UPDATES

ഉത്തരകാലം

മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് കാര്യങ്ങള്‍ ശുഭസൂചകമല്ല, രാജസ്ഥാനിലും മധ്യപ്രദേശിലും പ്രതീക്ഷ കൈവിടാതെ പ്രതിപക്ഷം

രാജ്യം ഏറ്റവും പ്രാധാന്യത്തോടെ ഈ തിരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്ന 48 സീറ്റുകളാണ് മഹാരാഷ്ട്രയിലേത്

                       

ആദ്യഘട്ട വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. രാജ്യം ഏറ്റവും പ്രാധാന്യത്തോടെ ഈ തിരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്ന 48 സീറ്റുകളാണ് മഹാരാഷ്ട്രയിലേത്. കഴിഞ്ഞ രണ്ട് ലോകസഭ തിരഞ്ഞെടുപ്പുകളില്‍ ശിവസേന-ബിജെപി സഖ്യം മഹാരാഷ്ട്ര തൂത്തുവാരുകയായിരുന്നു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയ എന്‍.ഡി.എ സഖ്യം 43 സീറ്റുകളും നേടി. ശേഷിച്ച അഞ്ച് സീറ്റുകളില്‍ നാല് എന്‍.സി.പിക്കും ഒന്ന് കോണ്‍ഗ്രസിനും ലഭിച്ചു. എന്നാല്‍ എന്‍.സി.പിയിലും ശിവസേനയിലുമുണ്ടായ പിളര്‍പ്പ് ഈ ലോകസഭ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നും അത് എന്‍.ഡി.എ സഖ്യത്തിന് അത്ര ശുഭകരമായ രീതിയില്‍ ആയിരിക്കില്ല എന്നുമാണ് പ്രാഥമിക സൂചനകള്‍.

ശിവസേന ഉദ്ദവ് താക്കറെ പക്ഷം (21 സീറ്റ്), കോണ്‍ഗ്രസ് (17 സീറ്റ്), എന്‍.സി.പി ശരത് പവാര്‍ പക്ഷം (10 സീറ്റ്) എന്നിവരാണ് ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം. എന്‍.ഡി.എയിലാകട്ടെ ബി.ജെ.പിക്ക് പുറമേ ശിവസേനയുടെ ലോകനാഥ് ഷിന്‍ഡേ വിഭാഗവും എന്‍.സി.പി അജിത് പവാര്‍ വിഭാഗവും രാഷ്ട്രീയ സമാജ് പക്ഷ എന്ന പാര്‍ട്ടിയും അണിനിരക്കുന്നു. രാമക്ഷേത്രമോ ദേശീയ പ്രശ്‌നങ്ങളോ അല്ല, കര്‍ഷക സമരവും കര്‍ഷക ആത്മഹത്യയും മറാത്ത രാഷ്ട്രീയവും അഴിമതിയും വിലക്കയറ്റവുമാണ്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായി ഇന്ത്യ സഖ്യത്തിന് ധാരണയുമുണ്ട്.

ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂര്‍, ചന്ദ്രപൂര്‍, രാംടേക്, ഗഡ്ചറോളി, ഭണ്ഡാര-ഗോണ്ടിയ സീറ്റുകളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടന്നത്. വിദര്‍ഭ മേഖലയില്‍ പെടുന്ന ഈ മണ്ഡലങ്ങളില്‍ സ്വഭാവികമായും കാര്‍ഷിക പ്രശ്‌നങ്ങളായിരുന്നു വലിയ ചര്‍ച്ച വിഷയം. 2019-ല്‍ ചന്ദ്രപൂര്‍ ഒഴികെയുള്ള നാല് സീറ്റുകളും ബി.ജെ.പി- സേന സഖ്യം വിജയിച്ചതാണ്. ചന്ദ്രപൂരായിരുന്നു കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് വിജയിച്ച ഏകസീറ്റ്. നാഗ്പൂരില്‍ വീണ്ടും ജനവിധി നേടുന്ന ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിയാണ് മഹാരാഷ്ട്രയിലെ പ്രമുഖന്‍. മുന്‍ നാഗ്പൂര്‍ മേയറും എം.എല്‍.എമായുമായ വികാസ് താക്കറെയാണ് കോണ്‍ഗ്രസിന് വേണ്ടി നിതിന്‍ ഗഡ്കരിയെ നേരിട്ടത്.

