UPDATES

രണ്ടായിരം രൂപയില്‍ നിന്നും രണ്ടു ലക്ഷം കോടിയോളം വളര്‍ന്ന സഹാറ, സുബ്രത റോയ് എന്ന സാമ്രാട്ട് ഒടുവില്‍ വീണു പോയത് ഒരു മലയാളിക്കു മുന്നിലായിരുന്നു

എബ്രഹാം മുംബൈ സെബിയില്‍ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും ആരെയും കൂസാത്ത റോയുടെ ജീവിതം ദുഷ്‌ക്കരമായതും

                       

സഹാറ ഇന്ത്യ പരിവാറിന്റെ ചീഫ് ഗാര്‍ഡിയന്‍ സുബ്രത റോയ് സംഭവബഹുലമായൊരു അധ്യായമായിരുന്നു. 2023 നവംബര്‍ 14 ചൊവ്വാഴ്ച്ച രാത്രി 10.30-ന്, 75-മത്തെ വയസില്‍ ആ ജീവിതം ഒരു ഹൃദയാഘാതത്തില്‍ അവസാനിച്ചിരിക്കുന്നു. രാഷ്ട്രീയ ബന്ധങ്ങളാലും, വിവാദ സംരംഭങ്ങളാലും റോയ് എപ്പോഴും ‘വാര്‍ത്തകളായിരുന്നു’.

2000 രൂപ മുതല്‍ മുടക്കില്‍ 1978-ല്‍ തികച്ചും ലളിതമായിട്ടായിരുന്നു റോയ് തന്റെ ബിസിനിസ് സാമ്രാജ്യത്തിന് തറക്കല്ലിടുന്നത്. അവിടെ നിന്നത് എത്രത്തോളം വളര്‍ന്നുവെന്നത് സഹാറ ഗ്രൂപ്പിന്റെ വെബ്‌സൈറ്റിലെ കണക്കില്‍ പറയുന്നുണ്ടായിരുന്നു. ഒമ്പത് കോടി നിക്ഷേപകരും ഉപഭോക്തക്കളും, 259,900 കോടി അറ്റാദായം, അയ്യായിരം സംരഭങ്ങള്‍, 30,970 ഏക്കര്‍ ഭൂമി.


ഭയം തോന്നുന്നില്ല, സത്യം ജനങ്ങളിലെത്തിക്കുകയാണ്-രവി നായര്‍


എങ്ങനെയായിരുന്നു റോയ് തന്റെ സാമ്രാജ്യം വളര്‍ത്തിയത്. അതേ ഒരേസമയം കൗതുകകരവും ബുദ്ധിപരവുമായിരുന്നു. ഇന്ത്യയുടെ ചില യാഥാര്‍ത്ഥ്യങ്ങളായിരുന്നു റോയ് മുതലെടുത്തത്. രാജ്യത്തെ ലക്ഷണക്കണക്കിന് ദരിദ്രനാരായണന്മാര്‍ക്കും ഗ്രാമീണ ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സൗകര്യം ഔപചാരികമായി ലഭിച്ചിരുന്നില്ല, കിട്ടിയിരുന്നുവെങ്കില്‍ അത് പരിമിതവുമായിരുന്നു. അവിടെയാണ് സഹാറ ഗ്രൂപ്പ് അവസരം മുതലാക്കിയത്. എന്നാല്‍, ആ മധുരം പിന്നീട് കയ്പ്പായും മാറി. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്ന സെബി സുബ്രത റോയിയെ പിടികൂടുന്നത് നിയമവിരുദ്ധമായ നിക്ഷേപങ്ങളുടെ പേരിലായിരുന്നു. മൂന്നു വ്യക്തികളില്‍ നിന്നും 24,000 കോടി രൂപ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

ഒരു കാലത്ത് റോയിയുടെ സഹാറ ഗ്രൂപ്പിന് എല്ലാമുണ്ടായിരുന്നു. എയര്‍ സഹാറ എന്ന പേരില്‍ എയര്‍ലൈന്‍ കമ്പനി(ഇത് പിന്നീട് ജെറ്റ് എയര്‍വെയ്‌സിന് വിറ്റു), ഫോര്‍മുല വണ്‍ ടീം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) ടീം, ലണ്ടനിലും ന്യൂയോര്‍ക്കിലും ആഢംബര ഹോട്ടല്‍ ശൃംഖലകള്‍, സാമ്പത്തികകാര്യ സ്ഥാപനങ്ങള്‍…അങ്ങനെ പലതും.

