December 10, 2024 |

ഭോപ്പാല്‍ ദുരന്തത്തിനു ശേഷവും തുടര്‍ന്ന യൂണിയന്‍ കാര്‍ബൈഡ് ചതിയും കൂട്ടുനിന്നവരും

പതിനാലു വര്‍ഷത്തോളം ഇന്ത്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനികള്‍ പിന്‍ വാതിലിലൂടെ യൂണിയന്‍ കാര്‍ബൈഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിപ്പോന്നിരുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയൊരു വ്യാവസായിക ദുരന്തമായിരുന്നു 1984 ഡിസംബര്‍ 2-ന് ഭോപ്പാലിലെ യൂണിയന്ഡ കൈര്‍ബൈഡില്‍ നടന്ന വിഷവാതക ചോര്‍ച്ച. ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ആ ദുരന്തത്തിന് 39 വര്‍ഷം പൂര്‍ത്തിയാവുകയാന്ന് ഇന്ന്. ഈ പശ്ചാത്തലത്തില്‍ 2022 ഡിസംബര്‍ 28 ന് അഴിമുഖം പ്രസിദ്ധീകരിച്ച ഒരു അന്വേഷണ റിപ്പോര്‍ട്ട് അതിന്റെ നഷ്ടപ്പെടാത്ത പ്രസക്തി മനസിലാക്കി എഡിറ്റേഴ്‌സ് പിക്കില്‍ പുനഃപ്രസിദ്ധികീരിച്ചിരിക്കുകയാണ്.

ഒന്നരപതിറ്റാണ്ട്, വിവിധ സര്‍ക്കാരുകളും സ്വകാര്യ കമ്പിനികളും ചേര്‍ന്ന് ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവരേയും ഇന്ത്യന്‍ കോടതികളേയും പൊതുമനസാക്ഷിയേയും വഞ്ചിച്ചതിന്റെ ചരിത്രം. പിടികിട്ടാപ്പുള്ളികളായി മുദ്രകുത്തപ്പെട്ട , ഭോപ്പാല്‍ ദുരന്തത്തിനു പിന്നിലുണ്ടായിരുന്ന കമ്പനി ഇന്ത്യയില്‍ തുടര്‍ന്നും തങ്ങളുടെ വ്യവസായം നടത്തുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളെയടക്കം കൂട്ടുപിടിച്ച് കണ്ടെത്തിയ മാര്‍ഗ്ഗങ്ങള്‍…

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്ന വിഷവാതകം പതിനയ്യായിരത്തിലധികം ആളുകളെ കൊല്ലുകയും അഞ്ചു ലക്ഷത്തിലേറെ പേരുടെ ജീവന്‍ അപകടത്തില്‍ ആക്കുകയും ചെയ്തതിന് ഏകദേശം മൂന്ന് വര്‍ഷം കഴിഞ്ഞു മുംബൈയില്‍ വിസ പെട്രോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു രാസവസ്തു വിപണന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു.

1984 ഡിസംബര്‍ 2 ന് അര്‍ദ്ധരാത്രിക്ക് ഭോപ്പാല്‍ നഗരത്തില്‍ വിഷവാതകം പരത്തി അവിടുത്തെ ജനങ്ങളെ കൊന്നതിനുള്ള ശിക്ഷയായി, നേരിടേണ്ടി വന്ന വിലക്കിനെ മറികടക്കുന്നതിന് അമേരിക്കയിലെ രാസ വ്യവസായ കുത്തകയായ യൂണിയന്‍ കാര്‍ബൈഡ് ആവിഷ്‌കരിച്ച വിപുലമായ പദ്ധതിയുടെ ആണിക്കല്ല് ആയിട്ടാണ് അടുത്ത പതിനാല് വര്‍ഷത്തേക്ക് വിസ പെട്രോ കെമിക്കല്‍സ് പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ കാര്‍ബൈഡിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരമാധികാരം വിസ പെട്രോകെമിക്കല്‍സിനായിരുന്നു. കോടതിയുടെ മുന്‍പിലവര്‍ വിചാരണക്കായി ഹാജരാകാതിരുന്നതിനാല്‍ യൂണിയന്‍ കാര്‍ബൈഡിന്റെ അന്നത്തെ സി.ഇ. ഒ വാറന്‍ ആന്‍ഡേഴ്‌സണെ പിടികിട്ടാപുള്ളിയായി ഇന്ത്യയിലെ കോടതി പ്രഖ്യാപിച്ചിരുന്നു. യൂണിയന്‍ കാര്‍ബൈഡിന്റെ അധികാരികളെ കുറ്റവാളികളും ഒളിവില്‍ രക്ഷപ്പെട്ടു കടന്ന വരുമായിട്ടാണ് കോടതി പ്രഖ്യാപിച്ചത്. യൂണിയന്‍ കര്‍ബൈഡിന്റേയും അനുബന്ധ കമ്പനികളുടെയും സ്വത്തുക്കളും അവരുടെ ഉല്‍പ്പന്നങ്ങളും കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.

അല്‍ ജസീറയ്ക്കു വേണ്ടി ‘റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്‘ സംഘടിപ്പിച്ച യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ആഭ്യന്തര രേഖകളില്‍ നിന്നു അവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്കും വന്‍കിട സ്വകാര്യ കോര്‍പ്പറേഷനുകള്‍ക്കും വിറ്റഴിച്ചതായി വ്യക്തമാകുന്നു. അക്കൂട്ടത്തില്‍ ആരംഭദശയിലുള്ള ഒരു സ്ഥാപനവും കാര്‍ബൈഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുണ്ടായിരുന്നു: മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു അത്. ഇതേ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലായിരുന്നു ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം നേരിട്ടത് എന്നത് മറ്റൊരു കാര്യം. കാര്‍ബൈഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിരുന്ന കേബിള്‍ കമ്പനിയുടെ കൂട്ടുടമയായിരുന്നു ഈ കമ്പനി.

ചോരകെട്ടിയ കണ്‍തടങ്ങളിലൂടെ ചുടുകണ്ണീരൊലിച്ചിറങ്ങി മരിച്ചുപോയ മനുഷ്യര്‍

ഭോപ്പാലിലെ ചെകുത്താനായി കാര്‍ബൈഡിനെ പൊതുജനം കണക്കാക്കുകയും കോടതികള്‍ കമ്പനിയെ വേട്ടയാടുകയും ഇന്ത്യയിലേക്ക് പിന്‍ വാതില്‍ വഴി കടക്കാന്‍ യൂണിയന്‍ കാര്‍ബൈഡ് .മൂന്നു കമ്പനികളാണ് സ്ഥാപിച്ചു .അവയിലൊന്ന് ഇന്ത്യയില്‍ത്തന്നെയായിരുന്നെങ്കില്‍ മറ്റ് രണ്ടെണം യു എസ്സിലും സിംഗപ്പൂരിലുമായിരുന്നു. കമ്പനിയുടെ ആഭ്യന്തര രേഖകളനുസരിച്ച് അവയെ ഫ്രണ്ട് എന്നും ഡമ്മി എന്നുമാണ് കാര്‍ബൈഡ് വിളിച്ചിരുന്നത്. ചില സമയങ്ങളില്‍ അവയെ ‘അനുബന്ധ ശാഖകള്‍’ എന്നും പരാമര്‍ശിക്കുന്നു. ഈ കമ്പനികളാണ് കാര്‍ബൈഡിനു വേണ്ടി ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിച്ചിരുന്നത്. കാര്‍ബൈഡ് ഉല്‍പന്നങ്ങളെ വേറേ ലേബലില്‍ നിരവധി മാര്‍ഗങ്ങളിലൂടെ അയക്കുകയും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയുമൊക്കെ ചെയ്തിരുന്നതതും അവരാണ്. ടെലിഫോണ്‍ കേബിളുകള്‍ മുതല്‍ പെയിന്റു വരെയുള്ള ഗൃഹോപയോഗവസ്തുക്കള്‍ നിര്‍മ്മിക്കാനാവശ്യമായ സാധനങ്ങളാണ് കമ്പനി വിറ്റിരുന്നത്. ഇന്ത്യയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്ന് വരുത്താനുള്ള ഒരു നിയമപരമായ ഒരുപാധിയാണ് ഈ ഡമ്മി കമ്പനികള്‍ എന്നു കമ്പനിയുടെ ആഭ്യന്തരരേഖകളില്‍ സമ്മതിക്കുന്നുണ്ട്. കമ്പനിയുടെ എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളും കണ്ടു കെട്ടണമെന്ന് ഇന്ത്യന്‍ കോടതി ആവശ്യപ്പെട്ടതു മറികടന്ന് ഇന്ത്യയില്‍ ചരക്ക് വില്‍പ്പന നടത്തുന്നതിനുള്ള ആഭ്യന്തര ബിസിനസ്സ് പദ്ധതി ആയിരുന്നു ഇതെന്നുള്ള സമ്മതമാണ് ഇത്. കാര്‍ബൈഡിന്റെ ഉല്‍പന്നങ്ങളുടെ ഭാവിയിലെ വിപണനം നിയമവിരുദ്ധമാണെന്ന് കോടതി കൃത്യമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ അതിന്റെ എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതില്‍ വിപണത്തിന് വെച്ചിരുന്ന എല്ലാ ഉല്‍പ്പന്നങ്ങളും സാധന സാമഗ്രികളും ഉള്‍പ്പെട്ടിരുന്നു.

