UPDATES

മടുത്തൂ ഈ പണി… യൂണിഫോം ഊരുന്ന പൊലീസുകാരുടെ എണ്ണം കൂടുന്നു

‘വിആര്‍എസ് പ്രവണത’ അവസാനിപ്പിക്കാന്‍ ബോധവത്കരണത്തിന് നിര്‍ദേശം

                       

യൂണിഫോം ഉപേക്ഷിക്കുന്നവരുടെ എണ്ണം കേരള പൊലീസില്‍ വര്‍ഷം പ്രതി കൂടുന്നു. സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കാതെ സ്വയം വിരമിക്കുന്നതിന് അപേക്ഷ നല്‍കുന്നവരുടെ എണ്ണം 2019 മുതല്‍ വര്‍ദ്ധിച്ചുവരുന്നതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പ്രവണതയ്ക്ക് തടയിടാന്‍ അടിയന്തര നടപടികള്‍ ആലോചിക്കുകയാണ് ആഭ്യന്തര വകുപ്പ്.

വിവിധ കാരണങ്ങളാലാണ് പൊലീസ് കുപ്പായം ഉപേക്ഷിക്കുന്നത്. സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ മുതല്‍ ഡിവൈഎസ്പി റാങ്കിലുള്ളവര്‍ വരെ സര്‍വീസില്‍ നിന്നും പിരിഞ്ഞു പോവുകയാണ്. ജോലി ഭാരം, അവധി ലഭിക്കാതിരിക്കല്‍, കൃത്യമായ വിശ്രമം കിട്ടാതെ വരുന്നത്, പല കോണുകളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദം, കുടുംബ പ്രശ്‌നം, അരോഗ്യസംബന്ധമായ കാര്യങ്ങള്‍, മേലുദ്യോഗസ്ഥരുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളാണ് ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.

സ്വയം വിരമിക്കല്‍ കൂടിയതോടെ, എഡിജിപിയുടെ നേതൃത്വത്തില്‍ കൂടി യോഗത്തില്‍, ഇക്കാര്യം പരിശോധിക്കുകയും സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കുന്നവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ആവശ്യമായ പ്രായോഗിക മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സാമ്പത്തിക ആസൂത്രണം സംബന്ധിച്ചും ഏകദിന ബോധവത്കരണ ക്ലാസ് നടത്താനും തീരുമാനം എടുത്തിരിക്കുകയാണ്. ഇതിന്‍ പ്രകാരം ഓരോ സ്‌റ്റേഷനുകളിലും ആരോഗ്യ പ്രശ്‌നങ്ങളാലും മാനസിക സംഘര്‍ഷങ്ങളാലും അല്ലാതെയുള്ള കാരണങ്ങളാലും വിആര്‍എസിന് അപേക്ഷ നല്‍കിയിരിക്കുന്നവരുടെയും അപേക്ഷ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ച് സമര്‍പ്പിക്കാന്‍ മേല്‍തലങ്ങളില്‍ നിന്നും നിര്‍ദേശം പോയിട്ടുണ്ട്.

