിസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളും എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്. പൊലീസ് പാര്‍ലമെന്റിനകത്തു നിന്ന് കണ്ടെത്തിയ ഈ ലഘുലേഖകളില്‍ ഇന്ത്യന്‍ പതാകയില്‍ ഒരു ഹിന്ദി മുദ്രാവാക്യവും മണിപ്പൂരിലെ വിഷയവുമായി ബന്ധപ്പെട്ട ഒരു ഇംഗ്ലീഷ് മുദ്രാവാക്യവും ഉണ്ടായിരുന്നതായി പറയുന്നു.
ശര്‍മയും മനോരഞ്ജനും ലോക്സഭയ്ക്കുള്ളില്‍ മഞ്ഞ നിറത്തിലുള്ള ക്യാനിസ്റ്ററുകള്‍ പൊട്ടിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ ക്യാനിസ്റ്ററുകളും ലോക്സഭാ പബ്ലിക് ഗാലറി പാസ് നമ്പര്‍ എന്നിവയും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.
സാഗര്‍ ശര്‍മ ധരിച്ചിരുന്ന ചാര സ്പോര്‍ട്സ് ഷൂവിന്റെ അടിഭാഗം മുറിച്ച് ഒരു ദ്വാരം ഉണ്ടാക്കിയതായി എഫ്ഐആറില്‍ പറയുന്നു. ഈ ദ്വാരം മറക്കുന്നതിനയായി ഒരു റബ്ബര്‍ സോളും ഘടിപ്പിച്ചു. ഇതുമൂലം ഷൂസിന്റെ സോളിന്റെ കനം വര്‍ദ്ധിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മനോരഞ്ജന്റെയും ഷൂവില്‍ സമാനമായ ദ്വാരം പോലീസ് കണ്ടെത്തി. ഇംഗ്ലീഷില്‍ ‘ജയ് ഹിന്ദ്’ എന്ന അച്ചടിച്ച മുദ്രാവാക്യവും ത്രിവര്‍ണ്ണത്തിലുള്ള മുഷ്ടിയുടെ ചിത്രവും ഹിന്ദിയില്‍ ഒരു മുദ്രാവാക്യവും ഉള്ള ഭാഗികമായി കീറിയതും കേടുവന്നതുമായ രണ്ട് ലഘുലേഖകളും, മണിപ്പൂര്‍ വിഷയത്തില്‍ ഇംഗ്ലീഷിലുള്ള മുദ്രാവാക്യമുള്ള ലഘുലേഖയും പ്രത്യേകം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളില്‍ നിന്ന് പിടിച്ചെടുത്തതായി എഫ്ഐആറില്‍ പറയുന്നു.
പരാതിയുടെ ഉള്ളടക്കവും, സംഭവ സ്ഥലത്തു നിന്ന് ശേഖരിച്ച തെളിവുകള്‍, സ്ഥലത്ത് നടത്തിയ പ്രാഥമിക അന്വേഷണം, ഡിഡി എന്‍ട്രികളുടെ പരിശോധന,, ലഭ്യമായ മറ്റ് വസ്തുക്കള്‍ എന്നിവയെ ആധാരമാക്കിയാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മാത്രം പ്രകോപനം സൃഷ്ടിക്കുക), സെക്ഷന്‍ 120-ബി (ക്രിമിനല്‍ ഗൂഢാലോചന), സെക്ഷന്‍ 452 (അതിക്രമം), സെക്ഷന്‍ 186 (പൊതുപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പൊതുപ്രവര്‍ത്തകനെ തടസ്സപ്പെടുത്തല്‍)സെക്ഷന്‍ 353 (പൊതുപ്രവര്‍ത്തകരെ അവരുടെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം) തുടങ്ങിയ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ സെല്ലാണ് കേസിന്റെ തുടര്‍ അന്വേഷണം നടത്തേണ്ടതെന്നും എഫ്ഐആറില്‍ പറയുന്നു.