കാര്‍ബൈഡുമായി വിപണനത്തിലേര്‍പ്പെട്ടിരുന്ന സര്‍ക്കാര്‍ കമ്പനികള്‍ക്കൊക്കെയും ഈ പിന്‍വാതില്‍ ഏര്‍പ്പാടിനെക്കുറിച്ച് ധാരണയുണ്ടായിരുന്നു. തങ്ങളുടെ ഫ്രണ്ട് കമ്പനികള്‍ ലേലത്തിലേര്‍പ്പെടുന്ന സമയത്തെല്ലാം കാര്‍ബൈഡുകാര്‍ ഇവരെ സ്വകാര്യമായി വിവരം ധരിപ്പിച്ചിരുന്നു.

2002 വരെ, അതായത് അമേരിക്കന്‍ ഭീമനായ ഡോ കെമിക്കല്‍സ് കാര്‍ബൈഡ് വാങ്ങി ഒരു കൊല്ലം പിന്നിടും വരെ, ഈ പിന്‍വാതില്‍ സംവിധാനം നിലനിന്നു പോന്നു. 9.3 ബില്യന്‍ ഡോളറിനായിരുന്നു കാര്‍ബൈഡിന്റെ സര്‍വ്വ സ്വത്തുക്കളും ഡോ വാങ്ങിയത്. ഈ കാലയളവില്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ്സു മുതല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ ബി ജെ പി വരെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളാണ് ഇന്ത്യയില്‍ ഭരണത്തിലിരുന്നത്.

രേഖകളനുസരിച്ച് 1995 നും 2000 ത്തിനുമിടയില്‍ 55,800 ടണ്‍ വയറുകളും കേബിളുകളുമാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. 1999 ല്‍ മാത്രം 24 ദശലക്ഷം ഡോളറിന്റെ വില്‍പ്പനയാണ് ഈ ഏര്‍പ്പാടിലൂടെ നടന്നത്.

കാര്‍ബൈഡിന്റെ ഉല്‍പ്പന്നങ്ങള്‍ ഡോ ഒരു ഫ്രണ്ട് കമ്പനി മാര്‍ഗം മറ്റൊരു പേരില്‍ ഒരു വര്‍ഷത്തോളം ഇന്ത്യയില്‍ വിപണനം ചെയ്തതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്‍ബൈഡിന്റെ വിപുലവും സങ്കീര്‍ണ്ണവുമായ മാര്‍ഗ്ഗങ്ങള്‍, ഫ്രണ്ട്, ഡമ്മി കമ്പനികളുടെ ശൃംഖലകള്‍, കാര്‍ബൈഡ് കമ്പനി തന്നെ ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ടു തന്നെ ഉത്പന്നങ്ങള്‍ വാങ്ങിയിരുന്ന സര്‍ക്കാര്‍ കമ്പനികള്‍ അടക്കമുള്ള ഉപഭോക്താക്കള്‍ തുടങ്ങിയ വിവരങ്ങള്‍ ഇത്രയും കാലം പുറത്തു വന്നിരുന്നില്ല. ഒന്നര പതിറ്റാണ്ട് സജീവം ആയിരുന്ന ഈ ഡമ്മി കമ്പനികളെ അവയുടെ പുറകിലുള്ള ആളുകളെ കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആദ്യമായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.

2000 ത്തിന്റെ ആദ്യ പാദത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയത്തെ സംബന്ധിക്കുന്ന ഒരു നിയമ വ്യവഹാരത്തില്‍ ഡോയും യൂണിയന്‍ കാര്‍ബൈഡും അതിന്റെ ഡമ്മി കമ്പനികളും ഏര്‍പ്പെട്ടിരുന്നു. യു എസ് കോടതിയിലെ വിചാരണ സമയത്ത് ഇവര്‍ തെളിവുകളായി സമര്‍പ്പിച്ച രേഖകളാണ് ഈ വിവരങ്ങളുടെ യഥാര്‍ത്ഥ ഉറവിടം. ഡമ്മിക്കമ്പനികളുടെ പുറകിലുള്ള ആള്‍ക്കാരേയും അവരുടെ പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്.

യൂണിയന്‍ കാര്‍ബൈഡിനോടും ഡോവിനോടും റിപ്പോര്‍ട്ടര്‍മാരുടെ സംഘം വിശദമായ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അവര്‍ മറുപടി തന്നില്ല.

മരണക്കച്ചവടം
1981 ലെ ക്രിസ്തുമസ് തലേന്ന് ഭോപ്പാലിലെ കാര്‍ബൈഡ് ഫാക്ടറിയിലെ ഒരു ടെക്‌നീഷ്യന്‍ ഫോസ്ജീന്‍ വിഷബാധ ഏറ്റ് മരിച്ചിരുന്നു. വരാനിരിക്കുന്ന ദുരന്തത്തിന്റെ നാന്ദി ആയിരുന്നു ഇത്. ദുരന്തത്തെ തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ യൂണിയന്‍ കാര്‍ബൈഡിന്റെ ലാഭത്തില്‍ 90 % ഇടിവാണുണ്ടായത്.

കാര്‍ബൈഡിന്റെ ഇന്ത്യന്‍ യൂണിറ്റിന് ഹഡ്‌സന്റെ തീരത്ത് പിറവി എടുക്കുകയും നര്‍മ്മദയുടെ മണ്ണില്‍ പുനര്‍ജനിക്കുകയും ചെയ്ത കീടനാശിനിയായ സെവിന്റെ ഉല്‍പ്പാദനത്തിന്റെ പകുതിയില്‍ താഴെയെ വിറ്റഴിക്കാനായുള്ളൂ.

ഭോപ്പാല്‍ പ്ലാന്റില്‍ ലേ ഓഫുകളുണ്ടായി. ചിലവു ചുരുക്കല്‍ സുരക്ഷാസംവിധാനത്തേയും അറ്റകുറ്റപ്പണികളേയും ബാധിച്ചു.  ദുരന്തമുണ്ടായ രാത്രിയില്‍ മാരകവിഷമുള്ള രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ടാങ്കുകളിലെ സുരക്ഷാ വാല്‍വുകളോ അലാമുകളോ ഒന്നും പ്രവര്‍ത്തിച്ചില്ല. സെവിന്റെ ഉല്‍പ്പാദനത്തിനുപയോഗിച്ചിരുന്ന അതിമാരകമായ മീഥെയ്ല്‍ ഐസോസൈനേറ്റ് സൂക്ഷിച്ചിരുന്ന ടാങ്കുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ചിലത് പ്രവര്‍ത്തന രഹിതമായിരുന്നു. മറ്റു ചിലത് ഓഫ് ചെയ്ത നിലയിലായിരുന്നു. ചോര്‍ച്ചയുള്ള പ്ലാന്റില്‍ കേട് വന്ന അലാമുകള്‍ തുടര്‍ച്ചയായി നിലക്കുകയും ചെയ്യുമായിരുന്നു.