 

റേയിയുടെ ഓരോ വിരുന്നുകളിലും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തക്കളായി സിനിമാക്കാരും രാഷ്ട്രീയ നേതാക്കളും സജീവമായി പങ്കെടുത്തു. അക്കാലത്ത് റോയിയുടെ ഏറ്റവും അടുത്ത സുഹൃത്തായി അറിയപ്പെട്ടിരുന്നത് മുലായം സിംഗ് യാദവായിരുന്നു. മുലായത്തിന്റെ സമാജ്‌വാദി പാര്‍ട്ടി റോയിയുടെ വിശ്വസ്ത കേന്ദ്രങ്ങളില്‍ പ്രഥമമായതായിരുന്നു. 1993-ല്‍ മുലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കസേരയില്‍ വീണ്ടും ഇരിപ്പ് ഉറപ്പിച്ചപ്പോള്‍, റോയി-സിംഗ് ബന്ധത്തിന് ആഴം കൂടി. മുലായത്തിന്റെ വലം കൈയായിരുന്ന അമര്‍ സിംഗും റോയിക്ക് വളരെ വേണ്ടപ്പെട്ടയാളായിരുന്നു.

സുബ്രത റോയ് എന്ന ഇന്ത്യന്‍ വ്യവസായ ചക്രവര്‍ത്തിയുടെ വളര്‍ച്ച പോലെ തന്നെ വീഴ്ച്ചയും തിടുക്കത്തിലായിരുന്നു. പതിനായിരം കോടിയുടെ കുടിശ്ശിക തീര്‍ക്കാത്തതിന്റെ പേരില്‍ 2014 മാര്‍ച്ച് നാലിനാണ് റോയിയെ കോടതി തടവ് ശിക്ഷയ്ക്ക് വിധിക്കുന്നത്. അയ്യായിരം കോടി രൊക്കം പണമായും അയ്യായിരം കോടി ബാങ്ക് ഗ്യാരണ്ടിയായും അടയ്ക്കാത്തിടത്തോളം ജയില്‍ മോചിതനാക്കരുതെന്നായിരുന്നു കോടതി ഉത്തരവ്. കേള്‍ക്കുമ്പോള്‍ ആശ്ചര്യജനകമായൊരു സംഭവമായിരുന്നു 2013-ല്‍ നടന്നത്. മൂന്നു കോടി അപേക്ഷ ഫോമുകളും, രണ്ട് കോടി റിഡംപ്ഷന്‍ വൗച്ചറുകളും അടങ്ങുന്ന 31,669 കാര്‍ട്ടണ്‍സ് ബോക്‌സുകള്‍ 127 ട്രക്കുകളിലാക്കി സഹാറ ഗ്രൂപ്പ് സെബിയുടെ ഓഫിസില്‍ എത്തിച്ചതായിരുന്നു ആ സംഭവം.

2014 ലാണ് റോയ് പരോളില്‍ പുറത്തിറങ്ങുന്നത്. അതിനു മുമ്പുള്ള രണ്ടു വര്‍ഷക്കാലം ജയിലിനകത്തായിരുന്നു അദ്ദേഹം. പുറത്തിങ്ങിയെങ്കിലും അധികം വൈകാതെ സുപ്രിം കോടതി റോയിയെ ജയിലിലേക്ക് തന്നെ തിരിച്ചയച്ചു. സഹാറ ലേലത്തിന് വച്ച ആസ്തികളില്‍ ഭൂരിഭാഗവും ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞത്. സെബി സുപ്രിം കോടതിയെ സമീപിച്ചു. 62,600 കോടി അടയ്ക്കാത്ത പക്ഷം റോയിയുടെ പരോള്‍ റദ്ദ് ചെയ്യണമെന്നായിരുന്നു സെബിയുടെ ആവശ്യം. സഹാറയുടെ രണ്ട് കമ്പനികള്‍ക്കു മേല്‍ ഓപ്ഷണല്‍ ഫുള്ളി കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറസ്(ഒഎഫ്‌സിഡി) ചുമത്തിയതുമായി ബന്ധപ്പെട്ട് റോയ് സെബിയുമായി പോരാട്ടം നടത്തിയെങ്കിലും വിജയിക്കാനായില്ല. നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച പണം മടക്കി നല്‍കാനും, സഹാറ കമ്പനികളോ റോയിയോ ഇനിമേല്‍ പൊതു ഇടത്തില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ ചെയ്യരുതെന്നും സെബി 2010-ല്‍ ഉത്തരവിടുകയും ചെയ്തു.

