UPDATES

ഓഫ് ബീറ്റ്

കോയമ്പത്തൂര്‍ പൊലീസിനെ ഞെട്ടിച്ച ‘ സ്‌പൈഡര്‍മാന്‍’ കള്ളന്‍

ജോസ് ആലുക്കാസില്‍ നടന്ന മോഷണം

                       

കോയമ്പത്തൂര്‍ ജോസ് ആലുക്കാസ് ജ്വല്ലറിയില്‍ നടന്ന കൊള്ളയില്‍ മോഷണ മുതല്‍ പിടിച്ചെടുക്കാനായെങ്കിലും പൊലീസിനെ ഞെട്ടിച്ച് പ്രതി കടന്നു കളഞ്ഞു. മോഷണം നടത്താനും, പിന്നീട് പൊലീസില്‍ നിന്നു രക്ഷപ്പെടാനും പ്രതിയായ വിജയ് കുമാര്‍ കാണിച്ച അഭ്യാസങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നു കോയമ്പത്തൂര്‍ പൊലീസ് പറയുന്നു.

നവംബര്‍ 28 ചൊവ്വാഴച്ച പുലര്‍ച്ചെയാണ് ജ്വല്ലറിയില്‍ നിന്നും 150-200 പവനോളം ആഭരണങ്ങള്‍ മോഷണം പോകുന്നത്. രാവിലെ സ്ഥാപനം തുറന്ന സമയത്താണ് മോഷണം നടന്ന വിവരം അറിയുന്നത്. ജ്വല്ലറിയിലെ സുരക്ഷ ഉദ്യോഗസ്ഥരും 12 ജീവനക്കാരും ഉള്‍പ്പെടെ ജ്വല്ലറി കെട്ടിടത്തിന്റെ മുകളിലാണ് താമസിക്കുന്നത്. ഇവര്‍ അവിടെയുള്ള സമയം തന്നെയാണ് മോഷണം നടന്നതും. കോയമ്പത്തൂര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധിച്ചതില്‍ നിന്നും മുഖത്തും മാസ്‌കും കൈയുറകളും ധരിച്ചൊരാള്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ കിട്ടി. ഒറ്റയ്ക്കുള്ള മോഷണമാണ് നടത്തിയിരിക്കുന്നതെന്നും മനസിലായി.

ജ്വല്ലറിക്ക് ഉള്ളിലേക്ക് മോഷ്ടാവ് കയറിയിരിക്കുന്ന രീതിയായിരുന്നു പൊലീസിനെ ആദ്യം ഞെട്ടിച്ചത്. ജ്വല്ലറിയുടെ സൈഡ് ഭിത്തി തുരന്ന് ചെറിയ ദ്വാരമുണ്ടാക്കി ഇടുങ്ങിയ വഴിയിലൂടെ മൂന്നു നിലകള്‍ മുകളിലേക്ക് കയറി ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ മേല്‍ക്കൂര തകര്‍ത്ത് താഴെക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന് വസ്ത്രം മാറി തിടുക്കം കൂട്ടാതെ ആഭരണങ്ങള്‍ കൈക്കലാക്കി. അങ്ങനെ മൂന്നു കിലോയോളം സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞു.

വല്യ അഭ്യാസമൊക്കെ കാണിച്ചാണ് മോഷണം നടത്തിയതെങ്കിലും നിസ്സാരമായ കാര്യങ്ങളില്‍ പോലും ശ്രദ്ധ കാണിച്ചില്ല. പൊലീസിന് സഹാകരമായ തെളിവുകളൊക്കെയും പിന്നിലുപേക്ഷിച്ചായിരുന്നു കള്ളന്‍ പോയത്. പ്രധാനമായും സിസിടിവി ദൃശ്യങ്ങള്‍. ആ തെളിവ് വച്ചായിരുന്നു പ്രതിയാരാണെന്ന കാര്യം പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ആദ്യം അറസ്റ്റ് ചെയ്തത് പ്രതിയുടെ ഭാര്യയെ ആയിരുന്നു. അവരില്‍ നിന്നും വിവരങ്ങള്‍ കിട്ടി ബുധനാഴ്ച്ച രാത്രി പൊലീസ് പ്രതി ഒളിച്ചു പാര്‍ത്തിരുന്നിടത്ത് എത്തി. അവിടെ വച്ചാണ് പൊലീസ് വീണ്ടും ഞെട്ടിയത്. വളരെ അപകടകരമായൊരു നീക്കത്തില്‍ വിജയ കുമാര്‍ രക്ഷപ്പെട്ടു. 15 അടി ഉയരത്തിലുള്ള മേല്‍ക്കൂരയില്‍ ചാടിക്കയറിയാണ് പൊലീസിന്റെ കൈയില്‍ നിന്നും അത്ഭുതകരമായി അയാള്‍ രക്ഷപ്പെട്ടത്.