‘എനിക്ക് അന്നത്തെ രാത്രി നല്ല ഓര്‍മ്മയുണ്ട് ‘, ഭോപ്പാലിലെ ജെപി. നഗറില്‍ താമസിക്കുന്ന 60 കാരി ലീലാബായി പറയുന്നു. അപകടമുണ്ടായ സ്ഥലത്തിനടുത്താണ് ജെ.പി. നഗര്‍. ലീലാബായിയുടെ ഒറ്റമുറി വീട്ടില്‍ നിന്ന് നോക്കിയാല്‍ അല്‍പ്പം ദൂരെ ഫാക്ടറിയുടെ ലോഹാവശിഷ്ടങ്ങള്‍ കാണാം.

‘ഇന്നലത്തെ പോലെ അതെനിക്ക് ഓര്‍മ്മയുണ്ട്. ഞങ്ങളുടെ കണ്ണുകള്‍ ചുട്ടു നീറിയിരുന്നു. ആള്‍ക്കാര്‍ ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നു. തിക്കിലും തിരക്കിലും പലരും ചവിട്ട് കൊണ്ട് വീണു’, സംസാരിക്കുമ്പോള്‍ ലീലാബായിയുടെ കണ്ണുകള്‍ നിറഞ്ഞു. വിഷമയമായ പുകമഞ്ഞ് ചേരിയില്‍ നിറഞ്ഞു. നിമിഷനേരം കൊണ്ട് ആള്‍ക്കാര്‍ മരിച്ചു വീണു. എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല.

ആ കുടുംബത്തിലെ അവശേഷിക്കുന്ന ഏക വ്യക്തികള്‍ ലീലാബായിയും അവരുടെ ഭര്‍ത്താവുമാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവരുടെ മൂന്ന് മക്കളും രോഗബാധിതരായി മരിച്ചു പോയി. മരണത്തേക്കാള്‍ മോശമായ അവസ്ഥയാണ് ഈ ജീവിതമെന്ന് ലീലാബായി പറയുന്നു.

‘ഇത്രത്തോളം മാരകമായ രാസവസ്തുക്കള്‍ അവിടെ ഉണ്ടായിരുന്നെന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു ‘ – ജെ.പി. നഗറിലെ മറ്റൊരു താമസക്കാരിയായ സാവിത്രിബായി റിപ്പോര്‍ട്ടര്‍മാരുടെ സംഘത്തോടു പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളില്‍ 2000 ത്തിലേറെ ആള്‍ക്കാര്‍ മരിച്ചു വീണു. പലതരം വിഷാംശങ്ങള്‍ കലര്‍ന്ന പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചത്. ഹൈഡ്രോസയാനിക് ആസിഡായിരുന്നു അവയിലൊന്ന്. തലച്ചോറിലെ രക്തപ്രവാഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ഒരു രാസവസതു ആണിത് . ഉടനടി മരണത്തിലേക്കാണിത് നയിക്കുക.

അതിജീവിതര്‍ പറയുന്ന കണക്കുകളനുസരിച്ച് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പതിമൂവായിരത്തിലേറെ പേരാണ് മരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും വൃക്കകള്‍ക്കും നാഡീവ്യൂഹത്തിനും രോഗപ്രതിരോധ വ്യവസ്ഥക്കുമൊക്കെ തകരാറ് സംഭവിച്ചായിരുന്നു ഈ മരണങ്ങള്‍. ഇതിന് പുറമെ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് അംഗവൈകല്യമുണ്ടായി. വിഷമയമായ രാസവസ്തുക്കള്‍ മൂലം ദശാബ്ദങ്ങളോളം ഭോപ്പാലിലെ മണ്ണും വെള്ളവും മലിനപ്പെട്ടു. അവിടുത്തെ താമസക്കാര്‍ക്ക് സ്ഥിരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് തുടര്‍ന്നുണ്ടായത്.

ദുരന്തം കഴിഞ്ഞ് മൂന്നാം ദിവസം ആന്‍ഡേഴ്‌സണ്‍ ഇന്ത്യ സന്ദര്‍ശിച്ചു. പാശ്ചാത്യ രാജ്യങ്ങളിലെ ഏറ്റവും കരുത്തുറ്റ വ്യാവസായിയാണ് ആന്‍ഡേഴസണ്‍ അപ്പോഴും. മനപൂര്‍വമല്ലാത്ത നരഹത്യ, മരണത്തിന് കാരണമായ അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തി ആന്‍ഡേഴ്‌സണെ കാര്‍ബൈഡിന്റെ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള അതിഥി മന്ദിരത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. മൂന്ന് മണിക്കൂറിനു ശേഷം ഒരു നഗരത്തെ വിഷമയമാക്കിയ ഫാക്ടറിയുടെ ഉടമ ആന്‍ഡേഴ്‌സണ്‍ 25000 രൂപയുടെ ജാമ്യത്തില്‍ തടങ്കലില്‍ നിന്ന് മോചിതനായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന മുഖ്യമന്ത്രി അര്‍ജുന്‍ സിംഗിന്റെ ജെറ്റില്‍ ആന്‍ഡേഴ്‌സണ്‍ ഭോപാലിന് പുറത്തേക്ക് രഹസ്യമായി പറന്നു. അവിടെ നിന്ന് കമ്പനി വിമാനത്തില്‍ യൂ. എസിലേക്ക് രക്ഷപ്പെട്ട ആന്‍ഡേഴ്‌സണ്‍ പിന്നീടൊരിക്കലും ഇന്ത്യയിലേക്ക് തിരിച്ചു വന്നില്ല. ഒരിക്കലും വിചാരണ നേരിട്ടുമില്ല. കാര്‍ബൈഡിന്റെ വില്പനക്കാരനില്‍ നിന്നും അതിന്റെ സീ. ഇ. ഒ യിലേക്ക് വളര്‍ന്നയാള്‍ 2014 ല്‍ തന്റെ തൊണ്ണൂറാം വയസ്സില്‍ അമേരിക്കന്‍ മണ്ണില്‍ വെച്ച് സമാധാനമായി മരണമടഞ്ഞു.

അപ്പോഴും അമേരിക്കയുടെ മൂന്നാമത്തെ വലിയ രാസവസ്തു നിര്‍മ്മാതാക്കള്‍ തന്നെയായിരുന്നു കാര്‍ബൈഡ്. 1984 ല്‍, ഏറ്റവും മികച്ച 50 യു. എസ് കമ്പനികളില്‍ മുപ്പത്തിയേഴാമത്തെ സ്ഥാനം ഉണ്ടായിരുന്നു അവര്‍ക്ക്. ഭോപ്പാല്‍ ദുരന്തം കച്ചവടത്തെ വളരെ മോശമായി ബാധിച്ചു. പൊതുജന സമ്പര്‍ക്കം കമ്പനിയെ സംബന്ധിച്ച് പേടിസ്വപ്നം തന്നെയായി. പോരെങ്കില്‍ നിയമച്ചെലവുകള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ ആവശ്യമായി വന്നു. കച്ചവടം തുടരണമെങ്കില്‍ കാര്‍ബൈഡിന് എന്തെങ്കിലും ഒരു വഴി കണ്ടെത്തേണ്ടിയിരുന്നു. കമ്പനിയെ ആര് സഹായിക്കും ?

ഉപോത്പന്നം
ഭോപ്പാല്‍ ദുരന്തത്തെ അതിജീവിച്ചവരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും രോഷവും പ്രതിഷേധവും ഉണ്ടായിരുന്നിട്ടും ദുരന്താനന്തരം രണ്ടു കൊല്ലത്തോളം യൂണിയന്‍ കാര്‍ബൈഡിന്റെ ഇന്ത്യയിലെ വ്യവസായം സാധാരണ പോലെ തന്നെ നടന്നു. 1987 ഡിസംബറില്‍ ആന്‍ഡേഴ്‌സണിനും യൂണിയന്‍ കാര്‍ബൈഡിനും അമേരിക്കയിലെ ഡെലാവറില്‍ വെച്ചു ഏകീകരിക്കപ്പെട്ട ഏഷ്യന്‍ ഓപ്പറേഷനുകളുടെ ചുമതലയുണ്ടായിരുന്ന അനുബന്ധ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് ഈസ്റ്റേണിനും എതിരെ ഇന്ത്യയിലെ സിബിഐ കുറ്റം ചുമത്തി. അതിനകം കോടതി ഇടപെടലുകളില്‍ നിന്നും സുരക്ഷിതമായി നിന്നു കൊണ്ട് ഇന്ത്യന്‍ വിപണിക്ക് മീതെയുള്ള പിടിത്തം നിലനിര്‍ത്താന്‍ സഹായിക്കുന്ന നിരവധി പദ്ധതികള്‍ യൂണിയന്‍ കാര്‍ബൈഡ് നടപ്പിലാക്കി. അതില്‍ ആദ്യത്തേത് വിസ പെട്രോകെമിക്കല്‍ ലിമിറ്റഡിന്റെ ജനനമായിരുന്നു.

