UPDATES

മണിപ്പൂര്‍ കലാപത്തിന് ഒരാണ്ട്

ഒരു വർഷം തികയുന്ന മണിപ്പൂർ സംഘർഷം

                       

ലോകം ആഘോഷ തിമിർപ്പിലായിരുന്നൊരു ക്രിസ്‌മസ്‌ തലേന്ന് ഇന്ത്യയിലെ ഒരു വടക്കുകിഴക്കൻ സംസ്ഥാനം അശാന്തിയിൽ പുകയുകയായിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ സമുദായമായ കുക്കി-സോയിൽ നിന്നുള്ള 19കാരൻ ചോൻമിൻലാൽ കിപ്ജെനും 26കാരൻ പൗലാൽ കിപ്ജെനും തങ്ങളുടെ ഒറ്റക്കുഴൽ റൈഫിൾ മുറുകെ പിടിച്ച് കാംഗ്പോക്പി ജില്ലയിലെ കുന്നുകളിൽ എതിരാളികളായ മെയ്ത്തെയ് വിഭാഗക്കാരെയും നിരീക്ഷിച്ച് അന്ന് രാത്രി അതിനുള്ളിൽ പതുങ്ങിയിരിപ്പുണ്ടായിരുന്നു. തങ്ങളുടെ വീടുകൾ സംരക്ഷിക്കാനായി ആയുധമെടുത്ത ഗ്രാമീണ വൊളന്റിയർമാരാണ് തങ്ങളെന്നാണ് അവർ അവകാശപ്പെട്ടിരുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളും എന്റെ സഹോദരി സഹോദരന്മാരാണെന്ന് ചൊല്ലി പഠിപ്പിച്ച ഇന്ത്യയ്ക്ക് ലോകത്തിന് മുമ്പിൽ തലകുനിക്കേണ്ടി വന്ന മണിപ്പൂർ കലാപത്തിന് ഒരു വർഷം തികയുകയാണ്.

കലാപത്തിൽ ഇതുവരെ 219 പേർ കൊല്ലപ്പെടുകയും 1100 പേർക്ക് പരിക്കേൽക്കുകയും 60,000 പേർ പലായനം ചെയ്യുകയും ചെയ്തു. രണ്ട് സമുദായങ്ങളിൽ നിന്നും പുരുഷന്മാരെയും ആൺകുട്ടികളെയും റിക്രൂട്ട് ചെയ്തുകൊണ്ട് കലാപം സായുധസംഘങ്ങളുടെ ഒരു പുതിയ നിരയെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വർഗീയ കലാപങ്ങളെയും മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെയും പോലെ മതധ്രുവീകരണം പ്രതിഫലിക്കുന്ന ഹിന്ദു മെയ്ത്തേയ്, ക്രിസ്ത്യൻ കുക്കി-സോ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായാണ് ഈ സംഘർഷവും പലപ്പോഴും നിസാരവൽക്കരിക്കപ്പെടുന്നത്. കുക്കി-സോ സമുദായം ഏതാണ്ട് പൂർണമായും ക്രിസ്തുമത വിശ്വാസികളാണെങ്കിലും മെയ്ത്തേയ് വിഭാഗക്കാർ ഹിന്ദുമതത്തിന്റെ സമന്വയരൂപവും തങ്ങളുടെ തദ്ദേശിയ വിശ്വാസ സമ്പ്രദായമായ സനാമഹിസവുമാണ് പിന്തുടരുന്നത്. മെയ്ത്തേയിലെ ചെറിയൊരു വിഭാഗം ക്രിസ്തുമതവും ഇസ്ലാം മതവും പിന്തുടരുന്നുണ്ട്.

കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനത പാർട്ടി(ബിജെപി) അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ എൻ. ബൈരേൺ സിംഗിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും രാഷ്ട്രീയ സ്വേച്ഛാധിപത്യ മനോഭാവവും അതിമോഹവുമാണ് കലാപത്തിന് കാരണമായി റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് കണ്ടെത്തിയിരുന്നു. കുക്കി-സോ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങൾ എതിർത്തിട്ടും പട്ടിക വർഗ പദവി വേണമെന്ന മെയ്ത്തേയ് വിഭാഗത്തിന്റെ ആവശ്യമാണ് കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം. മുഖ്യമന്ത്രിയുടെ നയങ്ങൾ സമുദായങ്ങൾ തമ്മിൽ സ്പർദ്ദ വളർത്താൻ കാരണമായെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി എൻ. ബൈരേൺ സിംഗിന്റെ ‘മയക്കുമരുന്നുകൾക്കെതിരായ യുദ്ധം’, ‘സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളോടുള്ള ആശങ്ക’ തുടങ്ങിയ കടുത്ത മനോഭാവങ്ങൾ കലാപം ആളിപ്പടരാൻ കാരണമായതായും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന സേനകളുടെ മൗന പിന്തുണ, ക്രമസമാധാന സംവിധാനത്തിന്റെ തകർച്ച എന്നിവയും ഇപ്പോഴും തുടരുന്ന കലാപത്തിന് ശക്തിപകർന്നതായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ പവർപോയിന്റ് പ്രസന്റേഷൻ രൂപത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മെയ്ത്തേയ് വിഭാഗത്തിനിടയിലുണ്ടായ പുതിയ ചിന്തകളാണ് സംഘട്ടനത്തിന്റെ മറ്റൊരു കാരണമായി പ്രസന്റേഷൻ ചൂണ്ടിക്കാട്ടുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ഹിന്ദുമതം ആവിർഭവിക്കുന്നതിനും പിന്നീട് 1949ൽ മണിപ്പൂർ ഇന്ത്യയുടെ ഭാഗമാകുന്നതിനും മുമ്പുള്ള സ്വത്വത്തിലേക്ക് തിരിച്ച് പോകാനുള്ള മെയ്ത്തേയ് വിഭാഗത്തിന്റെ ചരിത്രബോധമാണ് പുതിയ ചിന്തകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 1930കളെ സനാമഹി പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിലേക്ക് ഈ ചെറുത്തുനിൽപ്പ് വളരുകയും സായുധ പ്രസ്ഥാനത്തിന് അത് ഇന്ധനമാകുകയും ചെയ്തു. പുതിയ കാലഘട്ടത്തിലെ രണ്ട് മെയ്ത്തേയ് സംഘടനകളായ ലീപുൻ, അറംബായ് ടെങ്കോൾ എന്നിവ സംഘർഷത്തിന് കരുത്ത് പകർന്നവയായും പ്രസന്റേഷനിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആരംഭം

നിലവിലെ കലാപത്തിന്റെ തീയായ ബൈറേണിന്റെ രാഷ്ട്രീയ സ്വേച്ഛാധിപത്യവും പോപ്പി കൃഷിക്കും അനധികൃത കുടിയേറ്റത്തിനുമെതിരായ കടുത്ത നിലപാടുകളും കുക്കിലാൻഡ്, മെയ്ത്തെയ് പുനുരുദ്ധാരണം എന്നീ ആവശ്യങ്ങളും ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്നവയാണ്.എന്നാൽ ഏപ്രിലിൽ വീണ തീപ്പൊരി ഇതിനെ ആളിക്കത്തിച്ചു. അസം റൈഫിൾസിന്റെ പ്രസന്റേഷനിൽ വിവരിക്കുന്ന ആരംഭഘട്ടം ഈ കാലഘട്ടമാണ്. ആ മാസത്തിന്റെ തുടക്കത്തിൽ മെയ്ത്തെയ് വിഭാഗത്തെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്താനുള്ള ഹർജികൾ പരിഗണിക്കാൻ മണിപ്പൂർ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ ഏറ്റവും വലിയ ഗോത്ര സംഘടനയായ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയന്റെ ആഹ്വാനത്തിൽ പട്ടികവർഗ്ഗക്കാർക്ക് സ്വാധീനമുള്ള മലയോര ജില്ലകളായ സേനാപതി, ഉഖ്രുൾ, കാംഗ്പോക്പി, തമെങ്ലോങ്, ചുരാചന്ദ്പുർ, ചന്ദൽ, തെങ്നൗപെൽ എന്നിവിടങ്ങളിൽ മെയ് 3ന് ഐക്യദാർഢ്യ റാലി നടന്നു. ചുരാചന്ദ്പുരിൽ റാലി അവസാനിച്ചപ്പോൾ 1917-19 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരായ കുക്കി പോരാട്ടത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ആംഗ്ലോ-കുക്കി സെന്റിനറി ഗേറ്റിന് മുന്നിൽ ടയർ കത്തിച്ചതായി വാർത്ത പരന്നു.