2019 ജനുവരി മുതല്‍ 2023 സെപ്തംബര്‍ 30 വരെയുള്ള കാലത്ത് സംസ്ഥാനത്ത് 169 പൊലീസുകാരാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. ഇവരില്‍ 148 പേര്‍ സര്‍വീസ് കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ സ്വയം വിരമിക്കുകയും ചെയ്തുവെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് സിറ്റി, മലപ്പുറം, ഇടുക്കി, കോട്ടയം, എറണാകുളം സിറ്റി എന്നീ പൊലീസ് ജില്ലകളിലാണ് ഏറ്റവും അധികം ഉദ്യോഗസ്ഥര്‍ വി ആര്‍ എസ് എടുത്ത് സര്‍വീസില്‍ നിന്നും വിരമിച്ചത്. കോഴിക്കോട് സിറ്റിയില്‍ നിന്നും 21 പേര്‍, മലപ്പുറത്ത് നിന്ന് 16, ഇടുക്കി 13, കോട്ടയം 12, എറണാകുളം സിറ്റി 11 എന്നിങ്ങനെയാണ് സ്വയം വിരമിച്ചവരുടെ കണക്ക്. പൊലീസുകാര്‍ക്കിടയില്‍ സ്വയം വിരമിക്കല്‍ പ്രവണത വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി മുതല്‍ 2023 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ കിട്ടിയ അപേക്ഷകള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട പൊലീസ് ജില്ലകളിലാണ് ഈ കാലയാളവില്‍ സ്വയം വിരമിക്കല്‍ താരതമ്യേന കുറവ് എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിആര്‍എസ് എടുത്തവരില്‍ നാല് പൊലീസുകാര്‍ 15 വര്‍ഷത്തിനു മുകളില്‍ സര്‍വീസ് ബാക്കിയുള്ളവരാണ്. 16 പേര്‍ 10 വര്‍ഷത്തില്‍ താഴെ സര്‍വീസ് ബാക്കിയുള്ളവരുമാണ്. 128 പേര്‍ അഞ്ചു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരാണ്. ഈ കണക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പുരുഷന്മാരാണ്. വിആര്‍എസ് എടുത്തവരില്‍ മൂന്നു പേരാണ് വനിത ഉദ്യോഗസ്ഥരായുള്ളത്.

റാങ്ക് തിരിച്ചുള്ള കണക്കുകള്‍ പ്രകാരം സിവില്‍ പൊലീസ് ഓഫിസര്‍(സിപിഒ), സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍(എസ് സി പി ഒ) തസ്തികയില്‍ ജോലി ചെയ്യുന്ന 55 പേരും(സിപിഒ-13, എസ്‌സിപിഒ-42) സ്വയം വിരമിച്ചപ്പോള്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍(എസ് എച്ച് ഒ) റാങ്കിലുള്ള രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, എസ് ഐ/ ഗ്രേഡ് എസ് ഐ റാങ്കിലുള്ള 47 പേര്‍, എഎസ്‌ഐ/ ജിഎഎസ്‌ഐ തസ്തികയിലുള്ള 44 പേര്‍ ഉള്‍പ്പെടെ ഓഫിസര്‍ റാങ്കിലുള്ള 93 ഉദ്യോഗസ്ഥരും വിആര്‍എസ് എടുത്തു. വിവിധ ജില്ലകളില്‍ നിന്നായി സിപിഒ/ എസ്‌സിപിഒ റാങ്കിലുള്ള 67 ഉദ്യോഗസ്ഥരും 102 ഓഫിസര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരും മേല്‍പ്പറഞ്ഞ കാലയളവില്‍ വിആര്‍എസ് ലഭിക്കാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

2019 നും 2023 നും ഇടയില്‍ സ്വയം വിരമിച്ചവരില്‍ 52 പേര്‍(35 ശതമാനം) ആരോഗ്യപ്രശ്‌നങ്ങളാണ് കാരണമായി പറഞ്ഞത്. 36 പേര്‍(24 ശതമാനം) ജോലി സമ്മര്‍ദ്ദവും, 25 പേര്‍(16 ശതമാനം) കുടുംബ പ്രശ്‌നവും ബാക്കി 35 പേര്‍(23 ശതമാനം) വിദേശ ജോലി തേടി പോയവരും, മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മോശം ഇടപെടല്‍ കാരണവും സ്വന്തമായി സംരംഭം തുടങ്ങിയതിനാലും പൊലീസ് ജോലിയോടുള്ള അതൃപ്തി മൂലവും വിആര്‍എസ് എടുത്തവരാണ്.

