UPDATES

ഇന്ത്യന്‍ ജനാധിപത്യത്തെ രോഗാതുരമാക്കുന്ന മെഡിക്കല്‍ കമ്മീഷന്‍

ജനാധിപത്യ ആശയങ്ങളുടെ തുറന്ന അട്ടിമറിയായാണ്‌ ഔദ്യോഗിക ചിഹ്നങ്ങളിലെ മത ചിഹ്നങ്ങളുടെ ഉപയോഗത്തെ പരിശോധിക്കേണ്ടത്.

                       

മെഡിക്കല്‍ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന, ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസിനുള്ള ലൈസന്‍സ് നല്‍കുന്ന, മെഡിക്കല്‍ പ്രാക്ടീസ് നിരീക്ഷിക്കുകയും ഇന്ത്യയിലെ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വിലയിരുത്തുകയും ചെയ്യുന്ന 33 അംഗങ്ങളുടെ ഒരു ഇന്ത്യന്‍ റെഗുലേറ്ററി ബോഡിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC). 2020 സെപ്റ്റംബര്‍ 25-നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നത്. മെഡിക്കല്‍ കമ്മിഷന്‍ നിലവില്‍ വന്നത് മുതലുള്ള പല ശുപാര്‍ശകളും, നിര്‍ദേശങ്ങളും ബി ജെ പി സര്‍ക്കാര്‍ മുന്നോട്ടു വക്കുന്ന ‘ഹിന്ദുത്വ’ ആശയങ്ങളോട് സമരസപ്പെടുന്നതാണ്. ഏറ്റവുമൊടുവില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്നതിനു പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഓഫ് ഭാരത് എന്ന് മാറ്റം വരുത്തിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ലോഗോയിലെ അശോക സ്തംഭംത്തത്തിനും മാറ്റങ്ങളുണ്ട്. അശോകസ്തംഭത്തെ പൂര്‍ണമായി ഒഴിവാക്കി ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രമാണ് ലോഗോയില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഭാരത് എന്ന് പുനര്‍നാമകരണം നടത്താനുള്ള നീക്കങ്ങള്‍ക്കിടയിലാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.

അശോക സ്തംഭം ഒഴിവാക്കപ്പെടുമ്പോള്‍

1950 ജനുവരി 26-ന് സ്വതന്ത്ര ഇന്ത്യയുടെ പ്രതീകമായാണ് അശോകചക്രം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന ജനാധിപത്യ തത്വങ്ങളുടെ ഓര്‍മപ്പെടുത്തലാണ് അശോകചക്രം. അതായത് ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളുടെ കാതല്‍ രൂപപ്പെടുന്ന ജനാധിപത്യ ഭരണം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ പ്രതീകപ്പെടുത്തുന്നു. നിയമപരവും ഔദ്യോഗികപരവുമായ രേഖകളിലും ലോഗോകളിലും അശോക ചക്രം ഉപയോഗിച്ച് പോരുന്നത് ദേശീയമായ സ്വത്വവും, ജനാധിപത്യ തത്വങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ജനാധിപത്യത്തിന്റെ തൂണുകളെ അടയാളപ്പെടുത്തുന്ന അശോക സ്തംഭത്തെ മാറ്റി നിര്‍ത്തി ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ഹൈന്ദവര്‍ ദൈവമായി ആരാധിക്കുന്ന ധന്വന്തരിയെയാണ്. സമത്വവും സാഹോദ്യര്യവും അവകാശപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍, രാജ്യത്തിന്റെ മുഴുവന്‍ ആരോഗ്യരംഗത്തെയും പ്രതിനിധീകരിക്കുന്ന സര്‍ക്കാരിന്റെ റെഗുലേറ്ററി ബോഡിയില്‍ ഒരു പ്രത്യേക മതത്തിന്റെ മതചിഹ്നം മാത്രം ഉപയോഗിക്കപ്പെടുന്നത് ഭരണഘടനപരമായി സെക്കുലര്‍ ആശയങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. ഒരു മതേതര രാഷ്ട്രത്തെ അനുശാസിക്കുന്ന ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്, സര്‍ക്കാര്‍ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. എല്ലാ മതങ്ങളോടും തുല്യ പരിഗണനയും മതത്തെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വേര്‍തിരിക്കണമെന്നും ഊന്നിപ്പറയുന്നുണ്ട്.

