UPDATES

‘പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്, സംഭവിച്ചത് പൊലീസിന്റെ പിഴവ്’

ഒരു പൂര പ്രേമിക്ക് പറയാനുള്ളത്

                       

ചരിത്രത്തിലാദ്യമായി തിരുവമ്പാടിയുടെ രാത്രി പൂരത്തിൻറെ മഠത്തിൽ വരവ് മുടങ്ങിയതിന്റെയും വെടിക്കെട്ട്  സമയം മാറ്റിയതിന്റെയും നിരാശയിലായിരുന്നു പൂരപ്രേമികൾ. ഇതിന് പിന്നാലെ കമ്മീഷണറെയും എസിപിയെയും സ്ഥലം മാറ്റിയതോടെയും, രാഷ്ട്രീയ കക്ഷികൾ ഇടപെട്ടതോടെയും വിഷയം വിവാദമാവുകയാണ്. ”എന്നാൽ യഥാർത്ഥത്തിൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ സുരക്ഷാ പിഴവാണ് ഇതിന് കാരണം. അതിനുമപ്പുറം വിഷയത്തെ രാഷ്ട്രീയമായി നോക്കികാണാനോ വിലയിരുത്താനോ പൂരപ്രേമികൾ തയ്യാറാവില്ലെന്ന് തൃശൂർ സ്വദേശിയും, എഴുത്തുകാരനുമായ വിനോദ് കണ്ടംകാവിൽ പറയുന്നു.

പൂരക്കാഴ്ച്ചകൾക്കപ്പുറം തനതായ ആചാരവും അനുഷ്ഠാനവും കൂടി തൃശൂർ പൂരത്തിന്റെ ഭാഗമാണ്. 10 ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പാണ് പൂര ദിവസം നടക്കുക. 8 ഘടക ക്ഷേത്രങ്ങളും വടക്കുന്നാഥനിലെത്തി, നിശ്ചയിച്ച സ്ഥലത്ത് നിലയുറപ്പിച്ച് തിരികെ പോവുകയാണ് പതിവ്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാകും ഘടകക്ഷേത്രങ്ങൾ വടക്കുന്നാഥനിലെത്തുക. നിരവധി ആളുകളും എഴുന്നുള്ളിപ്പിനൊപ്പം ഉണ്ടാകും. പാറമേക്കാവ് ക്ഷേത്രത്തിന്റെ എഴുന്നള്ളിപ്പ്, രാത്രി പതിനൊന്നുമണിക്ക് ആരംഭിച്ച് മണികണ്ഠനാൽ പന്തലിലായിരിക്കും അവസാനിക്കുക. ബ്രഹ്മസ്വം മഠത്തിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് നായ്ക്കനാലിലാണ് അവസാനിക്കുക. പഞ്ചവാദ്യമാണ് എഴുന്നള്ളിപ്പിന് അകമ്പടിയായി എത്തുന്നത്.

2017 മുതൽ വലിയ നിയന്ത്രണങ്ങളോടെയാണ് പൂരം നടന്നുവരുന്നത്. ഈ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങളുടെ രാത്രി എഴുന്നള്ളിപ്പ് കടന്നുപോകുന്ന വഴികളിൽ  ബാരിക്കേഡ് കൊണ്ട് തടഞ്ഞിരുന്നു. മഠത്തിൽ വരവ് പഞ്ചവാദ്യം, പഴയനടക്കാവിൽ നിന്ന് ആരംഭിച്ച്   റൗണ്ടിലേക്ക് കടക്കും മുൻപ് പോലീസ് ബാരിക്കേഡ് കൊണ്ട് തടഞ്ഞു.  നടുവിലാലിൽ നിന്ന് നായ്ക്കനാലിലേക്ക് നടക്കുന്നവർക്ക് തിരിച്ചുവരാൻ പറ്റാത്ത വിധമായിരുന്നു കൊട്ടിയടക്കൽ.  തിടമ്പേറ്റിയ ആനക്കും, ദേവസ്വം അംഗങ്ങൾക്കും കടന്നുപോകാൻ കഴിയാതായി. ഇതോടെയാണ് പ്രശ്നങ്ങൾ മുറുകുന്നതും. ഒരിടത്തേക്കും നീങ്ങാൻ പറ്റാത്ത അവസ്ഥ വന്നതോടെ എഴുന്നള്ളത്ത് ഒരാനപ്പുറത്തെത്തി നായ്ക്കനാലിൽ അവസാനിപ്പിച്ച് മടങ്ങുകയും, പന്തലിലെ ലൈറ്റുകൾ അണക്കുകയും ചെയ്തു. ഇതിനിടെ, വെടിക്കെട്ടിലും പൊലീസ് ഇടപെട്ട് പ്രശ്നമുണ്ടാക്കി. ഇതോടെയാണ് വെടിക്കെട്ട് ഉൾപ്പെടെ നിർത്തിവച്ച് പൂരത്തിൽ നിന്ന് വിട്ട് നിൽക്കാൻ തിരുവമ്പാടി വിഭാഗം തീരുമാനിക്കുന്നത്.

സംഘാടകർക്ക് വേണ്ട സഹായമെത്തിച്ചു നൽകാൻ കഴിയാത്തതിന് പുറമെ പോലീസിന്റെ സുരക്ഷാ പിഴവ് കൂടിയാണ് ഇതിലേക്ക് നയിച്ചതെന്ന് വിനോദ് കണ്ടംകാവിൽ പറയുന്നു. പൂരത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവർ ഡ്യൂട്ടിക്ക് എത്തിയതും ഇതിന് വിനയായി. വിവിധ രാഷ്ട്രീയ വിശകലനങ്ങളാണ് ഈ വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പൂരപ്രേമി എന്ന നിലയിൽ ആളുകൾക്ക് ഇതിൽ രാഷ്ട്രീയം കണ്ടെത്താനാവില്ല. പൂരത്തിനെ എങ്ങനെയാണ് രാഷ്ട്രീയവൽക്കരിക്കാൻ കഴിയുന്നത് ? വിനോദ് ചോദിക്കുന്നു. പൂരാസ്വാദനത്തിനെ ഹനിക്കുകയായിരുന്നില്ല ബന്ധപ്പെട്ടവർ ചെയ്യേണ്ടിയിരുന്നത്. സംഘാടകരും അധികാരികളും തമ്മിലുള്ള വ്യക്തമായ ധാരണയും സഹകരണവും ഉണ്ടായാൽ മാത്രമേ തൃശൂർ പൂരത്തിലെ ഈ പിഴവുകൾ നികത്താൻ കഴിയുകയുള്ളു. അടുത്ത തവണ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇരുകൂട്ടരുടെയും മുൻകൈ എടുക്കേണ്ടതുണ്ട്.

English Summary; thrissur pooram row

Share on

മറ്റുവാര്‍ത്തകള്‍