UPDATES

സുപ്രിം കോടതിയെന്ന അവസാന പ്രതീക്ഷ

ഫാസിസത്തിന്റെ തടവറയില്‍ നിന്നും ജനാധിപത്യത്തെ സ്വതന്ത്രമാക്കുന്ന നീതിപീഠം

                       

ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവർക്കുള്ള സ്ഥാനം അഴിക്കുള്ളിലായിരിക്കുമെന്നത് പലപ്പോഴും ഓർമ്മപ്പെടുത്തലായിരുന്നു. ആ ഓർമ്മപ്പെടുത്തലിന്റെ കാഠിന്യം എത്രത്തോളമാണെന്ന് ഇന്ത്യ അറിഞ്ഞത് ഒരടിയന്തരാവസ്ഥ കാലത്താണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിശേഷിക്കപ്പെടുന്ന ഒരു കാലത്ത് നിയമങ്ങളും ജനാധിപത്യവും അട്ടിമറിയ്ക്കപ്പെടുമ്പോൾ ഇതൊരിക്കൽ കൂടി അന്വർത്ഥമായിരിക്കുകയാണ്. എന്നാൽ ഏറ്റവും അടിസ്ഥാനപരമായി ഭരണഘടനയുടെ മൂല്യങ്ങളെ അത്രയെളുപ്പത്തിൽ വാർത്തുടക്കാനാവില്ലെന്ന ഓർമ്മപ്പെടുത്തൽ നീതി ന്യായ വ്യവസ്ഥ ഉറപ്പിക്കുന്നിടത്താണ് ജനാധിപത്യം ആഘോഷിക്കപ്പെടുന്നത്. ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെയും, 21 മാസത്തോളം ജയിലിൽ കഴിഞ്ഞ കാശ്മീരി മാധ്യമപ്രവർത്തകൻ ഫഹദ് ഷായും നിയമവിരുദ്ധമായ തടങ്കലിൽ നിന്ന് മോചിക്കപെട്ടപ്പോഴും ആഘോഷിക്കപ്പെടുന്നത് ജനാധിപത്യമാണ്. ഇത്തരത്തിൽ നിശ്ശബ്ദരാക്കപ്പെടുകയും രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഇടപെടലിലൂടെ വിമുക്തരാക്കപ്പെട്ടവരും നിരവധിയാണ്. അതെ സമയം ഇനിയും അഴിക്കുള്ളിൽ തുടരുന്ന സഞ്ജീവ് ഭട്ടിനെയും, ഉമർ ഖാലിദിനെ പോലുള്ളവരും ജനതിപത്യത്തിന്റെ ആശങ്കയാണ്.  custody release

പ്രബീർ പുരകായസ്‌കത

2023 ഒക്ടോബർ മൂന്നിനാണ് ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെയും, എഴുത്തുകാരുടെയും വീടുകളിൽ മിന്നൽ പരിശോധന നടത്തുന്നത്. ഇതിനു പിന്നാലെ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുരകായസ്‌കതയെ അറസ്റ് ചെയ്യുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ തകർക്കാനായി പ്രബീർ പുരകായസ്‌കത ന്യൂസ് ക്ലിക്കിനായി ചൈനീസ് ഫണ്ട് വിനിയോഗിച്ചുവെന്ന ആരോപണത്തിൽ ഇദ്ദേഹത്തിനെതിരേ ഡൽഹി പോലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം എന്ന സംഘവുമായി ചേർന്ന് പ്രവർത്തിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് പോലീസ് ഫയൽ ചെയ്തിരുന്നത്.

custody release

8000 പേജ് വരുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം പോലീസിൽ സമർപ്പിച്ചത്. പോലീസ് എഫ് ഐ ആറിൽ അടങ്ങിയിരുന്നത് വിചിത്ര വാദങ്ങളായിരുന്നു. ലഷ്‌കർ ഭീകരർക്ക് ധനസഹായം നൽകി, ഡൽഹിയിലെ ഷഹീൻ ബാഗിലും ചാന്ദ് ബാഗിലും അക്രമത്തിന് പ്രേരിപ്പിച്ചത് മുതൽ രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിനിടെ മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് പണം വിതരണം ചെയ്തു എന്ന് വരെ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. ഈ ആരോപങ്ങൾ തള്ളിയ കോടതി ഡൽഹി പോലിസിനും കേന്ദ്ര സർക്കാരിനും കനത്ത തിരിച്ചടിയായി പ്രബീർ പുരകായസ്‌കതയെ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഇത് സ്വാഭാവിക നീതിയുടെ നിഷേധം, യുഎപിഎ കേസ് സാധുവല്ല, അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു.

ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഡൽഹി പോലിസ് നടത്തിയ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് കോടതി വിധി എന്നത് ശ്രദ്ധേയമാണ്. അറസ്റ്റിന് മുൻപ് അതിനുള്ള കാരണം പ്രബീർ പുരകായസ്തയോടോ അദ്ദേഹത്തിന്റെ അഭിഭാഷകനോടൊ വ്യക്തമാക്കിയില്ല. റിമാൻഡ് അപേക്ഷയുടെ പകർപ്പും നൽകിയില്ല. അതിനാൽ ഉടൻ തന്നെ ഇദ്ദേഹത്തെ മോചിപ്പിക്കണമെന്നായിരുന്നു ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ഫഹദ് ഷാ

തീവ്രവാദം പ്രചരിപ്പിച്ചുവെന്ന കേസിലായിരുന്നു പ്രമുഖ കാശ്മീരി മാധ്യമപ്രവർത്തകനെ 2022 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യുന്നത്. ‘ദി കശ്മീർ വാല’ എന്ന വെബ്സൈറ്റിന്റെ എഡിറ്റർ-ഇൻ-ചീഫ് ആയിരുന്ന ഫഹദ് ഷാ തൻ്റെ വെബ്‌സൈറ്റിലൂടെ തീവ്രവാദത്തെ മഹത്വവൽക്കരിച്ച് ലേഖനം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ന്യൂസ് മാഗസിനിൽ പുൽവാമ ഏറ്റുമുട്ടൽ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഷായെ തീവ്രവാദക്കുറ്റം ചുമത്തി ജമ്മുകശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്റ്റ് പ്രകാരം മാഗസിൻ നിരോധിക്കുകയും ചെയ്തിരുന്നു. 2021ൽ ഹ്യൂമൻ റൈറ്റ്‌സ് പ്രസ് അവാർഡ് നേടിയ അദ്ദേഹം പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിനെ കുറിച്ച് തെറ്റായി റിപ്പോർട്ട് ചെയതെന്നായിരുന്നു ആരോപണം. തീവ്രവാദത്തെ മഹത്വവത്കരിക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ആളുകളെ തീവ്രവാദപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് ആരോപിച്ചു. കേസിൽ രണ്ടു വർഷത്തോളമാണ് ഫഹദ് ഷാ ജയിലിൽ കഴിഞ്ഞത്.

custody release

എന്നാൽ നവംബർ 2023 ന് അദ്ദേഹം ജയിൽ മോചിതനായി. കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്നായിരുന്നു ജാമ്യം. ഷാക്കെതിരെ ചുമത്തിയിരുന്ന മൂന്ന് യുഎപിഎ കേസുകളിൽ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഷായുടെ തടങ്കൽ സർക്കാർ പിന്നെയും നീട്ടി. ഷായുടെ മോചനത്തിലെ അനിശ്ചിതത്വം ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു. കാശ്മീർ വാലയുടെ വെബ്‌സൈറ്റിനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെയുള്ള ഗവൺമെൻ്റിൻ്റെ ഏകപക്ഷീയമായ നിരോധനത്തിൽ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) ഏഷ്യാ ചാപ്റ്റർ അടക്കം ആശങ്ക പങ്കുവച്ചിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് 600 ദിവസത്തിനു ശേഷം നവംബറിൽ ഷാ ജയിലിൽ മോചിതനായി. ഷായ്‌ക്കെതിരെ ചുമത്തിയ കേസുകളിലെ തെളിവുകളുടെ അഭാവം കോടതി എടുത്തുകാട്ടിയിരുന്നു.ഭരണകൂടത്തിന്റെ അടിച്ചമർത്തലും, ഒടുവിൽ സുപ്രിം കോടതി ഷായ്ക്ക് നീതി ഉറപ്പാക്കിയതും മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ ചൂണ്ടികാണിക്കുന്നതിനൊപ്പം പ്രബീർ കേസിലെന്നതു പോലെ പ്രത്യാശ നൽകുന്നതായിരുന്നു.

