UPDATES

വിദേശം

രാജ്യത്തെ അഞ്ചാമത്തെ തൊഴില്‍ദാതാവായി വളര്‍ന്ന മെക്‌സിക്കന്‍ കാര്‍ട്ടലുകള്‍

സംഘടിത കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കാര്‍ട്ടലുകളില്‍ ഏകദേശം 175,000 പേര്‍ അംഗങ്ങളായുണ്ട്.

                       

മയക്കുമരുന്ന് കച്ചവടത്തിന്റെയും അധോലോക പ്രവര്‍ത്തികളുടെയും കുപ്രസിദ്ധിയില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് മെക്‌സിക്കോ. സംഘടിത കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മെകിസ്‌ക്കന്‍ കാര്‍ട്ടലുകളെ കുറിച്ചുള്ള കഥകള്‍ അത്ഭുതപ്പെടുത്തുന്നതും അതേസമയം ഭയപ്പെടുത്തുന്നതുമാണ്. ഭരണകൂടങ്ങള്‍ക്ക് പോലും നിയന്ത്രിക്കാനാകാത്ത വിധം ശക്തരായവരാണ് ഇത്തരം കാര്‍ട്ടലുകള്‍ അഥവ സംഘങ്ങള്‍. പുതിയൊരു ഗവേഷണം അനുസരിച്ച് രാജ്യത്തെ തൊഴില്‍ ദാതാക്കളില്‍ അഞ്ചാം സ്ഥാനത്താണ് ഇത്തരം കാര്‍ട്ടലുകള്‍ ഉള്ളതെന്ന് പറയുന്നു. സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, സംഘടിത കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കാര്‍ട്ടലുകളില്‍ ഏകദേശം 175,000 പേര്‍ അംഗങ്ങളായുണ്ട്. രാജ്യത്തെ മറ്റു തൊഴില്‍ദാതാക്കളെ അപേക്ഷിച്ച് കൂടുതല്‍ ‘തൊഴില്‍ അവസരം’ അധോലോക സംഘങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് വിവരം.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത നരഹത്യ കേസുകള്‍, തിരോധനങ്ങള്‍, തടവിലാക്കലുകള്‍ എന്നിവയെ കുറിച്ചുള്ള ഒരു ദശാബ്ദ കാലത്തെ കണക്കുകളും, എതിരാളികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ വിവരങ്ങളും, മൊത്തം കാര്‍ട്ടലിലുള്ള ആളുകളുടെ സംഖ്യയും കണക്കിലെടുത്താണ് ഈ സംഘങ്ങള്‍ നടത്തുന്ന ആക്രമണത്തിന്റെ തോതും, മറ്റും വ്യാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നത്.

ഈ സംഘങ്ങള്‍ നടത്തുന്ന കൊലപാതകത്തിന്റെ നിരക്ക് കുറയ്ക്കണമെങ്കില്‍, ഇതിലേക്കെത്തുന്ന ആളുകളുടെ എണ്ണത്തിലും കുറവ് വരേണ്ടതുണ്ടെന്നാണ് പഠനം പറയുന്നത്. കൂടുതല്‍ ആളുകള്‍ കാര്‍ട്ടലിലേക്ക് എത്തുന്നതോടെ രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചലിന്റെ ആക്കം കൂടുകയെണെന്ന് പ്രബന്ധത്തിന്റെ രചയിതാക്കള്‍ പറയുന്നു. നിലവില്‍ ലാറ്റിനമേരിക്കന്‍ ജയിലുകളില്‍ 1.7 ദശലക്ഷത്തിലധികം കുറ്റവാളികള്‍ പാര്‍ക്കുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ജയിലിലടയ്ക്കുന്നതുകൊണ്ട് തടവ് പുള്ളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നതല്ലാതെ നിലവിലെ അരക്ഷിതാവസ്ഥ പരിഹരിക്കപ്പെടുന്നില്ല എന്നാണ് പഠനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

2007-നും 2021-നും ഇടയില്‍ മെക്സിക്കോയിലെ കൊലപാതകങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം ഇക്കാലയളവില്‍ 34,000 പേര്‍, അല്ലെങ്കില്‍ ഓരോ 100,000 ജനങ്ങളില്‍ ഏകദേശം 27 പേര്‍ വീതം ഇരകളായി എന്നാണ് പറയുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും അപകടം നിറഞ്ഞ രാജ്യമായി മെക്്‌സിക്കോ മാറിയിട്ടുണ്ട്.

ദേശീയ തലത്തില്‍, സിനലോവ, ജാലിസ്‌കോ ന്യൂ ജനറേഷന്‍ എന്നറിയപ്പെടുന്ന രണ്ട് സംഘടിത കുറ്റകൃത്യ കാര്‍ട്ടലുകള്‍ തമ്മില്‍ ആധിപത്യത്തിനായുള്ള പോരാട്ടം ശക്തമാണ്. ഇവയ്ക്ക് പുറമെ 198 സായുധ ഗ്രൂപ്പുകള്‍ മെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്നതായി വിശകലന വിദഗ്ധര്‍ പറയുന്നു. ഇത്തരം സംഘങ്ങളില്‍ പലതും വലിയ കാര്‍ട്ടലുകളുടെ ഉപകരാര്‍ ഏറ്റെടുത്ത് നടത്തുന്നവരാണ്. പ്രാദേശികമായുണ്ടവുന്ന തര്‍ക്കങ്ങളും ഇവര്‍ ഏറ്റെടുക്കാറുണ്ട്.

