UPDATES

ഗാബോ പറഞ്ഞ ചില കാര്യങ്ങള്‍

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ നോവലിസ്റ്റ് മാര്‍ക്വേസിനെ കുറിച്ച്

                       

ജീവിച്ചിരുന്നുവെങ്കില്‍ മാര്‍ക്വേസിന് ഇന്ന് 97 ആം ജന്മദിനം.

ഗാബോയ്ക്ക് പാരീസിലും ബാഴ്‌സിലോണയിലും കൊളംബിയയിലും മെക്‌സിക്കോ സിറ്റിയിലും വീടുകളുണ്ട്; ഇടയ്ക്ക് ഹവാനായിലും താമസിച്ചിരുന്നു. 1988-ല്‍ എപ്പോഴോ ”കോളറക്കാലത്തെ പ്രണയം” പ്രസിദ്ധീകരിക്കുന്നതിനുതൊട്ടു മുമ്പ് അമേരിക്കയില്‍ വച്ച് ഒരു പത്രപ്രവര്‍ത്തകന്‍ എവിടെയാണ് താമസമെന്ന് ചോദിച്ചു; ഗാബോ മറുപടി പറഞ്ഞു: ”എന്റെ ഫോണോഗ്രാഫ് റെക്കോര്‍ഡുകള്‍ എവിടെയാണോ അവിടെയാണ് ഞാന്‍.” നമ്മുടെ കാലത്തെ ഏറ്റവും വലിയ എഴുത്തുകാരന്‍ തന്റെ അവസാനശ്വാസം വരെ ജീവിച്ചത് മെക്‌സിക്കോ സിറ്റിയിലായിരുന്നു. 87 ആം വയസിലാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് അന്തരിക്കുന്നത്.

സ്പാനിഷ് ഭാഷയില്‍ ബൈബിളിനേക്കാള്‍ കൂടുതല്‍ വിറ്റഴിയപ്പെട്ട നോവലുകള്‍ എഴുതിയ ഒരു മനുഷ്യന്‍. അദ്ദേഹത്തിന്റെ 1967-ല്‍ പുറത്തുവന്ന നോവലായ ”ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍” ഇരുപത്തിയഞ്ച് ഭാഷകളിലായി അഞ്ചുകോടി കോപ്പികള്‍ വിറ്റുകഴിഞ്ഞു. ഇതില്‍ മലയാളവും ഉള്‍പ്പെടുമെന്ന് കരുതാം. മലയാളത്തിലെ ഏറ്റവും പ്രശസ്തനായ നോവലിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ് ഗാബോ.

അദ്ദേഹത്തിന്റെ കലയെ വിലയിരുത്താന്‍ ശ്രമിക്കുന്നതും മണ്ടത്തരമായിരിക്കും. ലോകസാഹിത്യത്തില്‍ ഷേക്‌സ്പിയറിനും മാര്‍ക്ക് ട്വെയിനും ചാള്‍സ് ഡിക്കന്‍സിനും ടോള്‍സ്റ്റോയിക്കും ഒപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം. കഴിഞ്ഞ ദാശാബ്ദങ്ങളിലെ എല്ലാ സാഹിത്യവിദ്യാര്‍ഥികളും അദ്ദേഹത്തിന്റെ കൃതികള്‍ പഠിച്ചിട്ടുണ്ട്, ഓരോ സാഹിത്യവിമര്‍ശകനും അദ്ദേഹത്തിന്റെ വാക്കുകളെ വിശകലനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ കൃതികളിലെ വിഷാദവും ഭാഷയുടെ ആകര്‍ഷണീയതയും മാജിക്കല്‍ റിയലിസത്തിലെ യാഥാര്‍ഥ്യങ്ങളും മികച്ച രീതിയില്‍ വിലയിരുത്താനുള്ള കഴിവ് നമുക്കുണ്ടായേക്കില്ല. ഏകാന്തതയുടെ നൂറുവര്‍ഷത്തിലെ ആദ്യവരി- ‘Many years later, as he faced the firing squad, Colonel Aureliano Buendia was to remember that distant afternoon when his father took him to discover ice’- ഇത് സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ആദ്യ വരികളിലൊന്നാണ്.