1994 ല്‍ യു. സി. സി ക്ക് സമര്‍പ്പിച്ച വിസ പെട്രോ കെമിക്കലിന്റെ വാര്‍ഷിക വ്യാവസായ മാര്‍ഗ്ഗരേഖയില്‍, കമ്പനി യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ ഉപോത്പന്നം ആയിരുന്നു എന്ന് പറയുന്നുണ്ട്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിന്ന് പുറത്തു കടക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍ യൂണിയന്‍ കാര്‍ബൈഡ് തൊഴിലാളികള്‍ ഉണ്ടാക്കിയതാണ് വിസ പെട്രോകെമിക്കല്‍സ് എന്ന് അന്നത്തെ ഡോ കെമിക്കലിന്റെ ഇന്ത്യയിലെ മാനേജര്‍, രവി മുത്തുകൃഷ്ണന്‍ 2001 ല്‍ മേലധികാരികള്‍ക്കയച്ച ഒരു ഇമെയിലില്‍ സൂചിപ്പിച്ചിട്ടുണ്ട്. 1999 ല്‍ മെഗാ വിസാ മാര്‍ക്കറ്റിങ് ആന്‍ഡ് സൊലൂഷന്‍സ് എന്ന് അതിന്റെ പേര് മാറ്റി. കാര്‍ബൈഡിന്റെ ഇന്ത്യയിലേക്ക് വിപുലീകരിച്ച തുടര്‍ച്ചയാണ് വിസ എന്നും രവി മുത്തുകൃഷ്ണന്‍ എഴുതുന്നു.

2001 ല്‍ സമാഹരിച്ച ഡോ ഇന്ത്യ മാനേജര്‍ രവി മുത്തുകൃഷ്ണന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള ഒരു ഭാഗം

സി. ബി. ഐ അവര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തുന്നതിന് 15 ദിവസങ്ങള്‍ക്ക് മുന്നേ, 1987 നവമ്പര്‍ 14 ന്, യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ വിസ പെട്രോകെമിക്കലുമായി കരാര്‍ ഒപ്പിട്ടു. പുതിയ കമ്പനിയെ അവരുടെ ഇന്ത്യയിലെ നോണ്‍ എസ്‌ക്ലൂസിവ് വിതരണക്കാരായി ചുമതലപ്പെടുത്തി. ഈ ക്രമീകരണം കാര്‍ബൈഡിന്റെ ഉല്‍പ്പന്നങ്ങളെ വിസ മാര്‍ഗം എത്തിക്കാന്‍ സഹായിച്ചു. കരാര്‍ പ്രകാരം കാര്‍ബൈഡ് ഉല്‍പ്പന്നങ്ങളുടെ ‘പ്രചാരണവും വില്‍പ്പന പ്രോത്സാഹിപ്പിക്കലു’മായിരുന്നു വിസയുടെ ‘ചുമതല’. കാര്‍ബൈഡിനെ ‘പ്രതിനിധീകരികരിച്ചു’ കൊണ്ടാണ് ഇതെല്ലാം ചെയ്യേണ്ടിയിരുന്നത്. അതോടെ ഭൂതകാല കളങ്കങ്ങള്‍ ഒന്നുമില്ലാതെ വിസക്ക് അവരുടെ ബിസിനസ് തുടരാനായി.

 വിസ പെട്രോകെമിക്കലും യൂണിയന്‍ കാര്‍ബൈഡ് ഈസ്റ്റേണുമായുള്ള 1987 ലെ വിതരണ കരാര്‍

തൊട്ടടുത്ത വര്‍ഷങ്ങളില്‍ യു സി സി ഒരു പുതിയ അനുബന്ധ കമ്പനിയെ ഉള്‍പ്പെടുത്തി – കാര്‍ബൈഡ് ഏഷ്യ പസഫിക്. അമേരിക്കയിലെ ഡെലാവേറില്‍ തന്നെയായിരുന്നു ഇത്. ഭോപ്പാല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട കാര്‍ബൈഡ് ഈസ്റ്റേണിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത് പതിയെ ഏറ്റെടുത്തു.

അങ്ങനെ ഇന്ത്യയിലെ വിസ പെട്രോകെമിക്കല്‍സുമായുള്ള കരാറുള്‍പ്പടെ യൂണിയന്‍ കാര്‍ബൈഡിന്റെ ഏഷ്യന്‍ വ്യവസായങ്ങള്‍ കേസില്‍ പേരുള്‍പ്പെട്ടിട്ടില്ലാത്ത കമ്പനിയായിരിക്കും നടത്തുക എന്ന് ഉറപ്പു വരുത്തി.

സിവില്‍ കേസിന്റെ വിധിയെത്തുടര്‍ന്ന് 1989 ല്‍ ഭോപ്പാല്‍ ദുരന്തത്തിന്റെ നഷ്ടപരിഹാരമെന്ന നിലയില്‍ കാര്‍ബൈഡ് കമ്പനി 470 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം അടച്ചു. വെറും 500 യു. എസ്. ഡോളര്‍ വീതം മാത്രമേ ഓരോ ഇരകള്‍ക്കും ലഭിക്കാനെ ഇത് തികയൂ എന്നും, തുടക്കത്തില്‍ സര്‍ക്കാര്‍ വാദിച്ചതിന്റെ ആറില്‍ ഒന്നേ ഉള്ളൂ എന്നും അതിജീവിതരുടെ പ്രതിനിധികള്‍ പറയുന്നു. സര്‍ക്കാര്‍ ഇരകളുമായി കൂടിയാലോചിക്കാതെയാണ് നിര്‍ദ്ദേശം സ്വീകരിച്ചത്. (ഡോ, യൂണിയന്‍ കാര്‍ബൈഡ്, യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് എന്നിവയില്‍ നിന്ന് സംയുക്തമായി അധിക നഷ്ട പരിഹാരം ദുരന്തത്തിലെ ഇരകള്‍ക്കും അതിജീവിതര്‍ക്കും ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 2010 ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരു ദശാബ്ദത്തോളം തീരുമാനമാവാതെ കിടന്ന കേസ് അവസാനം വിളിച്ചത് ഒക്ടോബര്‍ 2022 ലാണ്).

കുറ്റം ചുമത്തപ്പെട്ട വിദേശ കമ്പനികളെല്ലാം തങ്ങളുടെ പേരില്‍ കോടതിയില്‍ നിലവിലുള്ള ക്രിമിനല്‍ കേസില്‍ നിന്നു തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന തരത്തില്‍ പെരുമാറിയപ്പോള്‍ 1992 ല്‍ ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, യൂണിയന്‍ കാര്‍ബൈഡിന്റെ ഇന്ത്യയിലെ സ്ഥാവര ജംഗമ വസ്തുക്കള്‍ പിടിച്ചെടുത്തു. ‘കുറ്റം ചുമത്തപ്പെട്ട അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് എങ്ങിനെയും ഇന്ത്യയിലെ വസ്തുവകകള്‍ കൈമാറിക്കൊണ്ട് ഈ കോടതിയിലെ വിചാരണയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്’ എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ആന്‍ഡേഴ്‌സണെയും യൂണിയന്‍ കാര്‍ബൈഡ് യുഎസ്എ, യൂണിയന്‍ കാര്‍ബൈഡ് ഈസ്റ്റേണ്‍ എന്നിവയെയും ‘പിടികിട്ടാപ്പുള്ളികള്‍’ എന്നാണ് മജിസ്‌ട്രേറ്റ് അടയാളപ്പെടുത്തുന്നത്.

