UPDATES

ഇലക്ടറല്‍ ബോണ്ട്: അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞ നുണകളാണ് സുപ്രിം കോടതി പൊളിച്ചത്

എന്താണ് ജയ്റ്റ്‌ലി അന്നു പറഞ്ഞത്?, ഇപ്പോഴെന്താണ് സുപ്രിം കോടതി വിശദീകരിക്കുന്നത്?

                       

2018 ജനുവരി 2 നാണ് അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ അന്തിമരൂപം പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനുള്ള നടപടിയായി വ്യാഖ്യാനിച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം. ആറ് വര്‍ഷത്തിന് ശേഷം, സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ആര്‍ട്ടിക്കിള്‍ 19 (1) (എ) ഭരണഘടന പ്രകാരമുള്ള അഭിപ്രായപ്രകടനത്തിനും വിവരാവകാശ നിയമത്തിന്റെ ലംഘനമായതിനാലും ‘ഭരണഘടനാ വിരുദ്ധം’ എന്ന് വിശേഷിപ്പിച്ച് ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കി.

എന്താണ് സുപ്രിം കോടതിയുടെ വിധി

രാഷ്ട്രീയ പാര്‍ട്ടികളുടെ ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ അനിവാര്യമായതിനാല്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി വിവരാവകാശത്തെ ലംഘിക്കുന്നതായി കോടതി കണ്ടെത്തി. കോര്‍പ്പറേറ്റ് ഫണ്ടിംഗിനെക്കുറിച്ച് വെളിപ്പെടുത്താത്തത് ‘ഭരണഘടനാ വിരുദ്ധമാണ്’ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടികാണിച്ചു.കള്ളപ്പണം തടയാന്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി സഹായിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ സുപ്രധാന അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് മതിയായ കാരണമല്ലെന്ന് കോടതി പറഞ്ഞു. 2017-ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമിവേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ വിധിയില്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ജനങ്ങളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുമ്പോള്‍ സാധ്യമായ ഏറ്റവും സൗമ്യമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് കോടതി ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍, കള്ളപ്പണം തടയാന്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതിക്ക് പകരം സര്‍ക്കാരിന് മികച്ച മാര്‍ഗം തെരഞ്ഞെടുക്കാമായിരുന്നുവെന്ന് കോടതി നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ ഈയൊരു പദ്ധതി അടിസ്ഥാനപരമായി മൂന്ന് വശങ്ങള്‍ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. ആദ്യത്തെ വശം, ഒരു നിയമത്തിന്റെ നിലനില്‍പ്പാണ്. ആദായ നികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും നിരവധി ഭേദഗതികള്‍ കൊണ്ടുവന്ന ധനകാര്യ നിയമത്തിലൂടെയാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി കൊണ്ടുവന്നത്. രണ്ടാമതായി, നടപ്പാക്കാനൊരുങ്ങുന്ന നിയമത്തിന് പിന്നില്‍ സദുദ്ദേശ്യം ഉണ്ടായിരിക്കണം, കള്ളപ്പണം തടയുക, ദാതാക്കളുടെ സ്വകാര്യത സുരക്ഷിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കലാണ് ഈ സദുദ്ദേശ്യങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വാദം. മൂന്നാമത്തേതും ഏറ്റവും നിര്‍ണായകവുമായ പരിശോധന, സര്‍ക്കാര്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന നിയമം ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാകുമോ എന്നായിരുന്നു. എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ സര്‍ക്കാര്‍ ഏറ്റവും സൗമ്യമായതോ നിയന്ത്രിതമായതോ ആയ മാര്‍ഗം തെരഞ്ഞെടുത്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആദായനികുതി നിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 സിയിലെയും ഭേദഗതികള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പ്രഖ്യാപിച്ചു.

എന്താണ് ജെയ്റ്റ്‌ലി അന്ന് പറഞ്ഞത്

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ആരാണ് പണം നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് 2018 ജനുവരി 7 ന് മുന്‍ ധനമന്ത്രി സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഒരു ലേഖനം എഴുതി. ” ഇലക്ടറല്‍ ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള പുതിയ സ്‌കീം, ചെക്കുകള്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ പണം നല്‍കാന്‍ ദാതാക്കള്‍ക്ക് കൂടുതല്‍ സുതാര്യമായ മാര്‍ഗം വാഗ്ദാനം ചെയ്യുന്നു. ഇത് പണത്തിന്റെ സുതാര്യത മെച്ചപ്പെടുത്തുന്നു, പണ സംഭാവനകള്‍ സുതാര്യമല്ലാത്ത പഴയ സംവിധാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മികച്ചൊരു മാര്‍ഗമാണ്. രാഷ്ട്രീയ സംഭാവനകള്‍ കൂടുതല്‍ ശുദ്ധവും സുതാര്യവുമാക്കാന്‍ താന്‍ പാര്‍ലമെന്റില്‍ നിര്‍ദ്ദേശിച്ച ഒരു പദ്ധതി ജെയ്റ്റ്‌ലി വിശദീകരിച്ചു. സാധാരണ ബാങ്കിംഗ് രീതികള്‍ ഉപയോഗിച്ച് നിര്‍ദ്ദിഷ്ട ബാങ്കുകളില്‍ നിന്ന് പ്രത്യേക ബോണ്ടുകള്‍ വാങ്ങാന്‍ ദാതാക്കളെ പദ്ധതി അനുവദിക്കുന്നു. ഈ ബോണ്ടുകള്‍ക്കായി എത്ര തുക ചെലവഴിച്ചുവെന്ന് ദാതാക്കള്‍ അവരുടെ അക്കൗണ്ടുകളില്‍ രേഖപ്പെടുത്തണം. ഈ ബോണ്ടുകള്‍ക്ക് 15 ദിവസത്തേക്ക് മാത്രമേ സാധുതയുള്ളൂ, ഒരു രാഷ്ട്രീയ പാര്‍ട്ടി ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള ഒരു ബാങ്ക് അകൗണ്ടില്‍ മാത്രമേ പണമാക്കാന്‍ കഴിയൂ. ഈ ബോണ്ടുകള്‍ വഴി എത്ര പണം ലഭിച്ചുവെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറയണം. ഈ ഇടപാടുകളെല്ലാം ബാങ്കുകള്‍ വഴിയാണ് നടക്കുന്നത്, അവ ട്രാക്ക് ചെയ്യാനും മനസ്സിലാക്കാനും എളുപ്പമാക്കുന്നു. മൊത്തത്തില്‍, രാഷ്ട്രീയ സംഭാവനകള്‍ സുതാര്യമായും നിയമപരമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, അഴിമതിയുടെ സാധ്യത കുറയ്ക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി വിവിധ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയിട്ടും സുതാര്യമായ രാഷ്ട്രീയ ഫണ്ടിംഗ് സംവിധാനം രൂപപ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നും ജെയ്റ്റ്ലി എഴുതിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