അരവിന്ദ് കെജരിവാൾ

ലോകസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽകേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവമായിരുന്നു, ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രിയുടെ അറസ്റ്റ്. കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി തള്ളിയതിന് പിന്നാലെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തിയ ഇഡി, കെജരിവാളിനെ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു. മാർച്ച് 21 ന് അറസ്റ്റ് ചെയ്ത കെജരിവാളിനെ ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ‍ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ നടത്തിയ അറസ്റ്റ് എഎപി യെ ദുർബലപ്പെടുത്താനുള്ള നീക്കമാണെന്ന് പല കോണിൽ നിന്ന് വിമർശനം ഉയർന്നു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദ്യ ഉൾപ്പെടെ അറസ്റ്റിലായ കേസിൽ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജരിവാൾ ആണെന്നു സത്യവാങ്മൂലത്തിൽ ഇഡി ആരോപിച്ചിരുന്നു.

custody release

ഡൽഹി പ്രതിഷേധങ്ങളുടെ നാടുവിലായെങ്കിലും മദ്യനയവുമായി ബന്ധപ്പെട്ട് കെജരിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും ചൂണ്ടികാണിച്ച് റോസ് അവന്യൂ കോടതി 14 ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. മുഖ്യമന്ത്രി അറസ്റ്റിലായതോടെ രാജ്യ തലസ്ഥാനത്തിന്റെ ആഭ്യന്തര കാര്യത്തെ സംബന്ധിച്ച് ആശങ്കകൾ ഉയർന്നതോടെ അദ്ദേഹം ജയിലിലിരുന്ന് ഭരിക്കുമെന്ന് ആം ആദ്മി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യം കോടതി അംഗീകരിച്ചു. ഹർജി തള്ളണമെന്ന് വാദത്തിൽ ഉറച്ചു നിന്ന ഇഡിക്ക് തിരിച്ചടിയായാണ് കോടതി കർശന നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നരവർഷത്തോളം സ്വാതന്ത്രനായിരുന്ന കെജരിവാൾ തെരഞ്ഞെടുപ്പു പ്രചരണത്തിനായി 21 ദിവസം പുറത്തിറങ്ങിയാൽ എന്ത് വ്യത്യസമുണ്ടാകുമെന്ന കോടതിയുടെ ചോദ്യത്തിന് ഇഡിയുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല.

ഗൗതം നവ്‌ലാഖ

2020 ലാണ് പുനെ ജില്ലയിലെ ഭീമാ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് ഗൗതം നവ്‌ലാഖ അറസ്റ്റിലാകുന്നത്. മനുഷ്യാവകാശ പ്രവർത്തകനും പത്രപ്രവർത്തകനുമായ അദ്ദേഹം കശ്മീരിലെ സൈന്യത്തിൻ്റെയും ഭരണകൂട അതിക്രമങ്ങളുടെയും വിമർശകനാണ്. 2017 ഡിസംബർ 31 ന് പൂനെയിൽ നടന്ന എൽഗർ പരിഷത്ത് സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചാണ് ദേശീയ അന്വേഷണ എൻഐഎ നവ്‌ലാഖയെയും മറ്റ് ആക്ടിവിസ്റ്റുകൾ, അഭിഭാഷകർ, കവികൾ, പണ്ഡിതർ എന്നിവരെയും അറസ്റ്റ് ചെയ്യുന്നത്. 2020 ൽ അറസ്റ്റ് ചെയ്‌തെങ്കിലും ശാരീരിക അസ്വാസ്ഥ്യം പരിഗണിച്ച് 2022ൽ സുപ്രീം കോടതി ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലാക്കി.

custody release

2023 ഡിസംബറിൽ ഹൈക്കോടതി നവ്‌ലാഖക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യത്തിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ എൻഐഎ സമയം ചോദിച്ചതോടെ ജാമ്യവിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നവ്‌ലാഖ നാല് വർഷത്തിലേറെയായി കസ്റ്റഡിയിൽ തുടരുകയായിരുന്നു. കേസിൽ 370 ഓളം സാക്ഷികളെയും വിസ്തരിച്ചിരുന്നു. 2024 മെയ് 14 ന് കേസിൽ അന്നത്തെ ഹൈക്കോടതിയുടെ പ്രഥമദൃഷ്ട്യാ ഉത്തരവ് ശരി വച്ചു കൊണ്ട് സുപ്രീം കോടതി ഗൗതം നവ്‌ലാഖക്ക് ജാമ്യം അനുവദിച്ചു. നവ്‌ലാഖ ഭീകരപ്രവർത്തനം ചെയ്തു എന്നതിന് തെളിവില്ല എന്നായിരുന്നു ജാമ്യം പുറപ്പെടുവിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ സുപ്രധാന നിരീക്ഷണം.