കാര്‍ബൈഡിനെ സംബന്ധിച്ച് തുടര്‍ന്നുള്ള വ്യാപാരം മുന്നത്തേക്കാള്‍ പ്രയാസം നിറഞ്ഞതും സങ്കീര്‍ണ്ണവുമായി മാറി. കാര്‍ബൈഡിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും പുതിയ പദ്ധതിയുമായി വരേണ്ടി വന്നു.

1994 ഫെബ്രുവരിയില്‍ മുംബൈ നിന്നുള്ള അജയ് മിത്തല്‍ എന്ന യുവ വ്യവസായി കാര്‍ബൈഡ് അധികൃതരുമായി ഡാന്‍ബറിയില്‍ വെച്ചു കൂടിക്കാഴ്ച നടത്തി കാര്‍ബൈഡ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെക്കുറിച്ചു ചര്‍ച്ച ചെയ്തു. ഈ കൂടിക്കാഴ്ചക്ക് ഒരു ദിവസത്തിന് ശേഷം മിത്തലിന് കാര്‍ബൈഡ് അധികാരികള്‍ ഫാക്‌സ് സന്ദേശമയച്ചിരുന്നു. കൂടിക്കാഴ്ച്ച മികച്ചതും സുതാര്യവുമായിരുന്നു എന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്. ഇതിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു.

അമേരിക്കന്‍ ബിസിനസ് സ്‌കൂള്‍ ബിരുദധാരിയും ‘മിത്തല്‍ വ്യവസായ കുടുംബത്തിലെ പിന്തുടര്‍ച്ചാവകാശിയും ആയ അജയ് മിത്തല്‍ നിലവില്‍ ആര്‍ഷിയ ലിമിറ്റഡ് എന്ന ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ കമ്പനിയുടെ ഉടമസ്ഥനാണ്. 2001ലെ ഡോ ഇന്ത്യയുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ മിത്തല്‍ കുടുംബത്തെ പരാമര്‍ശിച്ചിരിക്കുന്നത് ‘ബോംബെയില്‍ 3000 കെട്ടിടങ്ങളുള്ള നല്ലനിലയില്‍ അംഗീകരിക്കപ്പെടുന്ന ഗ്രൂപ്’ എന്നാണ്.

യൂണിയന്‍ കാര്‍ബൈഡിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് വിട്ടു നില്‍ക്കാന്‍ സഹായിക്കുന്ന നിയമപരമായ ഉപാധി എന്ന നിലയില്‍ മിത്തലിന്റെ വ്യവസായങ്ങള്‍ നിര്‍ണായകമാണെന്ന് കമ്പനി രേഖകള്‍ വെളിപ്പെടുത്തുന്നു.


1994 ല്‍ വിസ പെട്രോകെമിക്കല്‍സ് യൂണിയന്‍ കാര്‍ബൈഡിന് സമര്‍പ്പിച്ച വാര്‍ഷിക ബിസിനസ്സ് പ്ലാനില്‍ നിന്നുള്ള ഭാഗം. കാര്‍ബൈഡും വിസയും സംയുക്തമായി ഒരുക്കിയ റിപ്പോര്‍ട്ട്

മിത്തലിന് ഹൂസ്റ്റണില്‍ മെഗാ ഗ്ലോബല്‍ സര്‍വ്വീസസ് എന്ന പേരില്‍ ഒരു കമ്പനിയുണ്ടായിരുന്നു. രേഖകളനുസരിച്ച് ഈ കമ്പനി 1993 ല്‍ സ്ഥാപിച്ചതാണ്. ഒരു മാസത്തിനു ശേഷം വിസാ പെട്രോകെമിക്കല്‍സുമായുള്ള കരാര്‍ കാര്‍ബൈഡ് ഏഷ്യാ പസഫിക്ക് ലിമിറ്റഡ് അവസാനിപ്പിച്ചു. അതേ ദിവസം തന്നെ മെഗാ ഗ്ലോബലുമായി ഒരു പുതിയ കരാര്‍ ഒപ്പിടുകയും ചെയ്തു.

ഈ പുതിയ കരാറനുസരിച്ച് മെഗാ ഗ്ലോബല്‍ സര്‍വ്വീസസിന്റെ ജോലി കാര്‍ബൈഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ‘ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്കു’ മറിച്ചു വില്‍ക്കുകയുമായിരുന്നു. ഈ പ്രക്രിയക്കിടയില്‍ കാര്‍ബൈഡിന്റെ ഉല്‍പ്പന്നങ്ങള്‍ മെഗാ ഗ്ലോബലിന്റേതായി പേര് മാറ്റും.

മിത്തല്‍ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. ഹൂസ്റ്റണിലെ കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം വിസാ പെട്രോകെമിക്കലിന്റെ 89.5 ശതമാനം ഓഹരികളും മിത്തല്‍ വാങ്ങി. കാര്‍ബൈഡ് കമ്പനിക്ക് പിന്‍വാതിലിലൂടെ കടക്കാനുള്ള വഴി തുറക്കാന്‍ നിര്‍ണായകമായ മധ്യവര്‍ത്തി കമ്പനികള്‍ രണ്ടും ഇപ്പോള്‍ മിത്തല്‍ ഗ്രൂപ്പിന്റെ കയ്യില്‍ വന്നു. മിത്തല്‍, കാര്‍ബൈഡ്, വിസാ പെട്രോകെമിക്കല്‍സ് എന്നിവ ഒരുമിച്ചു എങ്ങനെ കാര്‍ബൈഡ് ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലേക്ക് എത്തിക്കണം എന്നു വിസാ പെട്രോ കെമിക്കല്‍സിന്റെ ഒരു വാര്‍ഷിക ബിസിനസ്സ് പദ്ധതിയില്‍ തീരുമാനം ആയി.

വിസാ പെട്രോ കെമിക്കല്‍സ് ഉപഭോക്താക്കളെ നിരീക്ഷിക്കുകയും വാങ്ങല്‍ശേഷിയുള്ള ഉപഭോക്താക്കളുടെ വില സംബന്ധിച്ച ഔപചാരികമായ അന്വേഷണങ്ങള്‍ മെഗാ ഗ്ലോബല്‍ സര്‍വ്വീസിലേക്കും യൂണിയന്‍ കാര്‍ബൈഡ് ഏഷ്യാ പസഫിക്കിലേക്കും എത്തിക്കും. അവരാകട്ടെ ഇത് മാതൃ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനിലേക്ക് അയക്കും. കാര്‍ബൈഡ് കോര്‍പ്പറേഷന്‍ കാര്‍ബൈഡ് ഏഷ്യാ പസഫിക്കിലേക്ക് വില വിവരം അയക്കും. തുടര്‍ന്ന് ഏഷ്യാ പസഫിക്ക് ഈ വിവരം വിസാ പെട്രോ കെമിക്കലിന് കൈമാറും. അവരത് ഉപഭോക്താവിന് എത്തിക്കുകയും ചെയ്യും.

വാങ്ങുന്നയാള്‍ അനുകൂലമായി പ്രതികരിച്ചാല്‍ ഓര്‍ഡര്‍ മെഗാ ഗ്ലോബല്‍ സര്‍വ്വീസസിന്റെ മുന്നില്‍ വെക്കും. കാര്‍ബൈഡ് കോര്‍പ്പറേഷന്‍ മെഗാ ഗ്ലോബല്‍ സര്‍വ്വീസസിന് ഉല്‍പ്പന്നം വില്‍ക്കും. ചരക്കു നീക്കുന്നതിന് കാര്‍ബൈഡ് ഒരു മൂന്നാം കക്ഷിയെ ഏര്‍പ്പാടാക്കും. ഫ്രൈറ്റ് ഫോര്‍വേഡര്‍ എന്നാണ് ഈ മൂന്നാം കക്ഷി അറിയപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് അയച്ചു കൊടുത്ത ഉല്‍പ്പന്നങ്ങളുടെ പട്ടിക ചേര്‍ത്ത ഒരു കരാര്‍ വിസാ പെട്രോ കെമിക്കല്‍സാണ് നല്‍കുക.