തുടർന്ന് ഒരു സംഘം യുവാക്കൾ ആയുധങ്ങളുമായി ഗെയ്റ്റിന് മുന്നിലെത്തിയതായും തീവ്രവാദികൾ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുന്നതായും വാർത്തകൾ പരന്നതായി ഔട്ട്ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. ഏതാനും മണിക്കൂറുകൾക്കകം കുക്കി വിഭാഗക്കാർ മെയ്ത്തെയ് വിഭാഗക്കാരുടെ വീടുകൾ ആക്രമിച്ചതായി വാർത്തകൾ പരന്നു. മെയ് മൂന്നിന് ആരംഭിച്ച കലാപം തീവ്രസ്വഭാവമുള്ളതും തെരഞ്ഞെടുത്ത ഇരകൾക്കെതിരായതും തീവ്രവാദികൾ നയിച്ചതുമാണെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥരുടെ പ്രസന്റേഷനിൽ പറയുന്നു. അസം റൈഫിൾസിന്റെ കണക്കുകളിൽ മെയ് മൂന്നിനും മെയ് 23നും ഇടയക്ക് 79 കുക്കി-സോ വിഭാഗക്കാരും 18 മെയ്ത്തെയ് വിഭാഗക്കാരും കൊല്ലപ്പെട്ടു. ഈ കാലഘട്ടത്തിൽ അക്രമങ്ങളുടെ ഒരു പരമ്പര തന്നെ നടക്കുകയും ആയുധങ്ങൾക്കായി പോലീസ് സ്റ്റേഷനുകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. 5,668 ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടുവെന്നാണ് അസം റൈഫിൾസ് വിലയിരുത്തുന്നത്.

കേസുകൾ 

നശിപ്പിക്കൽ കേസുകളും പലായനങ്ങളും 5,579 2,252 7,831
കൊലപാകങ്ങൾ/ അക്രമങ്ങൾ/ദേഹോപദ്രവം/
കാണാതാകലുകൾ 128 61 189
കൂട്ടത്തോടെയുള്ള ആയുധക്കൊള്ള 71 8 79

രണ്ടാം ഘട്ടം

മെയ് അവസാനത്തോടെ കലാപത്തിന്റെ സ്വഭാവം മാറിയെന്നാണ് അസം റൈഫിൾസിന്റെ പ്രസന്റേഷനിൽ പറയുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരിൽ നാല് ദിവസത്തെ സന്ദർശനം നടത്തിയ സമയമാണ് ഇത്. അപ്പോഴേക്കും ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ എല്ലാ പോലീസ്, സുരക്ഷാ പ്രവർത്തനങ്ങളുടെയും ചുമതല നൽകി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചു. സംസ്ഥാനത്തെ പോലീസിനെയും ഫെഡറൽ അർദ്ധസൈനിക വിഭാഗത്തെയും സൈന്യത്തെയും ഈ ഉദ്യോഗസ്ഥന് കീഴിലാക്കി.

ഭരണഘടനാ സംവിധാനം പരാജയപ്പെട്ടുവെന്ന് വന്നാൽ ഫെഡറൽ സർക്കാരിന് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനും സംസ്ഥാനത്തെ പ്രവർത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കും. ബാഹ്യആക്രമണങ്ങളിൽ നിന്നും ആഭ്യന്തര കലാപങ്ങളിൽ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കാൻ ഫെഡറൽ സർക്കാരിനോട് ഭരണഘടന ആവശ്യപ്പെടുന്നു. എന്നാൽ ഇവിടെ ഫെഡറൽ സർക്കാർ സംസ്ഥാന സർക്കാരിൽ വിശ്വാസം അർപ്പിക്കുകയും ഈ ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്തു.

വംശീയകലാപത്തിന് കാരണക്കാരനായി ബൈറേൺ സിംഗിനെ കുറ്റപ്പെടുത്തുകയും ബി.ജെ.പിയിലെ കുക്കി നേതാക്കൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ നിന്നോ പാർട്ടിയിൽ നിന്നോ രാജിവച്ചിട്ടില്ല. സമുദായത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിക്കാൻ ഇക്കാലത്തിനിടെ നിരവധി കുക്കി-സോ പൗരസംഘങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കലാപത്തിന്റെ തുടക്കം മുതൽ ഈ സംഘങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് മണിപ്പൂരിൽ നിന്നും വേർപ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കുകയെന്നതാണ്. നിയമസഭയിലെ പത്ത് കുക്കി-സോ അംഗങ്ങളാണ് ഈ ആവശ്യം ആദ്യം മുന്നോട്ട് വച്ചത്. അവരിൽ ഏഴ് പേർ ബി.ജെ.പിയിൽ നിന്നുള്ളവരാണ്.

English summary; One year  of ethinic conflict amoung Meitei, Kuki groups in manipur

Share on

മറ്റുവാര്‍ത്തകള്‍