2015-ല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ ലോഗോയില്‍ മതചിഹ്നമായ ‘ഓം’ ഉള്‍പ്പെടുത്തിയതിനെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. മതചിഹ്നം ഉപയോഗിക്കുന്നത് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന വാദമാണ് അന്ന് ഉയര്‍ന്നു കേട്ടത്. ഡല്‍ഹി ഹൈക്കോടതിയില്‍ ഇതിനെ സംബന്ധിച്ചുള്ള ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടു. ലോഗോയിലെ മതപരമായ അര്‍ത്ഥവും മതേതരത്വത്തിന്റെ തത്വങ്ങളുമായി ബന്ധപ്പെട്ട വാദങ്ങളും കോടതി പരിശോധിച്ചു. ആത്യന്തികമായി, ഔദ്യോഗിക ചിഹ്നങ്ങളില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ മതേതര ധാര്‍മികതയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലോഗോ പരിഷ്‌കരിക്കുന്നത് പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

സമാനമായി രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഹിന്ദുദൈവം കൃഷ്ണന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ഉള്‍പ്പെട്ട കേസ് ഇന്ത്യയുടെ മതേതര തത്വങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ ഇടങ്ങളില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് വഴി വച്ചിരുന്നു. ജനാധിപത്യ ആശയങ്ങളുടെ തുറന്ന അട്ടിമറിയായാണ്‌ ഔദ്യോഗിക ചിഹ്നങ്ങളിലെ മത ചിഹ്നങ്ങളുടെ ഉപയോഗത്തെ പരിശോധിക്കേണ്ടത്.

മതപരമായ കാര്യങ്ങള്‍ക്ക് ഇത്തരം ഇടങ്ങളില്‍ പ്രാധാന്യം നല്‍കുന്നത് ശരിയായ സന്ദേശമായല്ല ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിലയിരുത്തുന്നതെന്ന് ഐ എം എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ എന്‍. സുല്‍ഫി പറയുന്നു. ലോഗോയില്‍ വരുന്ന മാറ്റങ്ങള്‍ ദൂരവ്യാപകമായ അല്ലെങ്കില്‍ തുടര്‍ച്ചയായുള്ള ജനശ്രദ്ധ നേടാറില്ല. എന്നാല്‍ ഇവിടെ പരോക്ഷമായി സന്ദേശം നല്‍കുന്നുണ്ട്. ചികിത്സ മേഖലയില്‍ ശക്തമായ മത കാഴ്ചപ്പാടുകളും ചിന്താഗതികളും വിപരീതമായി ഫലം ചെയ്‌തേക്കാം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നടപ്പിലാക്കിയതിനെ പറ്റിയുള്ള വിവാദങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. മെഡിക്കല്‍ കമ്മീഷന്റെ പല പോളിസികളും നല്ലതാണ്, അതേസമയം ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. അതിലുപരിയായി അവിടെയുണ്ടാകുന്ന മതപരമായ ചിന്താരീതികളെ പ്രതിയുള്ള ആശങ്കകളാണ് മെഡിക്കല്‍ സമൂഹത്തിനുള്ളതെന്ന് ഡോക്ടര്‍ സുല്‍ഫി പറയുന്നു.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ മറ്റു ‘ഹിന്ദുത്വ’ നിലപാടുകള്‍

കഴിഞ്ഞ വര്‍ഷമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എടുക്കുന്ന പ്രതിജ്ഞയായ ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം മഹര്‍ഷി ചരക് ശപഥ് എടുക്കണമെന്ന് നിര്‍ദേശം വയ്ക്കുന്നത്. പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റ്‌സ് ശാസ്ത്രീയ ചികിത്സാവിദ്യയുടെ പിതാവായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന് പകരം മഹര്‍ഷി ചരകന്റെ പേരിലുള്ള ശപഥമെടുക്കണമെന്നും(മഹര്‍ഷി ചരക് ശപഥ്), യോഗ നിര്‍ബന്ധപഠനവിഷയമാക്കണം എന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