 1994 ല്‍ വിസാ പെട്രോ കെമിക്കല്‍സ് യൂണിയന്‍ കാര്‍ബൈഡിനു സമര്‍പ്പിച്ച വാര്‍ഷിക ബിസിനസ്സ് പ്ലാനിന്റെ ഭാഗമായ കാര്‍ബൈഡിന്റെ വിശാല പദ്ധതികള്‍ എങ്ങനെയാണ് പ്രവര്‍ത്തനം നടത്തിയതെന്ന് കാണിക്കുന്ന ഫ്‌ളോ ചാര്‍ട്ട്

ഉല്‍പ്പന്നം യഥാര്‍ഥത്തില്‍ കാര്‍ബൈഡിന്റെ കമ്പനിയില്‍ നിന്നുള്ളതാണ്. അതേ സമയം ഇന്ത്യന്‍ തുറമുഖങ്ങളില്‍ കൊടുക്കുന്ന രേഖകളനുസരിച്ച് മെഗാ ഗ്ലോബല്‍ സര്‍വ്വീസസാണ് വില്‍പ്പനക്കാര്‍. ഇതിന് അവര്‍ക്ക് കമ്മീഷനുമുണ്ട്.

മെഗാ ഗ്ലോബല്‍ സര്‍വ്വീസിനെ കര്‍ബൈഡ് കമ്പനിക്കകത്തെ എഴുത്തുകുത്തുകളില്‍ ‘ഇടനിലക്കാരായ ഫ്രണ്ട് പാര്‍ട്ടി’ എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. മെഗാ ഗ്ലോബല്‍ സര്‍വ്വീസിന്റെ ബിസിനസ്സ് ഇടപാടുകളില്‍ ഭൂരിഭാഗവും കാര്‍ബൈഡിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി തങ്ങളുടേതെന്ന രീതിയില്‍ വില്‍ക്കുന്നതായിരുന്നു.

1998 ല്‍ മെഗാ ഗ്ലോബലിനു പകരമായി സമാനമായ പേരുള്ള ഒരു സിംഗപ്പൂര്‍ കമ്പനി വന്നു. മെഗാവിസാ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ കമ്പനിയും മിത്തല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു.

2001 ജൂലായ് മാസത്തില്‍ ഡോ ഇന്ത്യയുടെ മാനേജര്‍ അമേരിക്കയിലെ തന്റെ മേലുദ്യോഗസ്ഥര്‍ക്കയച്ച ഇ മെയ്ല്‍ സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു : ഭോപ്പാല്‍ ദുരന്തത്തിനു ശേഷമുള്ള സാഹചര്യങ്ങളില്‍ നേരിടുന്നതിന് വേണ്ടിയുള്ളതാണ് മെഗാ വിസാ സിംഗപ്പൂര്‍ എന്ന സ്ഥാപനം. ഇത് ആത്യന്തികമായി ഒരു ഷെല്‍ കമ്പനിയാണ്.’

ഇന്ത്യയിലേക്കുള്ള കയറ്റുമതി സംബന്ധിച്ച് ഡോ ഇന്ത്യയിലെ ആഷിഷ് മിത്ര ഡോയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കയച്ച ഇ മെയ്ല്‍ സന്ദേശം. ‘ആത്യന്തികമായ ഒരു ഷെല്‍ കമ്പനിയാണ് ‘ മെഗാവിസാ സിംഗപ്പൂരെന്നും ‘ഭോപാലിലെ ദുരന്ത ശേഷമുള്ള സാഹചര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനു വേണ്ടിയാണിത് സ്ഥാപിച്ചിട്ടുള്ളതെ’ന്നും മിത്ര ഇതില്‍ സൂചിപ്പിക്കുന്നു.

മെഗാവിസ സിംഗപ്പൂര്‍ അമേരിക്കയില്‍ നിന്ന് യു സി സിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ‘അവയുടെ ഉടമസ്ഥാവകാശമുണ്ടാക്കുകയും തുടര്‍ന്ന് അവിടെ നിന്ന് ഈ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും’ ചെയ്തിരുന്നതായി സിംഗപൂരിലെ കമ്പനിയുടെ ഡയറക്ടറായിരുന്ന സഞ്ജീവ് സാംഗ്വി 2002 ല്‍ യു എസ് കോടതിക്കു നല്‍കിയ മൊഴിയില്‍ സാക്ഷ്യപ്പെടുത്തുന്നു.

മിത്തലിന്റെ ഉടമസ്ഥതയില്‍ ഉള്ള ഈ ‘അനുബന്ധ കമ്പനി’കളുടേയും ‘ഷെല്ലു’കളുയും ശ്രംഖല’ ഒക്കെ 1993 മുതല്‍ 2002 വരെയുള്ള ഒരു ദശാബ്ദക്കാലത്തോളം ഇന്ത്യന്‍ വിപണിയില്‍ കാര്‍ബൈഡ് ഉല്‍പ്പന്നങ്ങളുടെ തുടരെയുള്ള വില്‍പ്പന ഉറപ്പിക്കുന്നതായിരുന്നു. അതിന്റെ ഉപഭോക്താക്കളില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളും ഉണ്ടായിരുന്നു താനും. തങ്ങളുടെ പൗരന്മാരെ കൊലയ്ക്കു കൊടുക്കുകയും അപായമുണ്ടാക്കുകയും ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ച അതേ ആള്‍ക്കാര്‍ തന്നെ.

പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിംസ് മാനുഫാക്ചറിങ്ങ് കമ്പനി ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ കേബിള്‍സ് മുതലായവയെല്ലാം യൂണിയന്‍ കാര്‍ബൈഡിന്റെ ഉപഭോക്താക്കളില്‍ ഉള്‍പ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും അമേരിക്കന്‍ കെമിക്കല്‍ കമ്പനി ലൂബ്രിസോളിന്റെയും തുല്യ പങ്കാളിത്തമുള്ള അക്കാലത്തെ ഒരു സംയുക്ത സംരംഭമായിരുന്ന ലൂബ്രിസോള്‍ ഇന്ത്യയും അവരുടെ ഉപഭോക്താവായിരുന്നു.

ഗുജറാത്ത്, തമിഴ്‌നാട്, മദ്ധ്യപ്രദേശ് സര്‍ക്കാരുകളുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന കമ്പനികളും (യഥാക്രമം ഗുജറാത്ത് ആല്‍കലീസ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്, ഇന്ത്യന്‍ അഡിറ്റീവ്‌സ് ലിമിറ്റഡ്, വിന്ധ്യാ ടെലിലിങ്ക്‌സ് ലിമിറ്റഡ് എന്നിവ) ഈ രീതിയിലൂടെ യൂണിയന്‍ കാര്‍ബൈഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവരാണ്. ഈ ഉപഭോക്തൃ പട്ടികയില്‍ നൂറ്റിയന്‍പതിലധികം സ്വകാര്യ കമ്പനികളും ഉള്‍പ്പെട്ടിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഫിനോലെക്‌സ് കേബിള്‍സ്, ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്, ബെര്‍ജര്‍ പെയിന്റ്‌സ്, കാസ്‌ട്രോള്‍ ഇന്ത്യ മുതലായവയെല്ലാം ഇതില്‍ പെടും.

ആരുടെ പക്കല്‍ നിന്നാണ് തങ്ങള്‍ വാങ്ങുന്നതെന്ന് കാര്‍ബൈഡിന്റെ ഈ ഉപഭോക്താക്കള്‍ക്കെല്ലാം കൃത്യമായ ധാരണയുണ്ടായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കരാര്‍ തങ്ങള്‍ക്കു വേണ്ടിയാണ് ഹൂസ്റ്റന്‍ ആസ്ഥാനമായിട്ടുള്ള മെഗാ ഗ്ലോബല്‍ സര്‍വ്വീസസ് ടെന്‍ഡര്‍ ചെയ്യുന്നത് എന്ന് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗാസ് കമ്പനിയെയും (ഓ എന്‍ ജി സി) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെയും യൂണിയന്‍ കര്‍ബൈഡ് അറിയിച്ചിരുന്നതായി രേഖകള്‍ പറയുന്നു.