ടീസ്റ്റ സെതൽവാദ്

ഗുജറാത്ത് കലാപത്തിലെ ഇരകൾക്കുവേണ്ടി ദീർഘകാലമായി പോരട്ടം നടത്തിയിരുന്ന സാമൂഹിക പ്രവർത്തകയാണ് ടീസ്റ്റ. പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ  ടീസ്റ്റ സെതൽവാദ് ഗുജറാത്ത് കലാപത്തെ തുടർന്ന് 2002ൽ സ്ഥാപിതമായ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയുടെ സ്ഥാപകയും, സെക്രട്ടറിയുമാണ്. ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് നിയമ സഹായങ്ങൾ നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. സമർദ്ദങ്ങൾക്ക് മുകളിൽ നിന്ന് അന്ന് ഗുജറാത്തിന്റെ മുഖ്യമന്ത്രിയും, നിലവിൽ പ്രധാനമന്ത്രിയുമായ മോദിക്കെതിരെ നടത്തിയ പോരാട്ടങ്ങൾ അതി പ്രസിദ്ധമാണ്. ഒരു ഘട്ടത്തിൽ മോദി അമിത് ഷാ സംഘം ഏറ്റവും കൂടുതൽ ഭയക്കുയന്ന പെൺകരുത്തെന്ന വ്യാഖ്യാനമായിരുന്നു ടീസ്റ്റ സെതൽവാദ്. ഗുജറാത്ത് കലാപങ്ങളുടെ പിന്നാമ്പുറങ്ങളെ കുറിച്ചുള്ള ടീസ്റ്റയുടെ തുറന്നെഴുത്തും ബാബറി പള്ളി തകർക്കലും മുംബൈ സ്‌ഫോടനത്തിലെയും നിലപാടുകളും ഭരണകൂടത്തെ വെറിളിപിടിപ്പിച്ചിരുന്നു.

custody release

എന്നാൽ 2022 ലും 2023 ലും ടീസ്റ്റ അറസ്റ്റ് ചെയ്യപ്പെട്ടു. 2022 ൽ കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് കേസിൽ മലയാളിയായ ഗുജറാത്ത് മുൻ ‍ഡിജിപി ആർ ബി ശ്രീകുമാറിനൊപ്പമാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്യുന്നത്. ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സഞ്ജീവ് ഭട്ട് ജാമ്യം പോലും നിഷേധിക്കപ്പെട്ട് ഇപ്പോഴും ജയിലിലാണ്. 2022 ജൂലൈ 30 ന് അഹമ്മാബാദ് സെക്ഷൻ കോടതി ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും ജ്യാമാപേക്ഷ തള്ളി. പിന്നാലെ ഹൈക്കോടതിയും. ഇതിനെതിരേ ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചതോടെ, 2022 സെപ്തംബറിൽ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 2023 ജൂലൈ ആദ്യം സ്ഥിരം ജാമ്യം അനുവദിക്കണമെന്നാവശ്യവുമായി ടീസ്റ്റ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ വിധി പ്രതികൂലമായിരുന്നു. ഇടക്കാലം ജാമ്യം റദ്ദാക്കിക്കൊണ്ട് എത്രയും വേഗം കീഴടങ്ങാനായിരുന്നു കോടതി നിർദ്ദേശിച്ചത്. ഒടുവിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുകയിരുന്നു ടീസ്റ്റ. കുറ്റപത്രം സമർപ്പിച്ച കേസിൽ  എന്തിനാണ് ടീസ്റ്റയെ ഇനിയും കസ്റ്റഡിയിൽ വയ്ക്കുന്നതെന്ന ചോദ്യം ഉന്നയിച്ച കോടതി ടീസ്റ്റയ്ക്ക് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രിം കോടതി ഉത്തരവിട്ടു. ഗുജറാത്ത് ഹൈക്കോടതിക്കെതിരേ വിമർശനങ്ങൾ ഉയർത്തിയ സുപ്രീം കോടതി, ആ വിധിയിൽ പരസ്പര വിരുദ്ധമായ പരാമർശങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