എന്നാല്‍ ഗാബോയെ മനസിലാക്കാനും അദ്ദേഹത്തിന്റെ ജീവിതത്തോടും എഴുത്തിനോടുമുള്ള സമീപനത്തെ മനസിലാക്കാനും നമുക്ക് ചില ഓര്‍മ പുതുക്കലുകളാവാം.

മാജിക്കല്‍ റിയലിസത്തിന്റെ മാസ്മരികതയില്‍ കുടുങ്ങിപ്പോയ ഒരു എഴുത്തുകാരന്‍ മാത്രമല്ല, മികച്ച ഒരു പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. നോര്‍മന്‍ മെയ്‌ലറോടൊപ്പം സാഹിത്യഭംഗിയുള്ള, നോണ്‍-ഫിക്ഷന്‍ എഴുത്തുള്ള, ”പുതു-പത്രപ്രവര്‍ത്തനം” തുടങ്ങിവെച്ചതും അദ്ദേഹമാണ്. പുതു-പത്രപ്രവര്‍ത്തനത്തില്‍ വലിയ വാക്കുകളും അര്‍ത്ഥമില്ലാതെ ചുറ്റിവളയുന്ന വാചകങ്ങളുമില്ല, വായനക്കാരനെ എഴുത്തും വിവരണങ്ങളും കൊണ്ട് ഒരു കഥയിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടുപോകുന്ന തരം എഴുത്താണുള്ളത്. ഷക്കീരയുടേത് മുതല്‍ ഹ്യൂഗോ ഷാവേസിന്റെ വരെ പ്രൊഫൈലുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ”കപ്പല്‍ച്ചേതം വന്ന നാവികന്റെ” കഥ മുതല്‍ ”തട്ടിക്കൊണ്ടുപോകലിന്റെ വാര്‍ത്ത” വരെ അദ്ദേഹം എഴുതിയിട്ടുണ്ട്. ഏതുഭാഷയിലും എഴുതപ്പെട്ടതില്‍ വെച്ച് ഏറ്റവും മികച്ച പത്രപ്രവര്‍ത്തന എഴുത്തിന്റെയൊപ്പമാണ് ഇവ ഉള്‍പ്പെടുക. ഗാബോയുടെ കഴിവിനൊപ്പം നില്‍ക്കാന്‍ നമുക്ക് സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തിന്റെ തന്നെ എക്കാലത്തെയും മികച്ച ചില വരികള്‍ കുറിക്കട്ടെ.

ഒരു ദിവസം എത്ര എഴുതും: ”നന്നായി ജോലിചെയ്യാന്‍ കഴിയുന്ന ഒരു ദിവസം രാവിലെ ഒന്‍പതുമണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടോ മൂന്നോ മണിവരെ ഇരുന്നാല്‍ എനിക്ക് നാലോ അഞ്ചോ വരികളുള്ള ഒരു പാരഗ്രാഫ് എഴുതാനാകും, അത് തന്നെ ഞാന്‍ പിറ്റേദിവസം കീറിക്കളയും.”

യുവ എഴുത്തുകാര്‍ക്കുള്ള ഉപദേശം: ”ഏതെങ്കിലും ഒരു യുവ എഴുത്തുകാരന് ഉപദേശം നല്‍കണമെങ്കില്‍ ഞാന്‍ പറയും നിങ്ങള്‍ അനുഭവിച്ച എന്തിനെയെങ്കിലും പറ്റി എഴുതൂ എന്ന്. ഒരു എഴുത്തുകാരന്‍ തനിക്ക് സംഭവിച്ച ഒന്നിനെപ്പറ്റി എഴുതുന്നതും ആരെങ്കിലും പറഞ്ഞുകേട്ട എന്തിനെയെങ്കിലും പറ്റി എഴുതുന്നതും കണ്ടാല്‍ അറിയാം. പാബ്ലോ നെരൂദയുടെ ഒരു കവിതയില്‍ ഒരു വരിയുണ്ട് ”ദൈവമേ ഞാന്‍ പാടുമ്പോള്‍ പുതിയ വരികള്‍ കണ്ടെത്തുന്നതില്‍ നിന്നും എന്നെ സഹായിക്കണമേ എന്ന്.” എന്റെ കൃതികള്‍ക്ക് ഏറ്റവുമധികം പ്രശംസ കിട്ടുന്നത് എന്റെ സങ്കല്‍പ്പത്തിനാണ്, എന്നാല്‍ എന്റെ കൃതികളില്‍ യാഥാര്‍ത്യവുമായി ബന്ധമില്ലാത്ത ഒരു വരി പോലുമില്ലെന്നതാണ് സത്യം. കരീബിയന്‍ യാഥാര്‍ത്ഥ്യം വന്യമായ സങ്കല്പം പോലെയാണ് എന്നതാണ് പ്രശ്‌നം.”