‘മേല്‍ക്കൊടുത്ത ടെണ്ടര്‍ വിളിക്കാന്‍ (ഒ എന്‍ ജി സിയുടെ) ഞങ്ങള്‍ മെഗാ ഗ്ലോബല്‍ സര്‍വ്വീസസിനെ അധികാരപ്പെടുത്തിയിരിക്കുന്നു’ എന്ന് 1994 നവംബര്‍ 16 ന് കാര്‍ബൈഡ് ഏഷ്യാ പസഫിക് ഒ എന്‍ ജി സിയുടെ ജനറല്‍ മാനേജര്‍ക്കയച്ച കത്തില്‍ പറയുന്നു. വിസാ പെട്രോ കെമിക്കല്‍സിന്റെ 1994 ലെ വാര്‍ഷിക ബിസിനസ്സ് പ്ലാനില്‍ ‘ ഒ എന്‍ ജി സിയുമായിട്ടുള്ള ടി ഇ ജി വിപണനത്തില്‍ വന്‍ മുന്നേറ്റമുണ്ടാ’യെന്ന് രേഖപ്പെടുത്തുന്നുണ്ട്. ടി ഇ ജി അഥവാ ട്രൈഎത്തിലിന്‍ ഗ്ലൈക്കോള്‍ ഒരു പ്ലാസ്റ്റിസൈസര്‍ രാസവസ്തുവാണ്. ഒ എന്‍ ജി സി ഇതിന്റെ വിപണനം നടത്തുന്നുണ്ട്.

1999 ഡിസംബറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: ‘എം.എം ഗ്ലോബല്‍ സര്‍വീസസിന് ടെന്‍ഡര്‍ ലഭിച്ചാല്‍ ആവശ്യമുള്ള അളവില്‍ ഉല്‍പ്പന്നം യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ നല്‍കും . വിതരണം ചെയ്ത ഉല്‍പന്നം നിശ്ചിത നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ളതായിരിക്കും.’

2001 ജൂലായില്‍ മെഗാവിസാ സിംഗപ്പൂര്‍, ലൂബ്രിസോള്‍ ഇന്ത്യക്കു വേണ്ടിയുള്ള 77656 ഡോളര്‍ വില വരുന്ന മീഥൈല്‍ ഐസോബുട്ടെയ്ല്‍ കാര്‍ബിനോളിന്റെ ഒരു സെയ്ല്‍സ് ഇന്‍വോയിസ് സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ഓയിലിന്റേ യും ലൂബ്രിസോളിന്റെയും സംയുക്ത സംരംഭമാണ് ലൂബ്രിസോള്‍ ഇന്ത്യ.

മെഗാവിസാ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന് പേരു മാറ്റിയ വിസാ പെട്രോ കെമിക്കല്‍സ് ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പുമായി ചേര്‍ന്നുള്ള മെഗാ വിസയുടെ പ്രവര്‍ത്തനങ്ങള്‍ ഒ ഐ റ്റി പരിശോധനയുടെ നിശ്ചിത മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ‘എന്ന് വിസ ഡോയ്ക്കയച്ച ഒരു ഇമെയിലില്‍ പറയുന്നു. ഒരു വയറിന്റെ താപ സ്ഥിരത കണ്ടെത്തുന്നതിനുള്ള പരിശോധനയെയാണ് ഒ ഐ റ്റി അഥവാ ഓക്‌സിഡേറ്റിവ് ഇന്‍ഡക്ഷന്‍ ടൈം എന്നു പറയുന്നത്.

ഡോ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന് 2001 ഏപ്രിലില്‍ ഒരു മെഗാ വിസ എക്‌സിക്യൂട്ടിവ് സമാഹരിച്ചയച്ച വയര്‍ ആന്‍ഡ് കേബിള്‍സ് വിപണി റിപ്പോര്‍ട്ടില്‍ നിന്നുള്ള ഭാഗം.

കാര്‍ബൈഡിന്റെ ഇന്ത്യന്‍ കമ്പനിക്ക് സര്‍ക്കാരിന്റെ മേല്‍ യഥാര്‍ഥത്തില്‍ സാമാന്യം നല്ല സ്വാധീനമുണ്ടായിരുന്നു. ഒരുദാഹരണം പറഞ്ഞാല്‍ 2001 ല്‍ മെഗാവിസയില്‍ (മുന്‍പ് വിസ പെട്രോകെമിക്കല്‍സ്) നിന്ന് ഡോയിലേക്കയച്ച ഒരു ആഭ്യന്തര സന്ദേശമനുസരിച്ച്, അടിസ്ഥാനതലത്തില്‍ ഒട്ടൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ തങ്ങളുടെ കേബിള്‍ ഉല്‍പ്പന്നങ്ങളുടെ ടെന്‍ഡര്‍ നല്‍കുന്നത് ടെലിക്കോം വകുപ്പിനെ ബോധ്യപ്പെടുത്താന്‍ കമ്പനിക്കു സാധിച്ചു. മെഗാവിസ വഴി കര്‍ബൈഡ് ഇന്ത്യന്‍ വിപണിയില്‍ വിറ്റിരുന്ന ഉത്പന്നമാണ് അത്. ‘തങ്ങളുടെ ‘നിശ്ചിത മാനദണ്ഡങ്ങള്‍ നവീകരിക്കുന്നതിന് ടെലികമ്മൂണിക്കേഷന്‍ വകുപ്പിനെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളേയും നിര്‍ബ്ബന്ധിതരാക്കുന്നതിന് ഡോയില്‍ നിന്ന് ഞങ്ങള്‍ക്ക് സാങ്കേതിക സഹായം ആവശ്യമുണ്ട്’ എന്നും അതേ റിപ്പോര്‍ട്ടില്‍ പറയുന്നു.(ഇതിനോടകം തന്നെ യൂണിയന്‍. കാര്‍ബൈഡ് ഈ അമേരിക്കന്‍ കമ്പനി വാങ്ങിയിരുന്നു).

‘ഞങ്ങളുടെ ഗ്രൂപ്പില്‍ അങ്ങേയറ്റം കുഴഞ്ഞുമറിച്ചിലും ശത്രുതയും നിറഞ്ഞ അന്തരീക്ഷമുള്ള സമയമാണെങ്കിലും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ തുടര്‍ന്നു പോന്നു’ എന്ന് 2000 മെയ് അഞ്ചിന് കാര്‍ബൈഡ് അധികൃതര്‍ക്ക് അയച്ച മെയിലില്‍ മിത്തല്‍ പറയുന്നു. ‘ടെലികമ്യൂണിക്കേഷന്‍സ് വകുപ്പുമായി ചേര്‍ന്നുള്ള മെഗാ വിസയുടെ പ്രവര്‍ത്തനങ്ങള്‍ ചെറുകിട കക്ഷികളെ പറ്റേ തുടച്ചു നീക്കാന്‍ സഹായിക്കും എന്നും മിത്തല്‍ സൂചിപ്പിക്കുന്നു. മുന്നിലേക്ക് പോകുന്തോറും യു സി സിക്ക് കൂടുതല്‍ ഉല്‍പ്പാദനവും കുറേക്കൂടി മെച്ചപ്പെട്ട നെറ്റ് ബാക്കും നേടാനാവുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’.

അജയ് മിത്തല്‍ കാര്‍ബൈഡ് ഉദ്യോഗസ്ഥര്‍ക്ക് മെയ് 2000 ല്‍ അയച്ച മെയിലില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ചേര്‍ന്നുകൊണ്ടു മെഗാ വിസയുടെ പ്രവര്‍ത്തങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നു.