മെക്സിക്കോയിലെ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനായി കാര്‍ട്ടല്‍ റിക്രൂട്ട്മെന്റ് തടയുകയാണ് ഏക മാര്‍ഗ്ഗമെന്ന തലകെട്ടില്‍ പുറത്തിറങ്ങിയ പ്രബന്ധം സുരക്ഷാ വിശകലന വിദഗ്ധര്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണ്ട വിഷയമെന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ജനമധ്യത്തിലെത്തിക്കേണ്ട വിഷയത്തെ കുറിച്ചുള്ള പ്രബന്ധം ഇതാദ്യമാണെന്ന് ഇന്‍സൈറ്റ് ക്രൈം തിങ്ക് ടാങ്കിന്റെ ഗവേഷകയായ വിക്ടോറിയ ഡിറ്റ്മര്‍ അഭിപ്രായപ്പെട്ടു. ക്രിമിനല്‍ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഇത്രയും ആളുകളുടെ കണക്കുകള്‍ ഇതിനു മുന്‍പ് ഞാന്‍ കണ്ടിട്ടില്ലെന്നും ഡിറ്റ്മര്‍ പറയുന്നു. അനൗപചാരികമായ ഒരു തൊഴില്‍ എന്ന നിലയ്ക്ക് പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കണക്കുകള്‍ ആ കാര്‍ട്ടലിന്റെ സ്വഭാവത്തെയും, ആളുകളുടെ അംഗത്വത്തിന്റെ സ്വഭാവത്തെയും ആശ്രയിച്ചുള്ളതാണ്. ഈ ക്രിമിനല്‍ ഓര്‍ഗനൈസേഷനില്‍ ആരെല്ലാമാണ് കുറ്റക്കാര്‍, നിരപരിധികള്‍ എന്ന് തിരിച്ചറിയുന്നത് ശ്രമകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അക്രമം കുറയ്ക്കുന്നതിനായി കാര്‍ട്ടല്‍ നടത്തുന്ന റിക്രൂട്ട്മെന്റുകളെ ലക്ഷ്യമിടുന്നതില്‍ പുതുമയില്ലെന്നാണു പഠനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ വാലന്റൈന്‍ പെരേഡ പറഞ്ഞത്. കാര്‍ട്ടലുകള്‍ക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യാന്‍ കഴയുന്നില്ലെങ്കില്‍ വലിയ രീതിയിലുള്ള നഷ്ടം നികത്തേണ്ടതായി വരും, അംഗബലമില്ലാത്ത പക്ഷം അവര്‍ക്ക് പരസ്പരം പോരടിക്കാന്‍ കഴിയാതെ വരും. അതുകൊണ്ട് തന്നെ അവര്‍ റിക്രൂട്‌മെന്റ് നിര്‍ത്തലാക്കില്ല. എന്നാല്‍ ഈ പ്രവണത പ്രായോഗികമായി എങ്ങനെ നിര്‍ത്തലാക്കുമെന്നതിനെക്കുറിച്ച് ആരും വ്യക്തമായ വിലയിരുത്തലുകള്‍ നല്‍കിയിട്ടില്ല. റിക്രൂട്ട്മെന്റ് കുറയ്ക്കണമെന്ന് പറയുന്നത് പ്രയോഗികമാണെങ്കിലും, അത് സാധ്യമാക്കാനുള്ള നയങ്ങള്‍ കൊണ്ടുവരുന്നത് വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഒരു സംഘടിത ക്രൈം ഗ്രൂപ്പിലെ ഓരോ അംഗവും അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അതായത് നിര്‍ദ്ദിഷ്ട ഉപഗ്രൂപ്പുകള്‍ പ്രത്യേകം ടാര്‍ഗെറ്റ് ചെയ്തിട്ടുണ്ടാകും.

ഒരു സികാരിയോ(തോക്കുധാരി) ആയി റിക്രൂട്ട് ചെയ്യപ്പെടാവുന്ന, അല്ലെങ്കില്‍ പ്രദേശിക നിയന്ത്രണം നടപ്പിലാക്കുന്നതിനായി ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ ഒരു സാധാരണക്കാരനായിരിക്കും. അതേസമയം, മെക്‌സിക്കന്‍ പോലീസില്‍ നിന്നും ലാറ്റിനമേരിക്കയിലുടനീളമുള്ള മിലിട്ടറികളില്‍ നിന്നും ഉയര്‍ന്ന പരിശീലനം ലഭിച്ച ഒളിച്ചോടിയവരും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്.

റിക്രൂട്ട്മെന്റ് കുറയ്ക്കുന്നതിലൂടെ അക്രമവും കുറയ്ക്കാനാവുമെന്നത് വിദൂര സാധ്യത മാത്രമാണെന്ന് പെരേഡ കൂട്ടിച്ചേര്‍ത്തു. ഈ പഠനം വിട്ടുകളഞ്ഞ മറ്റൊരു വസ്തുത അക്രമണങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ മെക്‌സിക്കോയിലെ ഉത്പാദനമാണ്. മദ്യവില്‍പന ശാലയില്‍ ആളുകള്‍ കത്തിയുമായി പോകുന്നതിനെക്കുറിച്ചല്ല ഞങ്ങള്‍ സംസാരിക്കുന്നത്. മിലിട്ടറി-ഗ്രേഡ് ആയുധങ്ങളുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങളെക്കുറിച്ചാണെന്നും പെരേഡ ചൂണ്ടിക്കാട്ടി. തികച്ചും വ്യത്യസ്തമായ രണ്ട് സമീപനങ്ങളിലൂടെ മെക്‌സിക്കോയെയും എല്‍ സാല്‍വഡോറിനെയും സംയോജിപ്പിച്ച്, അക്രമം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ലാറ്റിനമേരിക്കയിലുടനീളമുള്ള ഒരു സംവാദവും പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