2014-ലെ റിപ്പോര്‍ട്ട് പ്രകാരം 4,600 നിക്ഷേപകര്‍ മാത്രമാണ് നിക്ഷേപം തിരിച്ചുവാങ്ങിക്കാനെത്തിയത്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ സെബിക്കുമായില്ല.

സുബ്രത റോയിയെയും സഹാറ ഗ്രൂപ്പിനെയും തട്ടിപ്പിന്റെ പേരില്‍ പിടികൂടുന്നത് ഒരു മലയാളിയായിരുന്നു!

കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒ-യുമായ കെ എം എബ്രഹാം ഐഎഎസ് എന്ന കണ്ടത്തില്‍ മാത്യു എബ്രഹാം.

എബ്രഹാം മുംബൈ സെബിയില്‍ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും ആരെയും കൂസാത്ത റോയുടെ ജീവിതം ദുഷ്‌ക്കരമായതും. രണ്ടു സഹാറ ഗ്രൂപ് കമ്പനിക്കെതിരെ എബ്രഹാം കൊണ്ടുവന്ന തെളിവുകള്‍ സെക്യൂരിറ്റീസ് അപ്പലേറ്റ്റ്റ് ട്രിബ്യൂണലിനോ സുപ്രീം കോടതിക്കോ തള്ളിക്കളയാന്‍ സാധിക്കാത്ത വിധം ശക്തമായിരുന്നു.

2011 ജൂണ്‍ 23നു സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും (SIREC) സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും (SHIC) എതിരെ എബ്രഹാം പുറപ്പെടുവിച്ച ഉത്തരവാണ് സുബ്രതോ റോയിയുടെ പതനത്തിലേക്ക് നയിച്ചത്. വളരെ യാദൃശ്ചികമായാണ് എബ്രഹാം ഈ രണ്ടു കമ്പനികളുടെയും സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടത്തിയത്. ഒരു ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയര്‍ത്താന്‍ വേണ്ടി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സഹാറ പ്രൈം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചപ്പോഴാണ് ഈ തെളിവുകള്‍ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ ‘പൂര്‍ണമായും മാറ്റാവുന്ന കടപ്പത്രങ്ങള്‍’ വഴി പൊതു ജനങ്ങളില്‍ നിന്നു വന്‍തോതില്‍ല്‍ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവന്‍ വിശദാംശങ്ങളും അവര്‍ ഈ അപേക്ഷയില്‍ വെളിപ്പെടുത്തിയിരുന്നു.


കോമ്രേഡ് എന്‍.എസ്; ഭഗത് സിംഗിന്റെ രക്തസാക്ഷിത്വത്തില്‍ നിന്നും ഉരുവം കെണ്ട വിപ്ലവ ജ്വാല


സഹാറ കേസില്‍ അവസാനമായി നല്‍കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴില്‍ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമായിരുന്നു. കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവര്‍ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകര്‍ത്തു.

 

സഹാറയുടെ പണം അനധികൃത പണമാണെന്ന് എബ്രഹാം സംശയിക്കുകയും ഒരു പരിധി വരെ തെളിയിക്കുകയും ചെയ്തു. ബിനാമി പണമിടപാടുകള്‍ സഹാറ നിഷേധിക്കുകയായിരുന്നുവെങ്കിലും അന്നത്തെ സുപ്രിം കോടതി ബെഞ്ചിലെ രണ്ടു ജഡ്ജിമാരില്‍ ഒരാളായിരുന്ന ജെ എസ് ഖേഹര്‍ പറഞ്ഞത്, ”നിയന്ത്രണങ്ങള്‍ക്കപ്പുറം ഈ നടപടികളെല്ലാം സംശയാസ്പദവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് രേഖപ്പെടുത്താന്‍ ആരും നിര്‍ബന്ധിതരാകും. തീര്‍ച്ചയായും ഈ രണ്ടു കമ്പനികള്‍ ചെയ്ത രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ ഒരിയ്ക്കലും ലാഘവത്തോടെ ചെയ്യേണ്ടുന്ന ഒന്നല്ല.” എന്നായിരുന്നു.

സഹാറയെ പിടികൂടിയതിന്റെ പേരില്‍ കെ എം എബ്രഹാമിന് പലതും നേരിടേണ്ടി വന്നിരുന്നു. അതേക്കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇവിടെ വായിക്കാം; കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത് എന്തിന്?

 

Share on

മറ്റുവാര്‍ത്തകള്‍