2024 ലെ ഗ്രാമി പുരസ്‌കാരദാന ചടങ്ങില്‍ സംഘര്‍ഷമുണ്ടാക്കിയതിന് അമേരിക്കന്‍ റാപ്പറും ആക്ടിവിസ്റ്റുമായ കില്ലര്‍ മൈക്ക് എന്ന മൈക്കള്‍ സാന്റിയാഗോയെ ലോസ് ഏഞ്ചല്‍സ് പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പതിറ്റാണ്ടിനു ശേഷം ഇത്തവണ മൂന്നു ഗ്രാമി അവാര്‍ഡുകളാണ് 48 കാരനായ കില്ലര്‍ മൈക്ക് സ്വന്തമാക്കിയത്. കൈകളില്‍ ഗ്രാമി പുരസ്‌കാരങ്ങള്‍ വന്നതിനു പിന്നാലെ തന്നെ പൊലീസിന്റെ വിലങ്ങും വീണു. എന്തായിരുന്നു കില്ലര്‍ മൈക്കിനെ അറസ്റ്റ് ചെയ്യാനുള്ള കുറ്റം എന്നു പൊലീസ് വിശദീകരിച്ചിട്ടില്ല. പുരസ്‌കാര വേദിയുടെ പിന്നണിയില്‍ കലഹമുണ്ടാക്കിയെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.
അറസ്റ്റ് ചെയ്ത മൈക്കിനെ ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് 2024 ഫെബ്രുവരി നാല് ഞായാറാഴ്ച വിട്ടയക്കുകയും ചെയ്തു. അവാര്‍ഡ് ചടങ്ങില്‍ വച്ച് കില്ലര്‍ മൈക്കിനെ ലോസ് ഏഞ്ചല്‍സ് പോലീസ് കൈകളില്‍ വിലങ്ങുവെച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരുന്നു(ഹോളിവുഡ് ഫിലിം, ടെലിവിഷന്‍, വിനോദ വ്യവസായങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അമേരിക്കന്‍ ഡിജിറ്റല്‍, പ്രിന്റ് മാസികയാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍). തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങളില്‍ ഒന്നില്‍ നിന്നാണ് കില്ലര്‍ മൈക്കിന്റെ കൈകളില്‍ വിലങ്ങ് വീണത്. ഗ്രാമി പ്രീമിയര്‍ ചടങ്ങില്‍ മൈക്കിന് തുടരെ തുടരെ മൂന്ന് അവാര്‍ഡുകളാണ് ലഭിച്ചത്. ‘ മൈക്കിള്‍’ എന്ന ആല്‍ബത്തിന് മികച്ച റാപ്പ് ആല്‍ബത്തിനുള്ളതും, മികച്ച റാപ്പ് ഗാനം, ആന്ദ്രെ 3000 അവതരിപ്പിക്കുന്ന ‘സയന്റിസ്റ്റ്‌സ് ആന്‍ഡ് എഞ്ചിനീയര്‍സ്’ എന്ന റാപ്പ് ഗാനത്തിനുമായിരുന്നു മറ്റ് രണ്ട് അവാര്‍ഡുകളും.
കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുന്‍പ് വരെ കില്ലര്‍ മൈക്ക് ആഘോഷത്തിലായിരുന്നു. ‘നിങ്ങളെ പരിമിതിയിലാഴ്ത്തുന്ന ഒരേയൊരു കാര്യം എന്തെന്നാല്‍ നിങ്ങളുടെ പ്രായത്തെക്കുറിച്ചോ നിങ്ങളുടെ പ്രവര്‍ത്തികളെ കുറിച്ചോ സത്യസന്ധത പുലര്‍ത്താതിരിക്കുക എന്നതാണ്,’ എന്നത് കില്ലര്‍ മൈക്കിന്റെ തന്നെ വാക്കുകളായിരുന്നു. ’20 വയസ്സുള്ളപ്പോള്‍ മയക്കുമരുന്ന് വ്യാപാരിയാകുന്നത് രസകരമായൊരു തൊഴില്‍ ആണെന്നാണ് ഞാന്‍ കരുതിയത്, എന്നാല്‍ അത്തരമൊരു തൊഴിലില്‍ ഏര്‍പെട്ടതിന് 40 വയസ്സുള്ളപ്പോള്‍ ഞാന്‍ പശ്ചാത്തപിച്ചു പുതിയൊരാളായി ജീവിക്കാന്‍ തുടങ്ങി. എനിക്ക് 45 വയസുള്ളപ്പോളാണ് ഞാന്‍ എന്റെ അനുഭവങ്ങളില്‍ നിന്ന് റാപ്പ് ഗാനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്. അതിനെല്ലാം എനിക്ക് ഇപ്പോള്‍ പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്റെ 48-ാം വയസ്സില്‍, ഞാന്‍ തികഞ്ഞ സഹാനുഭൂതിയും സഹതാപവും നിറഞ്ഞ ഒരു മനുഷ്യനായാണ് ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്’- ഗ്രാമി വേദിയില്‍ നിന്നു കില്ലര്‍ സദസിനോടായി പറഞ്ഞ കാര്യങ്ങളാണ്.
തന്റെ മൂന്നാമത്തെ ഗ്രാമിയും നേടിക്കഴിഞ്ഞപ്പോള്‍ മൈക്ക് ആവേശഭരിതനാവുകയും തനിക്കിപ്പോള്‍ ലഭിച്ച ഈ അംഗീകാരം തന്റെ ജന്മനാടായ അറ്റ്‌ലാന്റ അംഗീകരിക്കുകയും ചെയ്തുവെന്ന് ആവേശത്തോടെ വിളിച്ച് പറയുകയും ചെയ്തിരുന്നു. റാപ്പ് ചെയ്യാനുള്ള എന്റെ പ്രായം കഴിഞ്ഞു പോയി എന്ന് പറഞ്ഞു വിമര്‍ശിച്ചവര്‍ക്കും ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും മൈക്ക് കൂട്ടിച്ചേര്‍ത്തു.
അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇതുവരെ മൈക്കോ അദ്ദേഹത്തിന്റെ പ്രതിനിധികളോ പ്രതികരണം അറിയിച്ചിട്ടില്ല.
നിര്‍മാതാവ് എല്‍-പിയുമായി (ലിന്‍ഡ പെരി) ചേര്‍ന്ന് മൈക്ക് നിരൂപക പ്രശംസ നേടിയ നാല് ആല്‍ബങ്ങള്‍ പുറത്തിറക്കിയിരുന്നു. കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അസമത്വത്തിനും വംശീയ അധിക്ഷേപങ്ങള്‍ക്കുമെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സംഗീതത്തിന് അപ്പുറത്തേക്ക് ഒരു മാനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. കൂടാതെ അറ്റ്‌ലാന്റയില്‍ അക്രമാസക്തമായ പോലീസ് അതിക്രമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശാന്തമാക്കാന്‍ അദ്ദേഹം വൈകാരികമായ അഭ്യര്‍ത്ഥനയും നടത്തിയിരുന്നു.
ഔട്ട്കാസ്റ്റിന്റെ നാലാമത്തെ ആല്‍ബമായ സ്റ്റാന്‍കോണിയയിലൂടെയാണ് മൈക്ക് തന്റെ റെക്കോര്‍ഡിംഗ് അരങ്ങേറ്റം കുറക്കുന്നത്. പിന്നീട് അവരുടെ ഏറ്റവും വലിയ ഹിറ്റ് ആല്‍ബമായി മാറിയ ബിഗ് ബോയ് ആന്‍ഡ് ഡ്രെ പ്രസന്റ്‌ലൂടെയാണ് കില്ലര്‍ പ്രസ്തിയാര്‍ജ്ജിക്കുന്നത്.