എഴുത്തിനെ സഹായിക്കുന്ന ലഹരികളെപ്പറ്റി: അസാമാന്യമായ അച്ചടക്കമില്ലെങ്കില്‍ ഒരു പുസ്തകമെഴുതാനാകുമെന്ന് എനിക്ക് തോന്നുന്നില്ല… എഴുത്ത് ബോക്‌സിംഗ് പോലെയാണെന്ന് ഹെമിംഗ് വേ പറഞ്ഞത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. സ്വന്തം ആരോഗ്യം നന്നായി പരിപാലിച്ചിരുന്നയാളാണ് ഹെമിംഗ് വേ. ഫോക്‌നര്‍ക്ക് ഒരു മദ്യപാനി എന്ന ദുഷ്‌പ്പേരുണ്ടായിരുന്നു. എന്നാല്‍ ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞിട്ടുള്ളത് മദ്യപിച്ച് ഒരു വരി പോലും അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. ഹെമിംഗ് വേയും ഇത് പറഞ്ഞിട്ടുണ്ട്. എന്റെ ചില കൃതികള്‍ എഴുതിയപ്പോള്‍ ഞാന്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്ന് ചോദിച്ച ചില മോശം വായനക്കാരുണ്ട്. എന്നാല്‍ അവര്‍ക്ക് സാഹിത്യത്തെപ്പറ്റിയോ മയക്കുമരുന്നുകളെപ്പറ്റിയോ ഒന്നും അറിയില്ലെന്നാണ് ഇതിനര്‍ത്ഥം. നല്ല എഴുത്തുകാരനാകണമെങ്കില്‍ എഴുതുന്ന ഓരോ നിമിഷവും തെളിഞ്ഞ ചിന്തയുണ്ടാകണം, ആരോഗ്യമുണ്ടാകണം. എഴുത്ത് ഒരു സഹനമാണെന്നും മോശം സാമ്പത്തിക-വൈകാരിക അവസ്ഥകളില്‍ നിന്ന് മികച്ച എഴുത്ത് ഉണ്ടാകുമെന്നും ഉള്ള കാല്‍പ്പനികചിന്തകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. നല്ല വൈകാരിക- ശാരീരിക അവസ്ഥയിലിരുന്നാലേ എഴുതാനാകൂ.

നോവലിന്റെ ആദ്യപാരഗ്രാഫ്: ”ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്ന് ആദ്യ പാരഗ്രാഫാണ്. അത് കിട്ടിയാല്‍ ബാക്കി എളുപ്പം എഴുതാനാകും. ആദ്യ പാരഗ്രാഫില്‍ നിങ്ങളുടെ പുസ്തകത്തിലെ പല പ്രശ്‌നങ്ങളും നിങ്ങള്‍ പരിഹരിക്കും. പുസ്തകത്തിന്റെ വിഷയം, ശൈലി എന്നിവയെല്ലാം തീരുമാനിക്കപ്പെടും. കുറഞ്ഞപക്ഷം എന്റെ കാര്യത്തിലെങ്കിലും ആദ്യ പാരഗ്രാഫ് ബാക്കിയുള്ള പുസ്തകം എങ്ങനെയായിരിക്കും എന്നതിന്റെ ഒരു സാമ്പിളാണ്. അതുകൊണ്ടാണ് കഥ എഴുതുക, നോവല്‍ എഴുതുന്നതിനെക്കാള്‍ ബുദ്ധിമുട്ടാകുന്നത്. ഓരോ ചെറുകഥ എഴുതുമ്പോഴും നിങ്ങള്‍ക്ക് ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടിവരുന്നു.”