സ്വയം വിരമിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 ല്‍ 14 പേരായിരുന്നു വിആര്‍എസ് എടുത്തതെങ്കില്‍, 2020ല്‍ 15 ആയി. 2021 ല്‍ 27 പേരും 2022 ല്‍ 32 പേരും സ്വയം വിരമിച്ചു. 2023 സെപ്തംബര്‍ 30 വരെ 60 പേരും ആണ് വി ആര്‍ എസ് എടുത്ത് സര്‍വീസില്‍ നിന്നും വിരമിച്ചത്. 2023 വര്‍ഷത്തില്‍ സെപ്തംബര്‍ 30 വരെ സംസ്ഥാനത്തൊട്ടാകെ 81 പേര്‍ വിആര്‍എസ്സിന് അപേക്ഷിക്കുകയും 60 പേര്‍ക്ക് വിആര്‍എസ് ലഭിക്കുകയും ചെയ്തു. നിലവിലെ കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചില ഉദ്യോഗസ്ഥരില്‍ നിന്നുള്ള മോശം പെരുമാറ്റം കൊണ്ട് പൊതുജനങ്ങളുടെ ഇടയില്‍ നിന്ന് പൊലീസിന് പൊലീസിന് ഏറെ പഴികേള്‍ക്കണ്ടി വരുന്നുണ്ടെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനൊപ്പം പൊലീസുകാര്‍ സര്‍വീസ് വിട്ടു പോകാനായി പറയുന്ന മറ്റു കാര്യങ്ങള്‍ ഇങ്ങനെയാണ്. പല ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ ഏറുമ്പോള്‍ ജോലി ഭാരം മൂലവും അച്ചടക്ക നടപടികള്‍ക്ക് വിധേയനായേക്കാം എന്ന ആശങ്കള്‍ മൂലവും, ആരോഗ്യ പ്രശ്‌നങ്ങളാലും, കുടുംബപരമായ പ്രശ്‌നങ്ങളാലും ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും സ്വയം വിരമിക്കലിന് പൊലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ സ്വയം വിരമിക്കുന്നതിനുള്ള പ്രവണതകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യങ്ങളെ സംബന്ധിച്ച് വിശദമായി പരിശോധിക്കണമെന്നും, ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വര്‍ദ്ധിച്ചു വരുന്ന വിആര്‍എസ് പ്രവണത അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ വയ്ക്കുന്ന നിര്‍ദേശങ്ങളില്‍ ഒന്നാമതായി പറയുന്നത് പൊലീസ് സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ആവശ്യത്തിന് പൊലീസുകാരില്ലെന്നതാണ് കേരള പൊലീസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതുമൂലം ഡ്യൂട്ടി സമയം നീണ്ടു പോവുകയും ഓഫ്/ അവധി എന്നിവ പൊലീസുകാര്‍ക്ക് കൃത്യമായി കിട്ടാതെ വരികയും ചെയ്യുന്നുണ്ട്. എല്ലാ ജോലികളും ചെയ്യേണ്ടി വരുന്നു എന്നത് പൊലീസുകാര്‍ സ്ഥിരമായി ഉയര്‍ത്തുന്ന പരാതിയാണ്. സിപിഒമാര്‍ തൊട്ട് എസ് ഐ റാങ്കിലുള്ളവര്‍ വരെയാണ് അമിത ജോലി ഭാരത്തിന്റെ ഇരകളാകുന്നത്. ജോലി സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്തി മതിയായ വിശ്രമം ഉറപ്പു വരുത്തുകയെന്നത് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തിലും ഉണ്ട്. എട്ടു മണിക്കൂര്‍ ഡ്യൂട്ടിയെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നും രണ്ടു ദിവസത്തോളം തുടര്‍ച്ചയായി ഡ്യൂട്ടി നോക്കേണ്ടി വരുന്ന ഗതികേടിലാണ് തങ്ങളുള്ളതെന്നാണ് ഒരു സിപിഒ അഴിമുഖത്തോട് പറഞ്ഞത്. 24 മണിക്കൂറും സേവന സന്നദ്ധരായവരാണ് പൊലീസുകാര്‍. മൂന്നു ഷിഫ്റ്റുകളാക്കുകയെന്നതാണ് എട്ടു മണിക്കൂര്‍ എന്നത് പ്രാവര്‍ത്തികമാക്കാനുള്ള വഴി. എന്നാല്‍, ആവശ്യത്തിന് അംഗബലം ഇല്ലെന്നതിനാല്‍ ഷിഫ്റ്റ് സമ്പ്രദായമൊന്നും നേരാംവണ്ണം നടക്കുന്നില്ലെന്ന് പൊലീസുകാര്‍ പരാതിപ്പെടുന്നുണ്ട്. രണ്ട് ദിവസം തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടിയെടുത്താല്‍ പോലും റസ്റ്റ് കിട്ടുന്നില്ല, പിറ്റേദിവസവും രാവിലത്തെ ഡ്യൂട്ടിക്ക് കയറേണ്ടി വരികയാണെന്നാണ് അഴിമുഖത്തോട് സംസാരിച്ച എസ്‌സിപിഒ പറഞ്ഞത്. അര്‍ഹമായതും അനുവദനീയതുമായ അവധികള്‍ പരമാവധി ലഭിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര വകുപ്പില്‍ നിന്നുള്ള നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍, ഇതൊക്കെ വെറും നിര്‍ദേശം മാത്രമായി ഒതുങ്ങുമെന്നും നടപ്പാകാന്‍ പോകുന്നില്ലെന്നുമാണ് പൊലീസുകാര്‍ പറയുന്നത്. ആവശ്യത്തിന് ആളുണ്ടെങ്കിലല്ലേ, ആവശ്യത്തിന് അവധി കിട്ടൂ എന്നാണ് അവര്‍ തിരിച്ചു ചോദിക്കുന്നത്.

