പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വരുന്നത്. ബോണ്ടേനോ പട്ടണത്തില്‍ നിന്നാണ് കോള്‍. ഫെറാറയ്ക്കടുത്തുള്ള, ഏകദേശം 13,000 പേര്‍ താമസിക്കുന്ന ഒരു ചെറു പട്ടണമാണ് ബോണ്ടേനോ.
അപകടകരമായ രീതിയില്‍ പോകുന്ന ഒരു കാറിനെ കുറിച്ചായിരുന്നു പരാതി. ഉടന്‍ തന്നെ പെട്രോള്‍ സംഘം പരാതിക്കാര്‍ പറഞ്ഞ സ്ഥലത്തേക്ക് പാഞ്ഞു. തെക്കന്‍ എമിലിയ റൊമാഗ്നയില്‍ വച്ച് പൊലീസ് അപകടകാരിയായ ആ കാര്‍ തടഞ്ഞു. പിന്നീടായിരുന്നു സര്‍പ്രൈസ്!
കാര്‍ ഓടിച്ചിരുന്ന വ്യക്തിയെ കണ്ട് പൊലീസുകാര്‍ ഞെട്ടി. അതൊരു സ്ത്രീയായിരുന്നു; ജൂസെപ്പീന മോളിനാറി. പൊലീസുകാര്‍ ഞെട്ടിയത് അതൊരു സ്ത്രീയായതുകൊണ്ടല്ല, അവര്‍ക്ക് 103 വയസ് ഉണ്ടെന്നറിഞ്ഞപ്പോഴായിരുന്നു.
ജോസ് എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ജൂസെപ്പീന മോളിനാറിയുടെ പ്രായം അറിഞ്ഞപ്പോള്‍ ‘തങ്ങള്‍ ശരിക്കും സര്‍പ്രൈസ്’ ആയെന്നാണ് പൊലീസ് പറയുന്നത്. ആ പ്രായത്തിലൊരാള്‍ കാര്‍ ഓടിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും, മോളിനാറിയുടെ ലൈസന്‍സ് കാലാവധി അവസാനിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു. മാത്രമല്ല, കാറിന് ഇന്‍ഷ്വറന്‍സും ഇല്ലായിരുന്നു. രണ്ടു കാര്യങ്ങളും നിയമ ലംഘനമായതിനാല്‍ പൊലീസിന് പിഴ ചുമത്തേണ്ടി വന്നു. അതിനുശേഷം ജൂസെപ്പീനയെ അവര്‍ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു. ഇറ്റലിയിലെ നിയമം അനുസരിച്ച് 80 വയസ് കഴിഞ്ഞവര്‍ ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും മെഡിക്കല്‍ ചെക്കപ്പിന് വിധേയരാവുകയും ലൈസന്‍സ് പുതുക്കുകയും വേണം. ജൂസെപ്പീന ഈ നിയമം പാലിച്ചിട്ടില്ല.
പുലര്‍ച്ചെ ഇത്ര തിരക്കിട്ട് എവിടെപ്പോവുകയായിരുന്നുവെന്നോ ജൂസെപ്പീന? തന്റെ സുഹൃത്തുക്കളെ കാണാന്‍! പക്ഷേ ഇരുട്ടത്ത് വഴി തെറ്റിയതോടെയാണ് എങ്ങോട്ടെന്നില്ലാതെ വണ്ടിയോടിക്കേണ്ടി വന്നത്.
ഇതൊന്നും കൊണ്ട് തോറ്റ് പിന്മാറാന്‍ ഒരുക്കമല്ല ജൂസെപ്പീന മോളിനാറി. ഞാനൊരു വെസ്പ വാങ്ങുമെന്നാണ് അവര്‍ സംഭവത്തിനുശേഷം ഒരു പ്രാദേശിക പത്രത്തോട് പ്രതികരിച്ചത്. മാത്രമല്ല, ഒരു സൈക്കിളെടുത്ത് കൂട്ടുകാരെ കാണാന്‍ പോകാനും ആ 103 കാരി തീരുമാനിച്ചിട്ടുണ്ട്.
ജൂസെപ്പീനയെ പൊലീസ് പിടിച്ച വാര്‍ത്ത കേട്ട ഫെറാറ മേയര്‍ അലന്‍ ഫാബ്‌റി ചെയ്തത് ആ വൃദ്ധയെ അഭിനന്ദിക്കുകയായിരുന്നു. ലൈസന്‍സും ഇന്‍ഷ്വറന്‍സും ഇല്ലാതെ വണ്ടിയോടിച്ചത് തെറ്റ് തന്നെയാണെങ്കിലും ജീവിതത്തോടുള്ള ജൂസെപ്പീനയുടെ സമീപനമാണ് മേയറെ ആവേശഭരിതനാക്കിയത്. ഇത് എനിക്കെന്റെ വാര്‍ദ്ധക്യത്തെ കുറിച്ച് പ്രതീക്ഷകള്‍ നല്‍കുന്നു’ എന്നാണ് മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.