‘ഞങ്ങള്‍ ഇടപെട്ടത് ഒരു യഥാര്‍ത്ഥ സ്‌പൈഡര്‍മാനുമായിട്ടായിരുന്നു’ എന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി ചാന്ദീഷ് മാധ്യമങ്ങളോട് പറഞ്ഞത്. 24 വയസ് മാത്രമാണ് പൊലീസിനെ ഞെട്ടിച്ച കള്ളന്. ധര്‍മപുരി ജില്ലയിലെ ദേവറഡ്ഡിയൂരിന് സമീപമുള്ള ഹരൂര്‍ സ്വദേശിയാണ് ഇയാള്‍. നാല് മോഷണക്കേസുകള്‍ വിജയ്കുമാറിനെതിരേ നിലവില്‍ ഉണ്ടായിരുന്നു.

വിജയകുമാര്‍ ജ്വല്ലറിക്കുള്ളില്‍ കയറിയത് പുനരാവിഷ്‌കരിക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചിരുന്നു. അത്രയും അപകടം പിടിച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ പക്ഷേ ഭയപ്പെട്ടു. താഴെ വീഴുമോയെന്ന ആശങ്കയും വീണാലുണ്ടാകുന്ന അപകടവുമാണ് അവരെ പേടിപ്പിച്ചത്. പക്ഷേ, ഒരാശങ്കയും ഭയവുമില്ലാതെയായിരുന്നു വിജയകുമാര്‍ പ്ലാന്‍ നടത്തിയത്. അയാള്‍ അതൊക്കെ ചെയ്തതു ഒരു വേഷ്ടി(മുണ്ട്) ഉടുത്തുകൊണ്ടായിരുന്നുവെന്നതാണ് മറ്റൊരാശ്ചര്യം. ഒരു മുണ്ടുടുത്ത് മൂന്നു നിലകള്‍ വലിഞ്ഞുകയറുക! ലക്ഷ്യത്തിലെത്തി ജ്വല്ലറി മുറിയില്‍ കടന്നതിനു ശേഷമായിരുന്നു മുണ്ടില്‍ നിന്നും വേഷം ഒരു ട്രാക് സ്യൂട്ടിലേക്ക് മാറിയത്.

പ്രധാന റോഡില്‍ നിന്നും 100 മീറ്റര്‍ മാറിയായി സ്ഥിതി ചെയ്യുന്ന ജ്വല്ലറി കെട്ടടത്തില്‍ ചില പുതുക്കി പണിയലുകള്‍ നടക്കുന്നുണ്ടായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൊണ്ട് തന്നെ മോഷണം തടയുന്നതിനുള്ള അലാറം അന്നേ ദിവസം പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് 3.2 കിലോയോളം സ്വര്‍ണവും വജ്രവുമൊക്കെ കൈക്കലാക്കി കടന്നുകളയാന്‍ വിജയകുമാറിന് എളുപ്പമായി. പക്ഷേ, പൊലീസിന് വിജയകുമാറിലേക്ക് എത്താനുള്ള ഒരു കാരണവും അതു തന്നെയായിരുന്നു. ജ്വല്ലറിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയാവുന്നൊരാള്‍ തന്നെയാകണം മോഷണം നടത്തിയിരിക്കുന്നതെന്ന് പൊലീസ് അനുമനിച്ചു. അയാള്‍ ഒന്നുകില്‍ ഇതിനുള്ളില്‍ ജോലിയെടുക്കുന്നയാള്‍, അല്ലെങ്കില്‍ ഇക്കാര്യം മനസിലാക്കിയൊരാള്‍.

വിജയകുമാര്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം വേറൊന്നുണ്ട്. സ്വര്‍ണവും വജ്രവും കിട്ടിയ സന്തോഷത്തില്‍ ഊരിയിട്ടിരുന്ന ഷര്‍ട്ട് എടുക്കുന്നത് ആലോചിച്ചില്ല. പൊലീസിന് ഷര്‍ട്ട് കിട്ടി, പോക്കറ്റില്‍ നിന്നും പൊള്ളാച്ചി-കോയമ്പത്തൂര്‍ ബസ് ടിക്കറ്റും. മറ്റൊരു തെളിവ് കൂടി വിജയ് പൊലീസ് നല്‍കിയിരുന്നു. ഒരു സിസിടിവി കാമറയില്‍ അവശേഷിപ്പിച്ച വിരലടയാളം! സിസിടിവി കാമറ ഓഫാക്കാന്‍ വിഫലശ്രമം നടത്തി നോക്കിയതാകണം.

