April 26, 2025 |
Share on

‘ഭീരുവായ ഏകാധിപതി ഒരു ചത്ത ജനാധിപത്യത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്’

കെജ്‌രിവാളിനൊപ്പം ‘ ഇന്ത്യ’

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരേ രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. ആം ആദ്മി പാര്‍ട്ടിക്കു പുറമെ, ഇന്ത്യ സഖ്യത്തിലെ കക്ഷികളെല്ലാം ബിജെപിയുടെ ‘ പക പോക്കാല്‍’ രാഷ്ട്രീയത്തിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. നിര്‍ജീവമായ ജനാധിപത്യത്തെ സൃഷ്ടിക്കാനുള്ള ഭീരുവായ ഏകാധിപതിയുടെ ശ്രമമാണ് ഈ അറസ്റ്റ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്.

മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കുന്നു, പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, കമ്പനികളില്‍ നിന്ന് പണം തട്ടുന്നു, മുഖ്യപ്രതിപക്ഷത്തിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നു, ഇതൊന്നും പോരാതെ ‘പൈശാചിക ശക്തി’ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നത് പതിവാക്കിയിരിക്കുന്നു. ‘ ഇന്ത്യ’ ഇതിന് തക്കതായ മറുപടി നല്‍കിയിരിക്കും’; രാഹുല്‍ ഗാന്ധി പറയുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കെജ്‌രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിച്ചു. ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടൊരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതെന്നാണ് യെച്ചൂരി ചൂണ്ടിക്കാട്ടിയത്. വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളയുമെന്ന ഭയത്തിലാണ് മോദിയും ബിജെപിയുമെന്നും യെച്ചൂരി പറഞ്ഞു. ‘കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന എല്ലാ പ്രതിപക്ഷ നേതാക്കളും സംരക്ഷിക്കപ്പെടുന്നു. അവരൊക്കെ ‘സത്യ ഹരിശ്ചന്ദ്രര്‍’! ഈ അറസ്റ്റുകള്‍ ബിജെപിയെ പരാജയപ്പെടുത്താനും ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയെയും സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ ആഗ്രഹം ഊട്ടിയുറപ്പിക്കുകയേ ഉള്ളൂ’ യെച്ചൂരിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഒരു ദശാബ്ദക്കാലത്തെ പരാജയങ്ങളെയും വരുന്ന തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന പരാജയത്തെയും കുറിച്ചോര്‍ത്ത് ബിജെപി ഭയന്നിരിക്കുകയാണെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെയും ഇപ്പോല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്തതിലൂടെ ഫാസിസ്റ്റ് ബിജെപി സര്‍ക്കാര്‍ നിന്ദ്യമായ ആഴത്തിലേക്ക് കൂപ്പുകുത്തിയെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷ നേതാക്കളെയും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെയും ഇത്തരത്തില്‍ അറസ്റ്റ് ചെയ്താല്‍ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചോദിക്കുന്നത്. ‘ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചിരിക്കുന്നു, ആ സമയത്താണ്, രാഷ്ട്രീയ പാര്‍ട്ടികളുടെ തലവന്മാര്‍, മുഖ്യമന്ത്രിമാര്‍, നേതാക്കള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, പ്രവര്‍ത്തകര്‍ തുടങ്ങി ഓരോ എതിരാളികളെയും പീഢിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. എന്തായിരിക്കും നമ്മുടെ മഹനീയമായ ജനാധിപത്യത്തിന്റെ ഭാവി? തൃണമൂല്‍ നേതാവും പാര്‍ട്ടിയുടെ രാജ്യസഭ കക്ഷി നേതാവുമായ ഡെറിക് ഒബ്രിയാന്‍ ചോദിക്കുന്നു. ‘സിറ്റിംഗ് മുഖ്യമന്ത്രിമാരെയും പ്രമുഖ പ്രതിപക്ഷ നേതാക്കളെയും തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്താല്‍ ഇന്ത്യയില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും? സുപ്രിം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തില്‍ ന്യായമായ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഭാവിയില്‍ ബിജെപിയുടെ അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തിനെതിരേ ജനങ്ങള്‍ക്കൊപ്പം ആര് നില്‍ക്കും?’; ഒബ്രിയാന്റെ വാക്കുകള്‍.

‘ അധികാരത്തിന് വേണ്ടി ബിജെപി എന്തൊക്കെ ചെയ്യുമെന്നതിന് തെളിവാണ് കെജ്‌രിവാളിന്റെ അറസ്റ്റ് എന്നാണ് എന്‍സിപി നേതാവ് ശരദ് പവാര്‍ വിമര്‍ശിച്ചത്. കെജ്‌രിവാളിനെതിരായ ഭരണഘടനവിരുദ്ധമായ നടപടിക്കെതിരേ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പോരാടുമെന്നും പവാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച്ച രാത്രിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി കെജ്‌രിവാളിന് ഒമ്പത് തവണ നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസുകളെല്ലാം അദ്ദേഹം നിരാകരിക്കുകയായിരുന്നു. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ആം ആദ്മി നേതാക്കള്‍ തന്നെ ഇതുസംബന്ധിച്ച് സൂചനകള്‍ പറഞ്ഞിരുന്നു. കേസിലെ നിര്‍ബന്ധിത നടപടികളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടതോടെ അറസ്റ്റ് ഉണ്ടാകുമെന്നത് തീര്‍ച്ചയായി. വ്യാഴാഴ്ച്ച രാത്രി സിവില്‍ ലൈനിലുള്ള ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ 12 അംഗ ഇഡി സംഘമാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അതേസമയം, അറസ്റ്റ് ചെയ്തിന്റെ പേരില്‍ കെജ്‌രിവാള്‍ രാജിവയ്ക്കില്ലെന്നും, മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ജയിലില്‍ കിടന്നായാലും അദ്ദേഹം തന്നെ സര്‍ക്കാരിനെ നയിക്കുമെന്നുമാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്.

രണ്ട് മാസത്തിനിടയില്‍ ഇത് രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്. ജനുവരി 31 നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെയും ഇഡി അറസ്റ്റ് ചെയ്യുന്നത്. പ്രതിപക്ഷ നിരയിലുള്ള രണ്ട് സിറ്റിംഗ് മുഖ്യമന്ത്രിമാരെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നത് ഇന്ത്യയില്‍ മുന്‍മാതൃകകളില്ലാത്ത സംഭവമാണ്. ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് കെജ്‌രിവാളിന്റെ അറസ്റ്റോടെ കൂടുതല്‍ ശക്തിവന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×