UPDATES

ഓഫ് ബീറ്റ്

സംസ്ഥാന പുനഃസംഘടന കമ്മീഷന്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-31

                       

1953 ഡിസംബറില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു. സംസ്ഥാന പുനഃസംഘടന കമ്മീഷന് മുന്‍പ് ലിംഗ്വിസ്റ്റിക് പ്രൊവിന്‍സസ് കമ്മീഷന്‍ (ധാര്‍ കമ്മീഷന്‍), ജെ.വി.പി കമ്മീഷന്‍ എന്നിവ ഉണ്ടായിരുന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫസല്‍ അലി ആയിരുന്നു കമ്മീഷന്റെ തലവന്‍. എച്ച്.എന്‍ ക്‌നസ്‌റു, കെ.എം പണിക്കര്‍ എന്നിവര്‍ ആയിരുന്നു കമ്മീഷനിലെ മറ്റു അംഗങ്ങള്‍. അന്നത്തെ ആഭ്യന്തരമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് കമ്മീഷന് നേതൃത്വം വഹിച്ചു. 1956 ആഗസ്ത് 31 നു ബില്ല് പാസാക്കിയെങ്കിലും നവംബര്‍ ഒന്നിന് നിയമം നിലവില്‍ വരുന്നതിനു മുന്‍പ് പ്രധാനപ്പെട്ട ഒരു ഭേദഗതി നിയമത്തില്‍ വരുത്തി. 1950 ലെ ഭരണഘടന പ്രകാരം സംസ്ഥാനങ്ങളെ പാര്‍ട്ട് എ, ബി, സി, ഡി എന്നിങ്ങനെ വേര്‍തിരിക്കുന്നത് എടുത്തു കളഞ്ഞു. പകരം ‘സംസ്ഥാനങ്ങള്‍’ എന്ന് മാത്രം നാമകരണം ചെയ്തു. കേന്ദ്രഭരണ പ്രദേശം എന്നൊരു പുതിയ വിഭാഗം ഉള്‍പ്പെടുത്തി.

അതിന് ശേഷം ഒട്ടേറെ പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഏക മാനദണ്ഡം ഭാഷാടിസ്ഥാനം എന്നതിന് മാറ്റമുണ്ടായി. ഒരു മേഖലയിലെ പ്രാദേശിക അസന്തുലിതാവസ്ഥയും പ്രത്യേക പ്രാദേശിക സംസ്‌കാരവും പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു. ജാര്‍ഖണ്ഡ് ബിഹാറില്‍ നിന്ന് വിഭജിച്ചും, ഛത്തീസ്ഗഡ് മധ്യപ്രദേശില്‍ നിന്ന് വേര്‍പെടുത്തിയും, ഉത്തരാഖണ്ഡ് ഉത്തര്‍പ്രദേശില്‍ നിന്ന് വേര്‍പെടുത്തിയും 2000-ത്തില്‍ പുതിയ സംസ്ഥാനമായി. 2014-ല്‍ തെലങ്കാന സംസ്ഥാനവും നിലവില്‍ വന്നു. ഇന്ന് ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളുണ്ട്. എട്ട് യൂണിയന്‍ ടെറിട്ടറികളും.

1953-ല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ രൂപീകരിക്കുന്നതിനെ വിഷയമാക്കി 1953 മെയ് മാസം മൂന്നിന് ഇറങ്ങിയ ശങ്കേഴ്‌സ് വീക്കിലിയില്‍ വരച്ച കാര്‍ട്ടൂണുണ്ട്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങള്‍ സര്‍പ്പങ്ങളാണ്. ഈ സര്‍പ്പങ്ങളെ മകുടിയൂതി നിയന്ത്രിക്കുകയാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു.

Share on

മറ്റുവാര്‍ത്തകള്‍