ബസ് ടിക്കറ്റും വിരലടയാളവും പൊലീസിന് കിട്ടിയ വലിയ തുമ്പുകളായിരുന്നു. പൊലീസ് പിന്നീട് അവരുടെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു (ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റം, ഇന്റര്‍ഓപെറബിള്‍ ക്രിമിനല്‍ ജസ്റ്റീസ് സിസ്റ്റം). ഏകദേശം 350 സിസിടിവികള്‍ പരിശോധിച്ചതില്‍ നിന്നും ജ്വല്ലറി മുതല്‍ കോയമ്പത്തൂര്‍ ബസ് സ്റ്റാന്‍ഡ് വരെയും അവിടെ നിന്നും ആനമലയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കുമുള്ള വിജയകുമാറിന്റെ നീക്കങ്ങള്‍ പൊലീസിന് മനസിലാക്കാന്‍ സാധിച്ചു.

വിജയകുമാര്‍ ആണ് മോഷ്ടാവ് എന്ന് തിരിച്ചറിഞ്ഞശേഷം പൊലീസ് നടത്തിയ തെരച്ചിലില്‍ മോഷ്ടിച്ച ആഭരണങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്നും പാലാകോടുള്ള ഒരു ബന്ധുവീട്ടില്‍ നിന്നും കണ്ടെടുത്തു. ആഭരണങ്ങള്‍ക്കൊപ്പം വിജയകുമാറിന്റെ ഭാര്യ നര്‍മദയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയകുമാര്‍ നടത്തിയ മോഷണത്തില്‍ നര്‍മദയ്ക്കും പ്രധാന പങ്കുണ്ടായിരുന്നു. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച്ച രേഖപ്പെടുത്തിയിരുന്നു.

ജ്വല്ലറിക്കുള്ളില്‍ കടക്കാന്‍ വിജയകുമാറിന് മറ്റൊരുടെയൊ സഹായം കൂടി കിട്ടിയിട്ടുണ്ടെന്ന് പൊലീസ് സംശയിച്ചു. അയാള്‍ മൂന്നാം നിലയിലേക്ക് എത്തിയത് കെട്ടിടത്തിന് ഇടയിലുള്ള ഇടുങ്ങിയ വഴിയും എലവേഷന്‍ പാനലും ഉപയോഗിച്ചായിരുന്നു. കെട്ടടത്തിന്റെ നിര്‍മാണ രൂപരേഖയെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഒരാള്‍ തീര്‍ച്ചയായും സഹായിച്ചിരിക്കാം” എന്നാണ് പൊലീസ് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ആനമലയിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് വിജയകുമാര്‍ ഒളിച്ചിരിക്കുന്നതെന്ന് മനസിലാക്കിയ പൊലീസ് അങ്ങോട്ട് പുറപ്പെട്ടു. കോയമ്പത്തൂര്‍ പൊലീസ് ബുധനാഴ്ച്ച രാത്രി സ്ഥലത്തെത്തുന്നതിന് തൊട്ടു മുമ്പായി വിജയകുമാര്‍ അവിടെ നിന്നും രക്ഷപ്പെട്ടു. വാസ്തവത്തില്‍ കോയമ്പത്തൂര്‍ പൊലീസ് വരുന്ന വിവരമറിഞ്ഞല്ല അയാള്‍ രക്ഷപ്പെട്ടത്. ഒരു ബൈക്ക് മോഷണ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പൊലീസ് സംഘം ഒരു മണിക്കൂര്‍ മുമ്പായി അവിടെയെത്തിയിരുന്നു. പൊലീസുകാര്‍ വീടിനുള്ളിലേക്ക് കയറിയ ഉടനെ 15 അടി ഉയരമുള്ള മേല്‍ക്കൂരയിലേക്ക് ചാടിക്കയറി മേല്‍ക്കൂരയിലെ ഓടിളക്കി അയാള്‍ ഇരുട്ടിലേക്ക് ഓടിമറയുകയായിരുന്നു.

കസ്റ്റഡിയിലുള്ള നര്‍മദയോട് ഭര്‍ത്താവിന്റെ അപകടകരമായ രക്ഷപ്പെടലിനെ കുറിച്ച് പൊലീസ് അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വന്ന പൊലീസാണെന്ന് അവന് മനസിലായിരുന്നെങ്കില്‍, അങ്ങനെയൊരു സാഹസം കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കില്ലെന്നായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