വിവര്‍ത്തകരെപ്പറ്റി: ‘ഫുട്‌നോട്ടുകള്‍ ഉപയോഗിക്കുന്നവരൊഴിച്ചുള്ള എല്ലാ വിവര്‍ത്തകരോടും എനിക്ക് വലിയ ആദരവുണ്ട്. ഫുട്‌നോട്ട് കൊടുക്കുന്നവര്‍ വായനക്കാരോട് പലപ്പോഴും എഴുത്തുകാരന്‍ ഉദ്ദേശിക്കാത്ത എന്തൊക്കെയോ വിശദീകരിക്കുകയാണ്. അതവിടെ ഉള്ളതുകൊണ്ട് വായനക്കാരന് അതും സഹിക്കേണ്ടിവരുന്നു. വിവര്‍ത്തനം ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്, അതിന് അംഗീകാരം കുറവാണ്, കിട്ടുന്ന പണവും കുറവാണ്. നല്ല വിവര്‍ത്തനം മറ്റൊരു ഭാഷയില്‍ വീണ്ടും സൃഷ്ടിക്കലാണ്. അതുകൊണ്ടാണ് എനിക്ക് ഗ്രിഗറി രബാസയോട് ആദരവുള്ളത്. എന്റെ പുസ്തകങ്ങള്‍ ഇരുപത്തിയൊന്നു ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്, എന്നാല്‍ രബാസ മാത്രമാണ് എന്നോട് ഫുട്‌നോട്ട് ഇട്ടോട്ടെ എന്ന് ചോദിക്കാത്തത്. എന്റെ കൃതികള്‍ ഇംഗ്ലീഷില്‍ പുനര്‍ജനിക്കുകയാണ് ചെയ്തത്. സാഹിത്യപരമായി വായിച്ചു മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളുണ്ട്. വിവര്‍ത്തകര്‍ പുസ്തകം മുഴുവന്‍ വായിച്ചശേഷം തങ്ങളുടെ ഓര്‍മയില്‍നിന്നും വീണ്ടുമെഴുതിയതുപോലെയാണ് തോന്നുക. അതുകൊണ്ടാണ് എനിക്ക് വിവര്‍ത്തകരോട് ബഹുമാനമുള്ളത്. ബൗദ്ധികമായി എന്നതിനെക്കാള്‍ സഹജാവബോധത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുക. പ്രസാധകര്‍ അവര്‍ക്ക് വളരെ ചെറിയ ശമ്പളം കൊടുക്കുമെന്ന് മാത്രമല്ല അവരുടെ ജോലിയെ സാഹിത്യജോലിയായി കാണാറുമില്ല. സ്പാനിഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യണമെന്ന് എനിക്ക് താല്പ്പര്യമുള്ള ചില പുസ്തകങ്ങളുണ്ട്. എന്നാല്‍ എന്റെ പുസ്തകമെഴുതുന്നതിന്റെയത്ര ജോലി വിവര്‍ത്തനത്തിനുമുണ്ട്; വിവര്‍ത്തനം ചെയ്യാന്‍ പോയാല്‍ എനിക്ക് ഭക്ഷണം വാങ്ങാന്‍ പോലും പണം തികയില്ല.

ഫാന്റസി എങ്ങനെ വിശ്വസനീയമാക്കാം: ”ഫാന്റസി എന്ന് തോന്നുന്ന, അവിശ്വസനീയമെന്ന് തോന്നുന്ന കാര്യങ്ങളെ വിശ്വസനീയമാക്കുന്ന വിദ്യ ഞാന്‍ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് പഠിച്ചതാണ്. കാര്യങ്ങള്‍ നേരെ പറയുക എന്നതാണ് ചെയ്യേണ്ടത്. റിപ്പോര്‍ട്ടര്‍മാരും നാട്ടിന്‍പുറത്തുകാരും അങ്ങനെയാണ് ചെയ്യുക.”

യെസ് പറയുന്നതിനെപ്പറ്റി: ”യെസ് പറയുക, മരിക്കുന്നതിനോളം പേടിയുണ്ടെങ്കിലും, പിന്നീട് പശ്ചാത്താപം തോന്നിയാലും, യെസ് പറയുക. കാരണം നോ പറഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പശ്ചാത്താപം തോന്നാം.

Share on

മറ്റുവാര്‍ത്തകള്‍