സായി ബാബ

പത്തുശതമാനം മാത്രം ചലനശേഷിയുള്ളൊരു മനുഷ്യനെ മാവോവാദി ബന്ധം ആരോപിച്ച് തടവറയിലടച്ചത് ഒരു പതിറ്റാണ്ടോളമായിരുന്നു. 2017 മാർച്ചിൽ, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ല സെഷൻസ് കോടതിയാണ് മാവോവാദി ബന്ധം ആരോപിച്ച് പ്രൊഫ ജിഎൻ സായിബാബയെ ശിക്ഷിക്കുന്നത്. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ, 2014-ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. പ്രതികൾ മാവോയിസ്റ്റ് ഗ്രൂപ്പിനു വേണ്ടി ആർഡിഎഫ് പോലുള്ള മുന്നണി സംഘടനകൾ വഴി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ഗഡ്ചിറോളിയിൽ ജിഎൻ സായിബാബയുടെ നിർദേശപ്രകാരം പിടിച്ചെടുത്ത ലഘുലേഖകളും ദേശവിരുദ്ധമെന്ന് കരുതുന്ന ഇലക്ട്രോണിക് സാമഗ്രികളും ഉൾപ്പെടെയുള്ള തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചത്. അബുസ്മദ് വനമേഖലയിൽ നക്സലൈറ്റുകൾക്ക് അഭയം നൽകാൻ ഉദ്ദേശിച്ചുള്ള 16 ജി ബി മെമ്മറി കാർഡ് സായിബാബ കൈമാറിയതായും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

custody release

2022 ഒക്ടോബറിൽ സായിബാബയെ ബോംബെ കോടതി കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയിരുന്നു. എന്നാൽ, കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ അപ്പീൽ നൽകിയതിനെത്തുടർന്ന് സുപ്രിം കോടതി പിന്നീട് ഈ തീരുമാനം റദ്ദാക്കി. കേസ് വീണ്ടും പുനഃപരിശോധിക്കാൻ ബോംബെ ഹൈക്കോടതിയോട് സുപ്രിം കോടതി നിർദേശിച്ചു. സുപ്രിം കോടതിയുടെ നിർദ്ദേശ പ്രകാരം കേസിൽ 2024 മാർച്ച് അഞ്ചിന് വാദം കേട്ട ഡിവിഷൻ ബെഞ്ച് സായിബാബയെയും, അദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്ത ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി ഹേം മിശ്ര, മാധ്യമപ്രവർത്തകൻ പ്രശാന്ത് സാംഗ്ലിക്കർ, മഹേഷ് ടിർക്കി, പാണ്ഡു നരോതെ എന്നിവരെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചിരുന്നു.

അഖിൽ ഗൊഗോയ്

2019 ഡിസംബറിലെപൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധത്തിനിടെയാണ് അഖിൽ ഗൊഗോയ് അറസ്റ്റിലാവുന്നത്. അസമിലെ വിവരാവകാശ പ്രവർത്തകനും, കർഷകരുടെയും തദ്ദേശീയ സമൂഹങ്ങളുടെയും അവകാശങ്ങൾക്കായി വാദിക്കുന്ന കൃഷക് മുക്തി സംഗ്രാം സമിതിയുടെ (കെഎംഎസ്എസ്) നേതാവുമാണ് അദ്ദേഹം. ഗൊഗോയിയുടെ അറസ്റ്റ് വലിയ പ്രതിഷേധങ്ങൾക്ക് വഴി വയ്ച്ചിരുന്നു. കേന്ദ്ര സർക്കാർ നയങ്ങളോടുള്ള അദ്ദേഹത്തിൻ്റെ ശക്തമായ വിയോജിപ്പാണ് അറസ്റ്റിന് പിന്നിലെന്ന് അനുയായികൾ ആരോപിച്ചിരുന്നു.

custody release

സർക്കാരിനോടുള്ള എതിർപ്പുകളെ നിശബ്ദമാക്കാനും, പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളെ അടിച്ചമർത്താനുമുള്ള ശ്രമമായാണ് അദ്ദേഹത്തിന്റെ അറസ്റ്റ് വ്യാഖ്യാനിക്കപ്പെട്ടത്. ഒരു വർഷത്തിലധികം അദ്ദേഹം കസ്റ്റഡിയിൽ തുടർന്നിരുന്നു. 2020 ഒക്ടോബറിൽ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായോ നിരോധിതവുമായി ബന്ധമുണ്ടെന്നോ സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. തീവ്രവാദ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗത്തിലൂടെ വിമർശനങ്ങളോടുള്ള അസഹിഷ്ണുത സർക്കാർ പ്രകടിപ്പിക്കുന്നുവന്ന ആശങ്ക ഈ കേസിലൂടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.

English summary; The activists and journalists released from custody

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