സ്റ്റെര്‍ലൈറ്റ്, ഫീനോലെക്‌സ് എന്നീ സ്വകാര്യ കമ്പിനികളുടെ ആശയവിനിമയങ്ങളും സൂചിപ്പിക്കുന്നത്, യൂണിയന്‍ കര്‍ബൈഡ് ഉത്പന്നങ്ങള്‍ ആണ് തങ്ങള്‍ വാങ്ങുന്നത് എന്ന് അവര്‍ക്കും അറിവുണ്ടായിരുന്നു എന്നാണ്. രണ്ടു കമ്പനികളും യൂണിയന്‍ കര്‍ബൈഡ്‌നും അവരുടെ അമേരിക്കയില്‍- ഉള്ള അനുബന്ധ സ്ഥാപനത്തിനും ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഹൂസ്റ്റനില്‍ ഉള്ള അവരുടെ ഫ്രണ്ട് കമ്പനി ആയ മെഗ ഗ്ലോബലിന് നല്‍കിയ ഒരു ഓര്‍ഡര്‍ ലഭിക്കാതെ വന്നതിനു യൂണിയന്‍ കര്‍ബൈഡ്-നു എതിരെ സ്റ്റെര്‍ലിങ് കേസ് വരെ കൊടുത്തിട്ടുണ്ട്. പിന്നീട് കോടതിക്ക് പുറത്തു പ്രശ്‌നം രമ്യതയില്‍ അവസാനിപ്പിക്കുക ആയിരുന്നു. റിപ്പോര്‍ട്ടര്‍ സംഘത്തിന്റെ ചോദ്യങ്ങളോട് മിത്തല്‍ ഗ്രൂപ്പ്-ഉം കര്‍ബൈഡുമായി വ്യാപാരം നടത്തിയിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രതികരിച്ചില്ല.

ഡോയുടെ ഏറ്റെടുക്കല്‍
2001 ഫെബ്രുവരിയില്‍ യൂണിയന്‍ കര്‍ബൈഡ് കമ്പനി ഡോ വാങ്ങി. ഉടന്‍ തന്നെ അവരുടെ പൂര്‍ണ ഉടമസ്ഥയില്‍ ഉള്ള കമ്പനി വിചാരണ നേരിടാനോ ഇരകള്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം നല്‍കാനോ തയ്യാറാവാത്ത വിഷയത്തില്‍ പ്രതികരിക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. എന്നാല്‍ കര്‍ബൈഡ്‌ന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ അവര്‍ വിസമ്മതിച്ചു. ഭോപ്പാല്‍ പ്ലാന്റ് അവരുടെ ഉടമസ്ഥതയില്‍ ഉള്ളത് ആയിരുന്നില്ല എന്നും അത് പൂര്‍ണമായും മറ്റൊരു സ്ഥാപനം ആണെന്നും ആയിരുന്നു വാദം.

എന്നിരുന്നാലും അവരുടെ തന്നെ ഇടനില കമ്പനികള്‍ ഉപയോഗിച്ച് കര്‍ബൈഡ്-ന്റെ ഉത്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നത് ഡോ തുടര്‍ന്നു. അതേ സമയം കര്‍ബൈഡുമായുള്ള ബന്ധം മൂടിവയ്ക്കുന്നതില്‍ അവര്‍ ശ്രദ്ധാലുക്കളും ആയിരുന്നു. 2001 മാര്‍ച്ചില്‍ കമ്പനിയുടെ പബ്ലിക് അഫയേര്‍സ് ഡയറക്ടര്‍ എഴുതിയ കത്തില്‍ ‘റിപോര്‍ട്ടര്‍മാര്‍ യൂണിയന്‍ കര്‍ബൈഡ് നെ കുറിച്ച് സംസാരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കും. പക്ഷേ പഴയ എന്തെങ്കിലും കാര്യത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ അല്ലാതെ യൂണിയന്‍ കര്‍ബൈഡ് എന്ന വാക്ക് ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തണം.

ഡോയുടെ പബ്ലിക് അഫയേഴ്സ് ഡയറക്ടര്‍ കാതെറിന്‍ മാക്‌സെ മാര്‍ച്ച് 2001 ല്‍ മറ്റുദ്യോഗസ്ഥര്‍ക്കയച്ച മെയിലില്‍ ‘യൂണിയന്‍ കാര്‍ബൈഡ് എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍മാരെ നമ്മള്‍ നിരുത്സാഹപ്പെടുത്തണം’ എന്ന് പറയുന്നു.

ഭൂരിഭാഗം വരുന്ന കാര്‍ബൈഡ് ഉല്പന്നങ്ങള്‍ക്കും തങ്ങള്‍ തുടര്‍ന്ന് വിതരണക്കാരണക്കാരാവുകയില്ല എന്ന് 2002 ജനുവരിയില്‍ ഡോ ഇന്ത്യ മെഗാവിസയെ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഉപഭോക്താവായ ബെര്‍ജര്‍ പെയ്ന്റ്സിന്റെ ഇതിനോടകം വന്ന ഒരുഫീഡ്ബാക്കില്‍ മെഗാ വിസ ഉദ്യോഗസ്ഥരെ ‘പ്രതിബദ്ധതയില്ലാത്തവര്‍’ എന്നു പരാമര്‍ശിച്ചത് അത്ര ശുഭസൂചകമായിരുന്നില്ലെന്നും രേഖകള്‍ കാണിക്കുന്നു. ‘മുഖ്യ ഉപഭോക്താക്കളെ ഡോ നേരിട്ട് കൈകാര്യം ചെയ്യണം’ എന്ന് ഡോയുടെ ഇന്ത്യയിലെ മേലധികാരികള്‍ കമ്പനിയുടെ ഉള്ളില്‍ ശുപാര്‍ശ ചെയ്തിരുന്നു.

മെഗാവിസയുടെ കല്‍ക്കട്ട ശാഖാ പ്രവര്‍ത്തനങ്ങളെ കുറിച്ച് 2001 ല്‍ ഡോ ഇന്ത്യയിലെ പ്രമോദ് ദിയോ മറ്റൊരു ഡോ ഉദ്യോഗസ്ഥനയച്ച റിപ്പോര്‍ട്ട്.

ഡോ ആണ് തങ്ങളുടെ നഷ്ടങ്ങള്‍ക്ക് കാരണമെന്നായിരുന്നു മെഗാവിസയുടെ നിലപാട്. ഒരു വര്‍ഷത്തിന് ശേഷം ഹൂസ്റ്റണിലെയും സിംഗപ്പൂരിലെയും മെഗാവിസാ കമ്പനികള്‍ ഡോയ്ക്കും യൂണിയന്‍ കാര്‍ബൈഡിനുമെതിരെ അമേരിക്കയിലെ കണക്ടിക്കറ്റ് ജില്ലാ കോടതിയില്‍ വിശ്വാസവഞ്ചനയുടെ പേരില്‍ കേസ് ഫയല്‍ ചെയ്തു. കരാറിലെ ചുമതലകളില്‍ നിന്ന് ഡോ പിറകോട്ടു പോയതായും ലാഭം തടസ്സപ്പെടുത്തിയതായും വിസയുടെ കമ്പനികള്‍ ആരോപിച്ചു. കോടതിക്കു പുറത്തു വെച്ച് കേസ് ഒത്തു തീര്‍ക്കുകയായിരുന്നു മിത്തലിന്റെ ഉടമസ്ഥതയില്‍ ഹൂസ്റ്റണിലും സിംഗപ്പൂരിലും ഇന്ത്യയിലുമുള്ളതുള്‍പ്പടെയുള്ള കമ്പനികളുമായി, ഡോ ഒടുവില്‍ സമവായത്തിലെത്തി. ഒത്തുതീര്‍പ്പിന്റെ വിശദംശങ്ങള്‍ അറിയില്ല. 2000 ത്തിന്റെ അന്ത്യത്തോടെ കാര്‍ബൈഡിന്റെ ഇന്ത്യന്‍ ഫ്രെണ്ട് കമ്പനി ആയിരുന്ന മെഗാ വിസ പ്രവര്‍ത്തങ്ങള്‍ അവസാനിപ്പിച്ചു. നഷ്ടം നേരിട്ട കമ്പനി എന്നാണ് അവരുടെ സാമ്പത്തിക രേഖകള്‍ പറയുന്നത്. നഷ്ടങ്ങള്‍ നേരിടുന്ന ഒരു കമ്പനിയുടേത് ആയി അത് മാറിയിരുന്നു.

 2008- 2009 / 2007 2008 സാമ്പത്തിക വര്‍ഷങ്ങളിലെ മെഗാവിസാ മാര്‍ക്കറ്റിങ് ആന്‍ഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ധനകാര്യ രേഖകള്‍.

(ശ്രീഗിരീഷ് ജലിഹലും, കുമാര്‍ സംഭവും റിപ്പോര്‍ട്ടേഴ്സ് കളക്ട്ടീവ് അംഗങ്ങളാണ്. അല്‍ ജസീറ ഇംഗ്ലീഷിലാണ് ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്)

 

 

 

×