അമിതമായ ജോലി പൊലീസുകാരുടെ മാനസികാരോഗ്യ നില തകര്‍ക്കുന്നവെന്നതും പ്രധാന പരാതിയാണ്. സംസ്ഥാന തലത്തില്‍ പൊലീസുദ്യോഗസ്ഥരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി തിരുവനന്തപുരം എസ് എ പി ക്യാമ്പില്‍ പ്രവര്‍ത്തിച്ചു വരുന്ന Help & Assistance to Tackle Stress (HATS) പോലുള്ള സംവിധാനങ്ങള്‍ ഓരോ ജില്ലയിലും ആരംഭിക്കണമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാന്‍ നിലവിലെ മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തുക. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അനുയോജ്യമായ വേദി ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പറയുന്നുണ്ട്.

ആനുകൂല്യങ്ങള്‍, ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകള്‍ എന്നിവ ഉപയോഗിച്ച് പൊലീസ് ജോലി ആകര്‍ഷകമാക്കുന്നത് പരിഗണിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. ഇപ്പോഴുള്ള അസംതൃപ്തി പരിഹരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള മെഡിക്കല്‍ ബെനിഫിറ്റുകള്‍ ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കാനും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഈ കണക്കുകളില്‍ സുപ്രധാനമായൊന്ന് വിട്ടു കളഞ്ഞിട്ടുണ്ടെന്നാണ് അഴിമുഖം ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരില്‍( പേര് വിവരം നല്‍കരുതെന്ന വ്യവസ്ഥയിലാണ് അവര്‍ സംസാരിച്ചത്) ചിലര്‍ പറയുന്നത്. അത്, സര്‍വീസില്‍ നില്‍ക്കെ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്കാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ എത്ര പൊലീസുകാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന കണക്കുകള്‍ കൂടി ആഭ്യന്തര വകുപ്പ് അന്വേഷിച്ച് കണ്ടെത്തണം. സ്റ്റേഷിനിലും ക്വാര്‍ട്ടേഴ്‌സിലും സ്വന്തം വീട്ടിലുമൊക്കെയാണ് പലരും ജീവനൊടുക്കിയിട്ടുണ്ട്. ജോലി സമ്മര്‍ദ്ദം, എന്തൊക്കെ ചെയ്താലും മേലുദ്യോഗസ്ഥന്റെ ചീത്തയും വഴക്കും, ജോലി കാരണം താളം തെറ്റുന്ന കുടുംബ ജീവിതം, അമിതമായ ജോലി മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങള്‍ മൂലം ജീവനൊടുക്കുന്ന പൊലീസുകാരുടെ എണ്ണവും കേരളത്തില്‍ കൂടി വരുന്നുണ്ടെന്നും, ആ കണക്കും, ഇത് അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളും കൂടി മുകളിലുള്ളവര്‍ അറിയിക്കണമെന്നാണ് നിരാശയും രോഷവും മറച്ചുവയ്ക്കാനാകാതെ പൊലീസുകാര്‍ സംസാരിച്ചത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