ചന്ദ്രപൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഭ ധനോര്‍കറും സംസ്ഥാന വനം മന്ത്രിയായ സുധീര്‍ മുംഗണ്ഡിവാറും തമ്മിലായിരുന്നു മത്സരം. സിറ്റിങ് എം.പിയായ സുരേഷ് ധനോര്‍ക്കറുടെ മരണത്തെ തുടര്‍ന്നാണ് ഭാര്യ പ്രതിഭ ധനോര്‍കര്‍ സ്ഥാനാര്‍ത്ഥിയായത്. ഗഡചറോളി, ഗോണ്ടിയ മണ്ഡലങ്ങള്‍ രാജ്യത്തെ നക്‌സല്‍ ബാധിത മേഖലയായി അറിയപ്പെടുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. കോണ്‍ഗ്രസ് ഏകനാഥ് ഷിന്‍ഡേ ശിവസേന വിഭാഗത്തിനെ നേരിടുന്ന രാംടേക് മണ്ഡലമാകട്ടെ മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മണ്ഡലമെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ച പ്രദേശമാണ്.

രാജസ്ഥാന്‍

രാജസ്ഥാനിലെ 25 ലോകസഭ സീറ്റുകളില്‍ 12 എണ്ണത്തിലാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ചുരു, ജുന്‍ജുനു, നാഗൂര്‍, ബിക്കാനീര്‍, സീക്കര്‍, ജയ്പൂര്‍ റൂറല്‍, ജയ്പൂര്‍, ആല്‍വാര്‍, ഭരത്പൂര്‍, കരൗളി-ഡോല്‍പൂര്‍, ദൗസ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞത്. കഴിഞ്ഞ രണ്ട് ലോകസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മുഴുവന്‍ സീറ്റുകളും എന്‍.ഡി.എയാണ് നേടിയത്. കഴിഞ്ഞ തവണ 24 സീറ്റുകള്‍ ബി.ജെ.പിക്കും ഒരു സീറ്റ് സഖ്യകക്ഷിയായ രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടിക്കുമായിരുന്നു. 2020-ല്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് എന്‍.ഡി.യില്‍ നിന്ന് ജാട്ട് പാര്‍ട്ടിയായ ആര്‍.എല്‍.പി പടിയിറങ്ങി. ആര്‍.എല്‍.പിയും സി.പി.ഐ.എമ്മും ഭാരത് ആദിവാസി പാര്‍ട്ടിയും അടങ്ങുന്ന ഇന്ത്യ മുന്നണിക്കാണ് കോണ്‍ഗ്രസ് ഇത്തവണ നേതൃത്വം നല്‍കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായി മാറിയ സീറ്റ് സീക്കറാണ്. കര്‍ഷക പ്രക്ഷോഭങ്ങളിലെ നയിച്ചിരുന്ന സി.പി.ഐ.എം നേതാവ് അമ്രാറാമായിരുന്നു ഇവിടെ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി. രണ്ട് വട്ടം എം.എല്‍.എ ആയിരുന്ന ആമ്രാറാം ശെഖാവട്ടി മേഖലയിലെ ഏറ്റവും ജനപ്രിയരായ നേതാക്കളിലൊരാളാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദസ്‌തോരയുടെ ജില്ല കൂടിയാണ് സീക്കര്‍. ഈ ലോകസഭ സീറ്റിലെ എട്ട് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചിലും കോണ്‍ഗ്രസാണ് വിജയിച്ചത്. നിലവിലുള്ള എം.പിയായ ബി.ജെ.പിയുടെ സുമേദനാഥ് സരസ്വതിയാണ് എതിരാളി. അതേ പോലെ തന്നെ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമാണ് നാഗൂറിലേയും. കഴിഞ്ഞ തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍.എല്‍.ഡി സ്ഥാപകന്‍ ഹനുമാന്‍ ബേനിവാള്‍ ഇത്തവണ ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാണ്. ബേനിവാളിന്റെ എതിരാളിയാകട്ടെ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബേനിവാളിനോട് പരാജയപ്പെട്ട മുന്‍ എം.പി ജ്യോതി മിര്‍ധയുമാണ്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജ്യോതി മിര്‍ധ ബി.ജെ.പിയിലേയ്ക്ക് ചേക്കേറിയത്. ബിക്കാനീര്‍ ലോകസഭ സീറ്റില്‍ കേന്ദ്ര മന്ത്രി അര്‍ജുന്‍ രാം മേഘ്വാളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. 2009- മുതല്‍ ബിക്കാനീറിന്റെ പ്രതിനിധിയാണ് മേഘ്വാള്‍.

നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, യോഗി ആദിത്യനാഥ് തുടങ്ങി ബി.ജെ.പിയുടെ താരപ്രചാരകരെല്ലാം വലിയ പ്രചരണമാണ് ഈ മേഖലയില്‍ നടത്തിയത്. ദേശീയ ഭരണം മോദി പ്രതിച്ഛായയും ഉജ്ജ്വല തുടങ്ങിയ കേന്ദ്ര പദ്ധതികളുമാണ് ബി.ജെ.പിയുടെ പ്രചരണത്തിന്റെ കാതല്‍. എന്നാല്‍ കാര്‍ഷിക പ്രശ്‌നങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. കിഴക്കന്‍ രാജസ്ഥാനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവിട്ട് പോയ ഗുജ്ജര്‍ വോട്ടുകള്‍ ഇത്തവണ തിരിച്ച് കിട്ടുമെന്നും ശെഖാവട്ടി മേഖലയില്‍ ജാട്ട് വോട്ടുകള്‍ കൂടെ നില്‍ക്കുമെന്നും അവര്‍ കരുതുന്നു. ഭരത് പൂര്‍, ധോല്‍ പൂര്‍ ജില്ലകളില്‍ ഈയിടെ നടന്ന ജാട്ട് സമരങ്ങളും കര്‍ഷക സമരത്തിന്റെ ഇപ്പോഴുമുള്ള അലയൊലികളും ബി.ജെ.പിക്ക് എതിരാകുമെന്നാണ് അവരുടെ പ്രതീക്ഷ. രാഹുലും പ്രിയങ്കയുമടങ്ങിയ നേതൃ നിര കോണ്‍ഗ്രസിന് വേണ്ടിയും പ്രചാരണത്തിന് എത്തിയിരുന്നു.

മധ്യപ്രദേശ്

മധ്യപ്രദേശിലെ 29 ലോകസഭ സീറ്റുകളില്‍ മഹാകോശല്‍, വിന്ധ്യ പ്രദേശങ്ങളിലെ ആറ് സീറ്റുകളിലേയ്ക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. സിന്ധി, ഷാഡോള്‍, ജബല്‍പൂര്‍, മാണ്ട്‌ല, ബലാഗഢ്, ചിന്ത്വാഡ. അതില്‍ ഏറ്റവും പ്രധാനം ചിന്ത്വാഡയാണ്. അവിടെ മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകനും സിറ്റിങ് എം.പിയുമായ നകുല്‍ നാഥാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ബി.ജെ.പിയുടെ വിവേക് ബണ്ടി സാഹുവാണ് എതിര്‍ സ്ഥാനാര്‍ത്ഥി. 2019-ല്‍ മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് ജയിച്ച ഏക മണ്ഡലമാണ് ചിന്ത്വാഡ. മാണ്ട്‌ല മണ്ഡലത്തില്‍ നിന്ന് കേന്ദ്ര സഹമന്ത്രിയായ ഫഗ്ഗന്‍സിങ്ങ് കുലസ്‌തേയാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നിവാസ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട കുലസ്‌തേക്ക് ലോകസഭയിലേയക്ക് വീണ്ടും ടിക്കറ്റ് നല്‍കിയിരിക്കുകയാണ് ബി.ജെ.പി.

English Summary- India national election 2024 NDA and INDIA Bloc’s chances in Maharashtra, Rajasthan, Madhya Pradesh

Share on

മറ്റുവാര്‍ത്തകള്‍